Saturday, November 10, 2012

ഇന്ത്യയിലെ സമര്പ്പിതര്‍ വിപ്ലവകരമായ മാറ്റത്തിലേയ്ക്ക്


കത്തോലിക്കാസഭയിലെ സമര്‍പ്പിതരുടെ ഇടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നാലേ കെട്ടുപോകുന്ന സമര്‍പ്പിതശുശ്രൂഷയുടെ അഗ്നിയെ ആളിക്കത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അഖിലേന്ത്യ സമര്‍പ്പിതരുടെ സംഘടനയായ സി.ആര്‍.ഐ.യുടെ ഹൈദരാബാദില്‍ നടന്ന സമ്മേളനം കണ്ടെത്തിയിരിക്കുന്നു.

കത്തോലിക്കാസഭയിലെ മിക്ക സമര്‍പ്പിത സമൂഹത്തിന്റെയും മദര്‍ ജനറല്‍മാരും പ്രോവിന്‍ഷ്യല്‍മാരും പങ്കെടുത്ത ഹൈദരാബാദിലെ സി.ആര്‍.ഐ.യുടെ സമ്മേളനം വിപ്ലവകരമായ മാറ്റങ്ങള്‍ സമര്‍പ്പിതരുടെ ഇടയില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ എടുത്തു പറഞ്ഞു. സന്ന്യാസ ജീവിതം ഇന്ന് ഓരോ സഭയുടെയും കാരിസമനുസരിച്ചുള്ള മിഷന്‍ ദൗത്യത്തിനാണ് ഊന്നല്‍ നല്‍കുന്നതെങ്കില്‍ സാഹചര്യത്തിനും കാലഘട്ടത്തിനുമനുസരിച്ചുള്ള പ്രേഷിത ദൗത്യമാണ് സഭയെ കെട്ടിപ്പടുക്കേണ്ടത് എന്ന ഉള്‍വെളിച്ചമാണ് സമര്‍പ്പിതരുടെ കൂട്ടായ്മ പങ്കുവച്ചത്. ഓരോ സഭയും സ്ഥാപിതമായപ്പോള്‍ ആ സഭയുടെ സ്ഥാപകന്‍ അന്നത്തെ ആവശ്യം കണ്ടറിഞ്ഞാണ് സഭയെ സ്ഥാപിച്ചതും സഭയുടെ ദൗത്യം നിശ്ചയിച്ചതും. വര്‍ഷങ്ങളും നൂറ്റാണ്ടുകളും കഴിയുമ്പോള്‍ സഭാസ്ഥാപകന്‍ ജീവിച്ച സാഹചര്യത്തില്‍ നിന്നും ഏറെ വ്യത്യാസമുള്ള ജീവിത സാഹചര്യത്തിലും സംസ്‌കാരത്തിലുമായിരിക്കും അതേ സഭയിലെ സമര്‍പ്പിതര്‍ ജീവിക്കേണ്ടിവരുന്നത്. കാലഘട്ടത്തിനും സംസ്‌കാരത്തിനും ഉചിതമായ രീതിയില്‍ സഭയുടെ പ്രേഷിത ദൗത്യത്തില്‍ വിപ്ലവകരമായി മാറ്റങ്ങള്‍ വരുത്തിയാലേ അവരുടെ ശുശ്രൂഷ ഇന്നത്തെ സമൂഹത്തിനും സഭയ്ക്കും പ്രസക്തമാകുകയുള്ളു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പ പറഞ്ഞതുപോലെ ഇന്ത്യയിലെ സന്ന്യാസഭവനങ്ങളിലും പുതിയ കാറ്റും വെളിച്ചവും അവശ്യമായി വന്നിരിക്കുന്നു.

പ്രധാനമായും മൂന്നു തലങ്ങളിലാണ് ഈ മാറ്റം വരേണ്ടതെന്നാണ് കത്തോലിക്കാ സന്ന്യാസിനി സന്ന്യാസിമാരുടെ സംഘടനയുടെ ത്രിവാര്‍ഷിക സമ്മേളനം കണ്ടെത്തിയത്. ജീവിതശൈലിയിലും, രൂപീകരണത്തിലും, പ്രേഷിതദൗത്യത്തിലുമാണത്. ഇന്ന് ഉപഭോഗസംസ്‌കാരത്തിന്റെ നുഴഞ്ഞു കയറ്റം ആശ്രമങ്ങളിലും മഠങ്ങളിലും ഉണ്ടായിരിക്കുന്നു എന്നത് പലപ്പോഴും വിമര്‍ശനവിധേയമാകുന്ന സത്യമാണ്. ആദ്യ കാലം മുതല്‍ സന്ന്യാസ ഭവനങ്ങള്‍ ലളിത ജീവിതശൈലിയുടെ കേദാരമായിരുന്നു. പാവങ്ങള്‍ക്ക് എന്നും അഭയകേന്ദ്രമായിരുന്ന സന്ന്യാസഭവനങ്ങള്‍ അവരെ ഒഴിവാക്കുന്ന ജീവിതരീതി അവലംബിക്കുന്നത് എതിര്‍സാക്ഷ്യമാണ്. സ്വാര്‍ ത്ഥതയുടെ നുഴഞ്ഞുകയറ്റത്തെ ഇല്ലാതാക്കുന്ന ജീവിതശൈലിയില്‍ എന്നും കൂട്ടായ്മയ്ക്കാണ് സ്ഥാനം കൊടുത്തിരുന്നത്. സ്വന്തമായി ഒന്നുമില്ലാതെ എല്ലാവര്‍ക്കും എല്ലാം സ്വന്തമായ മഠങ്ങളിലെ അവസ്ഥയ്ക്കും ഇന്നും മാറ്റം വന്നിട്ടുണ്ട്.

വിവിധ സന്ന്യാസസഭകള്‍ തമ്മില്‍ തകര്‍ക്കാനാകാത്ത മതിലുകള്‍ ഉണ്ടെന്നു മാത്രമല്ല, ചിലപ്പോള്‍ ഒരേ സമൂഹത്തില്‍ തന്നെ ഇത്തരം മതിലുകള്‍ നിലനില്ക്കുന്നുവെന്ന നഗ്നമായ സത്യം സി.ആര്‍.ഐ.യുടെ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏകാധിപത്യഭരണം നടത്തുന്ന ആശ്രമശേഷ്ഠരും മഠാധിപകളും ഉണ്ടെന്ന സത്യം ബാക്കി നില്‍ക്കുന്നു. 'ഹോളി സ്പിരിറ്റ്' സഭാംഗമായ സിസ്റ്റര്‍ എല്‍സി വിഷയാവതരണം നടത്തിയപ്പോള്‍ പറഞ്ഞു, വിവരങ്ങള്‍ കൈമാറാനും സംഭാഷണങ്ങള്‍ നടത്താനുമുള്ള അവകാശങ്ങള്‍ സുപ്പീരിയേഴ്‌സിനു മാത്രം പിടിച്ചുവയ്ക്കാതെ സമഭാവനയോടെ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കണം.' സന്ന്യാസഭവനങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സുപ്പീരിയേഴ്‌സ് മറ്റ് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ഒരു സമന്വയത്തില്‍ എത്തുന്നത് ഏറെ ക്രിയാത്മകമായിരിക്കും. ആശ്രമങ്ങളിലും മഠങ്ങളിലും എല്ലാ അംഗങ്ങള്‍ക്കും ആദരവും അംഗീകാരവും ലഭ്യമാകണം. നിയമങ്ങളിലെ കാര്‍ക്കശ്യം ബന്ധങ്ങളിലെ ഊഷ്മളതയെ നഷ്ടപ്പെടുത്താന്‍ ഇടയാക്കരുത്. എല്ലാവരെയും മാനിക്കുന്ന ആദരിക്കുന്ന സമര്‍പ്പിതരുടെ സമൂഹജീവിതത്തിനെ അര്‍ത്ഥമുള്ളൂ. അത്തരം സഭാസമൂഹങ്ങള്‍ക്കേ സ്‌നേഹസാക്ഷ്യം നല്‍കാനും സാധിക്കുകയുള്ളൂ.

ക്രിസ്തുകേന്ദ്രീകൃതരൂപീകരണം വളരെ വ്യക്തിപരമായും മനഃശാസ്ത്രപരമായും ഓരോ വ്യക്തിയുടെയും കുടുംബസാഹചര്യങ്ങളും കഴിവുകളും മനസ്സിലാക്കി നല്കുന്നതാണ് അഭികാമ്യമെന്നു സമ്മേളനത്തിന്റെ ഉപസംഹാരത്തില്‍ വായിക്കുന്നു. മൊബൈല്‍ ഫോണ്‍ ആശ്രമങ്ങളിലും മഠങ്ങളിലും ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണത്തിനു പകരം മാന്യമായും ക്രിയാത്മകമായും ഉപയോഗിക്കാനുള്ള ബോധവത്കരണമാണ് ആവശ്യം. പ്രേഷിത ദൗത്യനിര്‍വഹണത്തില്‍ സന്ന്യാസഭവനങ്ങളുടെ സുരക്ഷിതവലയത്തിനു പുറത്തു സാഹസികമായ മേഖലകളിലേയ്ക്കും വ്യാപിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ പ്രേഷിതമേഖലകളിലുള്ള സമര്‍പ്പിതരുടെ സമര്‍പ്പണം സന്ന്യാസജീവിതത്തിനു പുത്തനുണര്‍വും തീക്ഷ്ണതയും നല്‍കും.

(സത്യദീപം മാസിക പ്രസധീകരിച്ചത്)

No comments:

Post a Comment