ചിക്കാഗോയില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജോര്‍ജ് തോട്ടപ്പുറത്തിന്റെ ടീം വിജയിച്ചു.
അമേരിക്കന്‍ പ്രെസിഡെന്ഷ്യല്‍ തെരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കികൊണ്ടായിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങളായി ഈ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണം. പ്രചാരണശൈലി കണ്ടവരൊക്കെ ക്നാനായസമുദായത്തില്‍ തന്നെയാണോ ഇത് നടക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടാവണം. നൂറില്‍ തൊണ്ണൂറു പേരും പരസ്പരം ബന്ധമുള്ളവര്‍, നൂറില്‍ നൂറുപേരും അടുത്തറിയാവുന്നവര്‍. അവരുടെ ഒരു തെരഞ്ഞെടുപ്പിലാണ് ഇത്രയേറെ ചെളി വാരിയെറിയപ്പെട്ടത്. അതും മുഖ്യമായും രണ്ടു ബ്ലോഗുകളിലൂടെ. അതിലൊരു ബ്ലോഗ് നമ്മുടെ സ്വന്തം വൈദികപ്രമുഖന്റെ ആണെന്ന് കൊച്ചുകുട്ടികള്‍ക്കും അറിയാവുന്നതുമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അടുത്തുകൂടെ പോകുന്നവരെയെല്ലാം ഇമെയില്‍ കൃമികള്‍ എന്ന് മുമ്പൊരിക്കല്‍ വിളിച്ച ദ്ദേഹമാണ് ഇതിന്റെ പിന്നിലുണ്ടായിരുന്ന ആ വൈദികപ്രമുഖന്‍.
![]() |
വിജയികള്‍ |
ജനാധിപത്യം പരിഷ്കൃതലോകത്ത് മാത്രമേ വേര് പിടിച്ചിട്ടുള്ളൂ. ആ ലോകത്താകട്ടെ, മറ്റൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും തയ്യാറല്ല. ജനാതിപത്യത്തില്‍, ഭിന്നാഭിപ്രായമുള്ളവരെ വിരുദ്ധര്‍ എന്നല്ല, പ്രതിപക്ഷം എന്നാണു വിളിക്കാറ്. ജനാധിപത്യത്തില്‍ മാത്രമേ “പ്രതിപക്ഷബഹുമാനം” എന്ന സങ്കല്പ്പമുള്ളൂ. വി.എസ്. അച്യുതാനന്ദന്‍ ഹിറ്റ്ലറുടെ കാലത്തായിരുന്നെങ്കില്‍ ഗ്യാസ്‌ചേമ്പറില്‍ കിടന്ന് പിടഞ്ഞു മരിക്കുമായിരുന്നു. കേരളം പോലൊരു പരിഷ്കൃതലോകത്ത് അദ്ദേഹം കാബിനറ്റ് റാങ്കുള്ള സമാരാധ്യനാണ്.
ഈ സംസ്ക്കാരം ഇക്കാലഘട്ടത്തിലും നമ്മുടെ പുരോഹിതവര്‍ഗത്തിന് അന്യമാണ്. വിഭിന്നമായ ഒരു അഭിപ്രായം അവര്‍ക്ക് വച്ചുപൊറുപ്പിക്കാന്‍ കഴിയുന്നില്ല. ക്നാനായ മിഷനുകളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു തിരുത്തല്‍ശക്തിയായി അല്മായസംഘടനകളും സൊസൈറ്റിയുടെ കുറവുകള്‍ പരിഹരിക്കുന്ന ശക്തിയായി മിഷനുകളും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സമുദായം ശക്തി പ്രാപിക്കുന്നത്. കെസിസിഎന്‍എയുടെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ആ സംഘടന ക്നാനായമിഷനുകളുമായി സഹകരിച്ചാണ് പോയിട്ടുള്ളത്. സഭാധികാരികള്‍ക്കു മുന്‍പില്‍ ജനവികാരം കൊണ്ടെത്തിക്കുക എന്ന മഹത്തായ കര്‍മ്മമാണ് ആ സംഘടന നിറവേറ്റിയിട്ടുള്ളത്. അതിനായി, കാലാകാലങ്ങളില്‍ വൈദികര്‍ കാണിക്കുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അവര്‍ വൈദികന് പകരം കയറി വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍, എത്രയോ കാലമായി മിഷനുകള്‍ സൊസൈറ്റികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു!
അതിന്റെ പരിണിതഫലമായി പലയിടത്തും ജനങള്‍ക്ക് ക്നാനായ സംഘടനാപ്രവര്‍ത്തനം തന്നെ മടുത്തിരിക്കുകയാണ്. പല നഗരങ്ങളിലും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റിയ ആളെ കിട്ടുന്നില്ല. വാശിയേറിയ മല്‍സരങ്ങള്‍ നടന്നത് പ്രധാനമായും ഹൂസ്റ്റണിലും ചികാഗോയിലുമാണ്. രണ്ടിടത്തും മല്‍സരം ഇങ്ങനെയായിരുന്നു – ജനപ്രിയന്‍ Vs. അച്ചന്‍കക്ഷി.
ഹൂസ്റ്റണിലും ചിക്കാഗോയിലും അച്ചന്കക്ഷി ഏഴു നിലയില്‍ പൊട്ടിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ്കാലത്തുണ്ടായ ആവേശത്തില്‍ ജോസ് കണിയാലിയും അദ്ദേഹത്തിന്റെ കൂട്ടരും കണ്ടമാനം ചീത്തവിളിക്കപ്പെടുകയുണ്ടായി. ക്നാനായസമുദായത്തില്‍ ഇത്ര വലിയ പ്രതിച്ഛായ ഉള്ള അദ്ദേഹം ഇത്തരം ഒരു മത്സരത്തില്‍ പങ്കെടുത്തതിലെ വിവേകമില്ലായ്മ പല നിഷ്പക്ഷമതികളും ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനെ നമ്മുടെ ക്നാനായ വിജിയുടെ രാഷ്ട്രീയകളികളുടെ ഭാഗമായേ കാണാന്‍ സാധിക്കൂ.
"രാഷ്ട്രീയമുത്തു"വും "കപ്യാര്‍മെത്രാനും" വല്ലപ്പോഴും ഒരിക്കല്‍ തിരിഞ്ഞു നിന്ന് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വിചിന്തനം ചെയ്യണം. ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് എത്രനാള്‍ തങ്ങള്‍ക്കു ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കും എന്ന് സ്വയം ചോദിക്കുക.
പഴയ നിയമത്തിലെ സാംസണ്‍ എന്ന ശെമയ്യോന്റെ അന്ത്യം പ്രസിദ്ധമാണല്ലോ. തന്നെ പിടിച്ചുകെട്ടിയിരുന്ന തൂണില്‍ പിടിച്ചുകുലുക്കി. ക്ഷേത്രം ഇടിഞ്ഞു വീണു. രാജാവും തടിച്ചുകൂടിയിരുന്ന ജനവും ശെമയ്യോനും എല്ലാം നിമിഷനേരം കൊണ്ട് മരിച്ചുവീണു. അത്തരം സര്‍വ്വനാശത്തിലേയ്ക്കാണ് നമ്മുടെ സഭാനേതൃത്വം ക്നാനായസമുദായത്തെ കൊണ്ടുപോകുന്നത്.
ഇവര്‍ക്ക് കടമ്മനിട്ടയുടെ പ്രസിദ്ധമായ ഈ വാക്കുകള്‍ തുണയാകട്ടെ:
കണ്ണ് വേണമിരുപുറമെപ്പോഴും
കണ്ണ് വേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്വലിക്കുമുള്‍
ക്കണ്ണ്‍ വേണമണയാത്ത കണ്ണ്.
മത്സരിച്ചവര്‍ക്ക് - ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും – ഈ തെരഞ്ഞെടുപ്പ് ഉളവാക്കിയ കയ്പ്പ് മറന്നു സൗഹാര്‍ദ്ദത്തില്‍ മുന്നോട്ടു പോകുവാനുള്ള വിവേകം സര്‍വേശ്വരന്‍ നല്‍കട്ടെ.
No comments:
Post a Comment