Tuesday, April 17, 2012

ക്‌നാനായ സമുദായത്തിന്റെ കതകിന്റെ കുറ്റി പുറത്തു പിടിപ്പിക്കരുത്


ഏപ്രല്‍ 17 ലെ മംഗളം പത്രത്തില്‍ ശ്രീമാന്‍ ടി.ഒ.ജോസഫ് എന്നൊരാള്‍ ഒരു കത്ത് എഴുതിയിരുന്നതായി കണ്ടു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അസത്യങ്ങളും, എങ്ങനെയും വ്യഖ്യാനിക്കാവുന്നതരം അര്‍ഥസത്യങ്ങളും മാത്രം ഉള്‍പ്പെട്ടതാണ്.

ക്‌നാനായ അതിരൂപത സീറോമലബാര്‍ സഭയിലെ ഒരു അതിരൂപത മാത്രമാണിപ്പോള്‍, എന്നാല്‍ ഒരു ക്‌നാനായ സ്വയാധികാര സഭയ്ക്കുവേണ്ടി ശ്രമം ആരംഭിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ക്‌നാനായക്കാര്‍ക്കുവേണ്ടിരൂപത അനുവദിച്ചുകൊണ്ട് മാര്‍പാപ്പ നടത്തിയ തിരുവെഴുത്തില്‍ തെക്കുംഭാഗ ജനത്തിനു വേണ്ടി, അതായത് ക്‌നാനായ കത്തോലിക്കാ വിഭാഗത്തിനു വേണ്ടി സ്ഥാപിച്ചതാണെന്ന് പ്രത്യേകം പറയുന്നുണ്ട് അതിനാല്‍ തന്നെ സമുദായം മാറി വിവാഹം കഴിക്കുന്ന വ്യക്തി ഇടവകയില്‍ അംഗമല്ലാതായിത്തീരുമെന്ന് വ്യക്തമാണ്. റോമിന്റെ നിര്‍ദ്ദേശപ്രകാരം ഇങ്ങനെ ഉള്ളവരെ അടുത്തുള്ള വടക്കുംഭാഗ സീറോമലബാര്‍ ഇടവകയില്‍ അംഗമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഏതെങ്കിലുമൊരു സമുദായത്തിന്റെ നിയമം പാലിക്കാന്‍ സാധിക്കാത്തവരുടെ അംഗത്വം നഷ്ട്ടമാകുന്നത് എല്ലാസമുദായക്കാര്‍ക്കും ബാധകമാകുന്ന ഒരു കാര്യമാണ്. അതില്‍ പുതുമയില്ല. എന്നാല്‍ അദ്ദേഹത്തെ അവരുടെ കുടുംബകൂട്ടായ്മയില്‍ നിന്നും പുറത്താക്കുന്നില്ലായിരിക്കാം. അദ്ദേഹത്തിന്നും കുടുംബത്തിനും അദ്ദേഹം ചേര്‍ന്ന ഇടവകയുടെ വികാരിയുടെ അനുവാദത്തോടെ പഴയ ഇടവകയില്‍വച്ച് കൂദാശ സ്വീകരിക്കുന്നതിനോ കുടുംബകല്ലറയില്‍ അടക്കുന്നതിനോ ഒരിക്കലും തടസ്സം ഉണ്ടായിട്ടില്ല. തെക്കുംഭാഗ ജനത്തിനുവേണ്ടി രൂപതയും ഇടവകയും അനുവദിച്ചിരിക്കുന്നതിനാല്‍ അത് തെക്കും ഭാഗര്‍ക്ക് അതായത് ക്‌നാനായക്കാര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്.

ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുകയും അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ക്‌നാനായക്കാര്‍. ലോകത്തിലെ എഴുപതോളം രാജ്യങ്ങളില്‍ വ്യാപരിച്ചു ജീവിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ക്ക് ഒരു സ്വയാധികാര സഭയാകുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകുകയില്ല. കാഞ്ഞിരപള്ളിക്കാരനായ ബഹു: സെബാസ്റ്റ്യനച്ചന്റെ പ്രബന്ധം അതിനു തെളിവാണ്. വേറെയും പല കണ്ടെത്തലുകളും അതിനു ബലം നല്കുന്നുണ്ട്.

ഇവിടുത്തെപ്പോലെ വലിയ പള്ളിയും പള്ളികൂടവും മഠവും സെമിത്തേരിയും ഒക്കെ അവിടേയും ഉണ്ടല്ലോ, മാര്‍പാപ്പായല്ലേ നമ്മുടെ നേതാവ്, പിന്നെ എന്തിനാണ് നിങ്ങള്‍ ഇവിടേയ്ക്ക് ഇടിച്ചുകേറാന്‍ ശ്രമിക്കുന്നത്. മിശ്ര വിവാഹം കഴിച്ച് പുറത്ത് പോയികഴിയുബോഴാണ് ചിലര്‍ ക്‌നാനായ സമുദായത്തിന്റെ വിലഅറിയുന്നത്. എന്നിട്ട് തിരികെ കയറുവാന്‍ എന്തു ചെയ്യുന്നതിനും തയ്യാറായി നില്ക്കുന്നു. നിങ്ങള്‍ ഒന്നു ചിന്തുക്കണം, നിങ്ങള്‍ ക്‌നാനായ സമുദായത്തില്‍ കാണുന്ന മഹത്വം നിങ്ങളുടെ പ്രവേശനത്തോടെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. തനിക്കു ചേര്‍ന്ന ഇണയെ ലഭിക്കാതെ പുരനിറഞ്ഞു നില്ക്കുന്ന സ്ത്രീപുരുഷന്മാര്‍ ഉണ്ടെന്ന് ജോസഫ് ചേട്ടന്‍ പറഞ്ഞല്ലോ! ക്‌നാനായ സമുദായത്തില്‍ മാത്രമല്ല എല്ലാ സമുദായത്തിലും ഈ പ്രശ്‌നമുണ്ട്. നോക്കു ചൈനയിലും ജപ്പാനിലുമൊക്ക മൂന്ന് പുരുഷന് ഒരു സ്ത്രീ എന്ന അനുപാതമാണിപ്പോള്‍. കുട്ടികളെ കുറച്ചതിന്റേയും പെണ്‍ഭ്രൂണത്തെ കൊന്നുകളഞ്ഞതിന്റേയും അനന്തരഫലമാണിത്. സമൂഹം അതിന്റെ ദുരന്തം അനുഭവിച്ചേ മതിയാകു. മനുഷ്യന്‍ പാഠങ്ങള്‍ പഠിക്കുബോള്‍ ഇത് മാറിവരും അതിനിടയില്‍ കുറേപ്പേര്‍ ഞെരിഞ്ഞമരുന്നത് സ്വാഭാവികമാണ്.

ക്‌നാനായ സമുദായത്തന്റെ കതകിനു പുറത്ത് കൊളുത്തുവെച്ചാല്‍ എല്ലാം ശരിപ്പെടുമെന്ന ധാരണക്ക് യാതൊരു അടിസ്ഥാനവും ഇല്ല.

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്, കോട്ടയം

No comments:

Post a Comment