Wednesday, November 14, 2012

നമുക്ക് ഒരു ക്നാനായ പോപ്പ് വേണം


ന്യൂയോര്‍ക്കിലെ ഒരു ക്നാനായ കാത്തോലിക് മിഷനില്‍ പുറത്തുനിന്നു വിവാഹം കഴിച്ചവര്‍ക്ക് അംഗത്വം കൊടുക്കേണ്ടതില്ലായെന്നു പാസ്സാക്കിയ ഒരു പ്രമേയം ബ്ലോഗിലൂടെ വന്നതിന്റെ പ്രതികരണങ്ങള്‍ ഏറെ കാണുവാന്‍ ഇടയായി. ആശയങ്ങളെ ആശയങ്ങളുമായി നേരിടാന്‍ കഴിയാത്ത നമ്മുടെ ചില സഹോദരങ്ങള്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞനം കുത്തുന്ന രീതിയില്‍ വ്യക്തിപരമായി ആക്ഷേപിക്കുന്നതും ആഭാസം പറയുന്നതും അല്പത്തരമാണ്. പരസ്പരം ചെളി വാരിയെറിഞ്ഞാല്‍ നാറുന്നത് നമ്മുടെ രക്തശുദ്ധി തന്നെ.ആയിരിക്കും. ഈ പശ്ചാത്തലത്തിലാണ് നമുക്ക് ഒരു ക്നാനായ പോപ്പ് വേണം എന്ന ആശയം എന്റെ മനസ്സില്‍ തോന്നിയത്. അതുകൊണ്ടാണ് ഈ കുറിപ്പ്‌ എഴുതുന്നത്‌.

ഒരു നൂറ്റാണ്ടിലേറെയായി സീറോ-മലബാര്‍ സഭയുടെ കീഴില്‍ കഴിയുന്ന നമുക്ക് എന്നും അവഗണനയും അവഹേളനവുമാണെന്ന് പറയുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അതുകൊണ്ടുതന്നെയാണല്ലോ നമ്മള്‍ കൂടെക്കൂടെ മെമ്മോറാണ്ടങ്ങളും പ്രമേയങ്ങളും തയ്യാറാക്കുന്നത്. കണ്ണൂര്‍  ഒരു രൂപത ലഭിക്കുന്നതിനു വേണ്ടിയും കോട്ടയംരൂപതയെ അതിരൂപത ആക്കുന്നതിനുവേണ്ടിയും ഉള്ള നമ്മുടെ അഭ്യര്‍ത്ഥന വര്‍ഷങ്ങളോളം നീണ്ടുനിന്നു. അവസാനം കുന്നശ്ശേരി മെത്രാന്‍ മരിക്കുന്നതിനു മുന്‍പ് ആര്‍ച് ബിഷപ്പ് ആകണമെന്നുള്ള മോഹം നിരന്തരമായ കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലിനോടുള്ള അഭ്യര്‍ത്ഥന പരിഗണിച്ചു സിനഡിന്റെ ഭൂരിപക്ഷമില്ലാതിരിന്നിട്ടും കുന്നശ്ശേരിയോടുള്ള തന്റെ ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ കോട്ടയം രൂപതയ്ക്ക് സാമന്തരൂപതകളില്ലാതെ അതിരൂപതയാക്കിയതാണെന്നു വര്‍ക്കി പിതാവ് തന്നെ പറഞ്ഞിട്ടുള്ളതായി “കാനാ” എന്ന സംഘടനയുടെ ഒരു സര്‍ക്കുലറില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു.

നമുക്ക് സ്വന്തമായി ഒരു സൂയി ജൂറിസ്(Sui Juris) സഭ വേണമെന്ന ആവശ്യം പറഞ്ഞ് റോമിലേയ്ക്ക് ഒരു നിവേദനം നല്‍കുന്നുവെന്ന് പറഞ്ഞുകേട്ടിരിന്നു. എന്നാല്‍ സീറോ-മലബാറിനെക്കാള്‍ വലിയ “ഹീറോ” ആണ് റോമിലുള്ളത്. ജോണ്പോള്‍ രണ്ടാമന്റെ അവസാനകാലത്ത് കോട്ടയം രൂപതയെപറ്റി പഠിച്ചു റിപ്പോര്‍ട്ട്‌ നല്‍കുന്നതിനുവേണ്ടി രണ്ടംഗ കമ്മീഷനെ നിയമിച്ചിരുന്നു. ജോണ്പോള്‍ രണ്ടാമന്‍ മരിക്കുന്നതിനു ഏതാനും നാളുകള്‍ക്കു മുമ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുകയുണ്ടായി. കോട്ടയം രൂപതയെ അബോളിഷ്‌ ചെയ്യണമെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ഈ വാര്‍ത്ത നമ്മുടെ ബഹുമാനപ്പെട്ട വികാരി ജനറാല്‍ ഫാ. മുത്തോലം തന്നെ കാലിഫോര്‍ണിയായില്‍ വച്ച് പറഞ്ഞപ്പോഴാണ് ആ വസ്തുത ഞാന്‍ ആദ്യമായി കേട്ടത്. പിന്നീട് ഇതേക്കുറിച്ച് സീറോ-മലബാര്‍ സിനഡിന്റെ നിലപാട് വ്യക്തമാക്കാന്‍ റോം നിര്‍ദ്ദേശിച്ചെങ്കിലും നാളിതുവരെ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ റോമില്‍ നിന്നും എന്‍ഡോഗമസ് ആയിട്ടുള്ള ഒരു സ്വതന്ത്ര ക്നാനായ കത്തോലിക്കാസഭയ്ക്ക് അനുവാദം കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതേണ്ട.

അതുകൊണ്ട് നാം എന്തിനു ഈ ഇവരുടെയൊക്കെ കീഴില്‍ കഴിയണം? നമുക്കെന്തുകൊണ്ട് ഒരു സ്വതന്ത്ര ക്നാനായ സഭയായി പ്രഖ്യാപിച്ചു കുന്നശ്ശേരിയെ ക്നാനായ പോപ്പാക്കിക്കൂടാ? ഇത്തരത്തില്‍ എത്രയോ സ്വതന്ത്രസഭകള്‍ ലോകത്തെമ്പാടുമുണ്ട്. കത്തോലിക്കാ എന്ന പേര് നാം എന്തിനു ചേര്‍ക്കണം? ആ പേര് ചേര്‍ത്ത് അവരുടെ കീഴില്‍ കഴിയുകയെന്നതുതന്നെ നമുക്ക് അവഹേളനമാണ്. നമുക്ക് നമ്മളുടേതായ സ്വതന്ത്ര ക്നാനായസഭ ആയാല്‍ ആവശ്യാനുസരണം രൂപതകള്‍ സ്ഥാപിച്ച് മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും ആക്കാമല്ലോ. അങ്ങനെ നമ്മുടെ സമുദായത്തെ തളര്‍ച്ചയില്‍ നിന്ന് വളര്ച്ചയിലേയ്ക്ക് കൊണ്ടുവരുവാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ നമുക്ക് തനിമയുള്ള പുണ്യവാളന്മാരും പുണ്യവതികളും ഇല്ലായെന്നുള്ള കുറവ് നികത്തുകയും ചെയ്യാം. ഇപ്പോള്‍ തന്നെ പൂതത്തിലച്ചന് വേണ്ടിയും മാക്കീല്‍ പിതാവിന് വേണ്ടിയും പ്രാര്‍ഥിക്കുന്നുണ്ടല്ലോ. അവരെയും അഭയാ കേസിന്റെ ഭാഗമായി മാനസികപീഡനങ്ങള്‍ സഹിച്ചുകഴിയുന്ന സമുദായസ്നേഹികളായ സന്ന്യസ്തവേഷധാരികളെയും ഭാവിയില്‍ സഹനദാസരായി പ്രഖ്യാപിച്ചു ആരുടേയും ശുപാര്‍ശ കൂടാതെ രൂപക്കൂട്ടിലാക്കുകയും ചെയ്യാം. ആയതിലേയ്ക്ക് നമ്മുടെ സമുദായനേതൃത്വവും സമുദായംഗങ്ങളും ഉണര്‍ന്നുചിന്തിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്യുക. അല്ലാതെ പത്രോസിന്റെ പാറയില്‍ സ്ഥാപിതമായ കത്തോലിക്കാപള്ളിയില്‍ തങ്ങളുടെ ഇഷ്ടതിനൊത്ത് കളിക്കാന്‍ പ്രമേയം പാസാക്കിയത് കൊണ്ട് പത്രോസിന്റെ പാറ കുലുങ്ങുകയില്ല.

ജോയി (Illinois)

No comments:

Post a Comment