Monday, November 12, 2012

ഉഴവൂരില്‍ പുതിയ സ്കൂള്‍ കെട്ടിടം


ഉഴവൂര്‍ കൂടാരയോഗം സെക്രട്ടറി ഉഴവൂര്‍ സ്‌ക്കൂളിലെ അദ്ധ്യാപകന്‍ സ്‌ക്കൂള്‍ കെട്ടിട നിര്‍മ്മാണ കമ്മിറ്റി അംഗം സര്‍വ്വോപരി സ്‌ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് രാപകല്‍ ഭേദമന്യേ പണിയെടുക്കുന്ന ലൂക്കോസ് സാര്‍ കെട്ടിട നിര്‍മ്മാണത്തേക്കുറിച്ച് എന്റെഉഴവൂര്‍.കോം-നോട് ലക്ഷ്യങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവച്ചു.

ഉഴവൂരില്‍ ഒരു പുതിയ സ്‌ക്കൂള്‍ കെട്ടിടം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഇനി മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. പണി തുടങ്ങിയാല്‍ 6 മാസത്തിനകം പൂര്‍ത്തിയാക്കും. മാര്‍ച്ച് മാസം എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് പഴയ കെട്ടിടം പൊളിച്ചു പണിതുടങ്ങും.

ജൂണില്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സെന്റ്.ജോവാനാസ് സ്‌ക്കൂളിലേക്കും പള്ളി മുറികളിലേക്കും അവരുടെ ക്ലാസ്സ് മുറികള്‍ മാറ്റും. കൂടാതെ പുതിയ കെട്ടിടത്തിന്റെ മുറ്റത്തും താല്‍ക്കാലിക ഷെഡുകള്‍ പണിയും.

30 മുറികളുള്ള 3 നില കെട്ടിടമാണ് പണിയുന്നത്. ഓഫീസ്, ലാബ് സൗകര്യത്തിനായി 30 അടി നീളത്തിലുള്ള വലിയ 6 മുറികള്‍ ഉണ്ടാകും. നവീകരിച്ച ക്ലാസ് മുറികളാവും നിര്‍മ്മിക്കുക. സര്‍ക്കാര്‍ മാനദണ്ഢങ്ങള്‍ പൂര്‍ണ്ണമായും പാലിക്കും. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച എന്‍ജിനീയറെ ചുമതലപ്പെടുത്തി.

സ്ഥലപരിമിതിയും കെട്ടിടനിര്‍മ്മാണകമ്മിറ്റിക്കു മുമ്പിലുണ്ട്. പള്ളിക്കുന്നേല്‍ക്കാരോട് സ്ഥലം വാങ്ങി ഇത് പരിഹരിക്കും. ഇതിനായി കാനാട്ട് ബേബി സാറിനെ ചുമതലപ്പെടുത്തി. പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിനു ചുറ്റും, ആവശ്യം വന്നാല്‍ പോലീസ് ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ കടന്നു പോകുന്നതിന് റോഡ് അടക്കമുള്ള സൗകര്യം നിര്‍ബന്ധമാണ്.

കെട്ടിട നിര്‍മ്മാണത്തിന് 2 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നല്ലവരായ ജനതയില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നു, വലിയ 6 മുറികളും സ്‌പോണ്‍സര്‍ ചെയ്യാന്‍ പൂര്‍വ്വ അദ്ധ്യാപകര്‍ക്ക് അവസരം നല്‍കും. അതിന് 5 ലക്ഷം വരും. അവരുടെ പേര് ഗ്രാനൈറ്റില്‍ കൊത്തി വക്കും. ബാക്കി ഓരോ മുറിക്കും 3 ലക്ഷം വരും. സ്‌ക്കൂള്‍ കെട്ടിട നിര്‍മ്മാണ കമ്മിറ്റി ആണു തീരുമാനം എടുക്കുന്നത്. 3 പേര്‍ സ്‌പോണ്‍സര്‍ താല്പര്യവുമായി വന്നു കഴിഞ്ഞു.

കമ്മിറ്റിക്കാരില്‍ ആര്‍ക്കെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് കൊടുത്ത് മാതൃക കാണിക്കാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്റെ മക്കളാരും ഇവിടെ പഠിച്ചിട്ടില്ല. ഞാനും ഇവിടെ അല്ല പഠിച്ചത്. എന്നാലും ആവശ്യം വന്നാല്‍ ഒരു സ്‌പോണ്‍സര്‍ ആകാന്‍ തയ്യാറാണെന്ന വിവരം കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എല്ലാ അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. 25000 രൂപയിലധികം വീതം വരും ഇത്. ഗുരു ദക്ഷിണയായി 25000 വച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷ്യമിടുന്നത്. പള്ളി ഒരു കോടി രൂപാ സംഭാവന ചെയ്യും. പണി തുടങ്ങും മുമ്പ് തരുമോ എന്നറിയില്ല. സ്ഥലപരിമതി പ്രശ്‌നമാണെങ്കിലും ഭംഗിയായി പണി പൂര്‍ത്തിയാക്കും. പള്ളിയോട് അനുബന്ധിച്ച് നടക്കുന്ന വികസനങ്ങളുടെ ഒരു തുടക്കം മാത്രമാണിത്. എല്‍. പി. സ്‌ക്കൂള്‍ പൊളിച്ച് അവിടെ വലിയ ഷോപ്പിംഗ് മാള്‍ പണിയും. എല്‍.പി. സ്‌ക്കൂള്‍ വാദ്യപുരയോട് ചേര്‍ന്നുള്ള 2 നില കെട്ടിടത്തിലേക്ക് മാറ്റും.


No comments:

Post a Comment