ഭാവിയില്‍ എന്നെങ്കിലും ക്നാനായമക്കളുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ സത്യസന്ധമായ ചരിത്രമെഴുതിയാല്‍ അതില്‍ ഒരു അദ്ധ്യായം ഹൂസ്റ്റണില്‍ താമസിക്കുന്ന തുണ്ടത്തില്‍ കുടുംബത്തിന് വേണ്ടി നീക്കിവയ്ക്കാതിരിക്കാനാവില്ല. കുറിയുടെ പേരില്‍ സമുദായാംഗങ്ങളെ കഷ്ടപ്പെടുത്തുന്നത് പുതിയ ചരിത്രമല്ലേയല്ല. ഒരു വക്കീല്‍ നോട്ടീസുകൊണ്ട് അങ്ങാടിയത്ത് എന്ന മാര്‍ കൊലകൊമ്പനെ കൊമ്പുകുത്തിച്ചതുമല്ല ഇതിനെ പ്രാധാന്യമുള്ളതാക്കുന്നത്. ഈ സംഭവം സമുദായത്തില്‍ ഉണ്ടാക്കിയ ഓളങ്ങളാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
മുഖവും പ്രതിച്ഛായയും പാടേ നഷ്ടമായ പുരോഹിതര്‍ക്ക് ഇതിനെതിരെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാതിരിക്കാനോ, ലഘുലേഖകളും വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കാതിരിക്കാനോ കഴിയില്ല. അത്തരം കുപ്രചരണങ്ങളില്‍ വീഴാന്‍ കുറെയേറെ പേരെ കിട്ടുകയും ചെയ്യും. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്. വിവാഹവും ആയി ബന്ധപ്പെട്ട് ഇനിയും കുഞ്ഞാടുകളെ മുട്ടുകുത്തിക്കാന്‍ നമ്മുടെ അച്ചന്മാര്‍ ശ്രമിക്കുകയില്ല എന്ന് നമുക്ക് വിശ്വസിക്കാം. കോട്ടയം അരമനയില്‍ നിന്നും ചിക്കാഗോ അരമനയില്‍ നിന്നും അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ വൈദികര്‍ക്ക് രഹസ്യമായി പോയിട്ടുണ്ടെന്നും അനുമാനിക്കാം.
ന ദേവാ യഷ്ടിമാദായ രക്ഷന്തി പശുപാലവല്‍;
യം തു രക്ഷിതുമിച്ഛന്തി ബുദ്ധ്യാ സംയോജയന്തി തം.
(ദേവന്മാര്‍ ഇടയരെപ്പോലെ കോലുമേന്തി രക്ഷിക്കുകയല്ല ചെയ്യാറ്, ആരെ രക്ഷിക്കണമെന്ന് കരുതുന്നുവോ അവന്ന് ബുദ്ധിയുണ്ടാക്കി കൊടുക്കുകയാണ്.)
ഇതാണ് സമുദായാംഗങ്ങളെ സംബന്ധിച്ചിടത്തോളം സംഭവിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടന്നുപോന്ന ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധി അവര്‍ക്ക് ഈ സംഭവം ഉണ്ടാക്കി കൊടുത്തിരിക്കുന്നു!
എന്തായിരുന്നു സഭാധികാരികളുടെ ശൈലി? എന്തോ ഗൂഡാലോചനയുടെ ഫലമായി, ഇത്രനാള്‍ക്കുള്ളില്‍ ഇത്ര പള്ളികള്‍ ക്നാനയക്കാരന്റെ കാശുകൊണ്ടുമാത്രം വാങ്ങിത്തരാം എന്ന് ആരോ ആരോടോ വാക്ക് കൊടുത്തിരുന്നു. അത് പാലിക്കുകയെന്നത് ആരുടെയൊക്കെയോ നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു. അതിനുപറ്റിയ പോരാളികളെ ളോഹയും ധരിപ്പിച്ച് വിജിയുടെ ഇടതും വലതും മുമ്പിലും പിമ്പിലും ഇറക്കുമതി ചെയ്ത് നിര്‍ത്തി യുദ്ധമാരംഭിച്ചു. എതിര്‍പ്പുകളൊന്നും ആ തേരോട്ടത്തില്‍ പ്രശ്നമേ ആയില്ല. “ജനം സഹകരിച്ചില്ലെങ്കില്‍ സാരമില്ല, ജസ്റ്റ് നോട്ട് ഹിസ് നെയിം. അവന്റെ കീച്ചിപ്പാന്‍ വരും, അവന്റെ മക്കളുടെ കല്യാണം ഒന്നുറച്ചോട്ടെ” എന്നതായിരുന്നു ഭാവം.
ആ സ്ട്രാറ്റജിയുടെ കടയ്ക്കാലാണ് ഇന്ന് വെട്ടു കൊണ്ടിരിക്കുന്നത്.
ഈ പ്രശ്നത്തെ എങ്ങിനെ അവര്‍ പരിഹരിക്കും എന്ന് കാത്തിരുന്നു കാണാം. അത് അവരുടെ പ്രശ്നമാണ്.
ഈ സംഭവത്തെ പ്രാധാന്യമുള്ളതാക്കുന്നതിന്റെ മുഖ്യകാരണം ഈ സംഭവത്തിന് ലഭിച്ച പ്രതികരണമാണ്. പൊതുവില്‍ ക്നാനായവിഷയങ്ങള്‍ ചില തീവ്രവാദികളുടെ മാത്രം തലവേദനയായിയാണ് കണക്കാക്കപ്പെട്ടിരുന്നത്. വലിയ ശബ്ദമുണ്ടാക്കുന്ന ചില ചെറിയ മനുഷ്യരുടെ കോലാഹലം – അതായിരുന്നു ക്നാനായ ചര്‍ച്ചാവേദികള്‍. നാളിതുവരെ. അതിനു സാരമായ മാറ്റം സംഭവിക്കാന്‍ “തുണ്ടത്തില്‍ സംഭവം” ഹേതുവായി.
ഈ വിഷയത്തെ അധികരിച്ച് ഞങ്ങള്‍ പ്രസധീകരിച്ച “കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി....” എന്ന പരമ്പരയ്ക്ക് ലഭിച്ച പ്രതികരണങ്ങളിലൂടെ കണ്ണോടിച്ചു നോക്കിയാല്‍ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ക്നാനായ സമുദായം മണ്ടന്മാരുടെ സമുദായമാണെന്ന വൈദികരുടെ ധാരണ ഇതോടെ മാറുമെന്നും അവരെക്കാള്‍ എന്തുകൊണ്ടും യോഗ്യരായ ഒരു ജനതയെ വേണ്ടവിധത്തില്‍ നയിക്കാനുള്ള കഴിവിന് വേണ്ടി അവര്‍ ദൈവത്തോട് നേരിട്ടും, മറ്റു വിശുദ്ധരുടെ മാധ്യസ്തതയിലും നിത്യം പ്രാര്‍ഥിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
അവര്‍ക്കുവേണ്ടി നമുക്കും പ്രാര്‍ഥിക്കാം.
"കര്‍ത്താവേ ഇവര്‍ക്ക് സല്‍ബുദ്ധി കൊടുക്കേണമേ....."
No comments:
Post a Comment