അധികാരത്തില്‍ വരുന്നവരെ കുറ്റം പറയുക എന്നത് മനുഷ്യസ്വഭാവമാണ്. യേശുക്രിസ്തു ജറുസലേമിലെ ഒരു കര്‍ദ്ദിനാളോ, മെത്രാനോ, ഒരു വികാരിയച്ചന്‍ എങ്കിലും ആയിരുന്നെങ്കില്‍, കൂടെ ഉണ്ടായിരുന്നവര്‍ തന്നെ അദ്ദേഹത്തിന്റെ കാലുവാരിയേനെ. അതുകൊണ്ടാണ് അധികാരത്തിന്റെ അയല്‍വക്കത്തേയ്ക്ക് പോലും യേശു പോകാതിരുന്നത്. എന്തിനു പോകണം? ഭൂമിയില്‍ മനുഷ്യരായി ജനിച്ച അല്പന്മാരെപോലെ ആയിരുന്നില്ലല്ലോ ആദ്ദേഹം.
അതല്ല ബാക്കി ഉള്ളവരുടെ കാര്യം. നമ്മുടെ പ്രിയങ്കരനായ മൂലക്കാട്ട് പിതാവിന്റെ കാര്യമെടുക്കാം. കോട്ടയം അരമനയില്‍ കാലുകുത്തുന്നത് വരെ പരിചയകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. അരമനയില്‍ കയറിയിട്ട് പോലും, മെത്രാപ്പോലീത്ത ആകുന്നതുവരെ അദ്ദേഹം അങ്ങിനെതന്നെ തുടര്‍ന്നു. മെത്രാപോലീത്തപട്ടം കിട്ടി കഴിഞ്ഞതിനുശേഷമാണ് ആളുകള്‍ കുശുകുശുക്കാന്‍ തുടങ്ങിയത്. അത് വ്യക്തിയുടെ ദോഷമല്ല, സ്ഥാനത്തിന്റെ പ്രശ്നമാണ്.
മൂലക്കാട്ട് പിതാവ് ആളു തറവാടിയാണ്, അഭിമാനിയാണ്. പറഞ്ഞ വാക്കിന് വിലയുള്ളയാളാണ്. ഒരു കാര്യം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ അതിനു മാറ്റമില്ല (പറമ്പേട്ടു സൈമണ്‍ സാറിന്റെ പ്രശ്നം ഒന്നാന്തരം ഉദാഹരണം). ഈ പിതാവിനെക്കുറിച്ചല്ലേ പണ്ടേ ആരോ പറഞ്ഞത്:
മലകളിളകിലും മഹാജനാനാം മനമിളകാ
എന്ന്?
പിതാക്കന്മാരിലൂടെയാണ് ഇപ്പോള്‍ ദൈവം സംസാരിക്കുന്നത്. മൂലക്കാട്ട് പിതാവ് ലോസ്ആഞ്ചലസില്‍ വച്ചെടുത്ത്, ചിക്കാഗോയില്‍ വച്ച് പ്രഖ്യാപിച്ച്, ചൈതന്യയില്‍ വച്ച് കൂവല് കേട്ട തീരുമാനം, ദൈവത്തിന്റെ തീരുമാനമായിരുന്നു. ഹെല്‍ വിത്ത് യു എന്ന മട്ടില്‍ ക്നാനായ സമുദായത്തോട് വിട പറഞ്ഞു പോയ നമ്മുടെ സ്വന്തം സഹോദരരരെ, കുഞ്ഞുകുട്ടിപരാധീനമടക്കം നമ്മുടെ പള്ളികളില്‍ കൊണ്ടുവന്നു അംഗങ്ങളായി സ്വീകരിക്കണമെന്നത് മൂലക്കാട്ട് പിതാവ് പറഞ്ഞത് ദൈവേഷ്ടം അല്ലായിരുന്നു എന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കില്‍ അത് ദൈവനിഷേധം തന്നെയാണ്.
അത്തരത്തിലൊരു നിഷേധമാണ് താമ്പായില്‍ ഒരു പ്രമേയത്തിലൂടെ അവിടത്തെ പാപികള്‍ നടത്തിയത്. എന്തായിരുന്നു അതിന്റെ പരിണിതഫലം?
ദൈവനിഷേധികളുടെ നാട്ടില്‍ വച്ച് നടക്കുന്ന കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ കൂടുന്നില്ല എന്ന് രണ്ടു പിതാക്കന്മാരും തീരുമാനിച്ചു. പിതാക്കന്മാരെ സംബന്ധിച്ചിടത്തോളം കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ കാത്തുകാത്തിരിന്നു വന്നെത്തുന്ന മഹാസംഭവമാണ്. എന്നിട്ടും പിതാക്കന്മാര്‍ അത് ബഹിഷ്കരിച്ചു, മാത്രമല്ല ആ വഴിക്ക് പോകാന്‍ ഉദ്ദേശിച്ചവരെ എല്ലാം തടഞ്ഞു. “പോകരുത്, അത് പാപികളുടെ നഗരമാണ്, ആ വഴിയെ പോകരുത്.”
അതാണ് നമ്മുടെ മൂലക്കാട്ട് പിതാവ്! മന്വന്തരങ്ങളില്‍, യുഗങ്ങളില്‍, മാത്രം പിറക്കുന്ന അവതാരപുരുഷന്‍. ക്നാനായമക്കളെ, നമ്മുടെ പിതാവിനെയോര്‍ത്തു അഭിമാനപൂരിതം..... ഓ, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലല്ലോ, എന്റെ ഈശ്വരാ.... ബ ബ്ബ ബ്ബബ്ബാ.....
സത്യം ഇങ്ങനെയൊക്കെ ഇരിക്കവേ ഇതാ, വീണ്ടും കുറെ പാപികള്‍ ഒത്തുചേര്‍ന്ന് മറ്റൊരു പ്രമേയംപാസ്സാക്കിയിരിക്കുന്നു! താമ്പായില്‍ പ്രമേയം പാസ്സാക്കിയപ്പോള്‍ അതിന് വൈദികസ്പര്‍ശം ഇല്ലായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കിലെ വിവരദോഷിയായ വൈദികനും കൂടെക്കൂടി ഒരു അധാര്‍മ്മിക പിന്തുണ നല്‍കി – അങ്ങേരുടെ ഒരു എന്‍ഡോഗമി, കുന്തം.
നവംബറില്‍ പള്ളികൂദാശയ്ക്ക് തിരുമേനി വരുമ്പോള്‍ ഒന്ന് കാണാമല്ലോ എന്ന് എന്നെപ്പോലെ പലരും കൊതിച്ചിരിക്കുമ്പോഴാണ് ഇവന്മാരുടെ ഈ കോപ്രായം. ആത്മാഭിമാനിയായ പിതാവ് ഇനി എങ്ങിനെ വരും? കുഞ്ഞാഞ്ഞേ, കുഞ്ഞാഞ്ഞേ എന്ന് കിടന്നു വിളിച്ചിട്ട് യാതൊരു കാര്യവും ഇല്ല. താമ്പായിലെ കണ്‍വെന്‍ഷന്‍ ബഹിഷ്ക്കരിക്കാന്‍ തന്റേടം കാണിച്ച നമ്മുടെ അഭിവന്ദ്യ പിതാവ് ന്യൂയോര്‍ക്ക് പള്ളികൂദാശയും ബഹിഷ്ക്കരിക്കും എന്നത് തീര്‍ച്ചയാണ്.
പള്ളിക്കൂദാശയ്ക്ക് വരുമ്പോള്‍ “മൂലക്കാടന്‍ മൂലയ്ക്ക്” എന്ന് പിള്ളേര് വരെ പാടി നടക്കുന്നത് ഗൌനിക്കാതെയാണ് വരാമെന്നു വച്ചത്. (ഉണക്കിറച്ചി തീര്‍ന്നതും ഒരു കാരണമാണെന്ന് വേണേല്‍ കൂട്ടിക്കോ... പുറത്താരോടും പറയാതിരുന്നാല്‍ മതി).
എല്ലാം ക്ഷമിച്ചു, മൂലയ്ക്ക് നിന്നാലും വേണ്ടില്ല, പുതിയ കര്‍ദ്ദിനാളിന്‍റെ കപ്യാരായി ധൂമകുറ്റിയും ആട്ടിയിട്ടാണെങ്കിലും വന്നു പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നപ്പോഴാണ് അവന്മാര്‍ക്ക് പ്രമേയം ഉണ്ടാക്കാന്‍ തോന്നിയത്.
ഇനി അനുഭവിക്കുക.
ആര്‍ക്കറിയാം, മെത്രാനെ വരുത്താതിരിക്കാന്‍ വൈദികന്‍ മനഃപൂര്‍വം കളിച്ച കളിയാണോ ഇത്? ആലോചിക്കുക.
പാപ്പച്ചന്‍
പാപ്പച്ചന്‍
No comments:
Post a Comment