ശ്രീ. സ്റ്റീഫന്‍ തോട്ടാനാനി എഴുതിയ 'മൗനം അപകടകരമാകുമ്പോള്‍' എന്ന കാര്യപ്രസക്തമായ ലേഖനം ഒക്‌ടോബര്‍ മാസത്തിലെ 'സ്‌നേഹസന്ദേശ'ത്തില്‍ വായിക്കുകയുണ്ടായി. അത് വായിച്ചപ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയ ചിലരെങ്കിലും ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും ചേരുന്നവിധം ചിന്തിക്കുന്നവരുണ്ടല്ലോ എന്നോര്‍ത്ത് എന്റെ ഉള്ളില്‍ സന്തോഷം തോന്നി.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്ത ഒരാളാണ് ഞാന്‍. എനിക്ക് രണ്ടു കുട്ടികളുണ്ട്. ആണും പെണ്ണും. അവര്‍ക്ക് ഉന്നതവിദ്യാഭ്യാസവും സല്‍സ്വഭാവവും വേണ്ടത്ര ആരോഗ്യവുമുണ്ട്. അവരില്‍ ഒരാള്‍ വിവാഹം കഴിച്ച് സന്തോഷമായി കഴിയുന്നു. അവരെ മലയാളി അച്ചന്മാരുടെ മുമ്പില്‍ മുട്ടുകുത്തി നിര്‍ത്തി അടിമപ്പിക്കുകയോ തലയ്ക്കുപിടിപ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാത്ത അമേരിക്കയിലെ മലയാളി പിള്ളേരെല്ലാം പിഴച്ചുപോവുകയാണെന്ന് ഒരു വികാരി മദൂബഹായില്‍ നിന്ന് എഴുന്നെള്ളിക്കുന്നതൊരിക്കല്‍ കേള്‍ക്കാനിടയായതാണ് എന്റെ മേല്‍പറഞ്ഞ ജീവചരിത്രം എടുത്തെഴുത്താന്‍ കാരണം.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ പ്രധാന പട്ടണങ്ങളില്‍പോലും ഒരു മലയാളിയെ കണ്ടുമുട്ടുക പ്രയാസമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. മലയാള സമാജങ്ങള്‍, മലയാളി കടകള്‍, മലയാളം ചാനലുകള്‍, മലയാളം പാട്ടുകച്ചേരികള്‍, മലയാളം പള്ളികള്‍! യഥാര്‍ത്ഥത്തില്‍ ജോലിക്കാര്യം ഒഴിച്ച് ഒരു മലയാളിക്ക് സായിപ്പിന്റെ ആവശ്യം ഇന്നില്ല. സായിപ്പിന് ജോലിചെയ്തുണ്ടാക്കുന്ന പൈസകൊണ്ടാണ് അടുപ്പില്‍ തീകത്തിക്കുന്നതെങ്കിലും മലയാളികള്‍ക്ക് സായിപ്പിനോട് പൊതുവില്‍ പുച്ഛമാണെന്നു മാത്രമല്ല സായിപ്പിനോട് വെറുപ്പുമാണ്. കറമ്പരുടെ കാര്യം പറയേണ്ടതില്ല. ഒബാമ കറമ്പനായതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുകയില്ലെന്ന് ഒരു തരണീമണി നേരിട്ടെന്നോടു പറഞ്ഞു. കഷ്ടം!
അമേരിക്കയിലേക്ക് നാം സ്വമനസ്സാ കുടിയേറിയ സ്ഥിതിക്ക് ഈ രാജ്യത്തെ രാഷ്ട്രീയവും, സാംസ്‌കാരികവും, വാണിജ്യപരവും, മതപരവുമായ കാര്യങ്ങള്‍ നാം സ്വാംശീകരിക്കേണ്ടതാണ്. അങ്ങനെയാണ് നമ്മുടെ പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരേണ്ടത്. അറിവുകളുടെ സമഗ്രമായ മലയാളികളുടെ സംസാരവിഷയം മിക്കവാറും മറ്റു മലയാളികളാണ്. ഇക്കാര്യത്തില്‍ ഭാരതസംസ്‌കാരം മൊത്തത്തില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണം എന്ന കടുംപിടുത്തത്തിലാണ് ചില മലയാളികള്‍ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരു ജനതയുടെ സംസ്‌കാരം (culture) ബുദ്ധിപരമായ അഭിവൃദ്ധിയുടെ മാനസിക പരിഷ്‌കൃതി അഥവാ മനോവികാസമാണ്. നമ്മെ ഒരു സംസ്‌കാരത്തില്‍ നിന്ന് മറ്റൊരു സംസ്‌കാരത്തിലേക്ക് പറിച്ചുനടുമ്പോള്‍ പുതിയ സംസ്‌കാരത്തിനനുരൂപമായ മനോവികാസം സ്വായത്തമാക്കേണ്ടതുണ്ട്. പഴയ സംസ്‌കാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നത് ചിലപ്പോള്‍ ആത്മഹത്യയ്ക്ക് തുല്യമാകും. എന്നുവച്ച് പഴയ സംസ്‌കാരത്തെ മുച്ചൂടും നശിപ്പിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. രണ്ടു സംസ്‌കാരങ്ങളുടെയും സമുന്നയത്വമാണ് ഇവിടെ കരണീയമായ കാര്യം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ അമേരിക്കന്‍ സംസ്‌കാരത്തിലാണ് വളര്‍ന്നുവരുന്നത്. കേരളത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പങ്കാളിയെ കണ്ടുപിടിക്കുമ്പോള്‍ അമേരിക്കയില്‍ മക്കള്‍തന്നെ അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നു. ഈ വിഷയത്തിലെ ഭാരതസംസ്‌കാരം അമേരിക്കയിലേക്ക് പറിച്ചുനടാന്‍ സാധിക്കയില്ല. സ്വവംശവിവാഹമൊക്കെ കുറക്കാലംകൂടി കേരളത്തില്‍ ഓടിയേക്കൂം. പക്ഷെ, അമേരിക്കന്‍ സംസ്‌കാരത്തില്‍ അത് നടക്കാന്‍ പോകുന്നില്ല. ഇതിനോടകം 2012-ല്‍ ആറ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തു. ആറ് വിവാഹത്തിലേയും പങ്കാളി മലയാളിയായിരുന്നില്ല. അതില്‍ മൂന്നെണ്ണം ക്‌നാനായ വിവാഹമായിരുന്നു. പങ്കാളി ക്‌നാനായ ആയിരുന്നില്ല. അപ്പോള്‍ സ്വവംശവിവാഹത്തിന്റെ അമേരിക്കന്‍ ഭാവി വായനക്കാര്‍ അനുമാനിച്ചാല്‍ മതി.
80-കളോടുകൂടിയാണ് മലയാളി വൈദികര്‍ അമേരിക്കയിലേയ്ക്ക് വന്നുതുടങ്ങിയത്. പിന്നീടതു വന്‍തോതിലുള്ള ഔട്ട്‌സോഴ്‌സിങ്ങായി. കാരണം ധനസമ്പാദനത്തിന് ഇതൊരു നല്ല മാര്‍ഗമാണെന്ന് മാമോന്‍പ്രിയരായ മെത്രാന്മാരും സന്യാസസഭാശ്രേഷ്ഠന്മാരും മനസ്സിലാക്കി. ഇങ്ങനെ സംഭവിച്ച വൈദികപ്രവാഹം മലയാളികളുടെ ദുര്‍ഗതിയുടെ ആരംഭമായിരുന്നു. ആദ്യമൊക്കെ വീടുകളില്‍ കുര്‍ബ്ബാന ചൊല്ലി. പിന്നീട് സായിപ്പ്പള്ളിയില്‍ വല്ലപ്പോഴും കുര്‍ബ്ബാനയായി. മലയാളി കമ്മ്യൂണിറ്റി വളര്‍ന്നപ്പോള്‍ സീറോ-മലബാര്‍ മിഷ്യനായി. ഇപ്പോള്‍ രൂപതയായി. അതിന്റെ കീഴില്‍ ഇടവകയായി. രാപകലില്ലാതെ വേല ചെയ്ത് ഉണ്ടാക്കുന്ന ഡോളര്‍ പള്ളിവാങ്ങിയും മെത്രാനെയും അച്ചന്മാരെയും തീറ്റിപ്പോറ്റിയും ചിലവഴിക്കേണ്ട വല്ല കാര്യവുമുണ്ടോ? ഈ നാട്ടിലും കപ്പമുട്ടുകള്‍ പോലെ കത്തോലിക്കാപള്ളികളുണ്ട്. അതിന്റെ അംഗത്വം സ്വീകരിച്ച് അവിടെ ആദ്ധ്യാത്മീക ശുശ്രൂഷകള്‍ സ്വീകരിച്ചാല്‍ പോരെ? മാര്‍തോമായുടെ പൈതൃകം തേടിപ്പോകുന്നവര്‍ കേരളത്തിലേയ്ക്കുതന്നെ മടങ്ങുന്നതായിരിക്കും ഉചിതം. എന്റെ രണ്ടു മക്കളും കൂദാശകളും (ജ്ഞാനസ്‌നാനം, വിശുദ്ധ കുര്‍ബ്ബാന കൈക്കൊള്ളല്‍, സ്ഥൈര്യലേപനം, വിവാഹം) സ്‌കൂള്‍വിദ്യാഭ്യാസവും അമേരിക്കന്‍ ഇംഗ്ലീഷ് പള്ളിയില്‍ തന്നെയാണ് നടത്തിയത്. ഭാഷ മനസ്സിലാക്കുകയില്ലാത്ത കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് രണ്ടു മണിക്കൂര്‍ നീളഉന്ന ബോറന് കുര്‍ബ്ബാന കാണിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? അത് യഥാര്‍ത്ഥത്തില്‍ ചൈല്‍ഡ് അബ്യൂസാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ മാതൃഭാഷയില്‍ ആരാധനക്രമങ്ങള്‍ ആകാം എന്ന് തീരുമാനിച്ചു. മലയാളം പള്ളിയില്‍ പോയാല്‍ നമ്മുടെ കുട്ടികള്‍ക്ക് അത് നിഷേധിക്കുകയല്ലേ? അതുകൊണ്ട് മക്കളേയും കൂട്ടി ഇംഗ്ലീഷ് പള്ളിയില്‍ പോയി ദിവ്യബലിയില്‍ സംബന്ധിക്കുന്നതാണ് ഉചിതം.
അമേരിക്കന്‍ ഇംഗ്ലീഷ് പള്ളിയില്‍ അംഗത്വമെടുക്കാതെ മലയാളം പള്ളിയില്‍ അംഗത്വമെടുക്കുന്നത് മക്കളോടു ചെയ്യുന്ന തെറ്റാണ്. ദൈവാലയം പ്രാര്‍ത്ഥനാലയമാണ്. അത് കീജെ വിളിയാക്കാനുള്ള ഇടമല്ല. കീജേ വിളിയില്ലാത്ത അമേരിക്കന്‍ ഇംഗ്ലീഷ് പള്ളിയില്‍ അംഗത്വമെടുത്ത് ആധ്യാത്മീകകാര്യങ്ങള്‍ നടത്തി കുട്ടികളെ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. അതല്ലാതെ വടവാതൂര്‍ കല്‍ദായവാദതാലിബാന്‍ സെമിനാരിയില്‍ നിന്നിറങ്ങുന്ന ഗുണ്ടാകൊച്ചച്ചന്മാരുടെ കൊലവിളികേള്‍ക്കാന്‍ എന്തിന് ഞായറാഴ്ച പൊതിയും കെട്ടി സീറോ മലബാര്‍ പള്ളിയില്‍ പോകുന്നു? തോട്ടനാനി തന്റെ ലേഖനത്തില്‍ എഴുതുന്നു.!
''.... ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം എന്ന ചിന്തയില്ലാതെ പള്ളികള്‍ വാങ്ങി, മോടിപിടിപ്പിച്ച് ആഘോഷമായി പെരുന്നാളുകള്‍ നടത്തി ധൂര്‍ത്തടിച്ചു ചിലവാക്കുകയും, അടുത്ത തലമുറ നമ്മുടെ കള്‍ച്ചറില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന നമ്മുടെ സഭാധികാരികളുടെ നാടന്‍ ചിന്താഗതിക്ക് കൂട്ടുനില്ക്കാനാവില്ല എന്ന് പറുയുവാനുള്ള കരുത്ത് നമുക്കുണ്ടാകണം.''
നാടും വീടും വിട്ട് 10,000 മൈലകലമുള്ള ഈ നാട്ടിലേക്ക് നമ്മള്‍ കുടിയേറിയത് ഈ വക്രബുദ്ധികളായ കുപ്പായക്കാരുടെ വലയില്‍ വീഴാനല്ല; ഈ രാജ്യത്തെ സ്വാതന്ത്ര്യം അനുഭവിച്ച് സമാധാനമായി കുടുംബജീവിതം നയിച്ച് വരുംതലമുറയ്ക്ക് നല്ല ഒരു അടിത്തറ പണിതിടാനാണ്, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റി തെല്ലും ആശങ്കയില്ലാത്ത വന്നും പോയിയും ഇരിക്കുന്ന ഈ വൈദീകരുടെ വഴക്കിലും വക്കാണത്തിലും കുടുങ്ങിക്കിടക്കുന്നവര്‍ വീണ്ടുവിചാരത്തോടെ ചിന്തിക്കുന്നത് അവരുടെ കുടുംബഭദ്രതയ്ക്ക് നല്ലതായിരിക്കും.
തോട്ടനാനിയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍.
സൈമണ്‍ ജയിംസ്
No comments:
Post a Comment