Sunday, November 11, 2012

ജര്മ്മനിയില്‍ പണം പിരിക്കാനാവശ്യപ്പെട്ടു മാര്‍ ആലഞ്ചേരിയുടെ കത്ത്

കേരളത്തില കത്തോലിക്കാസഭയില്‍ കപ്യാര്‍ മുതല്‍ കര്‍ദ്ദിനാള്‍ വരെയുള്ളവരുടെ മുഖ്യചുമതല നാനാവിധത്തിലുള്ള പണപിരിവുകള്‍ക്ക് നേതൃത്വം കൊടുക്കുക എന്നതാണ്. കാലാകാലങ്ങളില്‍ അവര്‍ അതിനായി എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തും. സീറോ മലബാര്‍ സഭയിലെ കുറെ അംഗങ്ങള്‍ ഏതാണ്ട് നാല്പതു വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഉണ്ടെങ്കിലും സീറോ മലബാറിന്‍ ഇതുവരെ അവിടെ ഒരു ഇടം ലഭിച്ചിട്ടില്ല. എന്നിരുന്നാലും അവിടെയുള്ള വിശ്വാസികളുടെ കീശയില്‍ നിന്ന് സഭാമേലധികാരികള്‍ക്ക് കണ്ണെടുക്കാന്‍ സാധിക്കില്ല. ശ്രേഷ്ഠമെത്രാപ്പോലീത്താ എന്ന നിലയില്‍ മാര്‍ ആലഞ്ചേരിയും, 'അത്മായക്കമ്മീഷ'ന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ അറയ്ക്കലും കുറെ നാളുകളായി ഉലകംചുറ്റി പണപ്പിരിവ് നടത്തിവരുന്നു.

മാര്‍ ആലഞ്ചേരി, ജര്‍മ്മനിയിലുള്ള ടോമി ഞാറപ്പറമ്പിലിന് പണം സ്വരൂപിക്കാനാവശ്യപ്പെട്ടു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14-നു എഴുതിയ കത്താണ് ചുവടെ കൊടുക്കുന്നത്. പതിവിനു വിപരീതമായി. പാവങ്ങളെ ഉദ്ധരിക്കലാണ് പദ്ധതി എന്ന് ഇതില്‍ പറയുന്നില്ല. അത്രയും നല്ലത്!

സത്യജ്വാല എന്ന പ്രസിദ്ധീകരണത്തിന്റെ ഒക്‌ടോബര്‍ ലക്കത്തിലൂടെ വെളിച്ചം കണ്ടത്. കത്തിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഇവിടെ ഒഴിവാക്കിയിരിക്കുന്നു.
പത്രാധിപര്‍
പ്രിയ ടോമീ,

സീറോ-മലബാര്‍ സഭയ്ക്കുവേണ്ടി റോമില്‍ ഒരു കാര്യാലയം വാങ്ങുന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞിരിന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? അതിനായി ഒരു വലിയ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇതേപ്പറ്റി ഫ്രാങ്ക്ഫുര്‍ട്ടിലും ഗ്രോസ്‌ഗെറാവുവിലുമുള്ള സുഹൃത്തുക്കളോട് സംസാരിച്ച് സംഭാവനകള്‍ സ്വരുമിപ്പിക്കണം. അങ്ങനെയെങ്കില്‍ ഞാന്‍ അവിടെയത്തുമ്പോള്‍ ആ തുക എനിക്ക് റോമിലേയ്ക്ക് കൊണ്ടുപോകാമല്ലോ.

സീറോ മലബാര്‍ സഭയ്ക്കുവേണ്ടി വത്തിക്കാനില്‍ ഇപ്പോഴുള്ള കാര്യസ്ഥന്‍ (Procurator) റവ. ഫാ.  സ്റ്റീഫന്‍ ചിറപ്പണത്ത് ആണ്. പക്ഷേ, കൊള്ളാവുന്ന ഒരു കാര്യാലയം അവിടെ നമുക്കില്ല. പ്രൊക്യൂറേറ്റര്‍  ഇപ്പോള്‍ താമസിക്കുന്നത് അവിടുത്തെ സിസ്റ്റേര്‍സ്യന്‍ ആശ്രമത്തിന്റെ മച്ചിലുള്ള ഒരു ചെറിയ മുറിയിലാണ്. പൗരസ്ത്യ സഭകളില്‍വച്ച് വലിപ്പത്തില്‍ രണ്ടാമത്തേതായ സീറോ-മലബാര്‍ സഭകളുടെ പ്രൊക്യൂറേറ്ററുടെ പ്രാധാന്യത്തിനും സ്ഥാനത്തിനും ഒട്ടും ചേര്‍ന്നതല്ല അത്. പരിശുദ്ധ പിതാവിനും വത്തിക്കാനിലെ വിവിധ മേലധികാരികള്‍ക്കും മുമ്പില്‍ നമ്മുടെ സഭയെയും അതിന്റെ ശ്രേഷ്ഠ മെത്രാപ്പോലീത്തായെയും പ്രതിനിധീകരിക്കുന്നതും റോമിലെന്നപോലെ യൂറോപ്പിലും നമ്മുടെ സഭയുടെ കാര്യങ്ങള്‍ നടത്തികൊണ്ടുപോകുന്നതും അദ്ദേഹമാണ്.

ദൈവകൃപയാല്‍, ഫാ. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ ശ്രമഫലമായി, വത്തിക്കാനില്‍ നിന്ന് അധികം ദൂരത്തല്ലാതെ, സുന്ദരമായ ഒരു സ്ഥലത്ത് (4600 ച. മീറ്റര്‍) എല്ലാ സൗകര്യങ്ങളുമുള്ള ഒന്നാന്തരം ഒരു കെട്ടിടം (350 ച. മീറ്റര്‍) കണ്ടുവച്ചിട്ടുണ്ട്. ന്യായമായ വിലയേ ആകൂ- 1,975,000/- യൂറോ. അതായത്, ഏതാണ്ട് 12,83,00,000 രൂപാ. ബസീല്യന്‍ അച്ചന്മാര്‍ അവരുടെ സെമിനാരിയായി നിര്‍മ്മിച്ചതാണിത്. നന്നായി സജ്ജീകരിച്ച പന്ത്രണ്ടു മുറികളും, പൗരസ്ത്യ രീതിയിലുള്ള മദ്ബഹായോടുകൂടിയ ഒരു കപ്പേളയും, ഒരു വലിയ ഹാളും ചുറ്റും ആവശ്യത്തിനു സ്ഥലവും, ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടനുമുള്ള ഒരു സൗധം ഇപ്പോള്‍ 'വിശ്വാസത്തിന്റെ മിഷനറിമാര്‍' എന്ന റോമന്‍ സന്യാസഭയുടെ അധീനതയിലാണ്. വാങ്ങിക്കഴിഞ്ഞാല്‍, ഇത് സീറോ-മലബാര്‍ സഭയുടെ കാര്യാലയം, സീറോ മലബാര്‍ സഭയുടെ റോമിലുള്ള ഇടവകയുടെ പാസ്റ്ററല്‍ സെന്റര്‍, പ്രത്യേയികിച്ച് റോമില്‍ പഠിക്കുന്ന നമ്മുടെ വൈദികര്‍, കന്യാസ്ത്രീകള്‍, സഹോദരന്മാര്‍ എന്നിവര്‍ക്ക് ഒരാസ്ഥാനം എന്നിവ ആയിത്തീരും. ഇതിനെല്ലാം പുറമേ ഇത് ഇറ്റലിയിലുള്ള വിശ്വാസികളുടെ പന്ത്രണ്ടോളം വരുന്ന കേന്ദ്രങ്ങള്‍ക്കും യൂറോപ്പിലെ എല്ലാ വിശ്വാസിക്കൂട്ടായ്മകള്‍ക്കുംവേണ്ടിയുള്ള ദേശീയ ഏകോപനകേന്ദ്രവും കൂടിയായിരിക്കും.

ഇതിന്റെ വില ഡോളറിലോ യൂറോയിലോ കൊടുക്കേണ്ടതുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഇത്രയും തുക പുറത്തു കൊണ്ടു പോകാന്‍ നിയമമനുവദിക്കാത്തതിനാല്‍, ഈ തുക പുറത്തുനിന്നുതന്നെ സംഭാവനകളായി സംഭരിച്ച് ഒരു വിദേശബാങ്കില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അതിനായി രണ്ട് അക്കൗണ്ടുകള്‍ വത്തിക്കാന്‍ ബാങ്കില്‍ നാം തുറന്നിട്ടുണ്ട്.

സ്‌നേഹപൂര്‍വ്വം

+ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോ-മലബാര്‍ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലീത്താ

(നവംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ നിന്ന്)

No comments:

Post a Comment