Saturday, November 3, 2012

എന്ഡോ്ഗമി – ഒരു നര്മ്മകഥ

പ്രണയം തലയ്ക്കു പിടിച്ച ചിന്നമ്മ തന്റെ വീട്ടുകാരുടെ അനുവാദമോ സമ്മതപത്രമോ ഇല്ലാതെയാണ് കുഞ്ചാക്കോയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തന്റെയുള്ളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച ആ നഗ്നസത്യം രണ്ടും കല്പിചാണവളന്നു കുഞ്ചാക്കോയോട് ആദ്യമായ് പറയുന്നത്.

തന്റെ ക്നാനായ ഇടവകയിലെ എല്ലാ സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന കുഞ്ചാക്കോ എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കുമ്പോള്‍ വീണ്ടുമവള്‍ പറയുന്നു.....

“കുഞ്ചാക്കോച്ചന്‍ എന്നെ വിവാഹം കഴിച്ചില്ലെങ്കില്‍...... ഞാനൊന്നും പറയുന്നില്ല..... രാവിലെ കൊച്ചുവേളി എക്സ്പ്രസ്സ്‌ പോയിക്കഴിയുമ്പോള്‍.... റെയില്‍വേ ട്രാക്കില്‍ പോയി നോക്കിയാല്‍ അപ്പോള്‍ കാണാം.”

അതൊരു ഭീക്ഷണിയായിരുന്നോ?

“എന്തായാലും ചിന്നമ്മേ...... എനിക്ക് നിന്നെയിഷ്ടമാണ്..... അത് പിന്നെ നിനക്കറിയാമല്ലോ..... പക്ഷെ എന്ടെഗോമി....ക്നാനയക്കാരനായ എനിക്ക് അത് നോക്കാതിരിക്കാന്‍ പറ്റില്ല, ചിന്നമ്മേ.... നീ എന്നോട് ക്ഷമിക്കണം....ഞങ്ങളുടെ പൂര്‍വികന്മാര്‍ തലമുറ തലമുറകളായി കെടാതെ സൂക്ഷിച്ചിരിക്കുന്ന ആ തനിമ.... അത് കൈവിടാന്‍ എന്നെ നീ നിര്‍ബന്ധിക്കരുത്..... പ്ലീസ്....”

“എന്‍ഡോഗമി.... എന്നാ വാഴക്കായാ.....”

“നമ്മുടെ നീണ്ടൂരത്തെ അന്നുക്കുട്ടിചേച്ചി അങ്ങ് വടക്കെങ്ങാണ്ടുള്ള ഒരു പെന്തിക്കൊസ്തുകാരെനെയാ കെട്ടിയത്.... എന്നിട്ടെന്തു പറ്റി? എല്ലാവരുടെയും കുടുംബക്കാര്‍ ഇന്ന് സുഖമായി അമേരിക്കയില്‍ ജീവിക്കുന്നു..... എന്റെ കുഞ്ചാക്കോ, എന്‍ഡോഗമി വെട്ടി മുറിച്ചു സാമ്പാറ് വയ്ക്ക്.... എന്നിട്ട് അതും കൂട്ടി ഉച്ചയ്ക്കുണ്ണ്.....”

ഇവനും ഇവന്റെ കുടുംബവും ഒരു കാലത്തും കൊണം പിടിക്കത്തില്ല എന്ന് ഉള്ളില്‍ ശപിച്ചുകൊണ്ട് ചിന്നമ്മ ആ ചെമ്മന്പാതയിലൂടെ അവളുടെ വീട്ടിലോട്ടു നടന്നു നീങ്ങിയപ്പോള്‍ ഒരു കുറ്റബോധം അവനിലുണ്ടായോ?

കാര്യം കാണാന്‍ മണത്തുമണത്തു പുറകെ നടക്കും... എന്നിട്ടവന്റെ ഒരു എന്‍ഡോഗമി....നട്ടെല്ലില്ലാത്തവന്‍... ഇവന്റെ കൂടെ പോയാല്‍ എന്റെ ഗതി എന്താവും... ആര്‍ക്കറിയാം. ഒരു കൊല്ലത്തെ ടെക്നിക്കല്‍ വിദ്യാഭ്യാസമാ ആകെ യോഗ്യത.... ബി.എഡ് വരെ പഠിച്ച ഞാനെന്തിനു വിഷമിക്കണം? ഇന്നല്ലെങ്കില്‍ നാളെ എന്റെ ഭാവി സുരക്ഷിതമാണ്... സംശയം വേണ്ട.

കാലവര്‍ഷവും, കറണ്ട്കട്ടും, ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവും, ഹര്‍ത്താലും എല്ലാം മുറപോലെ വന്നുപൊയ്ക്കൊണ്ടിരുന്നു...

മുപ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം ചിന്നമ്മയും ഭര്‍ത്താവും കുഞ്ഞുങ്ങളും നൈജീരിയയില്‍ നിന്നും ഉദ്യോഗം മതിയാക്കി കേരളത്തിലേയ്ക്ക് പോന്നു. അവിടെ നിന്നും ബെന്‍സ്‌ കാറുമായി വന്ന ചിന്നമ്മ ഇന്ന് ആഫ്രിക്കന്‍ ചിന്നമ്മയായി ആ നാട്ടില്‍ വാഴുന്നു..

120 കോടിയോളം ജനങ്ങളുള്ള ഇന്ത്യയില്‍ എന്‍ഡോഗമിക്കാര്‍ ആകെയുള്ളത് രണ്ടര ലച്ചം! എന്നാല്‍ അഹങ്കാരമോ? അവരെ അക്കാര്യത്തില്‍ കവച്ചു വയ്ക്കാന്‍ മറ്റാരുണ്ട്? ഇന്നിപ്പോള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങിന്റെ അവസ്തയാണവര്‍ക്ക്... എല്ലാം സ്വയം വരുത്തി വച്ചത്. അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി.... എവിടെ ചെന്നാലും ചിരിക്കാനും ചിന്തിക്കാനും നൂറുനൂറു കാര്യങ്ങള്‍....

ചിന്നമ്മ ഇന്ന് മധ്യവയസ്ക്കയാണ്, ഭാര്യയാണ്, അമ്മയാണ്, ആവശ്യത്തിലധികം ധനികയാണ്.... എന്നാലും അവള്‍ പഴയതൊന്നും മറക്കാന്‍ തയ്യാറല്ലായിരുന്നു.

തന്റെ വീടിനടുത്തുള്ള ക്നാനായപള്ളിയിലെ തിരുന്നാളിന് പഴയ പരിചയക്കാരെ എല്ലാം ഒന്ന് കണ്ടുകളയാം എന്ന് കരുതി എത്തിയ ചിന്നമ്മ തന്റെ പഴയ സതീര്‍ത്ഥ്യനെ അകലെ വച്ചേ കണ്ടു. വിശ്വസിക്കാനായില്ല.

പണ്ട് കിളിച്ചുണ്ടന്‍ മാമ്പഴം പോലിരുന്ന ആ മുഖം ഇന്ന് മണ്ഡരി ബാധിച്ച തെങ്ങിലെ തേങ്ങാ പോലെയിരിക്കുന്നു. കൈകാലുകള്‍ സൈബീരിയയില്‍ നിന്നും കവണാറ്റിന്കരയില്‍ ദേശാടനത്തിനെത്തുന്ന കൊക്കിന്റെ കാലു പോലിരിക്കുന്നു.... മുടിയും മീശയുമെല്ലാം നര ബാധിച്ചു... ആളൊരു കുചേലനായിരിക്കുന്നു.

അവള്‍ സ്വയം ആശ്വസിച്ചു... വിദേശത്ത് മാര്‍ക്ക് ആന്‍ഡ്‌ സ്പെന്സറിന്റെയും മറ്റു പ്രമുഖ കമ്പനികളുടെയും ക്രീമും മറ്റു സൗന്ദര്യവര്‍ദ്ധക സാധനങ്ങളും ലഭിക്കുന്നതിനാല്‍ എല്ലാവര്ക്കും ദീര്‍ഘനാള്‍ ചെറുപ്പമായിരിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ. തന്റെ പഴയ കളിക്കൂട്ടുകാരി അന്നമ്മയില്‍ നിന്നുമാണ് ചിന്നമ്മ കുഞ്ചാക്കൊയെ പറ്റിയറിഞ്ഞത്.

വിവാഹം കഴിച്ചു... തനി എന്‍ഡോഗമിക്കാരി തന്നെ.... മോനും പിറകെ മോളും.... ജോലിക്കായി വടക്കേ ഇന്ത്യയില്‍ പോയ മകന്‍ കൂടെ ജോലി ചെയ്ത മറാട്ടിക്കാരിയെ കെട്ടിക്കഴിയുന്നു. മകളാണെങ്കില്‍ പഠനം പൂര്‍ത്തിയാകും മുമ്പ് തന്നെ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ്സിലെ കിളിയുമായി നാടുവിട്ടു... രണ്ടു പേരും ഇപ്പോള്‍ എന്‍ഡോഗമിയുടെ പരിധിയ്ക്ക് പുറത്താണ്... ആകെയൊരാശ്വാസം തന്റെ സഹധര്‍മ്മിണി സദാസമയം തല തിന്നുകൊണ്ട് കൂടെയുണ്ടെന്നുള്ളത് തന്നെ.

അവള്‍ പിറുപിറുത്തു....

“കുഞ്ചാക്കോ... നിന്റെ “എന്റെഗോമി” കഴുകി വെള്ളത്തിലിട്ടാല്‍ ചോറുണ്ടാവില്ല.... നല്ല ജീവിതം നയിച്ച്‌ പുതുതലമുറയെ നല്ല നിലയില്‍ വളരാന്‍ പ്രേരിപ്പിക്കുക... എന്‍ഡോഗമിയും എള്ളിന്‍ പിണ്ണാക്കും ഏത്തക്കാപഴവും ചേര്‍ന്നാല്‍ ഉണ്ടാവുന്നതാണ് എന്ഡോസള്‍ഫാന്‍ എന്നത് മറക്കാതിരിക്കുക.”

എസ്തപ്പാന്‍ എടശ്ശേരിപറമ്പില്‍ 
എഡിന്‍ബറോ

(കഥാപാത്രങ്ങളും കഥാകാരനും സാങ്കല്‍പ്പികം,  ശരിക്കും എഴുതിയത്.... ഞാനാ.... മനസ്സിലായില്ലേ? ഒന്നു കൂടി വായിച്ചുനോക്ക്))

No comments:

Post a Comment