'സ്‌നേഹസന്ദേശ'ത്തിന്റെ ഒക്‌ടോബര്‍ പതിപ്പില്‍ 'കാരിത്താസ് മെഡിക്കല്‍ കോളേജ് - സാധ്യതകളും വെല്ലുവിളികളും' എന്ന ശീര്‍ഷകത്തില്‍ ഡോ. സ്റ്റീഫന്‍ ആനാലില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി.
(2012 നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)
'സമുദായത്തെ സ്‌നേഹിക്കുകയും സമുദായത്തിന്റെ ഉയര്‍ച്ച കാംക്ഷിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍, കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ന്നുവരുവാന്‍ ആഗ്രഹിക്കുന്നവരാണ്' എന്ന അദ്ദേഹത്തിന്റെ കമന്റ് വായിച്ചപ്പോള്‍, അത്തരമൊരു നിഗമനത്തില്‍ എത്തുവാന്‍, ബഹുഭൂരിപക്ഷത്തിന്റെ ഹൃദയവിചാരങ്ങള്‍ വായിച്ചറിയുവാന്‍ ലേഖകന്‍ അവലംബിച്ച രീതികളും മാര്‍ഗങ്ങളും മാനദണ്ഡങ്ങളും എന്താണെന്നറിയുവാന്‍ ആഗ്രഹമുണ്ട്.
ലേഖകന്‍ സൂചിപ്പിച്ച ഉഴവൂര്‍ കോളേജിന്റെ കാര്യമെടുക്കാം. ഉഴവൂര്‍ ഇടവകയിലെ ബഹുഭൂരിപക്ഷത്തിന്റെ സാധാരണക്കാരുടെ ഹൃദയാഭിലാഷങ്ങള്‍ക്കനുസരിച്ചാണല്ലോ ഉഴവൂര്‍ കോളേജ് തുടങ്ങിയത്. അത് പൂര്‍ത്തിയാക്കാന്‍ ഇടവകജനങ്ങള്‍ സംഭാവനകള്‍ നല്കിയും അത്യദ്ധ്വാനം ചെയ്തും സഹകരിച്ചു. ഇടവകയുടെ സ്വത്തുകള്‍ വിറ്റുപോലും പണമുണ്ടാക്കി. എന്നിട്ടും അതു പൂര്‍ത്തീകരിക്കാനോ അപ്‌ഗ്രേഡ് ചെയ്യാനോ നിവൃത്തിയില്ലാതെ, അവസാനം കോട്ടയം മെത്രാന്റെ മുമ്പില്‍ തങ്ങളുടെ അദ്ധ്വാനഫലം അടിയറവയ്‌ക്കേണ്ടിവന്നു. പ്രസ്തുത കോളേജിന്റെ മുന്‍പ്രിന്‍സിപ്പാളും ഉഴവൂര്‍ ഇടവകാംഗവുമായ ഡോ. ആനാലില്‍ അക്കഥയൊന്നും ഓര്‍ക്കാതെ ഇച്ഛാശക്തിയുള്ള സമുദായനേതൃത്വത്തിന്റെ കഥ പറയുന്നത് അത്ഭുതകരം തന്നെ. അതുകൊണ്ട് സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുവാനും അവരുടെ വക്കാലത്ത് പിടിച്ച് അവര്‍ക്കുവേണ്ടി സംസാരിക്കാനും ഡോ. ആനാലില്‍ മെനക്കെടാതിരിക്കുകയല്ലേ ഭംഗി?
സാര്‍വ്വത്രികസഭയിലേ ഒരു പ്രാദേശികസഭയെന്നനിലയില്‍ കോട്ടയം അതിരൂപതയുടെ മിഷന്‍ അഥവാ ദൗത്യം എന്താണ്? അജപാലനം ആണ് എന്ന് ഞാന്‍ പറയും. അതില്‍ ആതുരശുശ്രൂഷയും രോഗീശുശ്രൂഷയും സാമൂഹ്യസേവനവുമൊക്കെ സെക്കന്‍ഡറി ദൗത്യമായി പരിഗണിക്കാം. അതിന് മെഡിക്കല്‍ കോളേജിന്റെ ആവശ്യമുണ്ടോ? ഡോ. ആനാലിയുടെ വീക്ഷണത്തില്‍ ഡി.എല്‍.പി. മോഡലില്‍ ഒരു കോര്‍പ്പറേഷന്‍ ഉണ്ടാക്കുകയാണ് കോട്ടയം രൂപതയുടെ ദൗത്യമെന്നു തോന്നുന്നു. തറയില്‍ മെത്രാന്‍ കാരിത്താസ് ആരംഭിച്ചത് അടിസ്ഥാനപരമായ വൈദ്യശുശ്രൂഷ ലഭ്യമാക്കാനാണ്. അല്ലാതെ ഹോണ്ടാ മോട്ടോര്‍സിനെപ്പോലെ, ഹുണ്ടായ് മോട്ടോര്‍സിനെപ്പോലെ, ഹീറോ മോട്ടോര്‍സിനെപ്പോലെ, എല്‍.ജി. ഇലക്‌ട്രോണിക്‌സിനെപ്പോലെ വമ്പന്‍ കോര്‍പ്പറേഷന്‍ ആക്കി, കോട്ടയം രൂപതയെ ഒരു ബിസിനസ്സ് സ്ഥാപനമാക്കാനല്ല. കോട്ടയം രൂപത ഒരു കോര്‍പ്പറേഷന്‍ ആക്കാന്‍, ബിസിനസ് സ്ഥാപനമാക്കാനുള്ള വഴിപിഴച്ച ശ്രമങ്ങളാണ് കഴിഞ്ഞ മൂന്നു നാലു വ്യാഴവട്ടങ്ങളായി നടന്നിരുന്നതും ഇപ്പോള്‍ നടക്കുന്നതും. അങ്ങനെ മെത്രാന്മാരുടെയും വൈദികരുടെയും അജപാലനദൗത്യത്തിനു വന്ന അപചയത്തിന്റെ ഫലമായി ആധ്യാത്മികതയും വിശ്വാസവും സഹോദരസ്‌നേഹവുമൊക്കെ വാര്‍ന്നുപ്പോയ ഒട്ടേറെ ക്‌നാനായക്കാര്‍ അമേരിക്കയിലും, യു.കെ.യിലും, യൂറോപ്പിലും എത്തിച്ചേര്‍ന്ന് പണക്കാരായി. അവരുടെ പിന്നാലെ അപചയം സംഭവിച്ച വൈദികരും എത്തി. 'അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കും' എന്നു കേട്ടിട്ടുണ്ടല്ലോ. അത്തരം കുടപിടിക്കലാണ് ഇന്ന് വിദേശത്തു നടക്കുന്നത്. അതിന് വൈദികരും കൂട്ടുണ്ട്. അവര്‍ക്ക് പണ്ട് കുഞ്ചന്‍നമ്പ്യാര്‍ പുലര്‍ത്തിയ മനോഭാവമാണ്. ''ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.''
സ്ഥാനത്തും അസ്ഥാനത്തും, സ്വദേശത്തും വിദേശത്തും ഇഷ്ടംപോലെ വിമര്‍ശനവും കൂക്കുവിളികളും കിട്ടിക്കൊണ്ടിരിക്കുന്ന കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍, ഇനി ഡി.എല്‍.പി. മോഡല്‍ കോര്‍പ്പറേഷനുണ്ടാക്കി അതിന്റെ പ്രസിഡന്റോ ചെയര്‍മാനോ ഒക്കെ ആയി മുതലവായന്‍ തൊപ്പിയും അണിഞ്ഞ്, വടിയും പിടിച്ച്, മാലയും കുരിശും ചുമന്ന കുപ്പായവുമിട്ടു വിലസുന്ന കാഴ്ച എന്തു രസമായിരിക്കും!
'തനിമയിലും, ഒരുമയിലും, വിശ്വാസനിറവിലും' മുന്നേറിക്കൊണ്ടിരിക്കുന്ന ' ദാവീദ് രാജവംശത്തില്‍പ്പെട്ടവരും,' 'യേശുക്രിസ്തുവിനോടു രക്തബന്ധം ഉള്ളവരും,' ആയ ''ഒരത്ഭുതജനത''യെ, 'മാടമ്പികള്‍', ''മന്ദബുദ്ധികള്‍,'' ''അണ്ടനും അടകോടനും'' എന്നൊക്കെ ഡോ, ആനാലില്‍ തരംതിരിക്കുന്നത് വലിയ കഷ്ടമാണ്. ഡോ. ആനാലില്‍ ഇതില്‍ ഏതു വിഭാഗത്തില്‍ ആണാവോ? ഈ ലേഖകന്റെ അഭിപ്രായത്തില്‍ ക്‌നാനായ സമുദായത്തില്‍ സ്ത്രീപുരുഷന്മാര്‍ മാത്രമേയുള്ളു. ചില മെത്രാന്മാര്‍ക്ക് കിട്ടിയ പണക്കിഴിയുടെ ഘനവും വ്യാപ്തിയുമനുസരിച്ച്, ചിലര്‍ക്ക് ആരോഗ്യമുള്ളകാലത്തും ചിലര്‍ക്ക് മരിക്കാറായ സമയത്തും പ്രസ്തുതമെത്രാന്മാര്‍ മാടമ്പിസ്ഥാനം നല്കിയിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല. പ്രത്യേകവേഷവും തലപ്പാവും വാളും ഉള്ള മാടമ്പിമാരും, കഴുത്തില്‍ സ്‌റ്റെത്ത് തൂക്കിയ ഡോക്ടര്‍മാരും, തലയില്‍ തൊപ്പിപ്പാളയും കയ്യില്‍ തുമ്പായും പിടിച്ചവരുമൊക്കെ ക്‌നാനായക്കാര്‍ തന്നെയെന്ന തിരിച്ചറിവുണ്ടാകണം.
മാനേജ്‌മെന്റ് ക്വോട്ടായില്‍ 15 സീറ്റും എന്‍.ആര്‍.ഐ. ക്വോട്ടായില്‍ 15 സീറ്റും തരപ്പെടുത്തി പത്തുവര്‍ഷം കൊണ്ട് 300 ക്‌നാനായ ഡോക്ടര്‍മാരെ സൃഷ്ടിച്ച് സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യുന്ന ഡോ. ആനാലില്‍, ഏതാണ്ട് രണ്ടു ലക്ഷം വരുന്ന ക്‌നാനായക്കാരുടെ ബാക്കിയുള്ള മക്കളുടെ കാര്യം മറക്കുന്നു. മുന്‍പറഞ്ഞ 300 പേരെ രക്ഷപ്പെടുത്താന്‍ കോടികള്‍ മുടക്കുമ്പോള്‍ ബാക്കിയുള്ളവരെ നന്നാക്കാനും രക്ഷപെടുത്താനും അത്രയും വലിയ തുക മുടക്കേണ്ടിവരുമോ?
ഒരു പഴമൊഴി ഓര്‍മ്മവരുന്നു. ''ഉണ്ടവന് പായകിട്ടാഞ്ഞ്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞ്,'' ഡോ. ആനാലിലും കൂട്ടരും ഉണ്ടുനിറഞ്ഞ് പായ് കിട്ടാതെ അസ്വസ്ഥരാകുന്നു. നിങ്ങള്‍ക്കിനി മെഡിക്കല്‍ കോളേജാണ് ആവശ്യം. എന്നാല്‍ ഇല കിട്ടാതെ വിഷമിക്കുന്ന ഒരു വിഭാഗം ക്‌നാനായക്കാര്‍ അങ്ങു വടക്കേ മലബാറിന്റെ മലയോരങ്ങളിലുണ്ട്. രാജപുരം കോളണിയിലും മടമ്പം അലക്‌സ് നഗര്‍ കോളണിയിലും, വയനാട്ടിലേ പെരിക്കല്ലൂര്‍, തേറ്റമല ഭാഗങ്ങളിലും. അവര്‍ കോട്ടയം രൂപതയുടെ മൂന്നിലൊന്നുഭാഗം വരുന്ന മനുഷ്യരാണ്. ഡോ. ആനാലിനും കൂട്ടര്‍ക്കും മോനിപ്പള്ളിയിലും കൂത്താട്ടുകുളത്തും, പാലായിലും കോട്ടയത്തുമെല്ലാം ഉന്നതമായ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍, 1943-ല്‍ മേല്പറഞ്ഞ മലബാര്‍ പ്രദേശത്തു കുടിയേറിയവര്‍ നിങ്ങളുടെയൊക്കെ ഇടയില്‍ നിന്നുപോയ നിങ്ങളുടെ സഹോദരങ്ങളാണ്. അടിസ്ഥാനപരമായ വൈദ്യസഹായം കിട്ടാതെ അവരില്‍ എത്രയോപേര്‍ മരിച്ചു മണ്ണടിഞ്ഞു. കുടിയേറ്റം നടന്നിട്ട് എഴുപതുവര്‍ഷം ആവുകയാണ്. കോട്ടയം രൂപത അതിരൂപതയായി വളര്‍ന്നു. സ്ഥാപനങ്ങളും പള്ളികളും വര്‍ദ്ധിച്ചു. എന്നാല്‍, ഈ കുടിയേറ്റക്കാരുടെ പ്രാഥമിക ചികിത്സക്കുവേണ്ടി കോട്ടയം രൂപത എന്തുചെയ്തു എന്ന് ഒന്നന്വേഷിക്കണം. എന്നിട്ട് മെഡിക്കല്‍ കോളേജിനുവേണ്ടി മുറവിളികൂട്ടുക.
മേല്പറഞ്ഞ മൂന്നു കേന്ദ്രങ്ങളിലും മൂന്നുചെറുകിട ആശുപത്രികള്‍ - മെഡിക്കല്‍ കോളേജല്ലാ - അവിടങ്ങളില്‍ ഉണ്ടാക്കുന്നതിന് മുന്‍കയ്യെടുക്കുവാനും അതിനു കുറച്ചുപണം മുടക്കുവാനും അങ്ങനെ ആ മനുഷ്യരെ സാഹായിക്കുവാനും ഡോക്ടര്‍ ആനാലിന്റെ നാട്ടുകാരനും കോട്ടയം അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മൂലക്കാട്ടിനെ ഉപദേശിക്കാന്‍ ഡോ. ആനാലില്‍ തയാറാകുമോ?
ഏബ്രഹാം നെടുങ്ങാട്ട്
ചിക്കാഗോ
(2012 നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment