![]() |
ഡോമിനിക് സാവിയോ വാച്ചാചിറ |
കാരിത്താസ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ചെറിയ ലാഭം രൂപതയ്ക്കും സമുദായത്തിനും വേണ്ടി വിനിയോഗിക്കാതെ ആശുപത്രിയുടെ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമാണ് ചിലവഴിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായിരിക്കുന്ന കാന്‍സര്‍ ഇന്റ്റ്റിറ്റിയൂട്ടും ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളും വിദേശികളും സ്വദേശികളുമായ സമുദായക്കാരുടെയും ചില വിദേശ ഏജന്‍സികളുടെയും അകമഴിഞ്ഞ സഹായംകൊണ്ട് ഉണ്ടായതാണ്. ലഭിക്കുന്ന സഹായങ്ങള്‍ ഏകോപിപ്പിച്ച് വിനിയോഗിക്കാന്‍ നമ്മുടെ നേതാക്കള്‍ വലിയ ശ്രദ്ധയും ചെലുത്തിയിരിക്കുന്നു. കാരിത്താസിന്റെ ആരംഭത്തിനുശേഷം അല്പം സാമ്പത്തികസഹായം മറ്റ് ചില രൂപതാദ്ധ്യക്ഷന്മാരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ “കാരിത്താസ് കോട്ടയം രൂപതയുടേത് മാത്രമാണ്, പണം തരില്ല” എന്ന മറുപടിയാണ് ലഭിച്ചതെന്നത് പറഞ്ഞുകേട്ടിട്ടുണ്ട്.
ആശുപത്രി കോളേജ് ആകുകയോ!!?
യാതൊരു കച്ചവടലക്ഷ്യവും ഇല്ലാതെ ജനസേവനത്തിനുവേണ്ടി ആരംഭിച്ച കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കുമെന്ന ലക്ഷ്യവുമായി പുരോഗമനവാദികള്‍ എന്നഭിമാനിക്കുന്ന ചിലര്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുകയാണല്ലോ. കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കുന്നതിനുവേണ്ടി വരുന്ന ചിലവ് 250 കോടി രൂപയാണെന്ന് ആശുപത്രി ഡയറക്ടര്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനൊന്നുനില കോളേജ് കെട്ടിടവും 500 ബെഡ്ഡുകളുള്ള ജനറല്‍ വാര്‍ഡും, ഇന്നുള്ളതിലും കൂടുതല്‍ സൗകര്യത്തോടെയുള്ള ഒ.പി. ബ്ലോക്കും പുതുതായി നിര്‍മ്മിക്കണം. കൂടാതെ വിശാലമായ കാമ്പസും ഹോസ്റ്റലും മറ്റും ഉണ്ടാക്കണം. ഇതിനൊക്കെയുള്ള സൗകര്യം ഒരുക്കാന്‍ തക്ക ഭൂമി ഇപ്പോള്‍ കാരിത്താസില്‍ ഉണ്ടോ എന്ന് സംശയമാണ്.
വികസനത്തിന്റെ പേരില്‍ നമ്മുടെ വെള്ളവും കറന്റും ഭൂമിയും വിദേശ വ്യാപാരികള്‍ക്കു മുന്നില്‍ അടിയറവയ്ക്കുന്നതിന്റെ മറ്റൊരു രൂപമാണ് കാരിത്താസ് മെഡിക്കല്‍ കോളേജ് ഉണ്ടായാല്‍ സംഭവിക്കുന്നത്. സമുദായത്തിലെ നൂറുകണക്കിനുപേര്‍ക്ക് തൊഴിലും പത്തുവര്‍ഷം കൂടുമ്പോള്‍ ക്‌നാനായക്കാരായ 300 ഡോക്ട്ടര്‍മാരും പുറത്തുവരുമെന്നുമൊക്കെയുള്ള പടക്കംപൊട്ടിച്ചാണ് കോളേജിന്റെ വക്താക്കള്‍ പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിടുന്നത്. മെഡിക്കല്‍ കോളേജാക്കുന്നത് കാരിത്താസ് ആശുപത്രിയുടെ വളര്‍ച്ചയായി കാണുന്നവരുമുണ്ട്. ആശുപത്രി, ആതുരശുശ്രൂഷയും മെഡിക്കല്‍ കോളേജ് അക്കാദമിക്ക് രംഗവുമാണ്. ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വെറും ഒരു കോളേജ് മാത്രമാണിത്. ആതുരശുശ്രൂഷാരംഗത്തുള്ള ആശുപത്രിയുടെ സ്വഭാവികമായ വളര്‍ച്ചയാണ് മെഡിക്കല്‍ കോളേജ് എന്ന് സാധാരണക്കാരായ ആളുകള്‍ ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ തെറ്റായ സങ്കല്‍പ്പം കൊണ്ടാണ് അത് സംഭവിക്കുന്നത്. ഓന്തു വളര്‍ന്നാണ് ഉടുമ്പാകുന്നത് എന്നു പറയുന്നതുപോലെയാണത്. കാരിത്താസ് ആശുപത്രി കോളേജായി മാറ്റുമ്പോള്‍ കോട്ടയം അതിരൂപതക്ക് പുറത്തോ അകത്തോ ഉള്ള ചുരുക്കം ചില സമ്പന്നന്മാര്‍ക്കല്ലാതെ സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനമെന്ന് ബന്ധപ്പെട്ടവര്‍ ആദ്യം തന്നെ വിശദമാക്കണം. അനുവദനീയമായ മെഡിക്കല്‍ സീറ്റുകളില്‍ പകുതിയോളം ക്‌നാനായക്കാര്‍ക്ക് ലഭിക്കുമെന്ന് പറയുന്നു; മെഡിക്കല്‍ അഡ്മിഷന് ഒരു കുട്ടിക്ക് എത്രരൂപ വേണ്ടിവരുമെന്ന് എന്തേ വ്യക്തമാക്കാത്തത്? ഗവണ്‍മെന്റുമായി ഇക്കാര്യത്തില്‍ കൃത്യമായ എഗ്രിമെന്റ് ഉണ്ടായിട്ടുണ്ട് എന്നാണ് പറയുക. എങ്കില്‍ എഗ്രിമെന്റ് പ്രകാരമുള്ള ഫീസുമാത്രം മതി എന്ന് പരസ്യമായി പറയുമോ? ഇതു പോലുള്ള എഗ്രിമെന്റില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ ഈ ഫീസിനു പുറമെ രഹസ്യമായി കാപ്പിറ്റേഷനായി ലക്ഷങ്ങള്‍ വാങ്ങിയിട്ടാണ് അഡ്മിഷന്‍ നല്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശനമായ വ്യവസ്ഥകള്‍ക്കനുസരിച്ച് ഒരു മെഡിക്കല്‍ കോളേജ് നടത്തികൊണ്ടു പോകാന്‍ ഗവണ്‍മെന്റ് നിശ്ചയിച്ച ഫീസ് മതിയാവില്ല, അതുകൊണ്ടാണ് രഹസ്യമായി കാപ്പിറ്റേഷന്‍ഫീസ് വാങ്ങുന്നത്. കുറച്ചുനാള്‍ മുമ്പുവരെ കോട്ടയം അതിരൂപതയില്‍ അദ്ധ്യാപകനിയമനത്തിന് ഡോണേഷന്‍ വാങ്ങാറില്ലായിരുന്നു. ഇപ്പോള്‍ കുറച്ചു രൂപായൊക്കെ വാങ്ങാന്‍ തുടങ്ങി. എന്തിനേറെ പ്ലസ്ടു അഡ്മിഷനുപോലും പതിനായിരം രൂപ ഡോണേഷന്‍ കൊടുക്കണം. ഇതിനു പറയുന്ന ന്യായീകരണം, സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ്. ഇതുതന്നെയായിരിക്കും മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോവുക. അരനൂറ്റാണ്ടു മുന്‍പ് തുടങ്ങിയ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നത്തെ ഭരണക്കാരുടെ കാലം വന്നപ്പോള്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായത് എങ്ങനെയാണെന്നു വ്യക്തമാക്കണം. ചുരുക്കത്തില്‍ ഗവണ്‍മെന്റ് നിശ്ചയിച്ച ഫീസിനു പുറമെ നല്ലൊരു തുകകൂടി രഹസ്യമായി നല്കിയെങ്കില്‍ മാത്രമേ മെഡിസിന് അഡ്മിഷന്‍ കിട്ടാന്‍ സാധ്യതയുള്ളു. അല്ലാ എന്നു പറഞ്ഞാല്‍ അതു കള്ളമാകും. കാരണം അതാണ് രഹസ്യമായ നാട്ടുനടപ്പ്. ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായി നിഷേധിക്കാനാകുമോ ഈ സത്യം? സ്‌കൂളുകള്‍ നടത്തികൊണ്ടുപോകാനാവാത്തവര്‍ സത്യസന്ധമായി മെഡിക്കല്‍ കോളേജ് എങ്ങനെ നടത്തികൊണ്ടുപോകും എന്നും വിശദമാക്കണം.
ഇത്തരത്തില്‍ പണംമുടക്കി പഠിക്കുന്ന ആളുകള്‍ക്ക് സമുദായത്തോടും സമൂഹത്തോടും എന്ത് കടപ്പാടാണുണ്ടാകുക? വ്യവസ്ഥയനുസരിച്ച് നിശ്ചിതസീറ്റുകള്‍ ക്‌നാനായക്കാര്‍ക്ക് ലഭിക്കണം. പക്ഷെ ഇത് ഗുണം ചെയ്യുക സാമ്പത്തികശേഷിയുള്ള ചുരുക്കം ചില ആളുകള്‍ക്ക് മാത്രമാണ്. ഈ സാഹചര്യത്തില്‍ വളരെ നല്ല രീതിയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, വളര്‍ന്നുകൊണ്ടിരിക്കുന്ന കാരിത്താസ് ആശുപത്രിയെ സാധാരണക്കാരില്‍ നിന്നും അകറ്റണമോ എന്ന് നമ്മള്‍ ചിന്തിക്കണം.
മെഡിക്കല്‍ കോളേജാകുന്നത് കാരിത്താസിനെ സംബന്ധിച്ച് ഇനി വളര്‍ച്ചയുടെ ഭാഗമല്ല. രോഗികള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ഉണ്ടായികഴിഞ്ഞു. ആതുരശുശ്രൂഷയുടെ ഭാഗമല്ലാത്ത രംഗത്തേക്കു കടക്കുന്നത് കാരിത്താസ് ആശുപത്രിയുടെ ശുശ്രൂഷാരംഗം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാനെ ഇടയാകൂ. സമൂഹത്തിലെ ഏറ്റവും ചെറിയവന് ഉപകാരപ്പെടുമ്പോഴാണ് സഭയുടെ ആതുരശുശ്രൂഷാ ഔട്ട്‌ലറ്റുകള്‍ ദൈവജനത്തിനായി നിലകൊള്ളുന്നു എന്നുപറയാനാകൂ. രാജ്യം നിര്‍മ്മിക്കുന്ന നിയമങ്ങളും പരിഷ്‌ക്കാരങ്ങളും ഏറ്റവും ചെറിയവന് ഗുണകരമാകുമ്പോഴാണ് ആ നിയമം നല്ലതെന്ന് പറയാനാകു എന്ന് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ സംതൃപ്തരായി സ്വതന്ത്രരായി ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളെയാണ് നീതിയുള്ള ഭരണാധികാരികള്‍ എന്നു വിലയിരുത്തപ്പെടുന്നത്.
ആലോചനകള്‍ വെറും നാടകം
പ്രിസ്ബിറ്ററല്‍ കൗണ്‍സിലില്‍ മെഡിക്കല്‍ കോളേജ് വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ വൈദികരെല്ലാം അതിനെ എതിര്‍ത്തിരുന്നു. അപ്പോള്‍ ഇക്കാര്യം പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്നായി. ജൂലൈമാസം നടന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ ഈ വിഷയം അവതരിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഉള്‍പ്പെടെ പലരും ഇതുമായി ബന്ധപ്പെട്ട പല ആശങ്കങ്ങളും പങ്കുവച്ചു. തത്ഫലമായി തല്ക്കാലത്തേയ്ക്ക് ഈ വിഷയം മാറ്റിവയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അവിടെ പങ്കുവച്ച ആശങ്കകളില്‍ ഒന്നുപോലും ദൂരീകരിക്കാതെ വീണ്ടും ഈ വിഷയം തുടര്‍ന്നുവന്ന പാസ്റ്ററല്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവന്നു. വിഷയം അവതരിപ്പിച്ച വ്യക്തി സംസാരിച്ചു. തുടര്‍ന്ന് പണ്ടാരശ്ശേരി പിതാവു സംസാരിക്കുകയും തുടര്‍സാധ്യതകളെക്കുറിച്ച് കമ്മറ്റി പഠിക്കട്ടെ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ ഒരു നിര്‍ദ്ദേശംവച്ചുകഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയ്ക്ക് എന്തു പ്രസക്തി. തുറന്ന ചര്‍ച്ചയ്ക്കു ശേഷമല്ലെ ഇതുപോലൊരു നിര്‍ദ്ദേശമുണ്ടാകേണ്ടത്? അപ്പോള്‍ ഒരുകാര്യം മനസിലായി ചര്‍ച്ച വെറും നാടകമായിരുന്നു എന്ന്.
പിതാക്കന്മാര്‍ തീരുമാനിച്ചു കഴിഞ്ഞു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍. എങ്ങനെയും അവര്‍ ഇത് നടത്തും. കാരണം അവരുടെ ഭരണകാലത്തും എന്തെങ്കിലും ഒരു പ്രസ്ഥാനം ഉണ്ടാകണമല്ലോ! ഇത് നല്ല സൂചനയല്ല തരുന്നത്. ദൈവജനത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമേ ഭാവിയില്‍ വലിയ ബാദ്ധ്യതയാകാവുന്ന ഇത്തരം വിഷയങ്ങളുമായി മുന്നോട്ടു പോകാവൂ. ഏതാനും പേരുടെ നാമമഹത്വത്തിനു മാത്രമേ കാരിത്താസ് മെഡിക്കല്‍ കോളേജ് ഉപകരിക്കൂ. സമുദായത്തിന്റെ തളര്‍ച്ചക്കാണ് ഇത് കാരണമാകുക.
വിദ്യാഭ്യാസ ഫണ്ടും വീടുനിര്‍മ്മാണപദ്ധതിയും ഇന്നെവിടെ നില്ക്കുന്നു.
കോട്ടയം അതിരൂപതാശതാബ്ദികളോടനുബദ്ധിച്ച് നടപ്പിലാക്കണമെന്ന് നമ്മള്‍ പദ്ധതിയിട്ട ഓരോന്നിന്റെയും വിജയപരാജയങ്ങള്‍ ചര്‍ച്ച ചെയ്‌തോ എന്നറിയില്ല. പത്തുകോടി രൂപയുടെ ഒരു വിദ്യാഭ്യാസ ഫണ്ട് സ്വപ്നം കണ്ടിട്ട് പകുതി തുകപോലും സമാഹരിക്കാനായില്ല എന്നാണറിയുന്നത്. ക്‌നാനായ സമുദായത്തിലുള്ള ഒരാള്‍ക്കുപോലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ശതാബ്ദി വിദ്യാഭ്യാസ ഫണ്ട് തുടങ്ങിയത്; എന്നിട്ട് ഇപ്പോള്‍ എന്തായി? ഒന്നര ലക്ഷം രൂപവരെ ഒരു വര്‍ഷം ചിലവാകുന്ന കോഴ്‌സിന് കൊടുക്കന്നത് 15000 രൂപയാണ്. അതും കുറയ്ക്കാന്‍ പോകുകയാണെന്നു കേള്‍ക്കുന്നു. അതുപോലെ 100 വീടിന്റെ നിര്‍മ്മാണപദ്ധതിയും വിജയം കണ്ടില്ല. ഒരു വീടിന് ഒരുലക്ഷം രൂപ പോലും കൊടുക്കാന്‍ നമുക്കായില്ല. വാസയോഗ്യമല്ലാത്ത ധാരാളം ഭവനങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്ന് പണ്ടാരശ്ശേരി പിതാവുതന്നെ ഒരിക്കല്‍ പറയുകയും ചെയ്തതാണ്. ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെ പണക്കാരെ മാത്രം സഹായിക്കുന്ന മെഡിക്കല്‍ കോളേജ് പദ്ധതിയുമായി നീങ്ങുന്നത് ക്രിസ്തീയമല്ല എന്ന് വിനയപൂര്‍വ്വം ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. സമുദായ അംഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റികൊണ്ടുള്ള ഒരു വികസനമാണ് നമ്മള്‍ സ്വപ്നം കാണേണ്ടത്. കാരിത്താസ് മെഡിക്കല്‍ കോളേജ് ഇപ്പോള്‍ അതിനൊരു പരിഹാരമേ അല്ലെന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
സഭയുടെ നിയന്ത്രണത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി മെഡിക്കല്‍ കോളേജ് ആക്കുന്നത് ബുദ്ധിയല്ലെന്നു പറഞ്ഞു കഴിഞ്ഞു. ഒരു മെഡിക്കല്‍ കോളേജിനുവേണ്ടി ഒരു ആശുപത്രി ഉണ്ടാക്കാം അതിന്റെ ആവശ്യം ഉണ്ട്. ഒരു തോട്ടി ഉണ്ടെന്ന് പറഞ്ഞ് ഒരു ആനയെ വാങ്ങാന്‍ പദ്ധതി ഇടുന്നതു പോലെയാണ് കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജാക്കാന്‍ ഇറങ്ങി പുറപ്പെടുന്നത്. ആനയെ വാങ്ങിയശേഷം തോട്ടി വാങ്ങുന്നതിന് പ്രയാസമില്ല.
കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കുന്നതിന് 250 കോടി രൂപ ആവശ്യമുണ്ടെന്ന് പറഞ്ഞല്ലോ. കാരിത്താസില്‍ നിലവിലുള്ള സൗകര്യങ്ങളൊന്നും പോരെന്നും ഡയറക്ട്ടര്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡമനുസരിച്ച് 500 കിടക്കകളുള്ള വിവിധ വാര്‍ഡുകള്‍വേണം. നിലവിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഒന്നില്‍ പോലും ഇത്രയും രോഗികളെ കിട്ടാനില്ല. ഇന്‍സ്‌പെക്ഷന്റെ സമയമാകുമ്പോള്‍ അനാഥമന്ദിരങ്ങളില്‍ നിന്ന് പൈസ കൊടുത്ത് ആളെ ഇറക്കി കിടക്കകള്‍ നിറയ്ക്കുന്നത് റ്റി.വി. ചാനലുകളിലൂടെ നാം കാണുന്നതാണ്. മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ അംഗീകാരം നിലനിര്‍ത്താന്‍ ഈ നാണംകെട്ട പണി നാമും ചെയ്യേണ്ടിവരും കാരണം ഇന്ന് എല്ലാ രോഗികള്‍ക്കും മുറി തന്നെവേണം, മുറികളുടെ എണ്ണം മെഡിക്കല്‍ കൗണ്‍സില്‍ പരിഗണിക്കുകയുമില്ല. അപ്പോള്‍ പിന്നെ വാര്‍ഡുകളില്‍ രോഗികളെ നിറയ്ക്കാന്‍ ഇതല്ലാതെന്തുവഴി?
കാരിത്താസ് മെഡിക്കല്‍ കോളേജ് മലബാറില്‍!!?
കാരിത്താസിലെ നിലവിലുള്ള സൗകര്യങ്ങള്‍ മിക്കവയും മെഡിക്കല്‍ കോളേജിനു സഹായകരമല്ലെന്ന് വ്യക്തമായികഴിഞ്ഞു. അങ്ങനെയെങ്കില്‍ മെഡിക്കല്‍ കോളേജിനെ കാരിത്താസ് ആശുപത്രിയുമായി ബന്ധിപ്പിക്കുന്നതെന്തിന്? ക്‌നാനായ സമുദായത്തെ ഉദ്ധരിക്കാനാണെങ്കില്‍ നമ്മുടെ ആളുകള്‍ അന്‍പതിലധികം പള്ളികളിലായി കഴിയുന്ന മലബാറില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിച്ചുകൂടെ? ആശുപത്രിയുടെ ഗുണം അവര്‍ക്കും നാട്ടുകാര്‍ക്കും ലഭിക്കുകയും ചെയ്യുമല്ലോ. അവര്‍ ഇപ്പോള്‍ മഗലാപുരത്താണ് ചികിത്സതേടുന്നത്. നമുക്കിവിടെ കാരിത്താസും ഗവ: മെഡിക്കല്‍ കോളേജും അടുത്തടുത്തു തന്നെ ഉണ്ടല്ലോ. കോളേജ് എവിടെ ആയാലും പഠിതാക്കള്‍ക്ക് ഒരുപോലെയാണ്. ഹോസ്റ്റലില്‍ താമസവും കോളേജില്‍ പഠനവും ആയതുകൊണ്ട് പഠിക്കുന്നവര്‍ക്ക് കോട്ടയവും മലബാറും ഒരു പോലെയാണ്. ഏതു വിധേയനയും മെഡിക്കല്‍ കോളേജ് തുടങ്ങിയേ അടങ്ങൂ എങ്കില്‍ അത് മലബാറില്‍ തന്നെ ആകട്ടെ. ഏതായാലും കാരിത്താസ് ആശുപത്രിയെ സമുദായത്തിന്റേതല്ലാതാക്കി ഏതാനും സമ്പന്നര്‍ക്കുവേണ്ടി എമേര്‍ജ് (Emerge) ചെയ്യാന്‍ മുതിരുരുത്. ഇത് അപകടമാകും എന്നു മുന്നറിയിപ്പു തരികയാണ്.
സമ്പന്നരുടെ പാപത്തിലും പരാക്രമത്തിലും സഭ പങ്കാളിയാകരുത്. മുന്‍കാല തിന്മകള്‍ക്കും ചെയ്യാതിരുന്ന നന്മകള്‍ക്കും മാര്‍പാപ്പാമാര്‍ പശ്ചാത്തപിച്ച് ക്ഷമയാചിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ അതിരൂപതാ നേതൃത്വം കാണാതിരിക്കരുത്. ഇനിയൊരു ചരിത്രാവര്‍ത്തനം ഉണ്ടാകാന്‍ പാടില്ല.
സസ്‌നേഹം,
ക്‌നാനയ ഫെലോഷിപ്പ് സ്റ്റേറ്റ് കമ്മറ്റി.
NB: ഒക്‌ടോബര്‍ 11-ാം തിയതി കൂടിയ പാസ്റ്ററല്‍ കൗണ്‍സിലില്‍ ബഹു: ജസ്റ്റിസ് സിറിയക്ക് ജോസഫ് മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പല ആശങ്കകളും പങ്കുവച്ചതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ കോട്ടയം അതിരൂപതയില്‍ ദീര്‍ഘകാല അനുഭവങ്ങളും ലോകപരിചയവുമുള്ള ജസ്റ്റിസിനെയും, ബഹു: മോണ്‍സിഞ്ഞോര്‍ ഇളപാനിക്കല്‍ അച്ചനെപോലുള്ളവരെയും കൂടി പണ്ടാരശ്ശേരില്‍ പിതാവ് നിര്‍ദ്ദേശിച്ച തുടര്‍പഠനകമ്മറ്റിയില്‍ അംഗങ്ങളാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ഈ അഭ്യര്‍ത്ഥന തള്ളിക്കളയാനാണ് സാധ്യത, കാരണം നേതൃത്വത്തിന്റെ ഇംഗിതത്തോട് ''യേസ്'' പറയുന്നവരെയാണല്ലോ സാധാരണ ഇതുപോലുള്ള കമ്മിറ്റികളില്‍ വയ്ക്കാറുള്ളത്. ഇവിടെയും അതുതന്നെസംഭവിക്കാനാണ് സാധ്യത. സമുദായക്കാര്‍ ഈ നാടകങ്ങളെല്ലാം കാണുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊള്ളുക.
No comments:
Post a Comment