Thursday, November 1, 2012

കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി (ആറാം ഭാഗം)

ചിലരൊക്കെ ഒത്തുകൊണ്ടുള്ള ഒരു ഒത്തുകല്യാണം

നാടോടുമ്പോള്‍ നടുവേ ഓടുന്നവന്‍ സാധാരണക്കാരന്‍. സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനായവാന്‍ നാട് ഓടുന്നത് കാണുമ്പോള്‍, ഇവരെന്തിനാണ് ഓടുന്നതെന്ന് ചിന്തിക്കും. “ആന വിരണ്ടേ, ഓടിക്കോ” എന്ന് ഉത്സവപറമ്പില്‍ ഒരാള്‍ വിളിച്ചു കൂവിയാല്‍, അവിടെ പിന്നെ ആരും തന്നെ അവശേഷിച്ചു എന്ന് വരില്ല. ചിലപ്പോള്‍ അത് ഒരു ബാലന്റെ കുസൃതി മാത്രമായിരിക്കാം. ഒരു മരത്തിന്റെ മുകളിലെങ്കിലും കയറിയിരുന്നു ആന ശരിക്കും വിരണ്ടോ എന്ന് നിരീക്ഷിക്കാന്‍ അസാധാരണമായ ധൈര്യം വേണം.

ചില അംബരചുംബികളില്‍ പതിമൂന്നാമത്തെ നിലയില്ല. പല ഹോട്ടലുകളിലും പതിമൂന്ന് എന്ന നമ്പരുള്ള മുറി ഇല്ല. പതിമൂന്നാം മുറിയില്‍ ഒരു രാത്രി ഉറങ്ങിയാല്‍ എന്ത് സംഭവിക്കും എന്ന് പരീക്ഷിക്കാന്‍ ധൈര്യമുള്ളവര്‍ ലോകത്തില്‍ കുറവായതാണ് അതിന്റെ കാരണം.

സാധാരണക്കാരന്റെ സാധാരണമായ ബലഹീനതകളെ മുതലെടുക്കുന്ന കാര്യത്തില്‍ വേണ്ടത്ര ഗവേഷണം എല്ലാ മതവിഭാഗങ്ങളും നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അഗ്രഗണ്യര്‍ നമ്മുടെ സ്വന്തം കത്തോലിക്കാസഭ തന്നെ.

സ്വന്തം, അല്ലെങ്കില്‍ മക്കളുടെ, കല്യാണവിഷയം വരുമ്പോള്‍ മിക്കവരും  യാതൊരു പരീക്ഷണങ്ങള്‍ക്കും തയ്യാറല്ല. മുമ്പേ പോയവര്‍ ഉണ്ടാക്കിയ ചില പരിചിതപാതകളുണ്ട് അതിലൂടെ സഞ്ചരിച്ചാല്‍, നാലാള്‍ കുറയ്ക്കുകയില്ല, അപകടവും ഇല്ല. മുട്ട്, നടുവ് തുടങ്ങിയവ ഒന്ന് വളക്കേണ്ടി വന്നാല്‍തന്നെ, അത് തല്ക്കാലത്തേയ്ക്ക് മാത്രമല്ലേ?

വൈദികനില്ലാതെ ഒരു വിവാഹം നടത്തിയാല്‍ അത് ക്രിസ്തീയമല്ലാതാകുമോ? വൈദികനില്ലാതെ ഒരു ശവസംസ്ക്കാരം നടത്തിയാല്‍ പരേതന്റെ ആത്മാവിനു ഗതി കിട്ടാതിരിക്കുമോ? മനസ്സുകൊണ്ടെങ്കിലും ഇത്തരം അന്വേക്ഷണം നടത്താന്‍ നമ്മള്‍ തയ്യാറല്ല.

അത്തരം ചില സങ്കോചങ്ങളുടെ ഫലമാണ്, സത്യത്തില്‍ നമ്മുടെ ഇടയിലുള്ള ഒത്തുകല്യാണം.

 ഇന്ന് നാം അറിയുന്ന ഒത്തുകല്യാണം എങ്ങിനെ തുടങ്ങി എന്ന് ആര്‍ക്കെങ്കിലും അറിയാമെന്ന് തോന്നുന്നില്ല. ഒത്തുകല്യാണം എന്നൊരു കൂദാശ കത്തോലിക്കാ സഭാസംവിധാനത്തില്‍ ഇല്ല എന്ന് ധൈര്യമായി പറയാം. നിഘണ്ടുവില്‍ കാണുന്ന അര്‍ഥം A mutual promise to marry; an engagement എന്നാണു. രണ്ടു വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ ചെയ്യുന്ന വാഗ്ദാനത്തില്‍ പള്ളിയും പട്ടക്കാരനും എവിടെനിന്ന് വന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്; പക്ഷെ ആരും ചോദിക്കാറില്ല എന്ന് മാത്രം. ഇത് കല്യാണം ഉറപ്പീര് പോലൊരു വീട്ടില്‍ വച്ച് നടത്താവുന്ന ഒരു ചടങ്ങ് മാത്രമല്ലേ?

ഏതെങ്കിലും ക്നാനയക്കാരന്‍ ഒത്തുകല്യാണം ഒഴിവാക്കികൊണ്ടൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഒന്ന് ആലോചിച്ചുനോക്കാം. ഒത്തുകല്യാണം ആര്‍ക്കെങ്കിലും എന്തെങ്കിലും ഉറപ്പു നല്‍കുന്നുണ്ടോ? ഒത്തുകല്യാണത്തിന് ശേഷം എത്ര വിവാഹങ്ങള്‍ മാറി പോയിരിക്കുന്നു? ധാര്‍മ്മികമായോ, നിയമപരമായോ, സഭാപരമായോ ഈ ഒത്തുകല്യാണത്തിന് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നോ?

പണ്ട്, കള്ളപ്പം വിലപ്പെട്ട ഒരു മഹാസംഭവമായിരുന്ന കാലത്ത് ഗിവര്‍ഗീസ് പുണ്യവാളന്‍ പാമ്പിനെ വിട്ടു കടിപ്പിക്കും, അതൊഴിവാക്കാന്‍ പെരുന്നാളിന് പുണ്യവാളന് കള്ളപ്പം ചുട്ടു കൊടുക്കണം എന്ന് ഒരു അലിഖിത നിയമം ഉണ്ടായിരുന്നു. ഇന്നാകട്ടെ, നാനാജാതി ആള്‍ക്കാര്‍ കൊണ്ട്ചെല്ലുന്ന അപ്പങ്ങള്‍ കണ്ടു അച്ചന്മാര്‍ക്ക് “വട്ടായി” പോകുന്നു. പല വൈദികരും അതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. പക്ഷെ ഒരു വൈദികനെങ്കിലും ഒത്തുകല്യാണത്തെ നിരുത്സാഹപ്പെടുത്തിയിട്ടുള്ളതായി കേട്ടിട്ടില്ല. കല്യാണം മാത്രം നടന്നാല്‍ വധുവിന്റെ, അല്ലെങ്കില്‍ വരന്റെ – ഒരാളുടെ ഇടവകയിലെ അച്ചനാണ് വല്ലതും തടയുന്നത്. ഇങ്ങനെ ഒന്നുകൂടിയുണ്ടെങ്കില്‍, രണ്ടു അച്ചന്മാര്‍ക്കും കുശാലായി. അപ്പോള്‍ പിന്നെ എന്തിനു നിരുത്സാഹപ്പെടുത്തണം?


ഒത്തുകല്യാണം നീണാള്‍ വാഴട്ടെ!

ഇല്ലിക്കുന്നച്ചന്‍ കല്യാണത്തിന് ശേഷം വിവാഹം വിളിച്ചു ചൊല്ലണമെന്നും, താന്‍ ആളു പരമസാധു ആയതിനാല്‍ കാര്യങ്ങള്‍ എല്ലാം പാരിഷ് കൌണ്‍സില്‍ ആണ് നടത്തുന്നത്, അവര്‍ പറഞ്ഞതനുസരിച്ച് ഡോളര്‍ മൂവായിരം തന്നെ വേണമെന്നും പറഞ്ഞതുകേട്ട്, തുണ്ടത്തില്‍ കുടുംബം ഒരിക്കല്‍കൂടി തറയിലച്ചനെ കണ്ടു സംസാരിക്കാന്‍ തീരുമാനിച്ചു. ഇത്തവണ അവര്‍ക്ക് വ്യത്യസ്തനായ ഒരു തറയിലച്ചനെയാണ് – ക്നാനായ വികാരിയെ പൂര്‍ണ്ണമായും പിന്താങ്ങുന്ന ഒരാളെ - കാണാന്‍ സാധിച്ചത്.

ജോമോന്റെ പ്രതിശ്രുത വധുവായ ജയ്നിയുടെ കുടുംബത്തിന് കഴിഞ്ഞ വര്‍ഷത്തെ ഒരു വിവാഹസംബന്ധമായി അവരുടെ ന്യൂയോര്‍ക്ക്‌) വികാരി, ഫാ. തറയ്ക്കലില്‍ നിന്നും കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടുള്ളതിനാല്‍ (വിവാഹം നടത്തിയവരില്‍ വൈദികരില്‍ നിന്നും കയ്പ്പേറിയ അനുഭവം ഉണ്ടാകാത്തവര്‍ വിരളം!) അവരുടെയടുത്തുള്ള ലത്തീന്‍ റീത്ത് വികാരി, മാംഗ്ലൂര്‍ സ്വദേശി, ഫാ. വില്ലിയുമായി ഇക്കാര്യം സംസാരിച്ചു. സീറോ-മലബാര്‍ വൈദികര്‍ ആരും പറയാനിഷ്ടപ്പെടാത്ത ഒരു സത്യം ഫാ. വില്ലി പറഞ്ഞു – ഒത്തുകല്യാണം ഒരു കൂദാശയല്ല. അതുകൊണ്ട് തന്നെ, അതിനു ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ല. ഒരു അനുവാദവും ഇല്ലാതെ എന്‍ഗേജുമെന്റ് നടത്തിക്കൊടുക്കാം എന്ന് ഫാ. വില്ലി സമ്മതിച്ചു.

ഒരു സമാധാനത്തിന് വേണ്ടി ജയ്നി ന്യൂയോര്‍ക്കിലെ തറയ്ക്കലച്ചനെ കണ്ടു ഇക്കാര്യം സംസാരിക്കുകയും വില്ലിയച്ചന്‍ ഒത്തുകല്യാണം നടത്തി കൊടുക്കാമെന്നു പറഞ്ഞ കാര്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. നമ്മുടെ ന്യൂയോര്‍ക്ക് വൈദികന്‍ എതിരൊന്നും പറഞ്ഞില്ല. എന്ന് മാത്രമല്ല, സാധിക്കുമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

വരനായ ജോമോന്‍ ഈ വിവരം ഹൂസ്റ്റണ്‍ ക്നാനായ വികാരിയെ അറിയിച്ചു. ഫാ. വില്ലിയാണ് ഒത്തുകല്യാണം നടത്തുന്നതെന്നും, തറയ്ക്കലച്ചന്‍ ചടങ്ങില്‍ പങ്കെടുത്തേയ്ക്കുമെന്നും അദ്ദേഹത്തെ ധരിപ്പിച്ചു.

ജൂണ്‍ ഇരുപത്തിമൂന്നാം തിയതി വധുവിന്റെ വീടിനടുത്തുള്ള ലത്തീന്‍ പള്ളിയില്‍ വച്ച് വില്ലിയച്ചന്‍ ഒത്തുകല്യാണം നടത്തി. തറയ്ക്കലച്ചന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ജയ്നി പിറ്റേദിവസം, ഏതാനും ദിവസങ്ങള്‍ മുമ്പ് തനിക്ക് വന്ന ഒരു ഇമെയില്‍ കണ്ടു ഞെട്ടി. 

തറയ്ക്കലച്ചന്‍ സ്നേഹ-വാല്‍സല്യത്തോടെ അയച്ചിരുന്ന ആ ഇമെയിലിന്റെ ഉള്ളടക്കം ഇതായിരുന്നു – വില്ലിയച്ചന്‍ നടത്തുന്ന ഒത്തുകല്യാണം അസാധുവാണ്, ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കത്ത് ഞങ്ങളാരും അംഗീകരിക്കുന്ന പ്രശ്നമില്ല!

നാടോടുമ്പോള്‍ നടുവേ ഓടുക. ചിലപ്പോള്‍ നടുവിന് തൊഴിയും ചവിട്ടും കിട്ടും. നല്ല കുഞ്ഞാടുകള്‍ പരാതിപ്പെടുകയില്ല. പക്ഷെ എല്ലാ കുഞ്ഞാടും നല്ല കുഞ്ഞാടല്ലല്ലോ!

ശേഷം നാളെ....

(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment