കാരിത്താസ് ആശുപത്രി ആരംഭിക്കുമ്പോള്‍ അത് രൂപതയിലെ ആദ്യ ആതുരാലയം ആയിരുന്നില്ല. മറ്റൊരാശുപത്രികൂടി എന്നതില്‍ കവിഞ്ഞ് കാര്യമായ ഒരു പ്രാധാന്യവും മിക്കവരും അതിനു നല്‍കിയില്ല. ആകെ ഉണ്ടായിരുന്ന പ്രത്യേകത കാരിത്താസില്‍ ജര്‍മ്മന്‍കാരന്‍ സായിപ്പ് ഡോക്ടര്‍ ഉണ്ട് എന്നത് മാത്രമായിരുന്നു. അതും ചിലരെ സംബന്ധിച്ച് ഒരു പോരായ്മ ആയിരുന്നു. നമ്മുടെ രോഗവിവരം പറഞ്ഞാല്‍ മനസ്സിലാകാതെ സായിപ്പ് വല്ല തെറ്റായ മരുന്നും തന്നാലോ!
എന്നാല്‍ ഇന്ന് ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍, ദോഷൈകദൃക്കുകള്‍ക്ക് കുറ്റവും കുറവുകളും പറയാന്‍ പലതും ഉണ്ടെങ്കിലും, ക്‌നാനായ സമുദായത്തിന് എങ്ങിനെയെല്ലാം ഈ ആതുരാലയം പ്രയോജനപ്പെട്ടു! എത്ര പേര്‍ അവിടെ നിന്ന് പഠിച്ചിറങ്ങി; എത്ര പേര്‍ അവിടെ തൊഴില്‍ നേടി. അവിടെ നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍കൊണ്ട് എത്രപേര്‍ക്ക് ജീവിക്കാനൊത്തു. സമീപവാസികള്‍ക്ക് ഏതെല്ലാം തരത്തിലാണ് ഈ സ്ഥാപനം ഉപകരിച്ചത്. ഇന്ന് കാരിത്താസ്പ്രദേശം കോട്ടയം ജില്ലയിലെ ഭൂമിയ്ക്ക് ഏറ്റവും കൂടുതല്‍ വില കൂടിക്കൊണ്ടിരിക്കുന്ന സ്ഥലമാണ്. കാരിത്താസിനടുത്തെവിടെയെങ്കിലും ഒരു വീട്, അതുമല്ലെങ്കില്‍ ഒരു ഫ്‌ളാറ്റ്, ഒരുമാതിരിപ്പെട്ട ക്‌നാനായക്കാരുടെയെല്ലാം സ്വപ്നമാണ്. അബാദ് (Abad) എന്ന കേരളത്തിലെ തലയെടുപ്പുള്ള ബില്‍ഡിംഗ് കമ്പനി കാരിത്താസിനു തൊട്ടടുത്ത് അപ്പാര്‍ട്ട്‌മെന്റ് അനൗണ്‍സ് ചെയ്തിരിക്കുന്നു.
കാരിത്താസിന്റെ കടുത്ത വിമര്‍ശകരായ ക്‌നാനയക്കാരനുപോലും ഈ ആതുരാലയവും അവിടുത്തെ കാന്‍സര്‍ സെന്ററും ഇന്ന് അഭിമാനമാണ്.
ഈ സ്ഥാപനം അതിന്റെ വളര്‍ച്ചയുടെ അടുത്ത പടിയില്‍ എത്തി, വാതിക്കല്‍ നില്‍ക്കുകയാണ്. ''വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കേണ്ട മുഗ്‌ദേനീ, സ്വാതന്ത്ര്യമോടകത്തേയ്ക്ക് ചെല്ലാം'' എന്ന് ഇന്നല്ലെങ്കില്‍ നാളെ അതികൃതര്‍ പറയുമെന്നും കാരിത്താസ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുമെന്നും നമുക്ക് പ്രത്യാശിക്കാം.
ഇത്തരുണത്തില്‍ മറ്റൊരു വഴിയെകൂടി ചിന്തിച്ചുനോക്കിയതിന്റെ ഫലമാണ് ഈ ലേഖനം.
കേരളത്തില്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ വിദ്യാലയം എന്ന ആശയം നടപ്പിലാക്കിയത് ബ്രിട്ടീഷ് മിഷനറിമാരാണ്. അതിന്റെ ചുവടുപിടിച്ചു സകല ക്രിസ്തീയവിഭാഗങ്ങളും ഈ രംഗത്ത് ചുവടുറപ്പിച്ചു. ഈ മാതൃക പിന്നീട് കേരളത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും പ്രചോദനമായി. നായര്‍സംഘടനയായ എന്‍.എസ്.എസ്.നും, ഈഴവ സംഘടനയായ എസ്.എന്‍.ഡി.പി.യ്ക്കും ഇന്ന് നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും ഉണ്ട്. അവയെല്ലാം വളരെ നല്ല നിലയിലാണ് നടന്നു പോകുന്നത്. തിരുവിതാംകൂറിലെ പ്രഥമ കത്തോലിക്കാകലാലയമായ ചങ്ങനാശ്ശേരി എസ്.ബി. കോളേജിന്റെ പിന്നിലാണ് ചങ്ങനാശ്ശേരിയിലെതന്നെ എന്‍.എസ്.എസ്. കോളേജ് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.
നായന്മാരുടെയും, ഈഴവരുടെയും സമുദായസംഘടനകളുടെ ഉടമസ്ഥതയിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ അവരുടെ പുരോഹിതവര്‍ഗ്ഗത്തിന് യാതൊരു പങ്കും ഇല്ല. എന്നാല്‍ നമ്മളാകട്ടെ, ഒരു വിദ്യാഭ്യാസസ്ഥാപനമോ, മറ്റെന്തങ്കിലും (ഉദാ: ഇത്രമാത്രം പ്രവാസികളുള്ള ക്‌നാനായ സമുദായത്തില്‍ അടിയന്തിര ആവശ്യമായി മാറിയിരിക്കുന്ന ഓള്‍ഡേജ് ഹോംസ്) ആവശ്യമെന്നു തോന്നിയാല്‍ സഭാപിതാക്കന്മാരുടെ മുന്നില്‍ യാചകരെപ്പോലെ താണുവണങ്ങി നില്‍ക്കുന്നു.
ഏ.ഡി. 345 മുതല്‍ പതിനാറു നീണ്ട നൂറ്റാണ്ടുകാലത്ത് ഒരു ഇടയന്റെയും സഹായമോ ഔദാര്യമോ ഇല്ലാതെ കഴിഞ്ഞ ഒരു സമുദായത്തിനാണ് ഈ ദുര്‍ഗ്ഗതി സംഭവിച്ചിരിക്കുന്നതെന്ന് ഓര്‍ക്കുക.
1938-ല്‍ ക്‌നാനായ സമുദായത്തിലെ പ്രഥമ ബിരുദാനന്തര ബിരുദധാരിയായ പ്രൊഫസര്‍ ജോസഫ് കണ്ടോത്ത് മുന്‍കൈയെടുത്ത് തുടക്കത്തില്‍ അന്നത്തെ ചൂളപറമ്പില്‍ പിതാവിന്റെ അനുവാദമില്ലാതെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (ആരംഭിക്കുമ്പോള്‍ മറ്റൊരു പേരായിരുന്നു) എന്ന അത്മായസംഘടന ആരംഭിച്ചു. ആ സംഘടനയ്ക്ക് അഞ്ചു വര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ നടത്തിയ ക്‌നാനായ മലബാര്‍ കുടിയേറ്റമാണ് ആ സംഘടനയുടെ നാളിതുവരെയുള്ളതില്‍വച്ചേറ്റവും വലിയ നേട്ടം. ഇങ്ങനെയൊരു മാതൃക നമ്മള്‍ കാണിച്ചുകൊടുത്തിട്ടും കേരളത്തില്‍ മറ്റൊരു സമുദായത്തെക്കൊണ്ടും അത്തരത്തിലൊരു സംഘടിതകുടിയേറ്റം നടത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല എന്നോര്‍ക്കുമ്പോഴാണ് അക്കാലത്തെ നമ്മുടെ അത്മായനേതൃത്തിന്റെ കഴിവും പ്രാപ്തിയും മനസ്സിലാകുന്നത്.
ഒരു സമുദായം എന്ന നിലയില്‍ നാം 1943-ലേതിനേക്കാള്‍ എത്രയോ ഉയരങ്ങളിലെത്തി. ഇന്ന് നമ്മുടെ സമുദായത്തില്‍ നൂറുകണക്കിന് പി.എച്ച്.ഡി. ക്കാരുണ്ട്. പോസ്റ്റ്-ഡോകട്‌റല്‍ ബിരുദമുള്ളവരും മെഡിക്കല്‍ ഡോക്ടര്‍മാരും ഇന്നുണ്ട്. പഴയ ദാരിദ്ര്യവും കഷ്ടപ്പാടും മാറിയെന്നു മാത്രമല്ല. സുഖലോലുപതയുടെയും ആര്‍ഭാടത്തിന്റെയും കാര്യത്തില്‍ നാം കേരളസമുഹത്തിന്റെ മുന്‍പന്തിയിലാണ്. പക്ഷെ എന്തേ നമ്മുടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മാതം വളര്‍ന്നില്ല?
നീണ്ട മുക്കാല്‍ നൂറ്റാണ്ട് കാലഘട്ടത്തില്‍ എന്തൊക്കെയായിരുന്നു നമ്മുടെ സമുദായസംഘടനയുടെ പ്രധാന നേട്ടങ്ങള്‍? സ്വന്തമായി ഒരു കെട്ടിടം ഇല്ല; സാരമില്ല, കൊള്ളാവുന്ന മാടക്കടകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും സ്വന്തമായി വെബ്‌സൈറ്റ് ഉള്ള ഈ കാലഘട്ടത്തില്‍ നമ്മുടെ സാമുദായസംഘടന കോട്ടയം അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഒരു കോണില്‍ (ഇത് കുറിക്കുന്ന സമയത്ത്) അനാഥനെ പോലെ കിടക്കുന്നു. ''വിധിമഹിമയലഘംനീയമാണെന്നതിദയനീയമുരച്ചീടുന്നവണ്ണം!'' അവിടെ നോക്കിയാല്‍ കാലാവധി പൂര്‍ത്തിയാക്കാറാകുന്ന പ്രൊഫ. ജോയി മുപ്രാപ്പള്ളി എന്ന ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേര് പോലും കാണാനില്ല. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായി നെറ്റില്‍ സേര്‍ച്ച് ചെയ്തു ഈ സൈറ്റില്‍ എത്തുന്നവര്‍ ധരിക്കുന്നത് പ്രൊഫസര്‍ ബേബി കാനാട്ട് ആണ് സംഘടനയുടെ ഇപ്പോഴത്ത പ്രസിഡന്റ് എന്നാണ്.
കൈവരിച്ച നേട്ടങ്ങളില്‍ എടുത്തു പറയാവുന്നത് കൊടുങ്ങല്ലൂരില്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി, അവിടെ ഒരു കെട്ടിടം വച്ചു എന്നതാണ്. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ക്‌നാനായ യാക്കോബായ സഹോദരങ്ങള്‍ വാങ്ങിയത് അമ്പതു സെന്റ് സ്ഥലവും. നമ്മുടെ ആകെയുള്ള അഞ്ചു സെന്റാകട്ടെ അരമനയ്ക്ക് അടിയറവയ്ക്കാനാണ് പോകുന്നു എന്നും കേള്‍ക്കുന്നു.
വലിയ വലിയ പദ്ധതികളെക്കുറിച്ച് കാലാകാലങ്ങളിലെ ഭാരവാഹികള്‍ ഘോരംഘോരം വീമ്പിളക്കാറുണ്ടെങ്കിലും ഇതുവരെ ഒരു ആശാന്‍കളരി പോലും നമ്മുടെ പ്രിയപ്പെട്ട, ലോകമെമ്പാടുമുള്ള ക്‌നാനായ സംഘടനകളുടെ മാതൃസംഘടയായ, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു തുടങ്ങാന്‍ സാധിച്ചിട്ടില്ല. വരുംകാലങ്ങളിലും നമ്മള്‍ പതിവുപോലെ ക്‌നാനായ ബാങ്ക്, ക്‌നാനായ സര്‍വകലാശാല, ക്‌നാനായ വൃദ്ധസദനങ്ങള്‍, ക്‌നാനായ സമുച്ചയങ്ങള്‍, ക്‌നാനായ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ എന്നൊക്കെ പറയുന്നത് കേള്‍ക്കേണ്ടി വന്നേക്കാം. അതൊന്നും വിശ്വസിക്കാതിരിക്കുക.
വാഷിംഗ്ടന്‍ ഇര്‍വിംഗിന്റെ കഥാപാത്രമായ റിപ്പ് വാന്‍വിങ്കിള്‍ വെറും ഇരുപതു വര്‍ഷമാണ് ഉറങ്ങിയത്. നമ്മുടെ സംഘടനയാകട്ടെ 1944 മുതല്‍ സുഖനിദ്രയിലാണ്.
കേരളത്തിലെങ്കിലും കത്തോലിക്കാസഭയിലെ അത്മായസംഘടനകളൊന്നും തന്നെ ആരോഗ്യപരിപാലനരംഗത്തോ, വിദ്യാഭ്യാസമേഖലയിലോ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്താറില്ല. എന്നാല്‍ നമ്മുടെ രൂപതയില്‍ അധികം അറിയപ്പെടാത്ത ഒരു തിളക്കമാര്‍ന്ന അപവാദമുണ്ട് - പേരൂര്‍ ഇടവകയിലെ സെന്റ് സെബാസ്റ്റ്യന്‍ പബ്ലിക് സ്‌കൂള്‍.
1917 മുതല്‍ പേരൂര്‍ ഇടവകയില്‍ മാസയോഗം എന്ന പേരില്‍ ഒരു പ്രസ്ഥാനം സജീവമായി നടന്നുവരുന്നുണ്ടായിരുന്നു. 1949 മുതല്‍ ഈ ഇടവകയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന യു. പി. സ്‌കൂള്‍, ഹൈസ്‌കൂളാക്കണം എന്ന ഇടവകക്കാരുടെ ആവശ്യത്തിനു സഭാധികൃതര്‍ ചെവിക്കൊടുത്തില്ല. കൂടുതല്‍ യാചിക്കാന്‍ നില്‍ക്കാതെ പേരൂര്‍ മാസയോഗം കുരിരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ ഒരു മെഴുകുതിരി കൊളുത്തുന്നതാണ് നല്ലതെന്ന ആപത്‌വാക്യത്തെ മാനിച്ച് 2003-ല്‍ സ്വന്തമായി എല്‍.കെ.ജി. മുതല്‍ ആറാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. സിലബസില്‍ ഒരു അണ്‍-എയ്ഡഡ് സൂക്ള്‍ ആരംഭിച്ചു. അരമനയുടെയും, മെത്രാന്റെയും, കര്‍ദിനാളിന്റെയും ഒന്നും സഹായമില്ലാതെതന്നെ ഇവര്‍ സിബിഎസ്.ഇ. യുടെ വേണ്ട എല്ലാ അനുവാദവും നേടിയെടുത്തു. ആ സരസ്വതിക്ഷേത്രം ഇതിനോടകം മൂന്നു പ്രാവശ്യം കുട്ടികളെ പത്താംക്ലാസ് പരീക്ഷയ്ക്കിരുത്തി. മൂന്നു തവണയും നൂറുമേനി വിളയിച്ചു. ഈ വര്‍ഷം ആദ്യബാച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിരിക്കുന്നു.
നിയമത്തിന് ഒരു പൈസ പോലും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങാത്ത ഈ വിദ്യാലയം ലാഭകരമായാണ് നടന്നുപോകുന്നതത്രേ.
ഇടയ്ക്കാട്ടു ഫെറോനയുടെ കീഴില്‍ ഈ കുഞ്ഞു ഇടവകയ്ക്ക് ഇത്രയുമൊക്കെ സാധിക്കാമെങ്കില്‍ നമ്മുടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു എന്തൊക്കെ സാധിക്കുമായിരുന്നു.
നട്ടെല്ലുള്ള നേതാക്കന്മാര്‍ നമുക്കുണ്ടായിരുന്നെങ്കില്‍.
അലക്‌സ് കണിയാംപറമ്പില്‍
alexkaniamparambil@gmail.com
(2012 നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment