Tuesday, November 20, 2012

ഹൂസ്റ്റണിലെ ചുവരെഴുത്ത്‌


ആദ്യമാദ്യം ഒളിച്ചും, പിന്നീട മറനീക്കി പരസ്യമായും ധനസമ്പാദനത്തിനുവേണ്ടി സ്വന്തം ജനതയുടെ സമാധാനം നശിപ്പിക്കുന്ന വൈദികരുടെയും അവരുടെ അധികാരികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി ഹൂസ്റ്റണിലെ അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്താം. മറ്റെല്ലാ ക്നാനായ യുനിറ്റുകള്‍ക്കും മാര്‍ഗദര്‍ശിയായി നിലകൊണ്ടിരുന്ന ഹൂസ്റ്റണ്‍ ക്നാനായസമൂഹത്തില്‍ നാശത്തിന്റെ കള വിതച്ച സഭയുടെ നേതാക്കള്‍ക്കുള്ള തിരിച്ചടിയുടെ ചുവരെഴുത്താണ് ഹൂസ്റ്റണിലെ അസ്സോസിയേഷനില്‍ സാജന്റെയും കൂട്ടരുടെയും വിജയം.

താമ്പയിലും ക്നാനായവൈദികര്‍ അസമാധാനം വിതച്ചെങ്കിലും അല്മായ നേതൃത്വം കഠിനാദ്ധ്വാനം ചെയ്തു കമ്മ്യൂണിറ്റി സെന്റര് പൂര്‍ത്തിയാക്കി. അതിന്റെ ഉല്‍ഘാടനത്തിനു ക്നാനയക്കാരുടെ വി.ജി. മുത്തോലത്തിനെ ക്ഷണിക്കുകയുണ്ടായില്ല. വിവേകം ഉദിക്കേണ്ടതിനു പകരം പൂര്‍വാധികം ശക്തിയോടുകൂടി സാത്താന്റെ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. താമ്പായിലെ ചുവരെഴുത്ത് വായിക്കുവാന്‍ വിസ്സമ്മതിച്ചവര്‍ക്ക് ഹൂസ്റ്റണില്‍ തിരിച്ചടി വീണ്ടും ലഭിച്ചു. എന്നിട്ടും നേര്‍വഴി സ്വീകരിക്കുവാന്‍ വിസ്സമ്മതിച്ചാല്‍ നിങ്ങളുടെ ചെയ്തികള്‍ പുരമുകളില്‍ നിന്നും ഘോഷിക്കപ്പെടും എന്നത് വിസ്മരിക്കരുത്.

ജനങ്ങളുടെ ഒരുമയെ തകര്‍ത്തു തരിപ്പണമാക്കുകയും വകതിരിവില്ലാതെ അവരുടെ ഒന്നര മില്യണോളം ഡോളര്‍ നഷ്ടപ്പെടുത്തി പള്ളി വാങ്ങിക്കുവാന്‍ മുന്‍കൈ എടുത്തിട്ട്, യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെ പഴികളെല്ലാം മറ്റുള്ളവരില്‍ ചാര്‍ത്തിയ, കഴിവില്ലാത്ത, പക്വതയില്ലാത്ത – എന്നാല്‍ കുനുഷ്ടുബുദ്ധിയ്ക്ക് യാതൊരു ക്ഷാമവുമില്ലാത്ത – വൈദികന്റെ നാണംകെട്ട ആഹ്വാനം പ്രബുദ്ധരായ ഹൂസ്റ്റണിലെ ജനങ്ങള്‍ തിരസ്കരിച്ചു.

പള്ളിയധികാരികളുടെ ശാപത്തിന്റെ ഭയം ഉണ്ടായിരുന്നിട്ടും, കുര്‍ബ്ബാനമദ്ധ്യേ വോട്ടു ചെയ്യണമെന്ന് വൈദികന്‍ ആഹ്വാനം ചെയ്ത നേതാവിനെ പള്ളിയധികാരികളുടെ തെറ്റുകള്‍ക്കെതിരെ നിലകൊള്ളാതിരുന്നതിനാല്‍ ജനങ്ങള്‍ സ്വീകരിച്ചില്ല.

സമ്മതിച്ചാലും ഇല്ലെങ്കിലും ഉള്പോരിനാല്‍ ക്നാനായ സമുദായം ഇന്ന് അധഃപതനതിന്റെ പാതയിലാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സമുദായാധിപന് മാത്രം അവകാശപ്പെട്ടതാണ്. ഒരു കാലത്ത് ബിഷപ്പിന്റെ കൈമുത്തുവാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്നാകട്ടെ നമ്മുടെ വല്ല്യപിതാവ് ആട്ടിന്കുഞ്ഞുങ്ങളെ അഭിമുഖീകരിക്കാനാവാതെ പിന്‍വാതിലിലൂടെ അപ്രത്യക്ഷനാകുന്നു. അസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മടിക്കുന്നു.

മൂലക്കാട്ട് പിതാവിന്റെ പതനത്തെ ഒരു അതികായന്റെ പതനമെന്നു വിശേഷിപ്പിക്കാനാവില്ല. എങ്കിലും പ്രൌഡിയോദുകൂടി (അഹങ്കാരമല്ല) വിരാചിച്ചിരുന്ന ഒരു സമുദായത്തിന്റെ നായകന്‍റെ പതനം എന്ന് പറയുന്നതില്‍ തെറ്റില്ല. അമേരിക്കയിലുള്ള സകലമാന ജനങ്ങളും കുടുംബമായി, സ്നേഹത്തോടും ഒരുമയോടുംകൂടി താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്ന ഈ വാരാന്ത്യത്തില്‍ ന്യൂയോര്‍ക്കിനെ വിഭജിച്ചുകൊണ്ട്, ഒരുമ നഷ്ടപ്പെടുത്തിക്കൊണ്ട്, നടക്കുന്ന ക്നാനായപള്ളി കൂദാശയ്ക്കെത്തുന്ന മൂലക്കാട്ടില്‍ പിതാവിനെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ കരിങ്കൊടി കാണിച്ചില്ലെങ്കില്‍ അത് ന്യൂയോര്‍ക്കിലെ പ്രബുദ്ധരായ ജനങ്ങളുടെ വിവേകം കൊണ്ട് മാത്രമാണെന്ന് മനസിലാക്കുക.

ചുവരെഴുത്തുകള്‍ കാണുന്നില്ലെന്ന് എത്രനാള്‍ നടിക്കുവാന്‍ സാധിക്കും!

ചെറിയാന്‍ പ്ലാമൂട്ടില്‍ (ന്യൂയോര്‍ക്ക്‌) 

No comments:

Post a Comment