Wednesday, November 28, 2012

തുടരുന്ന വിജയാഹ്ളാദം....

ചിക്കാഗോയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് അവിടെ വിജയാഹ്ലാദം തുടരുകയാണ്. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കുമെങ്കിലും, പരാജയം ആരും ആഘോഷിക്കാറില്ല. ആ നിലയ്ക്ക്, വിജയം ആഘോഷിക്കപ്പെടട്ടെ.....

എന്നാല്‍, ഒരു സംശയം ബാക്കിയാവുന്നു – എന്താണിത്ര ആഘോഷിക്കാന്‍?

ജോസ് കണിയാലി പരാജയപ്പെട്ടു. എന്താണ് അതിന്റെ ഭവിഷ്യത്ത്? അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയോ, ഔദ്യോഗികജീവിതതെയോ, ആദ്ദേഹത്തിന്റെ മുഖ്യമേഖലയായ മാധ്യമരംഗത്തെയോ ഈ പരാജയം ഒരുതരത്തിലും ബാധിക്കുന്നില്ല. ചിക്കാഗോയിലെയോ, ലോകത്തിന്റെ മറ്റെവിടെയെങ്കിലുമുള്ള ക്നാനയക്കാരന്റെ ജീവിതത്തെയും ഈ തെരഞ്ഞെടുപ്പ്ഫലം ബാധിക്കുന്നില്ല.

വിജയിച്ചത് ജോര്‍ജ് തോട്ടപ്പുറമാണ്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വരെ രണ്ടുപേരും ആത്മമിത്രങ്ങളായിരുന്നു. രണ്ടുപേരും ഒരേ കാലഘട്ടത്തില്‍ കെസിവൈഎല്‍ എന്ന സംഘടനയിലൂടെ വളര്‍ന്നുവന്നവര്‍. ഒരുമിച്ചു പള്ളിമേടകളും അരമനകളും നിരങ്ങിനടന്നവര്‍. ആശയപരമായി ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസം?

ജോര്‍ജ് തോട്ടപ്പുറം ജയിച്ചതോടെ, അമേരിക്കയിലെ പുരോഹിതവര്‍ഗം തലയ്ക്കു അടികിട്ടിയ പാമ്പിനെപോലെ ചേതനയറ്റു കിടക്കുമെന്ന് കരുതിയവര്‍ വികാരി ജനറാളിന്റെ ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് പ്രകടനം ശ്രദ്ധിക്കുക. പുരോഹിതവര്‍ഗം പത്തിവിടര്ത്തിനിന്ന് ഇപ്പോഴും ആടുന്നു. എതിര്ത്തൊരു വാക്ക് പറയാന്‍ ന്യൂയോര്‍ക്കിലെ വീരശൂരന്മാരില്‍ ഒരാള്‍ക്ക്‌ പോലും സാധിച്ചില്ല.

ആ നിലയ്ക്ക് ഇന്നലെവരെ മുത്തോലത്തച്ചന്റെ വാലാട്ടിയായി നടന്ന ഒരാള്‍ പൌരോഹിത്യഹുങ്കിനെതിരെ വിരല്‍ ചൂണ്ടുമെന്നു ധരിക്കുന്നവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

ചിക്കാഗോയില്‍ ഒരാള്‍പൊക്കമുള്ള നിലവിളക്ക് പതിവ് പോലെ എല്ലാ വാരാന്ത്യങ്ങളിലും – മതപരമോ സംഘടനാപരമോ ആയ എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ - തെളിക്കപ്പെടും. ക്യാമറഫ്ലാഷുകള്‍ മിന്നുമ്പോള്‍ വിളക്കു കത്തിക്കുന്ന പുരോഹിതന്റെ ഇരുവശത്തും കൈയടിച്ചു നിന്നുകൊണ്ട് പുതിയ നേതാക്കള്‍ അവരുടെ ദന്തനിര പ്രധര്ശിപ്പിച്ച് വിവിധ ഇലക്ട്രോണിക്, പ്രിന്റ്‌ മാധ്യമങ്ങളില്‍ തങ്ങളുടെ പടം വരുന്നതോര്‍ത്തു നിര്‍വൃതികൊള്ളും.
                  
അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ചിക്കാഗോയിലെ ക്നാനയക്കാരാ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശീലിക്കുക.

No comments:

Post a Comment