Saturday, November 3, 2012

ഏലീ, ഏലീ, ലാമാ....


കാലത്തിനു വന്നുഭവിച്ച മാറ്റങ്ങളുടെ മുന്നില്‍ കുതിക്കാനാകാതെ, കിതച്ചുകൊണ്ട് നില്‍ക്കുകയാണ് കേരളത്തില്‍ കത്തോലിക്കാസഭ.  യുറോപ്പിലും അമേരിക്കയിലും ഒക്കെ ഈ കിതപ്പ് പണ്ടേ തുടങ്ങിയതാണ്. അന്ന് നമ്മുടെ പുരോഹിതവര്‍ഗം ഓര്‍ത്തു, എന്റെ മണ്ടന്‍ സായിപ്പേ, നിങ്ങള്ക്ക് ഹാ കഷ്ടം! ഞങ്ങളെ നോക്ക്. നിങ്ങള്‍ ഹ്യുമന്‍ റൈറ്റ് എന്നും മറ്റും പറഞ്ഞു അല്‍മായനെ തലയില്‍ കയറ്റി വച്ചിട്ടാണ് നിങ്ങള്ക്ക് ഈ അധോഗതി ഉണ്ടായത്. ഇവനെയൊക്കെ നിലയ്ക്ക്നിര്‍ത്താന്‍ ഇങ്ങോട്ട് വന്നു ഞങ്ങളെ വേണ്ടപോലെ കണ്ടാല്‍ വേണ്ട ട്രെയിനിംഗ് തരാം.

വര്‍ഷങ്ങളായി, അല്മേനിയെ ചവുട്ടിമെതിച്ചു നമ്മുടെ പിതാക്കന്മാര്‍ കഴിഞ്ഞുകൂടി. ജനത്തിന് വിദ്യാഭ്യാസം ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ അല്പം പൊട്ടലും ചീറ്റലും അവിടെയും ഇവിടെയും തുടങ്ങി. അതൊക്കെ ഭംഗിയായി ഇല്ലാതാക്കി. അതിനു ഏറ്റവും ഉപകരിച്ചത് സഭയുടെ സ്ഥാപനങ്ങളായിരുന്നു. മിക്ക വീടുകളില്‍ നിന്നും ആരെങ്കിലും സഭാസ്ഥാപനങ്ങളില്‍ ജോലിക്കാരായി കാണും. ഏതെങ്കിലും കുരുത്തം കെട്ടവന്‍ അവിവേകം കാണിച്ചാല്‍ അവന്റെ ബന്ധുവിനെ കഴിയാവുന്ന വിധത്തിലൊക്കെ അങ്ങ് ദ്രോഹിക്കും. അതോടെ അവന്‍ പത്തി മടക്കും.

അങ്ങിനെയിരുന്നപ്പോഴാണ് അമേരിക്കയിലേയ്ക്ക് ആളുകള്‍ പോകാന്‍ തുടങ്ങിയത്. തുടക്കത്തിലൊന്നും അതില്‍ പതിയിരുന്ന അപകടം മനസ്സിലായില്ല. അമേരിക്കയില്‍ താമസിക്കുന്ന കുടുംബത്തിന് അച്ചനെയും മസ്ക്കിയാമ്മയെയും പേടിക്കേണ്ട കാര്യമില്ല. പക്ഷെ തുടക്കത്തില്‍ മെത്രാന്മാര് കണ്ടത് കുഞ്ഞാട് അമേരിക്കയില്‍ പോകുന്നത് കൊണ്ടുള്ള സാമ്പത്തികനേട്ടം മാത്രമായിരുന്നു. അപകടം തിരിച്ചറിഞ്ഞപ്പോള്‍, “പാടില്ല, ഇവന്മാരെ അങ്ങനെ വിട്ടാല്‍ പറ്റില്ല” എന്ന് മനസ്സിലാക്കി, കൈവിട്ടു പോകുന്ന കുഞ്ഞാടുകളെ മെരുക്കാനായി കത്തനാന്മാരെ അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. അമേരിക്കയിലെ ജനത്തിന്റെ വികാരം അറിയാന്‍ വയ്യാത്ത അക്കൂട്ടര്‍ നാടന്‍ രീതിയില്‍ തന്നെ ജനങ്ങളെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. പ്രായമുള്ളവരെല്ലാം ആ കുഴിയില്‍ വീണു. അടുത്ത തലമുറയ്ക്ക് ഇവര്‍ ഏതോ “മെന്‍ ഫ്രം മാര്‍സ്” ആയിരുന്നു. അവര്‍ ഈ പ്രഭുക്കളോട് ചതുരാക്ഷരികള്‍ ഉപയോഗിച്ച്, ഗെറ്റ് ലോസ്റ്റ്‌ എന്ന് പറഞ്ഞു. വൈദികര്‍ അക്കൂട്ടരെ ഉപേക്ഷിച്ചു, കുരുന്നുകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാനാരംഭിച്ചു. നാട്ടിലെ അതേ അഹങ്കാരത്തോടെ നിലനില്‍ക്കണമെങ്കില്‍ മണിപവര്‍ വേണമെന്നും, എന്നും അമേരിക്കന്‍ അച്ചായന്മാരുടെ ദയാദാക്ഷിണ്യത്തില്‍ കഴിഞ്ഞാല്‍ പത്തി വേണ്ട പോലെ വിടര്‍ത്താന്‍ സാധിക്കുകയില്ലെന്നും മനസ്സിലാക്കിയ ഇക്കൂട്ടര്‍, പണം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇക്കാര്യത്തില്‍ ഏറ്റവും സമര്‍ത്ഥനായവന് അരപ്പട്ട കൊടുത്ത്‌, പ്രായമുള്ള മറ്റു വൈദികര്‍ അങ്ങേരുടെ ചൊല്‍പ്പടിക്ക് താണുവണങ്ങി നിന്നു.

അങ്ങനെയിരുന്നപ്പോഴാണ് ഇമെയില്‍ ക്രിമികളുടെ ആവിര്‍ഭാവം. കര്‍ത്താവേ ഇതെന്തൊരു ചെകുത്താന്‍!

മദുബഹായില്‍ നിന്ന് വിജിയും, സന്ദര്‍ശനവേളകളില്‍ മെ. പോലീത്തായും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനാരംഭിച്ചു. എന്ത് ചെയ്യാം, അവരുടെ ശ്രമം കൊണ്ടൊന്നും കാലം റിവേര്‍സ് ഗിയറില്‍ പിറകോട്ടു പോയില്ല. ഇമെയില്‍ ഗ്രൂപ്പ് ഇലക്ട്രോണിക് പത്രമായി, ബ്ലോഗായി, ഇപ്പോള്‍ ഫേസ്ബുക്കായി. ഇനിയും എന്തെല്ലാം വരാനിരിക്കുന്നു. സാത്താന്‍ ഏതെല്ലാം രൂപത്തില്‍ വരുമെന്നാര്‍ക്കറിയാം!

അമേരിക്കയില്‍ നിന്നോടിരക്ഷപ്പെട്ടു വന്ന വൈദികശ്രേഷ്ടന്മാരെ ഒളിപ്പിക്കാന്‍ വയ്യ; ചൊറിയും കുത്തി നടന്ന പെണ്ണുങ്ങളെയും അവരുടെ കുടുംബത്തെയും രക്ഷപ്പെടുത്തി പത്തു പുത്തനുണ്ടാക്കാം എന്ന് വച്ചാല്‍ അതും നടക്കില്ല. ജോമോന്‍, ബൈലോന്‍.... കര്‍ത്താവേ, ഇവന്മാരെ ഒക്കെ ഇങ്ങനെ പനപോലെ വളര്തുന്നതെന്തേ.....

അങ്ങയുടെ ദാസന്മാരെ അങ്ങ് കൈവിട്ടതെന്തേ......

No comments:

Post a Comment