Thursday, November 8, 2012

ക്‌നാനായക്കാര്‍ പുനരൈക്ക്യ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കള്‍

നവംബര്‍ 4ലെ സണ്‍ഡേശാലോമില്‍ “കേരള സഭയ്‌ക്കൊരു കര്‍ദ്ദിനാള്‍കൂടി” എന്ന തലക്കെട്ടില്‍ വന്ന എഡിറ്റോറിയലില്‍ ഇങ്ങനെ കാണുന്നു.

1930 ല്‍ മാര്‍ ഇവാനിയോസ് പിതാവിന്റ നേതൃത്വത്തിലാരംഭിച്ച പുനരൈക്ക്യപ്രസ്ഥാനം” എന്ന്.

ഈ പ്രസ്ഥാവന ശരിയല്ല. 1930-ല്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ നേതൃത്വത്തില്‍ യാക്കോബായ സഭയില്‍ നിന്നും വലിയതോതില്‍ പുനരൈക്ക്യം നടന്നു എന്നത് ശരിയാണ്. എന്നാല്‍ അതിനും വളരെമുന്‍പുമുതല്‍ തന്നെ പുനരൈക്യത്തിനു വേണ്ടിയുള്ള ശ്രമം നടക്കുകയും ഔദ്യോഗികമായി 1921 ല്‍ അത് യാഥാര്‍ത്ഥ്യമാകുകയും ചെയ്തിരുന്നു.

1653 ല്‍ നടന്ന കൂനന്‍ കുരിശു സത്യത്തിനു നേതൃത്വം കൊടുത്തവരില്‍ പ്രധാനി ക്‌നാനായക്കാരനായ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരായിരുന്നു. ക്‌നാനായസമുദായക്കാരില്‍ കുറേപേര്‍ സത്യസഭവിട്ടുപോയിരുന്നു. അതില്‍ സമുദായം ദുഖിതയുമായിരുന്നു. ക്‌നാനായക്കാര്‍ക്കു രൂപത അനുവദിച്ച 1911 മുതല്‍ പിതാക്കന്മാര്‍ പുനരൈക്യതിനുവേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നു. കോട്ടയം രൂപതയിലെ രണ്ടാമത്തെ മെത്രാനായിവന്ന അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍ പുനരൈക്യത്തിനുവേണ്ടി വളരെയധികം ശ്രമിക്കുകയും വളരെയേറെ ക്ലേശങ്ങള്‍ സഹിക്കുകയും ചെയ്ത വ്യക്തിയാണ്. യാക്കോബായ മെത്രാനായ മാര്‍ സേവറിയോസിന്റെ താല്പര്യപ്രകാരം ചൂളപറമ്പില്‍ പിതാവ് ഒരു ലേഖനം എഴുതികൊടുക്കുകയും പള്ളികളില്‍ വായിക്കുകയും ചെയ്തിരുന്നു. അദ്ദേഹം യാക്കോബായ പള്ളികളില്‍ചെന്ന് ഐക്യത്തിന്റെ പ്രബോധനം കൊടുക്കുകയും യാക്കോബായ മെത്രാന്മാരെ പള്ളികളില്‍ സ്വീകരിക്കുമ്പോള്‍ ചൊല്ലുന്ന തോബ്ശലോം എന്ന സുറിയാനി ഗീതംപാടി  വിശ്വാസികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. പുനരൈക്യപ്പെടുന്നതിനുവേണ്ടി മറുഭാഗം മുന്നോട്ടുവച്ച ഏക വ്യവസ്ഥ മലങ്കര ആരാധനാ ക്രമം പിന്തുടരണം എന്നുമാത്രമാണ്. അതിനുവേണ്ടി ചൂളപറമ്പില്‍ പിതാവ് മറ്റ് മെത്രാന്മാരുടെ പിന്തുണയോടെ റോമില്‍ അപേക്ഷ കൊടുക്കുകയും അതു സാധിച്ചു കിട്ടുകയും ചെയ്തു.

1920 ഡിസംബര്‍ 25 നാണ് ആദ്യത്തെ പുനരൈക്യം നടന്നത്. പിറ്റേവര്‍ഷം ക്‌നാനായ വൈദികരും അല്മായരും അടങ്ങുന്ന ചെറുകൂട്ടങ്ങള്‍ പുനരൈക്യപ്പെട്ട് സത്യസഭയോടുചേര്‍ന്നു. സത്യസഭയിലേക്ക് തിരികെവന്ന  വൈദികരുടെ നേതൃത്വത്തില്‍ പുനരൈക്യം ഒരു പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരുന്നു. ക്‌നാനായ സമുദായത്തിലുള്ളവരെ സത്യസഭയിലോക്ക് തിരികെ കൊണ്ടുവരുന്നതിനാണ് പുനരൈക്യ ശ്രമം തുടങ്ങിയതെങ്കിലും സമുദായത്തിനു പുറത്തുള്ളവരിലേക്കും ഐക്യത്തിന്റെ കാഹളം കടന്നുചെന്നു.

മാര്‍ ഇവാനിയോസ് തിരുമേനി പുനരൈക്യത്തിനുവേണ്ടി വളരെ ദാഹിച്ച വ്യക്തിയാണ്. തിരുമൂലപുരം ബഥനി ആശ്രമത്തില്‍ നിന്നും ഉലാത്തുവാനെന്നമട്ടില്‍ മാര്‍ ഇവാനിയോസ് പുറപ്പെടും ഇരുട്ടാകുബോള്‍ ചൂളപറമ്പില്‍ മെത്രാന്‍ കാറില്‍ സവാരിക്കായിവരും ആരും അറിയാതെ മാര്‍ ഇവാനിയോസിനെ കാറില്‍ കയറ്റി രണ്ടുപേരും കൂടി മാവേലിക്കര ടി.ബിയിലെത്തി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. തിരികെ തിരുമേനിയെ തിരുമൂലപുരത്തിറക്കി ചൂളപറമ്പില്‍ മെത്രാന്‍ കോട്ടയതിനും പോരും.

മാര്‍ ഇവാനിയോസ് തിരുമേനിയുടെ പുനരൈക്യത്തിനു 11 കൊല്ലം മുന്‍പ് മലങ്കര റീത്ത് ഇവിടെ അനുവദിച്ചുകിട്ടിയിരുന്നു. അതിനായി ചൂളപറമ്പില്‍ മെത്രാന്‍ തിരുമേനി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു എന്നതും പ്രത്യേകം പ്രസ്ഥാവ്യമത്രെ.  മാര്‍ ഇവാനിയോസിന്റെ പുനരൈക്യം സുഗമമാക്കുവാന്‍ പരവതാനി വിരിച്ചത് ക്‌നാനായ സമുദായവും അവരുടെ മെത്രാനുമാണ്.  തദനന്തരം മാര്‍ ഇവാനിയോസ് തിരുമേനിയുടെ പുനരൈക്യവും അദ്ദേഹത്തിന്റെ നേതൃത്വവും മൂലം പുനരൈക്യപ്രസ്ഥാനം എത്രമാത്രം പുരോഗമിച്ചു എന്നത് മലങ്കര ഹയരാര്‍ക്കിയുടെ ഇന്നത്തെ വളര്‍ച്ചകണ്ടാല്‍ മതിയാകും. അതില്‍ ഏറെ സന്തോഷിക്കുന്നത് ക്‌നാനായ സമുദായവും അവരുടെ പിതാക്കന്മാരുമാണ്.

മാര്‍ ഇവാനിയോസ് പുനരൈക്യ പ്രസ്ഥാനത്തിനു തുടക്കമിട്ടു എന്ന പ്രസ്ഥാവന മാര്‍ ഇവാനിയോസ് പിതാവുതന്നെ നിഷേധിക്കുന്ന കാര്യമാണ്. ചരിത്രം ചരിത്രമായിതന്നെ നിലനിര്‍ത്തണം. ആദ്യത്തെ മാര്‍പാപ്പ യേശുവിനെ തള്ളിപറഞ്ഞവനാണെന്ന് പറഞ്ഞ് ആരും ആക്ഷേപിക്കാറില്ലല്ലോ. പത്രോസ് യേശുവിനെ തള്ളിപറഞ്ഞു എന്നും യേശുപത്രോസിനെ സാത്താനേ എന്നുവിളിച്ചതും ബൈബിളില്‍ രേഖപെടുത്തിയിരിക്കുന്നതുകൊണ്ടും കൂടിയാണ് അത് സത്യവേദ പുസ്തകമാകുന്നത് . ഗാന്ധിജിയെ മഹാത്മാവാക്കിയത് ഗോഡ്‌സേയും കൂടിയാണെന്ന് ഒരു വീഷണ കോണിലൂടെ നോക്കിയാല്‍ കാണാനാകും.

ഒരാള്‍ മഹത്വപ്പെടുന്നതിന് ദൈവം ഒരുക്കുന്ന വിവിധ സന്ദര്‍ഭങ്ങളും സംഭവങ്ങളും ദുരിതങ്ങളും ഉണ്ടാകും ഇതെല്ലാം കൂടിചേരുമ്പോഴാണ് മഹത്വീകരണത്തിന്റെ ചിത്രം പൂര്‍ത്തിയാകുന്നത്. ചരിത്രത്തിന്റെ അനിവാര്യമായ ഇത്തരം ഘടകങ്ങള്‍ പറിച്ചെറിഞ്ഞാല്‍ ചരിത്രം കെട്ടുകഥയായി മാറിയെന്നുവരും. 

ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ഫോ: 944 614 0026

No comments:

Post a Comment