Sunday, April 22, 2012

സ്വതന്ത്രമാധ്യമങ്ങളുടെ പ്രസക്തിയും പ്രാധാന്യവും


2008 ഒക്ടോബറില്‍ കോട്ടയത്തുള്ള  ശക്തി ഹോട്ടലില്‍ വച്ച് ഒരു ചെറിയ മീറ്റിംഗ് വിളിച്ചുകൂട്ടി. അന്ന് എന്റെ മനസ്സില്‍ ഒരു ആശയം മാത്രമായിരുന്ന സ്നേഹ സന്ദേശത്തെക്കുറിച്ച് സമുദായാംഗങ്ങളില്‍ ചിലരുടെ അഭിപ്രായങ്ങള്‍ ആരായാനും, കൂടുതല്‍ ആശയങ്ങള്‍ സമാഹരിക്കുവാനുമായിരുന്നു പ്രസ്തുത മീറ്റിംഗ് വിളിച്ചു കൂട്ടിയത്. വളരെ കുറച്ചാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നല്ല ഒരു ചര്‍ച്ച അവിടെ നടന്നെങ്കിലും, ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്കെങ്കിലും ഇത് സമുദായദ്രോഹം ലക്ഷ്യമാക്കിയുള്ള ഒരു പ്രസധീകരണം ആണോ എന്ന സന്ദേഹം ഉണ്ടായിരുന്നു. സഭാപിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെ ഒരു ക്നാനായ പ്രസധീകരണം തുടങ്ങുകയെന്നാല്‍ ലക്‌ഷ്യം സമുദായദ്രോഹം അല്ലെങ്കില്‍ മറ്റെന്താണ്?

ഞാന്‍ സ്വന്തമായി തുടങ്ങുന്ന ഒരു പ്രസധീകരണം, അതും സഭയെക്കുറിച്ചല്ല, സമുദായസംബന്ധിയായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രസധീകരണം. അന്നും ഇന്നും സമുദായത്തിന്റെ തലവനായി ഈയുള്ളവന്‍ പിതാക്കന്മാരെ അംഗീകരിച്ചിട്ടില്ല. അങ്ങിനെ ഉള്ളപ്പോള്‍, ഇത്തരം ഒരു പ്രസധീകരണം തുടങ്ങാന്‍ അവരുടെ അനുവാദമോ, അംഗീകാരമോ വേണമെന്ന് അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല.

അങ്ങിനെ 2008 നവംബര്‍ ഒന്നാം തിയതി സ്നേഹ സന്ദേശത്തിന്റെ പ്രഥമ ലക്കം പ്രസധീകരിച്ചു. അന്നുമുതല്‍ ഇന്ന് വരെ മുടങ്ങാതെ 42 ലക്കങ്ങള്‍ പുറത്തു വന്നു. ഒരു സ്വതന്ത്രമാധ്യമം എന്ന നിലയില്‍, പല വിഷയങ്ങളിലും പലരുടെ [പലപ്പോഴും, വ്യത്യസ്തവും വിരുദ്ധവുമായ] കാഴ്ചപ്പാടുകള്‍ സ്നേഹ സന്ദേശത്തിലൂടെ അവതരിപ്പിക്കുവാന്‍ മനപൂര്‍വം ശ്രമിച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക മാധ്യമത്തിന് ചെയ്യാന്‍ സാധിക്കാത്തതും, സ്വതന്ത്ര മാധ്യമത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്നതുമായ കാര്യമാണിത്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമുദായാംഗങ്ങളില്‍ പലര്‍ക്കും ഇത് ഇപ്പോഴും ദഹിക്കുന്നില്ല.

മാധ്യമധര്‍മ്മം എന്നാല്‍ സമുദായത്തിന്റെ ഗുണങ്ങള്‍ മാത്രം വാഴ്ത്തുന്ന ഒന്ന് എന്നത് അത്ര ശക്തമായി അവരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. അവരില്‍ പലരും “ഇനി മേലില്‍ ഈ പ്രസധീകരണം എനിക്കയച്ചു തരരുത്” എന്ന് എഴുതാന്‍ മടിച്ചില്ല. അത്തരത്തില്‍ അറിയിച്ചവരുടെ പേരുകള്‍ മെയിലിംഗ് ലിസ്റ്റില്‍ നിന്ന് ഉടനടി തന്നെ നീക്കം ചെയ്തിട്ടുണ്ട്.

പക്ഷെ ഇന്ന് പലരും സ്വതന്ത്ര മാധ്യമത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കി വരുന്നു.

ഏപ്രില്‍ ഒന്നാം തിയതി ചൈതന്യയില്‍ നടന്ന നാടകം ഇന്നും നാട്ടില്‍ പലരും അറിഞ്ഞിട്ടില്ല. അറിഞ്ഞവരില്‍ ഭൂരിപക്ഷവും മറ്റുള്ളവരില്‍ നിന്ന് പറഞ്ഞു കേട്ടതാണ്. മിക്കവരും അറിഞ്ഞതാകട്ടെ വൈദികരില്‍ നിന്നും കന്യാസ്ത്രീകളില്‍ നിന്നും. അവിടെ മദ്യപിച്ചു വന്ന ചില തെമ്മാടികള്‍ ബഹളം ഉണ്ടാക്കി എന്നാണു അവര്‍ പറഞ്ഞു പരത്തുന്നത്.

എന്നാല്‍ പ്രവാസികളില്‍ മിക്കവരും അവിടെ നടന്നത് മദ്യപര്‍ നടത്തിയ പോക്രിത്തരങ്ങള്‍ അല്ലെന്നും, ആദരണീയരായ അല്മായനേതാക്കളുടെ ആശയപരമായ സംഘട്ടനം ആയിരുന്നു എന്നും മനസ്സിലാക്കിയത് സ്വതന്ത്ര മാധ്യമങ്ങള്‍ ഉള്ളത് കൊണ്ടുമാത്രമാണ്.

ഇങ്ങനെ സംഭവിക്കുന്നതിനു വളരെ മുമ്പേ തന്നെ സമുദായാംഗങ്ങളെ വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് ബോധാവാന്മാരാക്കുവാനും ഈ മാധ്യമങ്ങള്‍ക്കും ബ്ലോഗുകള്‍ക്കും കഴിഞ്ഞു എന്നത് ഇന്ന് പലരും സമ്മതിക്കുന്ന ഒരു ചരിത്രസത്യമാണ്. നമ്മുടെ വി.ജി.യും തിരുമേനിയും ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ ഈയിടെയായി തുറന്നടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഈ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ നിസ്സാരമല്ല. എതിര്‍പ്പിന്റെ ഒരു പുതിയ സംസ്കാരമാണ് ഈ മാധ്യമങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരിക്കുന്നത്.

സ്വതന്ത്രമാധ്യമങ്ങള്‍ ആധുനിക കാലഘട്ടത്തിലെ ഒരു യാഥാര്‍ത്യമാണ്. അതിനോട് പൊരുത്തപ്പെടുവാന്‍ നമ്മുടെ സഭാധികൃതര്‍ക്ക് ശക്തിയും വിവേകവും സല്‍ബുദ്ധിയും നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.

ആമേന്‍.

അലക്സ്‌ കണിയാംപറമ്പില്‍

1 comment: