Wednesday, April 25, 2012

പണ്ടോരയുടെ പെട്ടി തുറക്കുമ്പോള്‍


പണ്ടോരയുടെ പെട്ടി തുറക്കുന്നു 

ജസ്റ്റീസ് കെ.റ്റി. തോമസ്, സ്‌നഹ സന്ദേശം എഡിറ്റര്‍ അലക്‌സ്‌ കണിയാംപറമ്പിലുമായുള്ള ഒരു അഭിമുഖത്തില്‍ ക്‌നാനായ സമുദായത്തെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമായി കാണേണ്ടതുണ്ട് എന്നു പറയുകയുണ്ടായി.  അദ്ദേഹത്തെപ്പോലെ പല മഹത് വ്യക്തികളും തെക്കുംഭാഗസമുദായത്തെ വളരെ ശ്ലാഘിച്ചു സംസാരിച്ചിട്ടുണ്ടു. വി. തോമസ് അപ്പസ്‌തോലന്റെ മലബാര്‍ ആഗമനവും നമ്പൂതിരിമാരെ മതംമാറ്റി ക്രിസ്തുമതത്തിനു അടിസ്ഥാനം ഇട്ടുവെന്ന പരമ്പരാഗത വിശ്വാസത്തിനും ചരിത്രപരമായ തെളിവില്ലെന്നും ഇളംകുളം കുഞ്ഞന്‍ പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട ആദിയായ ധാരാളംപണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

2007 ല്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പായുടെ ഒരു ലേഖനത്തില്‍ തോമസ് അപ്പസേ്താലന്‍ പേര്‍ഷ്യയില്‍ ക്രിസ്തുസന്ദേശം പ്രചരിപ്പിച്ചെന്നും അവിടെനിന്നും ക്രിസ്തുമതം കേരളത്തില്‍ എത്തിയെന്നും സൂചിപ്പിക്കുകയുണ്ടായി. അതില്‍ വിറളി പൂണ്ട സീറോ മലബാര്‍ മേലദ്ധ്യക്ഷന്മാരും അവരുടെ മാദ്ധ്യമങ്ങളും പ്രകോപിതനായ സിംഹത്തെപ്പോലെ ആ ലേഖനത്തിനുനേരെ തിരയുകയും ചെയ്തു. പാവം പാപ്പാ ആ ലേഖനം തന്നെതിരുത്തി.

എന്നാല്‍ കാനാ തോമ്മായും സംഘവും കേരളത്തില്‍ കുടിയേറിയെന്ന സത്യം എല്ലാവരും അംഗീകരിക്കുന്നുണ്ട്. ആ കുടിയേറ്റക്കാര്‍ അവരുടെ പാരമ്പര്യം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ സ്വവംശമാത്ര വിവാഹങ്ങള്‍ നടത്തിപ്പോരുന്നതില്‍ തെറ്റൊന്നുമില്ല. സീറോമലബാറുകാര്‍ നമ്പൂതിരിവംശീയരെന്നും, ലത്തീന്‍കാരില്‍ത്തന്നെ അഞ്ഞൂറ്റിക്കാരെന്നും എഴുന്നൂറ്റിക്കാരെന്നിങ്ങനെ പല വിഭാഗങ്ങള്‍ ഉള്ളതുമാണല്ലൊ. തെക്കുംഭാഗര്‍ അവരുടെ തനിമയില്‍ നില്‍ക്കുന്നത് മറ്റുള്ളവര്‍ ഒരിക്കലും സഹിഷ്ണതയോടെ കണ്ടിട്ടില്ല.

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ മാര്‍ ഫ്രാന്‍സിസ് റോസ് കൊടുങ്ങല്ലൂര്‍ ബിഷപ്പായിരിക്കുമ്പോള്‍ അവിടെ ഇരുവിഭാഗം ക്രിസ്ത്യാനികളും തമ്മില്‍ വലിയ ലഹള ഉണ്ടാകുകയി. കൊച്ചി രാജാവിന്റെ സൈന്യം ലഹള അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ബിഷപ്പ് വീടുകള്‍തോറും കയറി ഇറങ്ങിയാണ് ലഹള നിയന്ത്രിച്ചത്.   ഒരുമിച്ചു പ്രാര്‍ത്ഥിച്ചു പോന്നിരുന്ന പള്ളികളെല്ലാം സംഘര്‍ഷഭരിതമായിരുന്നു.  ഇതിന് ശാശ്വത പരിഹാരമായാണ് തെക്കുംഭാഗര്‍ക്കു സ്വന്തമായി രൂപത സ്ഥാപിതമായത്. എങ്കില്‍ തെക്കുംഭാഗര്‍ എവിടെ കുടിയേറിയാലും അവിടെയെല്ലാം അവര്‍ക്കു രൂപതയോ സ്വയംഭരണാധികാരമോ ലഭിക്കുകയെന്നത് യുക്ത്യനുസൃതമാണ്. ആദ്യം തിരുവിതാംകൂറിലും പിന്നീട് മലബാര്‍ മംഗലാപുരം മേഖലയിലേയ്ക്കും കന്യാകുമാരിയിലേക്കും രൂപതയുടെ പരിധി വ്യാപിപ്പിച്ചു. എങ്കില്‍ അമേരിക്കയിലേയ്ക്കും കോട്ടയം രൂപതയുടെ പരിധി വ്യാപിപ്പിക്കുതിന് എന്താണു തടസ്സം? സാബത്തു മനുഷ്യനുവേണ്ടിയാണല്ലൊ.

നാം അഭിമാനിക്കുന്ന തനിമയും ഒരുമയും വിശ്വാസനിറവും വംശീയതയും എല്ലാം ആണ് നമ്മുടെ സമുദായത്തിന്റെ അടിസ്ഥാന ശിലകള്‍. അതില്‍ ഒരു കല്ല് അടര്‍ത്തി മാറ്റിയാല്‍ ആ ശില്‍പം തന്നെ നിലംപതിക്കും. മറ്റുള്ളവര്‍ക്കു കൈകൊട്ടിച്ചിരിക്കാന്‍ അവസരമാകുകയും ചെയ്യും.

കോട്ടയം രൂപത വികാരിയാത്തു മാത്രമായിരുന്നകാലത്തു ക്‌നാനയ ഇടവകളും ക്‌നാനായേതര ഇടവകളും ഉണ്ടായിരുന്നു. ക്‌നാനായ ഇടവകയില്‍ നിന്നും ഒരാള്‍ മറ്റൊരു ഇടവകയിലെ അംഗത്തെ വിവാഹം ചെയ്താല്‍ ആ വ്യക്തിയെ ഔദ്യോഗിമായി മറ്റൊരു ഇടവകയിലേക്കു മാറ്റിയിരുന്നു. അതേ മാതൃകയില്‍ ചിക്കാഗോ ഒരു വികാരിയാത്തും മുത്തോലത്തച്ചന്‍ വികാരി ജനറാളും ആണ്. അവിടത്തെ ക്‌നാനായപ്പള്ളികളില്‍ നിന്നു വിട്ടു പോകുന്നവര്‍ക്കും അവരുടെ ദമ്പതികളുടെ ഇടവകയിലേക്കു കുറികൊടുത്തു വിടാമല്ലൊ.  ഒരു രൂപതയില്‍ നിന്നും മറ്റൊരു രൂപതയിലേക്കു മാറുന്ന പ്രശ്നം ഇവിടെ ഉദിക്കുന്നുമില്ല.

അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന മുദ്രാവാക്യമായിന്നു No taxation without representation (പ്രാതിനിധ്യം ഇല്ലാതെ നികുതിയും ഇല്ല). ഇത് നമ്മുടെ കാര്യത്തിലും പ്രസക്തമാണ്. വിശ്വാസികള്‍ക്കു അവകാശങ്ങള്‍ ഇല്ലെങ്കില്‍ പിന്തെിനു സാമ്പത്തിക പിന്തുണ നല്‍കണം? ക്‌നാനയ സമുദായത്തെപ്പറ്റി സഭാധികാരികള്‍ നമ്മെ ചെറുപ്പത്തില്‍ പഠിപ്പിച്ചു. അതു നാം ശിരസ്സാ വഹിച്ചു. ഇപ്പോള്‍ അതു തിരുത്തുന്നു. നിക്യാ സൂനഹദോസില്‍ അംഗീകരിച്ച വിശ്വാസപ്രമാണമനുസരിച്ച് യേശുമരിച്ച് അടക്കപ്പെട്ട പാതാളത്തില്‍ ഇറങ്ങി എന്നു നാം ആദ്യം പഠിച്ചു. ഇപ്പോള്‍ പാതാളത്തില്‍ ഇറങ്ങിയ കാര്യം വിട്ടുകളഞ്ഞിരിക്കുന്നു.

വിശ്വാസ സത്യങ്ങള്‍ കാറ്റില്‍ ആടുന്ന ഞാങ്കണയാണോ?

അഭിവന്ദ്യ മൂലക്കാട്ടു പിതാവിന്റെ ചിക്കാഗോ പ്രസംഗം അധാര്‍മ്മികമൊന്നുമല്ല. പിതാവ് ടെസ്റ്റ് ഡോസായിചെയ്ത ആ പ്രസ്താവന അനാവശ്യ സംവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പിതാവിന്റെ പ്രസ്താവന അദ്ദേവത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായി എല്ലാവരും കാണുകയും കുടുംബ സമാധാനം വീണ്ടെടുക്കുകയും വേണം. റിസ്‌ക്രിപ്റ്റും മറ്റും അങ്ങിനെ നില്‍ക്കട്ടെ. പടലപ്പിണക്കം മൂലം നമ്മുടെ വഞ്ചി മുങ്ങാന്‍ ഇടയാകരുത്. നമുക്കു പിതാവായി മൂലക്കാട്ടു പിതാവു മാത്രമേയുള്ളൂ, അതുപോലെ തെക്കുംഭാഗര്‍ മാത്രമാണ് പിതാവിന്റെ മക്കള്‍. മറ്റുള്ളവര്‍ അങ്ങയെ പിതാവ് എന്ന് അഭിസംബോധന ചെയ്യുന്നതു സിനിമയിലും മറ്റും കേള്‍ക്കുന്ന ഡയലോഗിന്റെ ലാഘവത്തോടെ എടുത്താല്‍ മതി.

റിസ്‌ക്രിപ്റ്റ് റോമിന്റെ ഒരു കല്പനയാണല്ലൊ. അതുമാറ്റിയെടുക്കണം.  അതിനു ഒരു റിവിഷന്‍ ഹര്‍ജി നല്‍കണം. മാക്കീല്‍പിതാവ് കല്പന ഇറക്കിച്ചവന്‍ ആണല്ലൊ. ക്‌നാനായ സമുദായത്തെപ്പറ്റിയുള്ള ചരിത്രരേഖകളും യൂറോപ്യന്‍ മിഷനറിമാരും ബിഷപ്പുമാരും മറ്റും നടത്തിയ കത്തിടപാടുകളും എല്ലാമായി പത്താം പീയൂസ് പാപ്പായെ കാര്യങ്ങള്‍ ധരിപ്പിച്ച് അദ്ദേഹം രൂപത അംഗീകരിപ്പിച്ചു. അതേ തന്ത്രം ഇപ്പോഴും കൈക്കൊള്ളണം. വിശ്വാസകാര്യങ്ങളില്‍ മാര്‍പ്പാപ്പായ്ക്കു പരമാധികാരം ഉണ്ട്. എന്നാല്‍ സാമുദായിക കാര്യങ്ങളില്‍ ജനവികാരം മാര്‍പ്പാപ്പ മാനിക്കുക തന്നെചെയ്യും. ചരിത്രപണ്ഡിതനും, The Syrian Christian Revolution എന്ന വിഖ്യാത കൃതിയുടെ രചയിതാവായ ബ. കൊല്ലാപറമ്പിലച്ചന്റെ സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തണം. 

ഗ്രീക്കു പുരാണത്തില്‍ പണ്ടോര എന്ന ഒരു വനിതയ്ക്കു ഒരു പെട്ടി ലഭിച്ചു. സര്‍വ്വവിനാശകാരണമായ ആ പെട്ടി അവള്‍ തുറുന്നു. ലോകം മുഴുവന്‍ തിന്മകള്‍ നിറഞ്ഞു കലുഷിതമായി.  റിസ്ക്രിപ്റ്റ് എന്ന ആ പണ്ടോരയുടെ പെട്ടി തുറക്കണ്ട. ക്‌നാനായജനം സമാധാനത്തില്‍ കഴിയട്ടെ. ജനത്തിന്റെ പിന്‍തുണ പിതാവിന് എന്നും ഉണ്ടായിരിക്കും.

ജോസഫ് കുര്യന്‍ പുലികുത്തിയേല്‍
Mob. 949 531 2152
e-mail : jkjkpuli@gmail.com

No comments:

Post a Comment