അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക ഇടവകകളും ചില യാഥാര്‍ത്ഥ്യങ്ങളും
Updated on April 23, 2012 at 12:46 pm
ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലുള്ള അംഗത്വം സംബന്ധിച്ചും വിവാഹസംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വിശദീകരിക്കുന്നു.
അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്‌ധിച്ചും, വിവാഹ സംബന്ധമായി ക്‌നാനായക്കാര്‍ നൂറ്റാണ്ടുകളായി പാലിച്ചുവരുന്ന പാരമ്പര്യം (endogamy) സംബന്ധിച്ചും ചില അനാവശ്യ തെറ്റിദ്ധാരണകളും ദുഷ്‌പ്രചരണങ്ങളും ഉണ്ടായിട്ടുള്ളത് നിര്‍ഭാഗ്യകരമാണ്. ഈ സാഹചര്യത്തില്‍ ഏതാനും കാര്യങ്ങള്‍ കൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
AD 345 ല്‍ ഉറഹാ മാര്‍ യൗസേപ്പ് മെത്രാന്റെയും ക്‌നായിത്തോമ്മയുടെയും നേതൃത്വത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തുനിന്ന് കൊടുങ്ങല്ലൂരില്‍ മിഷനറി പ്രവര്‍ത്തനത്തിനെത്തിയ 72 കുടുംബങ്ങളുടെ പിന്‍തലമുറക്കാരാണല്ലോ ക്‌നാനായക്കാര്‍ എന്നറിയപ്പെടുന്നത്. ഇവര്‍ സ്വന്തം സമൂഹത്തിനു പുറമെനിന്നു വിവാഹബന്ധത്തിലേര്‍പ്പെടാത്ത ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി പാലിച്ചുവരുന്നവരും, ആരെങ്കിലും സ്വന്തം സമൂഹത്തിനു പുറമെ നിന്നു വിവാഹം കഴിക്കാനിടയായാല്‍ അയാള്‍ അതിനാല്‍ തന്നെ ക്‌നാനായ സമുദായത്തിലെ അംഗത്വം സ്വയം നഷ്‌ടപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്‌തതായി പരിഗണിച്ചു വരുകയും ചെയ്യുന്നു. സ്വവംശ വിവാഹനിഷ്‌ഠക്കു പുറമെ മറ്റു പല സാമൂഹ്യ സാംസ്‌കാരിക ആചാരങ്ങളും ക്‌നാനായക്കാരെ തനിമയുള്ള ഒരു സമൂഹമായി നിലനിര്‍ത്തുന്നതിനു സഹായകമായിട്ടുണ്ട്.
സ്വവംശവിവാഹനിഷ്‌ഠയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടിസ്ഥാനവും ഈ പാരമ്പര്യത്തോടു ക്‌നാനായ സമുദായാംഗങ്ങള്‍ക്കുള്ള വൈകാരികമായ പ്രതിബദ്ധതയും സഭാതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. 1911 ലെ ക്‌നാനായക്കാര്‍ക്കായുള്ള കോട്ടയം വികാരിയാത്തിന്റെ സ്ഥാപനവും തുടര്‍ന്നുള്ള ഈ വികാരിയാത്തിന്റെ സഭാപരമായ വളര്‍ച്ചയും ഈ അംഗീകാരത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. ക്‌നാനായക്കാര്‍ക്കു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിലെ അംഗത്വത്തിനുള്ള യോഗ്യത ക്‌നാനായക്കാരനായിരിക്കുക എന്നുള്ളതാണ്. ക്‌നാനായക്കാരായ മാതാപിതാക്കള്‍ക്കു ജനിക്കുന്നതിലൂടെ ക്‌നാനായക്കാരനാകുന്ന ഒരാള്‍ മാമ്മോദീസായിലുടെ കോട്ടയം അതിരൂപതയിലെ അംഗത്വത്തിന് അര്‍ഹനാകുന്നു. എന്നാല്‍ വിവാഹസംബന്ധമായ പ്രത്യേക പാരമ്പര്യം ഉപേക്ഷിച്ച് ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്ന വ്യക്തി ക്‌നാനായ സമുദായത്തിലെയോ ക്‌നാനായക്കാര്‍ക്കായി സ്ഥാപിതമായ കോട്ടയം അതിരൂപതയിലെയോ അംഗമായി തുടരുന്നതിനുള്ള അവകാശവും യോഗ്യതയും സ്വയം നഷ്‌ടപ്പെടുത്തുന്നു. ആ സാഹചര്യത്തില്‍ കോട്ടയം അതിരൂപതയില്‍ അംഗമല്ലാത്ത, അംഗമാകാന്‍ അവകാശവും യോഗ്യതയുമില്ലാത്ത ജീവിതപങ്കാളിയുടെ (ഭാര്യയുടെ/ ഭര്‍ത്താവിന്റെ) രൂപതയിലേക്കു മാറുന്നതിന് അയാള്‍ക്ക് അനുവാദവും ആവശ്യമായ രേഖകളും നല്‍കപ്പെടുന്നു. ക്‌നാനായക്കാരുടെ വിവാഹ സംബന്ധമായ പ്രത്യേക പാരമ്പര്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും മേല്‌പറഞ്ഞ നയം സ്വീകരിച്ചിട്ടുള്ളത്. ഈ നയം അഭംഗുരം തുടരാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാണ്.
ക്‌നാനായ കത്തോലിക്കര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാര പരിധിക്കു പുറത്ത് താമസിക്കുന്നവരാണെങ്കിലും മേല്‍പറഞ്ഞ പാരമ്പര്യവും നയവും അവര്‍ക്കും ബാധകമായിരിക്കുമെന്ന നിലപാടാണ് കോട്ടയം അതിരൂപതാധികാരികള്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. ഈ നിലപാടില്‍ നാമൊരിക്കലും അയവ് വരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌തിട്ടില്ല. കോട്ടയം അതിരൂപതാതിര്‍ത്തിക്കു പുറത്ത് താമസിക്കുന്ന ക്‌നാനായക്കാരുടെ ആദ്ധ്യാത്മികവും സഭാപരവും സാമൂഹ്യവും സാമുദായികവുമായ പുരോഗതിക്കു വേണ്ടി സാധിക്കുന്നിടങ്ങളിലെല്ലാം അവര്‍ക്കായി പ്രത്യേക പള്ളികളും ഇടവകകളും ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌തുവരുന്നു.
അമേരിക്കയില്‍ താമസിക്കുന്ന ക്‌നാനായ കത്തോലിക്കര്‍ കാനോനികമായി കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അധികാരപരിധിയില്‍പ്പെടുന്നവരല്ല. അമേരിക്കയില്‍ ചിക്കാഗോ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട ഇടവകകളില്‍ ക്‌നാനായ സമുദായത്തിനു പുറമെ നിന്നു വിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് മറ്റു ക്‌നാനായക്കാരോടൊപ്പം തുല്യത (equal status) ഉണ്ടായിരിക്കുമെന്നും തല്‍സംബന്ധമായി കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിച്ചു വരുന്ന നയം പ്രസ്‌തുത ഇടവകകളില്‍ അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്‌ത്യ തിരുസംഘത്തിന്റെ നിബന്ധനയ്‌ക്കു വിധേയമായിട്ടാണ് ചിക്കാഗോ മെത്രാന്‍ ഈ ഇടവകകള്‍ സ്ഥാപിച്ചത്. കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചുവരുന്ന നയം ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലും നടപ്പാക്കാന്‍ അനുവദിക്കണമെന്നു കോട്ടയം അതിരൂപതാദ്ധ്യക്ഷനും അമേരിക്കയിലെ ക്‌നാനായ സമൂഹവും പല പ്രാവശ്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും പ്രസ്‌തുത അപേക്ഷ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. നമ്മുടെ ഈ ആവശ്യം സഭ അംഗീകരിക്കുന്നതുവരെ സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ മെത്രാന്‍ തന്റെ അധികാരത്തിന്‍കീഴിലുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ആ രൂപതയിലെ വൈദികരും ജനങ്ങളും ബാദ്ധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ തീരുമാനം ആദരിക്കാന്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷനും നിര്‍ബന്ധിതനാണ്. തന്മൂലം കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചു വരുന്ന നയം കോട്ടയം അതിരൂപതയ്‌ക്കു പുറത്തുള്ള ക്‌നാനായ ഇടവകകളിലും ബാധകമാക്കണമെന്ന നമ്മുടെ അടിസ്ഥാന ആവശ്യം ഉപേക്ഷിക്കാതെ തന്നെ, ഈ ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ സഭയുടെ നിലവിലുള്ള തീരുമാനം അംഗീകരിക്കാന്‍ നാം കടപ്പെട്ടവരാണ്. സഭയുടെ ഈ തീരുമാനം അനുസരിച്ച്, ജന്മംകൊണ്ട് ക്‌നാനായക്കാരനായ ഒരു വ്യക്തിക്ക് ക്‌നാനായ സമുദായത്തിനു പുറത്തുള്ള ഒരാളെ വിവാഹം ചെയ്‌തതിന്റെ പേരില്‍ അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ ഇടവകകളില്‍ അംഗത്വം നിഷേധിക്കാന്‍ സാധ്യമല്ല. പ്രസ്‌തുത തീരുമാനം മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ അംഗീകരിക്കപ്പെട്ടാലും, ജന്മംകൊണ്ടു ക്‌നാനായക്കാരല്ലാത്ത ജീവിതപങ്കാളിക്കോ കുടുംബത്തിനോ ക്‌നാനായ ഇടവകയില്‍ അംഗത്വം നല്‍കാന്‍ ഒരിക്കലും സാദ്ധ്യമല്ലെന്ന നിലപാടില്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ഉറച്ചുനില്‍ക്കുന്നു. കോട്ടയം അതിരൂപതയുടെ അധികാരപരിധിക്കു പുറത്തുള്ള ക്‌നാനായ ഇടവകകളെ സംബന്ധിച്ച് കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും ശരിയായി മനസ്സിലാക്കാതെ ചിലര്‍ നടത്തിയ പ്രസ്‌താവനകളും പരാമര്‍ശങ്ങളും ആളുകളില്‍ വലിയ ചിന്താക്കുഴപ്പത്തിനു കാരണമായി.
നിഷ്‌പക്ഷമായി വസ്‌തുതകള്‍ പഠിക്കുന്നവര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകും.
1. ക്‌നാനായ സമുദായത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ കോട്ടയം അതിരൂപതയില്‍ അംഗമായി തുടരാന്‍ അനുവദിക്കുകയില്ലെന്ന നയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല; ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല.
2. പ്രസ്‌തുത നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്ത് സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും രൂപതകളിലും നടപ്പിലാക്കണമെന്നാണ് കോട്ടയം അതിരൂപതയും ക്‌നാനായ സമുദായവും ആഗ്രഹിക്കുന്നത്.
3. ഇതിനായി ബന്ധപ്പെട്ട സഭാധികാരികളോട് നാം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അംഗീകരിക്കപ്പെടുന്നതുവരെ ഇക്കാര്യം നാം സഭയോട് തുടര്‍ന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
4. സഭയുടെ നിര്‍ദ്ദേശാനുസരണം ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ചെടുക്കുന്ന തീരുമാനം മാറ്റാനോ തിരുത്താനോ മാനിക്കാതിരിക്കാനോ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അധികാരമില്ല.
5. കോട്ടയം അതിരൂപതയില്‍ അനുവര്‍ത്തിക്കുന്ന നയം തന്നെ അതിരൂപതാതിര്‍ത്തിക്കു പുറത്തു സ്ഥാപിക്കപ്പെടുന്ന ഇടവകകളിലും നടപ്പിലാക്കാന്‍ അനുവദിക്കപ്പെടുന്നതുവരെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്റെ ഇപ്പോഴത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അമേരിക്കയിലെ ക്‌നാനായ ഇടവകകള്‍ ബാദ്ധ്യസ്ഥരാണ്. അമേരിക്കയില്‍ ആ തീരുമാനങ്ങള്‍ ആദരിക്കാന്‍ സഭാനിയമമനുസരിച്ച് കോട്ടയം അതിരൂപതാധികാരികളും നിര്‍ബന്ധിതരാണ്.
6. ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ച് നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍, ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത് വിവേകപൂര്‍വ്വകമായ തീരുമാനമായിരിക്കുകയില്ല. ക്‌നാനായ സമുദായത്തിന്റെ പൊതുവും ആത്യന്തികവുമായ നന്മയ്‌ക്കുവേണ്ടി നമുക്ക് അസ്വീകാര്യമെങ്കിലും പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന കുറഞ്ഞ തിന്മ (lesser evil) തല്‍ക്കാലം നാം ഏറ്റെടുക്കുകയും അതു മാറ്റിക്കിട്ടുവാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതാവും കൂടുതല്‍ കരണീയം.
7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ക്‌നാനായ ഇടവകകളും രൂപതകളും ചേര്‍ന്ന് രൂപം കൊള്ളുന്ന സ്വയംഭരണാവകാശമുള്ള (sui iuris) ക്‌നാനായ സഭാസമൂഹത്തിനായി നമുക്ക് ഒന്നുചേര്‍ന്ന് പരിശ്രമിക്കാം.
No comments:
Post a Comment