Thursday, November 8, 2012

കാരിത്താസ് ആശുപത്രിയുടെ നിലവിലുള്ള സല്പ്പേര് കളങ്കപ്പെടുത്തണോ?

പ്രൊ. ബേബി കാനാട്ട്
19-9-2012 ലെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം കാരിത്താസ് ആശുപത്രിയെ ഒരു മെഡിക്കല്‍ കോളജായി ഉയര്‍ത്തണം എന്ന ആശയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം ഒന്നും എടുക്കാതെ കൂടുതല്‍ ചര്‍ച്ചക്ക് മാറ്റിയ്‌വക്കുകയായിരുന്നു. വീണ്ടും 11-10-2012 ല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ കൂടിയപ്പോള്‍ പ്രസ്തുത നിര്‍ദ്ദേശം അവതരിപ്പിച്ചുകൊണ്ട് മുന്നോട്ടു വച്ച വാദഗതികള്‍ താഴെകൊടുത്തിട്ടുള്ളവയായിരുന്നു.

1          കേരള ഗവണ്‍മെന്റിന്റെ NOC കിട്ടിയത്, വീണുകിട്ടിയ അവസരമാണ്. ഇനി ഒന്നു കിട്ടുമോ എന്നറിയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജിന്റെ തീരുമാനം എടുത്ത് പണി തുടങ്ങണം.

2          ഗവണ്‍മെന്റിനുള്ള 50% സീറ്റില്‍ നിന്നും 15 സീറ്റ് കമ്മ്യൂണിറ്റി മെറിറ്റായി ക്‌നാനായ സമുദായത്തിനു കിട്ടും. കൂടാതെ  NRI ക്വോട്ടായിലെ 15 സീറ്റും കൂടി ആകെ 30 സീറ്റ് ഒരുകൊല്ലം. അങ്ങനെ വരുമ്പോള്‍ 10 കൊല്ലം കൊണ്ട് പഠിതാക്കളും പാസ്സായവരും കൂടി 300 പേര്‍ ക്‌നാനായസമുദായത്തില്‍ ഉണ്ടാകും.

3.         മെഡിക്കല്‍ കോളജ് ഉണ്ടായാല്‍ നമ്മുടെ സമുദായത്തില്‍ ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ച, BCM കോളജ് കൊണ്ടും, ഉഴവൂര്‍ കോളജു കൊണ്ടും ഉണ്ടായതിന്റെ അനേകം ഇരട്ടിയാണ്.

4          ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ പണിതപ്പോഴും കാരിത്താസ് ആശുപത്രി വികസിപ്പിച്ചപ്പോഴുമൊക്കെ ദോഷൈകദൃക്കുകള്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയുടെ അടുത്ത വളര്‍ച്ച മെഡിക്കല്‍ കോളജായിട്ടും, ഒരു സാധാരണ വര്‍ക്ക് ഷോപ്പ് ഫാക്ടറിയായിട്ടും, സാധാരണ റസ്റ്റോറന്റ് വലിയ ഹോട്ടലായിട്ടും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തണം.

5          പണം ഇന്നേവരെ ഒരു കാര്യത്തിനും തടസ്സമായി നിന്നിട്ടില്ല. പണം മുടക്കുന്നവര്‍ക്ക് മാനേജ്‌മെന്റില്‍,മുടക്കിനനുസരിച്ചുള്ള പങ്കാളിത്തവും, കുട്ടികളുടെ അഡ്മിഷനിലും, സ്റ്റാഫിന്റെ അപ്പോയിന്റ്‌മെന്റിലും അര്‍ഹമായ വിഹിതവും കൊടുത്താല്‍, പണം മുടക്കാന്‍ രൂപതാംഗങ്ങള്‍ മുന്നോട്ടുവരും. അതിനു വേണ്ടി PPP ട്രസ്റ്റോ, സെക്ഷന്‍ 25 കമ്പിനിയോ, മറ്റേതെങ്കിലും സംവിധാനങ്ങളോ രൂപീകരിച്ച് നിയമപരമായ സാധ്യതകള്‍ ഉണ്ടാക്കാവുന്നതാണ്.

6.         പണം കണ്ടെത്താന്‍ മറ്റൊരു നിര്‍ദ്ദേശം വന്നത് 100 NRI സീറ്റുകള്‍ 10 കൊല്ലത്തേക്ക് മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിന് അവസരം കൊടുക്കുക. ഓരോരുത്തരില്‍ നിന്നും 40 ലക്ഷം രൂപാ മുന്‍കൂര്‍ വാങ്ങുക. അങ്ങനെ 40 കോടി രൂപാ ആദ്യ കൊല്ലം ലഭിക്കും. ബാക്കിയുള്ള സീറ്റിന്റെ റെഗുലര്‍ ഫീസ് 3.5 ലക്ഷം വീതം കിട്ടികൊണ്ടിരിക്കും. അങ്ങനെ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സാധിക്കും.

മേല്‍പറഞ്ഞ നിര്‍ദ്ദശങ്ങളുടെ പ്രായോഗികതകളെക്കുറിച്ച് ഒന്നു ചിന്തിക്കാം.

1          കാരിത്താസ് ആശുപത്രി മാതിരി ഇത്ര വിപുലമായ സൗകര്യങ്ങളോടെ നടത്തിവരുന്ന ആശുപത്രിക്ക് മെഡിക്കല്‍ കോളജ് നടത്താന്‍ NOC കിട്ടിയത് വലിയ ആനക്കാര്യം ഒന്നും അല്ല. ഏതു ഗവണ്‍മെന്റാണെങ്കിലും തന്നേ മതിയാവൂ. M.G യുണിവേഴ്‌സിറ്റിയുടെ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നും വേണ്ട NOC യുടെ കാര്യത്തില്‍ തടസ്സമുണ്ടായപ്പോഴൊക്കെ കോടതി ഇടപെട്ട് കൊടുപ്പിച്ച സംഭവങ്ങള്‍ ഒത്തിരയുണ്ട്. അതുകൊണ്ട് ഉടനെ തുടങ്ങിയില്ലെങ്കില്‍ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന പേടിയും, പേടിപ്പീരും വേണ്ട.

2          പത്തു കൊല്ലം കൊണ്ട് 300 സീറ്റ് ക്‌നാനായക്കാര്‍ക്ക് കിട്ടും എന്നു പറയുന്നത് ശരിയല്ല. ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്കളുടെ കണ്‍സോഷ്യത്തില്‍പ്പെട്ടവര്‍ക്ക് ഗവണ്‍മെന്റ് വിഹിതമായ 50% സീറ്റില്‍ നിന്നും 15 സീറ്റ് അതതു കമ്മ്യൂണിറ്റിയുടെ മെറിറ്റ് സീറ്റായി വിട്ടുകൊടുത്തത് ഒരു താല്ക്കാലിക ഒത്തുതീര്‍പ്പിനു വേണ്ടിയാണ് എന്നാണ് അറിയുന്നത്. അങ്ങനെ വിട്ടുകൊടുക്കുന്ന വിവരം 31-5-2012 ലെ ഗവണ്‍മെന്റ് ഓര്‍ഡറില്‍ പ്രതിപാദിക്കുന്നില്ല എന്നാണ് അറിയുന്നത്. ഇപ്പോള്‍തന്നെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടനകളും ആ തീരുമാനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ കിട്ടാതെ വന്നാല്‍ മാനേജ്‌മെന്റ് അവരുടെ 50% സീറ്റില്‍ നിന്നും പ്രസ്തുത മെറിറ്റ് ക്വോട്ട കൊടുക്കേണ്ടിവരും. അപ്പോള്‍ കമ്മ്യൂണിറ്റിമെറിറ്റ് സീറ്റ് 15% ശതമാനത്തില്‍ നിന്നും കുറവ് വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല മാനേജര്‍ നല്‍കുന്ന 15% NRI സീറ്റ് മുഴുവന്‍ സമുദായ അംഗങ്ങള്‍ക്ക് മാത്രമായി കൊടുക്കുന്നതല്ല എന്നാണ് ചര്‍ച്ചയില്‍ അഭിവന്ദ്യ പിതാവ് പറഞ്ഞത്. കേരളത്തില്‍ ഗവണ്‍മെന്റ്  15% സീറ്റ് NRI ക്ക് കൊടുക്കാന്‍ സമ്മതിക്കുന്നുണ്ട്. എങ്കിലും IMC യുടേയും AICTE യുടേയും നിയമം അനുശാസിക്കുന്നത് 5% മാത്രമാണ്. ഈ 5% ശരിക്കും NRI ക്കാര്‍ ആയിരിക്കുവാനും. അതില്‍ ഡ്യൂപ്ലിക്കേറ്റ് പാടില്ല എന്നും നിഷ്‌കര്‍ഷയുണ്ട്. മേല്‍കാരണങ്ങളാല്‍ ഒരു വര്‍ഷം 30 ക്‌നാനായക്കാര്‍ക്ക് കാരിത്താസ് മെഡിക്കല്‍ കോളജില്‍ സീറ്റ് കിട്ടും എന്ന കണക്ക് ശരിയാകണമെന്നില്ല. വിരലില്‍ എണ്ണാവുന്ന കുറച്ചു പേര്‍ക്ക് മാത്രമേ കിട്ടുകയുളളൂ.

3          ഉഴവൂര്‍ കോളേജും, BCM കോളേജും, പ്രിഡിഗ്രി കോഴ്‌സിനും, ഡിഗ്രി കോഴ്‌സിനുമാണ് പ്രധാനമായും പഠനസൗകര്യം കൊടുത്തിരുന്നത്. അതില്‍ പ്രിഡിഗ്രി കോഴ്‌സ് അടിസ്ഥാന വിദ്യാഭ്യാസത്തില്‍പെടും. കാരണം മുന്നോട്ടുളള ഒരു വ്യക്തിയുടെ പഠനം ഈ കോഴ്‌സിന് ശേഷമെ സാധ്യമാകുമായിരുന്നുള്ളൂ.  S.S.L.C.ക്ക് 210 മാര്‍ക്ക് കിട്ടിയ ഏത് പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും പ്രീഡിഗ്രിക്ക് പഠിക്കാന്‍ അവസരമുണ്ടായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം കൂടുതല്‍ ആയതോടെ മാനേജര്‍ മിനിമം മാര്‍ക്ക് അഡ്മിഷന് നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ അതിലും താഴ്ത്തി പല കുട്ടികള്‍ക്കും അഡ്മിഷന്‍ കൊടുത്തിട്ടുണ്ട്. അവര്‍ ജയിച്ചു പോയിട്ടുമുണ്ട്. ഉഴവൂര്‍ കോളജില്‍ തന്നെ സെക്കന്റ് ഗ്രൂപ്പിന് ഒരു വര്‍ഷം 350 മുതല്‍ 400 വരെ കുട്ടികള്‍ പഠിച്ചിരുന്നു. അതു കഴിഞ്ഞ് അവരും മറ്റു ഗ്രൂപ്പുകളില്‍ നിന്ന്  ജയിച്ചവരും നേഴ്‌സിംഗിന് പോയി ജയിച്ചാണ് വലിയ സാമ്പത്തിക നേട്ടം സമുദായത്തില്‍ വരുത്തിയത്. ഈ രണ്ടു കോളജിലും S.S.L.C. കഴിഞ്ഞാല്‍ ഏതു പാവപ്പെട്ട വിദ്യാര്‍ത്ഥിക്കും പഠിക്കാന്‍ പറ്റുമായിരുന്നു. അതുകൊണ്ട് ഈ രണ്ടു കോളജുമായി യാതൊരു വിധത്തിലും കാരിത്താസ് മെഡിക്കല്‍ കോളജിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. കേവലം MBBS മാത്രം പാസ്സായിക്കഴിഞ്ഞാല്‍ ആര്‍ക്ക് എവിടെ ജോലി കിട്ടും? പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിനും  നിലവിലുള്ള ഡൊണേഷന്‍ തുക 67 ലക്ഷമാണ്. ഒരു സാധാരണക്കാരന് പ്രാപ്യമാണോ ഇത്?

4          ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ പണി കഴിച്ചപ്പോഴും കാരിത്താസ് ആശുപത്രി വികസിപ്പിച്ചപ്പോഴും ആരെങ്കിലും എതിര്‍ത്തതായി അറിവില്ല. പിന്നെ കൊക്കിലൊതുങ്ങാത്തത് വിഴുങ്ങാന്‍ നോക്കിയാല്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥവരും. അപ്പോള്‍ നെട്ടോട്ടമോടിയിട്ട് കാര്യമില്ല.

5          തല്ക്കാലം ട്രസ്റ്റോ കമ്പിനിയോ ഒന്നും ഉണ്ടാക്കാന്‍ പ്ലാനില്ല എന്നാണ് പിതാവ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത്. നിര്‍ദ്ദേശിച്ച മാതിരി ട്രസ്റ്റ് ഉണ്ടാക്കിയാല്‍ അതോടെ കാരിത്താസിന്റെ അന്ത്യം നിശ്ചയമാണ്. ട്രസ്റ്റ് ഉടമകള്‍ക്ക് പണമുണ്ടാക്കാനുള്ള ഒരു കൊള്ളകച്ചവട സ്ഥാപനമായി കാരിത്താസ് മാറ്റപ്പെടും.

6          ഒരു സീറ്റിന് 40 ലക്ഷം രൂപാ വെച്ച് 100 സീറ്റുകള്‍ 10 കൊല്ലത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ 40 കോടി ആദ്യ വര്‍ഷം കിട്ടും. ബാക്കി സീറ്റുകള്‍ക്ക്, സീറ്റ് ഒന്നിന് ഓരോ വര്‍ഷവും കിട്ടുന്ന 3.5 ലക്ഷം രൂപയും ചേര്‍ത്ത് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ പറ്റും. എന്നുളള പ്രതീക്ഷ എത്രമാത്രം പ്രായോഗികമാണ് എന്നു കണ്ടുതന്നെ അറിയണം. ആദ്യം ചോദിക്കുന്നവര്‍ ഒക്കെ പറയും കുഴപ്പമില്ല തരാം തരാം എന്ന്. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ അവരില്‍ പലരും വലിയും. കാരണം ശരിക്കും NRI ആയിട്ടുള്ള വ്യക്തികളുടെ മക്കള്‍ MBBS എടുത്ത് വിദേശരാജ്യത്ത് ചെല്ലുമ്പോള്‍ അവിടെ ആ രാജ്യത്തുള്ള ടെസ്റ്റ് എഴുതി പാസ്സായെങ്കില്‍ മാത്രമേ ഇവിടെ പഠിച്ച M.B.B.S ന് അവിടെ അംഗീകാരം കിട്ടുകയുള്ളൂ. തുടര്‍ന്ന് 67 ലക്ഷം മുടക്കി MD, MS എടുത്താലും വീണ്ടും അതിനും അംഗീകാരം നേടാന്‍ ടെസ്റ്റ് എഴുതേണ്ടിവരും. ഇങ്ങനെ ഒരു സാഹസത്തിന് തയ്യാറായി എത്രപേര്‍ മൂന്‍കൂര്‍ NRI  സീറ്റ് ബുക്കിംഗിന് എത്തും? 10 കൊല്ലം കഴിയുമ്പോള്‍ അന്നത്തെ നിയമങ്ങള്‍ എന്തായിരിക്കും എന്ന് ആര്‍ക്ക് പറയാന്‍ പറ്റും? അവസാനം ഈ പ്രതീക്ഷ മലര്‍പ്പൊരി കച്ചവടക്കാരന്റെ സ്വപ്നം പോലെ ആകില്ലേ എന്നാണ് സംശയം.

കാരിത്താസ് മെഡിക്കല്‍ കോളജ്-സാധ്യതകളും വെല്ലുവിളികളും എന്ന തലക്കെട്ടില്‍ സ്‌നേഹ സന്ദേശത്തില്‍ വന്ന ലേഖനത്തിലെ താഴെ കാണിച്ചിരിക്കുന്ന വാചകങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്.

'ക്‌നാനായ സമുദായത്തിലെ മാടമ്പികള്‍ക്ക് സമുദായത്തില്‍ ഒരു മെഡിക്കല്‍ കോളജവരുന്നതിനോട് താലപര്യമില്ലായിരിക്കാം. മന്ദബുദ്ധികള്‍ക്ക് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടുകയില്ലല്ലോ. പിന്നെ അവര്‍ക്കും അവരുടെ മക്കള്‍ക്കും മെഡിക്കല്‍ കോളജു കൊണ്ട് എന്തു പ്രയോജനം? അവരുടെ കാഴ്ചപ്പാടില്‍ ക്‌നാനായ സമുദായത്തിലെ 'അണ്ടനും അടകോടനും' നാളെ ഡോക്ടറായി തങ്ങളുടെ മുന്‍പില്‍ അങ്ങനെ ഞെളിയേണ്ട എന്ന കരുതലുണ്ടാവാം.' (ക്‌നാനായ സമുദായത്തില്‍ ഇപ്പോള്‍ 2 മാടമ്പികളാണ് ജീവിച്ചിരിക്കുന്നത്. ഇതിന്റെ മറുപടി അവര്‍ പറയുന്നതാവും ശരി. അവര്‍ പറയട്ടെ).

ഇവിടുത്തെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം കാരിത്താസ് ആശുപത്രി നിലവില്‍ രോഗികള്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സേവനം അത് ഒരു മെഡിക്കല്‍ കോളജാകുമ്പോള്‍, പൂര്‍ണ്ണമായി കൊടുക്കാന്‍ സാധിക്കാതെ വരില്ലേ എന്നതാണ്. കാരിത്താസിന്റെ സല്‍പ്പേര് കളഞ്ഞുകുളിക്കും, കാരിത്താസിനെ ഒരു ശത്രുതാ നോഭാവത്തോടെ വീക്ഷിക്കാന്‍ സാധാരണക്കാരനെ നിര്‍ബന്ധിതനാക്കില്ലെ എന്നതാണ്.

ഒരു മെഡിക്കല്‍ കോളജിന് ആവശ്യം അക്കാഡമിക് മികവാണ് എങ്കിലെ വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മെച്ചപ്പെട്ട നിലയില്‍ ആകൂ. എങ്കിലേ നല്ല റിസല്‍ട്ട് കിട്ടുകയുള്ളൂ. ഒരു ആശുപത്രിക്ക് വേണ്ടത് ക്ലിനിക്കല്‍ മികവാണ്. അത് ഉണ്ടെങ്കിലേ ചികിത്സയും പരിചരണവും കുറ്റമറ്റതാകൂ. മെഡിക്കല്‍ കോളജായി കഴിയുമ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അക്കാഡമിക് മികവിലേയ്ക്കായിരിക്കും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായി ക്ലിനിക്കല്‍ മികവില്‍ പാളിച്ചകള്‍ വരും. അത് ചികിത്സാസംവിധാനത്തില്‍ പാകപ്പിഴകളുണ്ടാക്കി രോഗികളുടെ അനിഷ്ടത്തിന് കാരണമാകും. ഇത് ശരിയാണെന്ന് പല പ്രൈവറ്റ് മെഡിക്കല്‍ കോളജുകളും ഇപ്പോള്‍ സമ്മിതിക്കുന്നുണ്ട്.

M.B.B.S ന് കാരിത്താസില്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ പരീക്ഷണങ്ങള്‍ക്കും പഠനത്തിന് തയ്യാറായി 'ഗിനി പന്നി'കളെപ്പോലെ കിടന്നുകൊടുക്കാന്‍ എത്ര ക്‌നാനായക്കാരെ കിട്ടും? ഇതിലേയ്ക്ക് വാര്‍ഡില്‍ കിടത്താന്‍ മറ്റു പ്രൈവറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ രോഗികളെ തപ്പി നടക്കേണ്ടി വരും. പുഷ്പഗിരിയും കോട്ടയം മെഡിക്കല്‍ കോളജും, കാരിത്താസും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് രോഗികളുടെ സാധ്യത കുറേക്കൂടി ബുദ്ധിമുട്ടുള്ളതാക്കും.
           
ഇത്ര വലിയ ഭാരം തലയില്‍ കയറ്റി ചക്രശ്വാസം വലിച്ച് മെഡിക്കല്‍ കോളജ് ഉണ്ടാക്കുക വഴി എത്ര ക്‌നാനായക്കാര്‍ക്ക് ഡോക്‌ടേഴ്‌സ് ആകാന്‍ സാധിക്കും? എത്ര പേര്‍ക്ക് MD, M.S കോഴ്‌സുകള്‍ പാസ്സാകാന്‍ സാധിക്കും? അതില്‍ എത്രയോ മടങ്ങ് പുണ്യമാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുള്ള ആശുപത്രികളുടെ പുനരുദ്ധാരണം. .സമീപവാസികള്‍ക്ക് അത്യാവശ്യം വേണ്ട ചികിത്സാസൗകര്യം ഒരുക്കുന്നതിന് കാരിത്താസ് മെഡിക്കല്‍ കോളജിനു വേണ്ടി മുടക്കാനുദ്ദേശിക്കുന്നതിന്റെ നൂറില്‍ ഒരംശം മുടക്കിയാല്‍ മതിയാകും. മാലക്കല്ലില്‍ ഒരു ആശുപത്രിയുണ്ടായിരുന്നത് സംരക്ഷിക്കാന്‍ ആളില്ലാത്തതുകൊണ്ട് പൂട്ടേണ്ടി വന്നു.  എന്തുകൊണ്ട് അതിന് ഒരു പുതുജീവന്‍ കൊടുത്തുകൂടാ? പയ്യാവൂരും, മോനിപ്പള്ളിയിലും, കിടങ്ങൂരും, കൈപ്പുഴയും ഒക്കെ ധാരാളം സമുദായംഗംങ്ങളുള്ളതല്ലേ. നാട്ടുകാരുടെ സഹകരണത്തോടെ ഇവയൊക്കെ വിപുലീകരിച്ച് മെച്ചപ്പെട്ട ആശുപത്രികളാക്കി മാറ്റിയാല്‍ സാധാരണക്കാര്‍ക്ക് ഗുണകരമാവുകയില്ലേ? ഈ വിശ്വാസവര്‍ഷത്തില്‍ വിശ്വാസത്തിന് ആക്കം കൂട്ടാന്‍ ഇങ്ങനെയുള്ള നന്മപ്രവര്‍ത്തികളും നല്ലതല്ലേ? മെഡിക്കല്‍ കോളേജായി കഴിയുമ്പോള്‍ ഉദ്ദേശിച്ചപോലെ നേരായ മാര്‍ഗ്ഗത്തിലൂടെ പണം ലഭിക്കാതെ വരുമ്പോള്‍, മേല്‍പറഞ്ഞമാതിരിയുള്ള ട്രസ്റ്റുകള്‍ തട്ടിക്കൂട്ടാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകില്ലേ? അപ്പോള്‍ സമുദായത്തോട് പ്രതിബദ്ധത ഇല്ലാത്തവരാണ് തലപ്പത്ത് കയറിക്കൂടുന്നത് എങ്കില്‍ ദീപിക ദിനപത്രത്തിന്റെ ഗതി കാരിത്താസിനും വരില്ലേ? കൊടുക്കാന്‍ ഒരു മെത്രാനെ ഉണ്ടായിരുന്നുള്ളൂ. തിരകെ വാങ്ങാന്‍ കേരളത്തിലെ മുഴുവന്‍ മെത്രാന്മാരും രാവും പകലും നെട്ടോട്ടമോടേണ്ടിവന്നില്ലേ? സമുദായത്തിലെ NRI കാര്‍ക്കും വലിയ പണക്കാര്‍ക്കും സീറ്റ് വിലക്ക് വാങ്ങാന്‍ വേറെയും മെഡിക്കല്‍ കോളജുകളുണ്ടല്ലോ. 

കാരിത്താസ്  ഇപ്പോഴത്തെ പോലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി നിലനില്‍ക്കുന്നതല്ലേ സമുദായത്തിന് നല്ലത്. ഈ വിഷയത്തില്‍ കോട്ടയം രൂപതയിലെ ബഹു വൈദികരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്. മൗനം വിദ്വാനു ഭൂഷണമായതു കൊണ്ടോ അതോ അനുസരണയ്ക്ക് മൗനം ആവശ്യമായതുകൊണ്ടോ എന്തുകൊണ്ടാണ് അഭിപ്രായം പറയാതിരിക്കുന്നത്?

(നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)

No comments:

Post a Comment