Sunday, November 18, 2012

ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പ്ഫലം നല്കുന്ന പാഠങ്ങള്‍


വത്തിക്കാനില്‍ മാത്രമല്ല; ഓരോ അരമനകളിലും “കൂറിയ” എന്ന സംവിധാനം ഉണ്ട്. കോടതി (Court) എന്ന വാക്കില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. കത്തോലിക്കാസഭയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് ഈ കുറിയകളിലാണ്. കോട്ടയം അരമനയുടെ കുറിയ കൂടുമ്പോള്‍ അവിടെ ഒരു അത്മായന് ചായയും കൊണ്ടു കയറിചെല്ലാനുള്ള അനുവാദം പോലും ഇല്ല എന്ന് വിശ്വസിക്കാം. (തെറ്റാണെങ്കില്‍ അറിവുള്ളവര്‍ പറഞ്ഞുതന്നു തിരുത്തുക).

എന്നാല്‍ അത്മായന്റെ ജീവിതത്തിലെ സര്‍വകാര്യങ്ങളും തങ്ങള്‍തന്നെ നിയന്ത്രിക്കണമെന്ന് സഭയ്ക്ക് നിര്‍ബന്ധമാണ്. ഗര്‍ഭസ്ഥശിശു മുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ക്കാരം നടത്തിയ ശവത്തിന്റെ ഭൌതികാവശിഷ്ടം വരെ തങ്ങളുടേതാണെന്നാണ് ഇവരുടെ ഭാവം. അത്മായനു സ്വന്തമായ ചിന്ത, അഭിപ്രായം, സംഘടന – ഇതൊന്നും പാടില്ലപോലും!

ഒരു അത്മായസംഘടനയില്‍ ഭരണഘടനാപരമായ യാതൊരു അധികാരമോ അവകാശമോ വൈദികര്‍ക്കില്ല. യു.കെ.യിലെ ക്നാനായ അത്മായസംഘടനയായ യു.കെ.കെ.സി.എ.യുടെ അത്മീയോപദേശകന്‍ മാത്രമായ വൈദികന്‍ മൂലം ആ സംഘടനയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഇന്ന് മൊത്തം ക്നാനായലോകത്തിന് അറിയാം. ആത്മീയകാര്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ അദ്ദേഹത്തെ അനുവദിക്കാതിരുന്നെങ്കില്‍ അന്നാട്ടിലെ ക്നാനയക്കാര്‍ ഇന്നും സ്വരുമയോടെ കഴിഞ്ഞേനെ.

രണ്ടു ദശകത്തിലേറെ ഒത്തൊരുമയില്‍ - മറ്റ് അമേരിക്കന്‍ നഗരങ്ങളിലെ ക്നാനയകാര്‍ക്ക് ഉത്തമമാതൃകയായി - കഴിഞ്ഞുവരികയായിരുന്നു ഹൂസ്റ്റണ്‍ ക്നാനയക്കാര്‍. കുറെനാള്‍ മുമ്പ് അവിടെ ഉണ്ടായിരുന്ന വൈദികന്റെ സാന്നിധ്യം, ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റിയ്ക്ക് എന്തുമാത്രം ഗുണകരമായിരുന്നു എന്നത് ഹൂസ്റ്റണ്‍കാരാരും ഇത് വരെ മറന്നിട്ടില്ല.

എന്നാല്‍ ക്നാനയക്കാരന്റെ കീശയിലെ കാശെടുത്തു ചിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്ക് പള്ളികള്‍ വാങ്ങണം എന്ന ആഗ്രഹം (അത്യാഗ്രഹം) സഭാധികാരികള്‍ക്കു ഉണ്ടായതിനു ശേഷം ഇറക്കുമതി ചെയ്യപ്പെട്ട വൈദികര്‍ ഹൂസ്റ്റണില്‍ എത്തിയ നാള്‍മുതല്‍ ഹൂസ്റ്റണ്‍ന്റെ ശനിദശ ആരംഭിച്ചു. എത്ര എതിര്‍പ്പുണ്ടായാലും, എത്ര വിമര്‍ശനമുണ്ടായാലും, നാണം, ലജ്ജ, തുടങ്ങിയ മൃദുലവികാരങ്ങള്‍ ഒന്നുമില്ലാത്ത – കാണ്ടാമൃഗത്തിന്റെയല്ല - ഹിപ്പോപൊട്ടാമാസിന്റെ തൊലിക്കട്ടിയുമായാണ് ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്. ആരെന്തു പറഞ്ഞാലും, ആരെന്തെഴുതിയാലും അവര്‍ക്ക് പ്രശ്നമല്ല. കുഞ്ഞാടുകളെ പിടിച്ചു കിണറ്റിലിടാന്‍ മുകളില്‍ നിന്ന് കല്‍പ്പന കിട്ടിയാല്‍ അവര്‍ രണ്ടാമതൊന്നു ആലോചിക്കാതെ അത് നടത്തും. അതിനു കൂട്ട് നില്‍ക്കാന്‍ കുറെ ശിഖണ്ഡികളും അവര്‍ക്കൊപ്പം ഉണ്ടാകും -  എവിടെയും, എക്കാലവും.

കൊടുങ്കാറ്റില്‍ വലിയ വലിയ മരങ്ങള്‍ മറിഞ്ഞു വീഴുമ്പോള്‍ tensile strength-ന്റെ കാര്യത്തില്‍ ഇരുമ്പിനെപോലും കടത്തിവെട്ടാന്‍ പോന്ന ഇല്ലിമുള കാറ്റത്ത്  നിന്നാടുകയല്ലാതെ മറിഞ്ഞു വീഴാറില്ല. ആ പേരിന്റെ ഗുണം കൊണ്ടാവണം, ഹൂസ്റ്റണിലെ വൈദികന് ഇത്രയേറെ നാശം ആ സമൂഹത്തില്‍ വിതക്കാന്‍ സാധിച്ചത്. നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ നാണമില്ലാതെ ടൌണ്‍ഹാള്‍യോഗത്തില്‍ പറയും – എന്റെ കൈകള്‍ കെട്ടപ്പെട്ടിരുന്നു, എനിക്ക് മുകളില്‍ നിന്നുള്ള കല്പന അനുസരിക്കാതിരിക്കാന്‍ നിര്‍വാഹം ഇല്ലായിരുന്നു. അതെ പ്രവര്‍ത്തി വീണ്ടുംവീണ്ടും നിര്‍ല്ലജ്ജം ആവര്‍ത്തിക്കും. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കാണുമ്പോള്‍, ഇവരെയൊക്കെ സെമിനാരിയില്‍ പഠിപ്പിക്കുന്നത് ഇതു മാത്രമാണോ എന്ന് തോന്നിപോവുകയാണ്:

“യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക.”

യേശുക്രിസ്തു നമുക്കെല്ലാം പുതിയനിയമം തന്ന് ഇരുപത്തൊന്നു നൂറ്റാണ്ടു കഴിഞ്ഞിട്ടും പഴയനിയമത്തിലെ നിയമാവര്ത്തനത്തിലെ ഈ വാക്കുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വൈദികരുടെയും, അവരുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന കുഞ്ഞാടുകളുടെയും, അവര്‍ക്ക് കല്പന കൊടുക്കുന്ന അഹങ്കാരികളുടെയും കണ്ണുകള്‍ ഈ തെരഞ്ഞെടുപ്പ് ഫലം തുറപ്പിക്കട്ടെ.

ഇനിയും തുറക്കുന്നില്ലെങ്കില്‍....... അവക്ക് ഹാ കഷ്ടം....

No comments:

Post a Comment