Sunday, April 29, 2012
നമ്മ്ടെയെല്ലാം പ്രിയങ്കരനായ ജോസുകുട്ടി വെള്ളിത്തിരയില്‍
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായി നന്ദ്യാട്ട് ഫിലിംസിന്റെ ബാനറില്‍ പ്രദീപ് നായരുടെ ‘ചെറുക്കനും പെണ്ണും’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.കടിഞ്ഞാണില്ലാത്തെ കുതിരയെപ്പോലെ പായുന്ന മനസ്സാണ് പുതിയ ചെറുപ്പത്തിന്. സ്വാതന്ത്ര്യവും പണവും സൗഹൃദങ്ങളുമായി ആഘോഷത്തിന്റേയും, ഒപ്പം പ്രൊഫഷനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടേയും ലോകത്താണ് അവരുടെ ജീവിതം. ഈ പുതിയ കഥ പറയുകയാണ് ചെറുക്കനും പെണ്ണും. നഗരജീവിതത്തിലെ പ്രണയം, സൗഹൃദം കുടുംബബന്ധങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരുന്ന ന്യൂജനറേഷന്‍ റൊമാന്റിക് ത്രില്ലറാണ് ഈ സിനിമ.കാത്തിരിപ്പുകളോ ആശങ്കകളോ ഇല്ലാതെ വളരെ കൂളായി അടുക്കുകയും പരസ്പരം അറിയുകയും പിരിയുകയോ ഒന്നാവുകയോ ചെയ്യുന്ന യൗവ്വനത്തിന്റെ കാലമാണിത്. എന്നാല്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ തകര്‍ന്നുപോകുന്നവരാണ് ഇവരിലേറെയും. ചെറുക്കനും പെണ്ണും എന്ന തന്റെ പുതിയ ചിത്രത്തിലൂടെ പ്രദീപ് നായര്‍ പറയുന്നത് ഈ പുതിയ ചെറുപ്പത്തിന്റെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്.
തന്റെ ആദ്യചിത്രമായ ഒരിടത്തിലൂടെ തന്നെ നവസിനിമയുടെ വഴി തെരഞ്ഞെടുത്ത സംവിധായകനാണ് പ്രദീപ് നായര്‍. ദേശീയ പുരസ്‌ക്കാരം നേടിയ ഒരിടത്തില്‍ നിറം കെട്ടുപോയ ഒരു തെരുവേശ്യയുടെ കഥയാണ് പറഞ്ഞതെങ്കില്‍ ചെറുക്കനും പെണ്ണും കാണിച്ചു തരുന്നത് കളര്‍ഫുള്ളായ ചെറുപ്പത്തിന്റെ ജീവിതമാണ്. ഷാംപെയിന്‍ പോലെ പതഞ്ഞുപൊന്തുന്ന അവരുടെ മനസ്സുകളെയാണ്. എന്നാല്‍ തേച്ചുമിനുക്കിയ ഒരു വിശുദ്ധപ്രണയ കഥ പറയുകയല്ല ഈ ചിത്രം. മിറച്ച് പ്രേമവും സൗഹൃദവും നിഷ്‌കളങ്കതയും കാപട്യവുമൊക്കെ നിറഞ്ഞ മള്‍ട്ടിപ്‌ളക്‌സ് യൗവ്വനത്തിന്റെ മനസ്സിനെ ധൈര്യത്തോടെ ആവിഷ്‌ക്കരിക്കുകയാണ്. അവരുടെ പ്രണയത്തിന്റേയും രതിയുടെയും പ്രതികാരത്തിന്റെയും കഥപറയുകയാണ്. പ്രമേയത്തിലും അവതരണത്തിലും പരീക്ഷണാത്മകമാ പുതുമകളുമായി എത്തുന്ന ചെറുക്കനും പെണ്ണും മലയാള സിനിമയുടെ മാറ്റത്തിനൊപ്പം നില്‍ക്കുന്ന ചിത്രമായിരിക്കും.
ഈ ചിത്രത്തിന്റെ കാസ്റ്റിങ്ങിലും അണിയറ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പിലും എടുത്തുപറയത്തക്ക പ്രത്യേകതയുണ്ട്. പുതിയ രതിനിര്‍വ്വേദത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയ് ആണ് ബാലു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലുമുള്ള ഹൈടെക് ഗറ്റപ്പാണ് ശ്രീജിത്തിനെ കാസറ്റ് ചെയ്യാനുള്ള പ്രധാന കാരണമെന്ന് സംവിധായകന്‍ പറയുന്നു. നായിക കഥാപാത്രമായ റിതയായി എത്തുന്നത് എങ്കയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളിപ്പെണ്‍കുട്ടി ദീപ്തി നമ്പ്യാരാണ്.സെക്കന്റ് ഷോ എന്ന ചിത്രത്തിലെ സിദ്ധാര്‍ത്ഥ ബുദ്ധനിലൂടെ ശ്രദ്ധേയനായ മുഥുന്‍ നായരാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സോള്‍ട്ടാന്‍ പെപ്പറിലെ കെടി മിറാഷിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച അമ്മദ് സിദ്ദിഖും ദിലീപ് പോത്തനും ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. കൈരളി ടിവിയിലെ അക്കരക്കാഴ്ച എന്ന ഹാസ്യപരമ്പരയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ച ജോസ്‌കുട്ടി ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കെ.ബി. വേണു, ഗബ്രിയല്‍ ജോര്‍ജ്ജ്, പ്രവീണ്‍,അരുണ്‍, വിശ്വം രേവതി ശിവകുമാര്‍,റിയ, സന്ധ്യ രമേഷ്, അര്‍ച്ചന, സുബ്ബലക്ഷ്മി, പൊന്നമ്മ ബാബു, ബിന്ദുനേമം എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.നന്ദ്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ദ്യാട്ട് നിര്‍മ്മിക്കുന്ന സിനിമയാണ് ചെറുക്കനും പെണ്ണും.
സംവിധായകന്‍ പ്രദീപ് നായരും രാജേഷ് വര്‍മ്മയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ബോളിവുഡ് ക്യാമറമാനായ മനോജ് മുണ്ട്യാട്ടാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യചിത്രമായ മായാമോഹിനിയിലൂടെ തന്നെ ശ്രേദ്ധേയനായ ജോണ്‍ കുട്ടിയാണ് എഡിറ്റിങ്ങ് ടേബിളില്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകനായ അരുണ്‍ സിദ്ധാര്‍ത്ഥനാണ്.വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, കലാസംവിധാനം-മഹേഷ് ശ്രീധര്‍, മേക്കപ്പ്-ബിനോയ് കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു. ജി. സുശീലന്‍, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, അസ്സോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്- ശ്രീധര്‍ ഗോപിനാഥന്‍, നന്ദകുമാര്‍ കൊഞ്ചിറ, വിജേഷ്, റോണ്‍, ബിജു.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്-ബിജു ഒറ്റപാലം, സുനീഷ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment