Monday, November 19, 2012

കോട്ടയം രൂപതയിലെ വൈദിക ശുശ്രൂഷ: ആത്മപരിശോധന ആവശ്യം


'നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും നേരെയാക്കുവിന്‍ എങ്കില്‍ ഈ സ്ഥലത്ത് വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.' (ജെറ. 7:3).
ഈശോമിശാഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥന്‍. ഈശോയില്‍ മാത്രമെ അതുല്യവും പരിപൂര്‍ണ്ണവുമായ പൗരോഹിത്യമുള്ളൂ. പുരോഹിതന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മുന്‍പില്‍ വയ്ക്കപ്പെട്ടവന്‍ എന്നാണ്. സവിശേഷമായ തിരഞ്ഞെടുപ്പും ആത്മാര്‍ത്ഥമായ പ്രത്യുത്തരവും വഴി അഭിഷിക്തനായി സമൂഹത്തിനു മുമ്പില്‍ വയ്ക്കപ്പെട്ടവന്‍. ദൈവം നമ്മെ അറിഞ്ഞതും, വിളിച്ചതും, വിശുദ്ധീകരിച്ചതും, നിയോഗിച്ചതും, യാഹ്‌വേ നടത്താന്‍ പോകുന്ന പിഴുതെറിയലിനെ ഇടിച്ചു തകര്‍ക്കലിനെ നശിപ്പിക്കലിനെ, തകിടം മറിക്കലിനെ, നടലിനെ, പണിതുയര്‍ത്തലിനെപ്പറ്റി ജനത്തോടു സംസാരിക്കാന്‍.

മിശിഹായുടെ പൗരോഹിത്യത്തിലുള്ള പങ്കുചേരലാണ് ശുശ്രൂഷാ പൗരോഹിത്യം. ഈശോയുടെ ജീവിതശൈലിയും മനോഭാവങ്ങളുമാണ് ക്രൈസ്തവ പുരോഹിതനെ മറ്റു പുരോഹിതരില്‍ നിന്നു വ്യതിരിക്തനാക്കുന്നത്. വൈദികശുശ്രൂഷ ദൈവവിളിയാണ്, വെല്ലുവിളിയാണ്, സഹനത്തിലേക്കുള്ള വിളിയാണ്, സാഹസിക വിളിയാണ്. വിളിയോടു ആത്മാര്‍ത്ഥത പുലര്‍ത്തുമ്പോള്‍ മുറിവുകള്‍ ഉണ്ടാവുക സ്വാഭാവികം. അത് മഹത്തരമാണ്. അതാണ് പുരോഹിതന്റെ അഭിമാനം.

നമ്മുടെ പൗരോഹിത്യ ശുശ്രൂഷ ഇന്ന് കേവലം ദേവാലയത്തിനുള്ളില്‍ മാത്രം ഒതുങ്ങുന്ന നിലയെത്തിക്കഴിഞ്ഞു. ഈ ശുശ്രൂഷയില്‍ അഴിച്ചുപണിയും പൊളിച്ചെഴുത്തും ഉടച്ചുവാര്‍ക്കലും ആവശ്യമായിരിക്കുന്നു. മെത്രാനും വൈദികനും ജനവും തമ്മിലുള്ള അന്തരം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പൗരോഹിത്യ ധര്‍മ്മത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥയെപ്പറ്റി അല്പം ചിന്തിക്കാം.

വൈദികരില്‍ പ്രവാചകരുടെയും ദൈവമനുഷ്യരുടെയും അഭാവം വളരെ രൂക്ഷമായി അനുഭവപ്പെടുന്നു. ആദിമസഭയുടെ ശുശ്രൂഷാദര്‍ശനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വൈദികരുടെ അജപാലനശുശ്രൂഷ ഉപജീവനമാര്‍ഗ്ഗമല്ല, ജീവിതദൗത്യമാണ്. കൊയ്ത്തു വളരെ വേലക്കാരോ ചുരുക്കം. ഇന്ന് രൂപതയില്‍ സുവിശേഷവേലക്കാരുടെ എണ്ണത്തില്‍ കുറവില്ല. പക്ഷേ, ആടുകളെക്കുറിച്ച് വിചാരമുള്ള വേലക്കാരുടെ എണ്ണം കുറവാണ്. കൂലിയെപ്പറ്റി വിചാരിക്കുന്നവര്‍ ബഹുലമാണ്. എന്തോരു വിരോധാഭാസം! മോചനത്തിനായി ഇടയന്റെ അടുത്തേയ്ക്കുവരുന്ന ആടുകളെ വിമോചിപ്പിക്കാതെ വീഴിക്കുന്നവര്‍ ധാരാളം!

സഭ പുരോഹിതരെ ഇടയന്മാരായി നിയമിക്കുന്നു. ആടുകളെ ദൈവത്തിന്റെ പക്കലേക്കാകര്‍ഷിക്കാന്‍. അതിപാവനമായ അജപാലനം ലൗകികവും, സാമ്പത്തികവുമായ ഒരുപാധി മാത്രമായി തരംതാഴ്ന്നിരിക്കുന്നു. വൈദികര്‍ ദൈവത്തിന്റെ പക്കലേക്ക് ദൈവജനത്തെ നയിക്കുവാനുള്ളവരാണല്ലോ? എന്നാല്‍ പലരും ജനങ്ങളുടെ കൈയ്യടി വാങ്ങാനായി സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു.

വൈദികശുശ്രൂഷ കേവലം മതാനുഷ്ഠാനബദ്ധമല്ല. ഈശോയുടെ ശുശ്രൂഷയുടെ തുടര്‍ച്ചയാണിത്. മര്‍ത്തായുടെ ജീവിതം നയിക്കുന്ന അല്മായര്‍ക്ക് മേരിയുടെ ആദ്ധ്യാത്മികത കൂടി സാധ്യമാക്കാന്‍ തക്കവിധം കാഴ്ചപ്പാട് നല്‍കാന്‍ വൈദികര്‍ക്ക് കഴിയാതെ വന്നിരിക്കുന്നു. കാരണം ലോകം ഇന്ന് വൈദികനുള്ളിലായിപ്പോയി. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ശുശ്രൂഷയില്‍ പുരോഹിതന്‍ ആഴപ്പെടണം.

വൈദികന്‍ പക്ഷം ചേരേണ്ടവന്‍. ഇന്നത് എളുപ്പം ഇന്നത് പ്രായോഗികം എന്ന് പറയുന്നതിലുപരി ഇന്നത് ശരി ഇന്നത് തെറ്റ് എന്നു പറയുവാന്‍ കഴിയണം. ഇന്നത്തെ പുരോഹിതന്റെ നിസ്സംഗത നിലവിലുള്ള അധികാരഘടനകള്‍ക്ക് പിന്‍ബലവും വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കുള്ള മൗനസമ്മതവുമായി പരിണമിച്ചിരിക്കുന്നു. തുല്യമല്ലാത്ത രണ്ട് ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ നിഷ്പക്ഷത പാലിക്കുക എന്നാല്‍ ശക്തനെ പിന്തുണയ്ക്കുക എന്നാണര്‍ത്ഥം.

ഏതു പ്രദേശത്തുമുള്ള പ്രാമാണിക വ്യക്തികളുടെ പട്ടികയില്‍ പള്ളി വികാരിയുണ്ട്. ആ ഗണത്തില്‍ ഉള്‍പ്പെടാന്‍ വികാരി നിര്‍ബന്ധിക്കപ്പെടുന്നു. സാധാരണക്കാരുടെ കൂട്ടത്തില്‍ പുരോഹിതനെ കാണാന്‍ ഇടവകയിലെ പ്രമാണിമാര്‍ ആഗ്രഹിക്കുന്നില്ല. പുരോഹിതനാകുന്നതോടെ മിക്കവരും തങ്ങളുടെ വായനയും പഠനവും അവസാനിപ്പിക്കുന്നു. വായനയും പഠനവുമില്ലാതെ നല്ല ചിന്തകള്‍ ഉണ്ടാവില്ല. നല്ല ചിന്തകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും സഹായിക്കുന്നു. വായനയും പഠനവും ഉള്ളവര്‍ത്തന്നെ ക്രൈസ്തവാദര്‍ശങ്ങള്‍ താത്വികമായി മാത്രം ചര്‍ച്ച ചെയ്യുന്നതല്ലാതെ ചെയ്തു കാണിക്കുന്നില്ല. കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. വൈദികനാമധാരികള്‍ മാത്രം. ജീവിതം ലോകത്തിന് സന്ദേശമാകുന്നില്ല.

ആരാണ് അയല്‍വാസി? ആവശ്യത്തില്‍ കഴിയുന്നവന്‍. ഇന്ന് പുരോഹിതകൂട്ടായ്മ ഇല്ല. കൂട്ടം മാത്രം. അറിയാനോ, സ്‌നേഹിക്കാനോ, സഹായിക്കാനോ, സാന്ത്വനപ്പെടുത്താനോ, സൗഖ്യപ്പെടുത്താനോ മെനക്കെടാത്തവര്‍. പുരോഹിതര്‍ ബാഹ്യമായി അയല്‍വാസികള്‍. (മനസ്സുകൊണ്ട് അപരിചിതര്‍.) വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നവര്‍. മനസ്സുകൊണ്ട് അപരിചിതര്‍. ഈശോയുടെ കാല്പാടുകള്‍ പുരോഹിതന്റെ വഴിയിലില്ല. മനുഷ്യരുടെ മുമ്പില്‍ മാത്രം പരിശുദ്ധര്‍. വിദേശത്തുള്ള പഠനവും വിദേശശുശ്രൂഷയും പണം ഉണ്ടാക്കുവാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ലൗകികനേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അതിമോഹം, ഉള്ളില്‍ കാപട്യം നിറഞ്ഞ പൊയ്മുഖങ്ങള്‍, ആന്തരിക ചൈതന്യമില്ലാത്ത ആദ്ധ്യാത്മിക ശുശ്രൂഷകര്‍! ജീവിതബന്ധിയല്ലാത്ത പ്രവര്‍ത്തനസാക്ഷ്യമില്ലാത്ത പ്രസംഗങ്ങള്‍. 'പുരോഹിതാ നിനക്കെതിരെയാണു എന്റെ ആരോപണം.... എന്റെ ജനം നശിക്കുന്നു' (ഹോസി 4:4-6).

ഹേ പുരോഹിതാ, പാവപ്പെട്ടവരുടെ യാതനമറന്ന് നീ ദൈവസന്നിധിയില്‍ നില്‍ക്കുന്നുവോ? സ്തുതിപാടുന്നുവോ? നീ ദൈവാലയത്തില്‍ മാത്രം ഒതുങ്ങി കൂടുന്നുവോ? മനുഷ്യരല്ലേ, സമൂഹമല്ലേ, നിന്റെ ദൈവാലയം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നിടത്ത് എന്തേ നിന്നെ കാണാത്തത്? ലൗകിക മാനദണ്ഡം ജീവിതശൈലിയായി മാറിയിരിക്കുന്നു. സത്യത്തെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നില്ല. കര്‍ത്താവിന്റെ മനസ്സറിഞ്ഞ് നമ്മുടെ ശുശ്രൂഷ അപഗ്രഥിച്ച് ശക്തിസംഭരിക്കാന്‍ സാധിക്കുന്നില്ല. കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടെ?

ജീവിതമൂല്യങ്ങള്‍ക്ക് ഇന്ന് സ്ഥാനമില്ല. ധര്‍മ്മച്യുതിയില്‍ മുങ്ങി മാനസികരോഗിയായി മാറിയിരിക്കുന്ന തലമുറ. എവിടെയും ആത്മഹത്യാ പ്രവണത നടമാടുന്നു. ഇന്നിന്റെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും ജീര്‍ണ്ണിച്ചിരിക്കുന്നു. ആഡംബരവും സുഖലോലുപതയും കൊടികുത്തിവാഴുന്നു. ഇത് പുരോഹിതനെയും കടന്നാക്രമിച്ചിരിക്കുന്നു. ആടിന്റെ മണമില്ലാത്ത, ആടുകള്‍ ഇല്ലാത്ത, ആലസൂക്ഷിപ്പുകാര്‍ മാത്രമായിരിക്കുന്നു പുരോഹിതര്‍. പ്രതികരണശേഷി നഷ്ടപ്പെട്ട് സുവിശേഷ ചൈതന്യമറ്റവര്‍. തങ്ങള്‍ക്ക് ഇണങ്ങാത്ത കസേര തേടുന്നവര്‍. ധാര്‍മ്മികരോഷവും, ആത്മരോഷവും, പ്രവാചക ധര്‍മ്മവും, കാര്യക്ഷമതയും നഷ്ടപ്പെട്ടവര്‍, സത്യം പറയാന്‍ സന്ദര്‍ഭം നോക്കുന്നവര്‍. ഇതല്ലേ ഇന്നത്തെ പുരോഹിതന്‍?

പ്രാര്‍ത്ഥിക്കാത്ത, ധ്യാനിക്കാത്ത, ആത്മശോധനയില്ലാത്ത, സാക്ഷ്യമില്ലാത്ത വൈദികന്‍ മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന കാഴ്ച തികച്ചും ആധുനികമാണ്. വിരോധാഭാസമാണ്. ആഴമായ പ്രാര്‍ത്ഥനാചൈതന്യമില്ലാത്ത പുരോഹിതന് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു. കാലുകഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷാമനോഭാവം എവിടെയോ നഷ്ടപ്പെട്ടു. ഇന്ന് പൗരോഹിത്യം ഉദ്യോഗം മാത്രമായി പരിണമിച്ചിരിക്കുന്നു. കഴിവും പക്വതയും നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള വൈദികരെ രൂപതയുടെ മുഖ്യധാരയിലേയ്ക്കുയര്‍ത്താന്‍ സഹവൈദികര്‍ക്ക് താല്പര്യമില്ല. രൂപതയുടെ ആത്മീയപുരോഗതിയ്ക്കുവേണ്ടി വിദേശത്തുപോകുന്ന  വൈദികര്‍ തിരിച്ചുവരാന്‍ മടിക്കുന്നു. വരുന്നവരോ അംബരചുംബികളായ വീടുകള്‍ പണിയുന്നു. വിലയേറിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നു. പാവങ്ങളോടു താദാത്മ്യംപ്രാപിച്ച് ക്രിസ്തുസാക്ഷികളാകേണ്ടവരാണിവര്‍.

കാലം നിശ്ചലമല്ല. ഓരോന്നും വന്നും പോയുമിരിക്കുന്നു. ആദിമസഭയുടെ പരിവേഷമണിഞ്ഞ് ഈശോയ്ക്കു യുഗാന്ത്യം വരെ ജീവിതസാക്ഷ്യം നല്‍കേണ്ട പുരോഹിതര്‍, സ്വന്തം ജീവിതവും, സഹോദരര്‍ക്കായി വ്യയംചെയ്യുവാന്‍ ഒരുനിമിഷം ജീവിതത്തിന്റെ പിന്‍നിലാവിലേക്ക് തിരിയൂ. ഏലിയായുടെ തീഷ്ണതയോടും, മോശയുടെ ധൈര്യത്തോടും കൂടി പ്രവര്‍ത്തിക്കാം. അധികാരത്തിന്റെ, ലൗകികതയുടെ, പൊങ്ങച്ചത്തിന്റെ തിണ്ടിടിഞ്ഞ കുളത്തില്‍നിന്ന് ഒരു നീര്‍ച്ചാലുപോലെ കയറിവരൂ. നമ്മുടെ അയോഗ്യതകള്‍ ഏറ്റുപറയാം. പഴയത് വലിച്ചെറിയാം. പുതിയത് ഇറുത്ത് ചൂടാം.

ഫാ. ജോസ് തറപ്പുതൊട്ടിയില്‍

(കടപ്പാട്: ഫെര്‍മെന്റ്റ്‌)

No comments:

Post a Comment