മലനിരകള്‍ അതിരിടുന്ന കരിങ്കുന്നം ഗ്രാമത്തിന്റെ ആത്മീയ പ്രഭവകേന്ദ്രമാണ് സെന്റ് അഗസ്റിന്‍സ് ദേവാലയം. കോട്ടയം അതിരൂപതയില്‍ വി. ആഗസ്തീനോസിന്റെ നാമധേയത്തിലുള്ള ഏക ദേവാലയമാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി.
കൃഷിയിടങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കു മുമ്പ് പൈങ്ങളം, വാകത്താനം, കടുത്തുരുത്തി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കരിങ്കുന്നത്തു കുടിയേറിയ ക്നാനയക്കാര്‍ ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രാമപുരം പള്ളിയിലാണ് പോയിരുന്നത്. എന്നാല്‍ ചരിത്രം പറയുന്നത് കരിംകുന്നത്ത് ഒരു ദൈവാലയം പണിയാന്‍ മുന്‍കൈ എടുത്തതും 1873-ല്‍ പണി പൂര്‍ത്തിയാക്കിയ ആദ്യ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയിരുന്നതും രാമപുരത്തുനിന്നുള്ള ദൈവികര്‍ ആയിരുന്നു എന്നാണ്. അക്കൂട്ടത്തില്‍ പ്ളാക്കണ്ണിയിലച്ചന്‍, കാപ്പിലച്ചന്‍, പള്ളിവാതുക്കലച്ചന്‍, മുളയന്നുരച്ചന്‍ എന്നിവര്‍ ശ്രദ്ധേയരായിരുന്നു. ഇത് രാമപുരം പള്ളിയുടെ ചരിത്രരേഖഖളിലും പ്രതിപാദിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെയാണ് രാമപുരം പള്ളിയുടെ മദ്ധ്യസ്ഥനായ വി. ആഗസ്തീനോസിന്റെ നാമധേയത്തില്‍ തന്നെ കരിങ്കുന്നത്തും ദൈവാലയം നിര്‍മ്മിക്കപ്പെട്ടത്. പിന്നീടാണ് ചുങ്കം പള്ളിയുമായി ബന്ധപ്പെടുകയും ചുങ്കം ഫൊറോനയുടെ കീഴിലുള്ള ഇടവകയായി തീരുകയും ചെയ്തത്.
കൂടുതല്‍ സൌകര്യാര്‍ത്ഥം ഇപ്പോഴത്തെ പള്ളിയോട് ചേര്‍ന്ന് ഒരു പുതിയ ദേവാലയം പണിതുയര്‍ത്തി. കോട്ടയം രൂപത സ്ഥാപിതമായ 1911 വരെ രാമപുരം പള്ളിയില്‍ നിന്നുള്ള വൈദികരാണ് ഇവിടെ തിരുക്കര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നത്. കോട്ടയം രൂപതയില്‍ നിന്നും ഇവിടെ ആദ്യമായി വികാരിയായി വന്നത് പടിക്കമാലില്‍ ബ. എസ്തപ്പാനച്ചനാണ്.
ചെമ്മലക്കുഴിയിലച്ചന്റ കാലത്ത് പള്ളിവക കെട്ടിടത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍വക ഒരു അഞ്ചലാപ്പീസ് പ്രവര്‍ത്തനമാരംഭിച്ചു. കട്ടപ്പുറത്ത് ലൂക്കാച്ചന്റെ കാലത്ത് നെല്ലാപ്പാറയില്‍ വി. യൌസേപ്പ് പിതാവിന്റെ നാമത്തില്‍ ഒരു കുരിശുപള്ളി സ്ഥാപിതമായി. ഇപ്പോള്‍ ആണ്ടുതോറും സെപ്റ്റംബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വി. പത്താം പീയൂസ്സിന്റെ തിരുനാള്‍ ആചരിച്ചുവരുന്നു.
സര്‍ സി.പി.യുടെ ഭരണകാലത്ത് വിശാഖംതറയില്‍ ബ. ഫിലിപ്പച്ചന്റെ ശ്രമഫലമായി ഒരു മലയാളം മിഡില്‍ സ്കൂളും പിന്നീട് പ്രാലേല്‍ മത്തായി അച്ചന്റെ കാലത്ത് 1947-ല്‍ ഇംഗ്ളീഷ് മിഡില്‍ സ്കൂളും വെള്ളനാല്‍ സഖറിയാസച്ചന്റെ ശ്രമഫലമായി 1950 ല്‍ ഹൈസ്കൂളും അനുവദിച്ചുകിട്ടി. 1998-ല് ഹയര്‍ സെക്കന്ററി സ്കൂളായി വളര്‍ന്നു.
ചെറുശ്ശേരില്‍ ബ. മാത്യു അച്ചന്‍ വികാരി ആയിരുമ്പോള്‍ 1956 മാര്‍ച്ച് മാസം 19-ാം തീയതി ഇപ്പോഴത്തെ പള്ളിയുടെ ശിലാസ്ഥാപനം കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. 1959 ആഗസ്റ്റ് മാസം 28-ാം തയതി പുതുതായി പണി തീര്‍ത്ത ദേവാലയത്തിന്റെ വെഞ്ചരിപ്പും കര്‍മ്മവും അഭിവന്ദ്യനായ തറയില്‍ പിതാവു തന്നെ നിര്‍വ്വഹിച്ചു. പള്ളി പണിയോടൊപ്പം പുതിയ പള്ളിമുറിയും പണിയിപ്പിക്കുവാന്‍ ചെറുശ്ശേരിയിലച്ചനു കഴിഞ്ഞു. കാലാപ്പിള്ളില്‍ ബ. ഫിലിപ്പച്ചന്‍ വികാരിയ ആയിരുന്നപ്പോള്‍ അന്നത്തെ ഹെഡ്മാസ്റര്‍ ആയിരുന്ന തേരന്താനത്ത് ബ തോമസച്ചന്റെ നേതൃത്വല്‍ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നില പണിയുകയുണ്ടായി.
1969 ല്‍ വികാരി ആയിരുന്ന മണ്ണാത്തുമാക്കില്‍ ബ. ജോസഫച്ചന്റെ മേല്‍നോട്ടത്തില്‍ പാലാ തൊടുപുഴ റോഡ് സൈഡില്‍ പള്ളി വക സ്ഥലത്ത് പുതിയ പീടികക്കെട്ടിടം പണയിച്ചു. കാഞ്ഞിരത്തുങ്കല്‍ ബ. തോമസ്സച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ ഈ ദേവാലയത്തിന്റ ശതാബ്ദി സ്മാരകായി ഇപ്പോഴുള്ള കുരിശടി പണിയിപ്പിച്ചു. വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു ശാഖാമഠം 1974-ല്‍ ഒരു താത്ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിമിത്തേരിയുടെ പള്ളിമുറ്റത്തേയ്ക്കുള്ള റോഡ് നിര്‍മ്മിച്ചത് കടവില്‍ ബ. ജോണച്ചന്റെ കാലത്താണ്. അദ്ദേഹത്തിന്റെ കാലത്ത് 4 മുറികളോടുകൂടിയ ഒരു പീടികക്കെട്ടിടവും പണിതു.
പുതുക്കി പണിത നെല്ലാപ്പാറ കുരിശുപള്ളിയുടെ വെഞ്ചരിപ്പുകര്‍മ്മം നടത്തിയത് 1979-ലാണ്. അന്ന് ഇവിടെ വികാരി ആയിരുന്ന മേടയില്‍ ബ. സിറിയക്കച്ചന്റെ കാലത്തു തന്നെയാണ് കുരിശടിയുടെ തെക്കുവശത്ത പത്തുമുറികളുള്ള പീടികക്കെട്ടിം രണ്ടുഘട്ടങ്ങളിലായി പണി തീര്‍ത്തത്. പുതിയതായി ചാര്‍ജ്ജെടുത്ത അപ്പോഴിപ്പറമ്പില്‍ ബ. സിറിയക്കച്ചന്‍ 1984 ല്‍ കുരിശടിക്ക് വടക്കുവശത്ത് അഞ്ചു മുറികളോടുകൂടിയ ഒരു പീടികക്കെട്ടിടം പണിയിക്കുകയും 1985 ല്‍ പള്ളിയുടെ മുന്‍വശത്ത് ഒരു മോണ്ഡളത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 1988-93 കാലയളവില്‍ ഇവിടെ വികാരി ആയിരുന്ന വാലേല്‍ ബ. ജേക്കബച്ചന്റെ കാലത്ത്, കുരിശടിയുടെ തെക്കുവശത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലപണിയിച്ച് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് വാടകയ്ക്കു കൊടുത്തു. വടക്കുവശത്തെ കെട്ടിടത്തിന്റെ ഒന്നാം നില പണിയിച്ച് ഇടുക്കി ജില്ലാ സഹകരണബാങ്കിന് വാടകയ്ക്കു കൊടുത്തു. താഴത്തോട്ടത്തില്‍ ബ. കുര്യാക്കോസച്ചന്റെ കാലത്ത് പള്ളിവക കെട്ടിടത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഒരു ബി.എഡ്. സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഏറ്റിയേപ്പിള്ളില്‍ ബ. മാത്യു അച്ചന്റെ നേതൃത്വത്തില്‍ 1997 ഡിസംബറില്‍ പണി ആരംഭിച്ച പ്ളസ് ടു കെട്ടിടം 1998 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു.
ഏറെക്കാലമായി ആഗ്രഹിക്കുകയും പ്ളാനുകളും പദ്ധതികളും ആലോചിക്കുകയും ചെയ്തിട്ടും നടപ്പിലാക്കാന്‍ കഴിയാതിരുന്ന ഇടവകക്കാരുടെ അഭിലാഷമായിരുന്നു ഒരു പാരിഷ്ഹാള്‍ പണിയുക എന്നത്. പണ്ടാരശ്ശേരില്‍ ബ. ജോസച്ചന്‍ ഇവിടെ വികാരി ആയിരുന്നപ്പോള്‍ 26.01.2002 ല്‍ അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്, ഇപ്പോഴത്തെ പാരീഷ് ഹാളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 2003 ജനുവരിയില്‍ തന്നെ ആയതിന്റെ വെഞ്ചിരിപ്പും നടന്നു. ഇന്ന് പള്ളി സിമിത്തേരിയില്‍ കാണുന്ന 88 സെല്ലുകളുള്ള വോള്‍ട്ട് നിര്‍മ്മിച്ചതും ഹയര്‍സെക്കന്ററി സ്കൂളില്‍ ലാബറട്ടറികള്‍ ഒരുക്കിയതും ജോസച്ചന്റെ കാലത്തു തന്നെയാണ്.
ഹൈസ്കൂള്‍ കെട്ടിടങ്ങളില്‍ പഴയ കെട്ടിടം പൊളിച്ച് കൂടുതല്‍ വലുപ്പത്തില്‍ മൂന്നു നിലകളുള്ള ഫൌണ്ടേഷനോടുകൂടി ജോസച്ചന്‍ ആരംഭിച്ച പണികള്‍ അദ്ദേഹത്തിനുശേഷം വന്ന തൊടുകയിലച്ചന്‍ വളരെ ഉത്സാഹപൂര്‍വ്വം ഏറ്റെടുക്കുകയും മൂന്നു നിലകളുടേയും പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
തൊടുകയിലച്ചനു ശേഷം വികാരിയായി വന്ന കറുപ്പിനകത്ത് ബ. ജേക്കബച്ചന്‍ ഇടവക മദ്ധ്യസ്ഥനായ വി. ആഗസ്തീനോസ്സിന്റെ നൊവേന ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും നൊവേന നടത്തിവരുന്നു. പല തവണ ആഗ്രഹിച്ചിട്ടും നടക്കാതിരുന്ന അള്‍ത്താര നവീകരണം വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ മനോഹരമായ രീതിയിലും നവീകരിക്കുവാനും പള്ളിക്കകത്ത് ടൈല്‍സിടാനും മോണ്ഡലത്തില്‍ മാര്‍ബിള്‍ ഇടാനും നേതൃത്വം നല്‍കാന്‍ കറുപ്പിനകത്തച്ചനു കഴിഞ്ഞു. നവീകരിച്ച അള്‍ത്താരയുടെ വെഞ്ചരിപ്പുകര്‍മ്മം 2009 ലെ പെസഹാ വ്യാഴാഴ്ച 09.04.2009 നമ്മുടെ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വിച്ചു. ഒട്ടും വൈകാതെ, പള്ളിയുടെ മുഖാവാരമുയര്‍ത്തണമെന്ന ഇടവകാംഗങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേ വര്‍ഷം സെപ്റ്റംബര്‍ മാസം 8-ാം തീയതി എട്ടുനോമ്പിന്റെ സമാപനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കിയ മുഖവാരത്തിന്റെ വെഞ്ചരിപ്പ് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നടത്തി. മുഖവാരമുയര്‍ത്തല്‍ പണികള്‍ക്കു ശേഷം പള്ളിയുടെ മുന്‍വശത്തെ നടയുടെ ഇരുവശങ്ങളിലുമായി രണ്ട് ഗ്രോട്ടോകള്‍ നിര്‍മ്മിച്ച് ദേവാലയം ഭംഗിയാക്കാന്‍ അച്ചന്‍ താല്പര്യം കാണിച്ചു.
ഇപ്പോഴത്തെ ദേവാലയത്തോടൊപ്പം പണിയിച്ച നിലവിലുള്ള വൈദികമന്ദിരം കാലാനുസൃണമല്ലെന്നും വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലാത്തതുമാണെന്നുമുള്ള കാരണങ്ങളാല്‍ കാലോചിതവും സൌകര്യപ്രദവും കരിംകുന്നം പള്ളിയുടെ അന്തസ്സിനു ചേര്‍ന്നതുമായ പുതിയ വൈദികമന്ദിരം പണിയണമെന്നുളള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിതീര്‍ത്ത പുതിയ വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 2011 ജനുവരി 27-ാം തീയതി അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ തിരുമേനി നിര്‍വഹിക്കുകയുണ്ടായി.
മലയോരജില്ലയായ ഇടുക്കിയിലെ തൊടുപുഴ താലൂക്കില്‍ കോട്ടയം ജില്ല അതിരിട്ടുനില്‍ക്കുന്ന നെല്ലാറപ്പാറ കുന്നുകള്‍ക്കും ഇല്ലിയാരി കുന്നുകള്‍ക്കും മദ്ധ്യത്തില്‍ തൊടുപുഴ പാലാ റോഡിന്റെ ഇരുവശങ്ങളിലായി. വ്യാപിച്ചുകിടക്കുന്ന കരിങ്കുന്നം ഇടവകയില്‍ ഇപ്പോള്‍ 24 കൂടാരയോഗങ്ങളിലായി 675 കുടുംബങ്ങളും 3700-ല്‍ പരം ഇടവകാംഗങ്ങളും ഉണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ അവസാനത്തെ ശനിയാഴചയും ഞായറാഴ്ചയുമായി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി വരുന്നു. പുതുഞായറാഴ്ചയ്ക്കുശേഷം വരുന്ന ഞായറാഴ്ച വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളും ആഘോഷിച്ചുവരുന്നു. ആഗസ്റ്റ് 27,28 തീയതികളില്‍ ഇടവക മദ്ധ്യസ്നഥന്റെ തിരുനാള്‍ 12 മണിക്കൂര്‍ ആരാധനയോടുകൂടി ആചരിച്ചു വരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച നെല്ലാപ്പാറ കുരിശുപള്ളിയില്‍ വി. പത്താം പീയൂസിന്റെ തിരുനാളും കൊണ്ടാടിവരുന്നു. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും തിരുമണിക്കൂര്‍ ആരാധനയും വി. ആഗസ്തീനോസിന്റെ നൊവേനയും നടത്തിവരുന്നു.
തയ്യാറാക്കിയത്: Sanu Joy (Email: sanuusa@gmail.com)
കരിങ്കുന്നം ചിത്രങ്ങളിലൂടെ
No comments:
Post a Comment