സീറോ സഭയുടെ സീറോ സഹകരണം
കോട്ടയം അരമനയില്‍ ഒരു വര്ഷം എത്തുന്നതിന്റെ പതിന്മടങ്ങ് കത്തുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു ദിവസം എത്തുന്നുണ്ടാവണം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന എല്ലാ കത്തുകള്‍ക്കും പ്രധാനമന്ത്രി നേരിട്ടല്ലെങ്കില്‍പോലും മറുപടി അയക്കും. കത്തുകളുടെ പ്രാധാന്യം നോക്കിയല്ല മറുപടി അയക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സംസ്ക്കാരത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും ജനാധിപത്യത്തിന്റെയും ഒക്കെ മര്യാദയുടെ ലക്ഷണമാണത്. എന്നാല്‍ കോട്ടയം അരമനയിലേയ്ക്ക് (അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും മറ്റൊരു കത്തോലിക്കാ അരമനയിലേയ്ക്ക്) എന്തെങ്കിലും അത്യാവശ്യം പറഞ്ഞു വളരെ ഗൌരവസ്വഭാവത്തിലുള്ള ഒരു കത്ത് അയച്ചു നോക്കൂ – മറുപടി ഉണ്ടാവുകയില്ല എന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്താം.
കേരളത്തിലെ ഇന്നത്തെ ഒരു മെത്രാപ്പോലീത്തയെ പഠിപ്പിച്ചിരുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. അദ്ദേഹം ആ സ്ഥാനത്തെത്തിക്കഴിഞ്ഞപ്പോള്‍, തുടക്കത്തിലേ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ (പാളിച്ചകള്‍ ഇന്നും തുടരുന്നൂ...) കണ്ടു വേദനിച്ച ഗുരുനാഥന്‍ രണ്ടു പ്രാവശ്യം, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തുകള്‍ എഴുതി. മറുപടി പോയിട്ട് ഒരു acknowledgement പോലും നല്കിയില്ല. അതിനു ശേഷം ഗുരുവും ശിഷ്യനും പലവട്ടം, പലയിടങ്ങളില്‍ വച്ച് നേരില്‍ കണ്ടു, ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ തിരുമനസ്സിനു മനസ്സുണ്ടായില്ല.
കാലിത്തൊഴുത്തില്‍ പിറന്നവന്റെ മുഖമുന്ദ്ര ലാളിത്യമായിരുന്നുവെങ്കില്‍ അരമനവാസികളുടെ മുഖമുന്ദ്ര അഹങ്കാരമാണ്. മെത്രാനും വൈദികനും എത്ര അഹങ്കാരിയാണോ, അത്രമാത്രം ബഹുമാനിക്കപ്പെടും എന്ന് സെമിനാരിയിലെ പഠനകാലത്ത് ഇവരോട് പറഞ്ഞു കൊടുക്കുന്നുണ്ട് എന്ന് വേണം ഇവരുടെ പ്രവര്‍ത്തനശൈലി കണ്ടാല്‍ വിശ്വസിക്കാന്‍. വല്യപ്പന്റെ പ്രായമുള്ളവരെ “എടാ, പോടാ” എന്ന് വിളിക്കുന്ന, ജനിപ്പിച്ച മാതാപിതാക്കള്‍ മുമ്പില്‍ മുട്ടുകുത്തുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന ഇവരുടെ മാതൃക യേശുനാഥനോ, ഔറംഗസേബോ?
![]() |
ഔറംഗസേബ് |
"ഞങ്ങള്‍ യജമാനന്മാര്‍ - നിങ്ങള്‍ ഞങ്ങളെ അനുസരിക്കേണ്ടവര്‍, ഞങ്ങളെ പഠിപ്പിക്കാന്‍, ഞങ്ങളോട് എന്തെങ്കിലും ചോദിക്കാന്‍, അല്പന്മാരെ, നിങ്ങള്‍ ആര്?" – ഇതാണ് ഭൂരിപക്ഷം വൈദികരുടെയും ഭാവം. മെത്രാന്മാരുടെ കാര്യം മറന്നേ കളയുക.
ഭാരത സര്‍ക്കാരിനു പോലും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ എന്നൊരു സംവിധാനം ഉണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, പൌരന്മാരുടെ സംശയങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കുക എന്നതൊക്കെയാണ് അതിന്റെ ലക്‌ഷ്യം. എന്നാല്‍, നമ്മുടെ കോട്ടയം അരമനയില്‍ നിന്ന് എന്തെങ്കിലും വിവരം അറിയണമെങ്കില്‍, ഒരു സാധാരണക്കാരന്‍ (എന്നു വച്ചാല്‍ സ്വന്തം കുടുംബത്തില്‍ വൈദികര്‍ ഇല്ലാത്ത ഒരു പാവം കുഞ്ഞാട്) ആരെ സമീപിക്കണം എന്ന ചോദ്യത്തിന് ഈ എഴുതുന്നയാളുടെ അറിവില്‍ യാതൊരു ഉത്തരവുമില്ല.
ഒരു ഉദാഹരണം. ഇന്നലെ ഒരു വെബ്സൈറ്റില്‍ ഒരു വാര്‍ത്ത വന്നു (അത് ക്നാനായ വിശേഷങ്ങളില്‍ പുനഃപ്രസധീകരണം ചെയ്തിട്ടുണ്ട്). വാര്‍ത്ത ഇതാണ്. ഒരു യുവമലയാളി കത്തോലിക്കാ വൈദികന്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം നടത്തുന്നു. ആ വാര്‍ത്തയില്‍ ഇന്നയിന്ന സ്ഥലങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഇതില്‍ കുടുങ്ങിയിരിക്കുന്നത് എന്ന് പറയുന്നുണ്ട്. ആ സ്ഥലങ്ങള്‍ എല്ലാംതന്നെ ക്നാനായ ഭൂരിപക്ഷമുള്ള സ്ഥലങ്ങളാണ്. ആ നിലയ്ക്ക് വിവാദത്തില്‍ പെട്ട വൈദികന്‍ ക്നാനയക്കാരനാണ് എന്ന് ആരും സംശയിച്ചു പോകും. ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ കോട്ടയം അരമനയെ സമീപിച്ചാല്‍ എന്തായിരിക്കും ഫലം?
അറിയാന്‍ താല്പര്യമുള്ളവര്‍ ശ്രമിച്ചു അവരുടെ അനുഭവം ഇവിടെ പങ്കു വയ്ക്കുക!
എന്താണ് ഇതിന്റെ പരിണിതഫലം? നല്ലവരായ പല വൈദികരും ഇക്കാര്യത്തില്‍ സംശയിക്കപ്പെടുന്നു.
പക്ഷെ നമ്മുടെ തിരുമേനിയുടെ വിചാരം, ദിസ് ഈസ് ദ വെയ് ടു ബി എ ബിഷപ്പ് എന്നാണു!
ഇതാണ് സഭാധികാരികള്‍ക്കു കത്തയച്ചാല്‍ ഉണ്ടാകുന്ന ഫലം. ജര്‍മ്മനിയിലും അമേരിക്കയിലും ഒക്കെ ജീവിച്ച ജയ്നി എന്ന പാവം പെണ്‍കുട്ടി ഉണ്ടോ ഇത് വല്ലതും അറിയുന്നു. ആ നിഷ്കളങ്ക, തറയ്ക്കലച്ചന്റെ ഇമെയില്‍ വായിച്ചു ഞെട്ടിത്തിരിഞ്ഞ് അങ്ങാടിയത് പിതാവിന് ഒരു കത്തയച്ചു – ആവശ്യം ഇതായിരുന്നു. ഒന്നുകില്‍ വിവാഹം നടത്താന്‍ അനുവാദം തരിക, അല്ലെങ്കില്‍ റീത്ത് മാറാന്‍ അനുവദിക്കുക. മറുപടി കാണാതെ വീണ്ടും കത്തെഴുതി. അമേരിക്കയിലാണെങ്കിലും സീറോയുടെ “തറവാടിത്തം” (അതോ തറത്തരമോ?) അങ്ങാടിയത്തിന് കാണിക്കാതിരിക്കാന്‍ സാധിക്കുമോ? അദ്ദേഹം കേരളത്തിലെ പിതാക്കന്മാരെപ്പോലെതന്നെ രണ്ടു കത്തുകളെയും നിഷ്ക്കരുണം അവഗണിച്ചു.
ഇതിനിടയില്‍ നമ്മുടെ ഹൂസ്റ്റണ്‍ വികാരി ഇല്ലിക്കുന്നച്ചനും പറഞ്ഞു,”മക്കളെ, വില്ലിയച്ചന്റെ മനസമ്മതം ഞങ്ങള്‍ക്ക് സമ്മതമല്ല.”
കല്ല്യാണദിനം അടുത്തടുത്ത് വരുന്നു. ളോഹയിട്ടവരുടെ പ്രശ്നമല്ലല്ലോ അതൊന്നും. ജോമോന്‍ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പള്ളിയിലെ വികാരി ഫാ. റെയ്നോള്‍ഡിനെ നേരില്‍ കണ്ടു വിവരമെല്ലാം ധരിപ്പിച്ചു. ജോമോന്‍ തന്റെ റീത്ത് മാറ്റി കിട്ടുന്നതിനു അപേക്ഷയും നല്‍കി. റീത്ത് മാറുന്നത് വളരെ കാലതാമാസമെടുക്കുന്ന പ്രക്രിയ ആണെന്ന് അദ്ദേഹം ജോമോനെ പറഞ്ഞു മനസ്സിലാക്കി. വിവാഹദിനത്തിനു മുമ്പ് അത് നടക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം ജോമോനെ ബോധ്യപ്പെടുത്തി. സഹായിക്കണമെന്ന് ആഗ്രഹം ഉള്ളതിനാലും, സീറോ പിതാക്കന്മാരുടെ അത്ര “തറവാടിത്തം” ഇല്ലാത്തതിനാലും, അദ്ദേഹം ചിക്കാഗോ അരമനയിലേയ്ക്ക് ഫോണ്‍ ചെയ്ത്, ഫാ; ആന്റണി തുണ്ടത്തില്‍ എന്ന ചിക്കാഗോ വികാരി ജനറാളുമായി സംസാരിച്ചു. വേണ്ട അനുവാദം കൊടുക്കുന്നതിനു തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നു പറഞ്ഞതിന് പുറമേ, ഒരാഴ്ചയ്ക്ക് ശേഷം പ്രസ്തുത വികാരി ജനറാള്‍, ഒരാഴ്ചയ്ക്കുള്ളില്‍ അനുവാദം ലഭിക്കും, വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളുക എന്ന് പറഞ്ഞു ഇമെയില്‍ അയക്കുകകൂടി ചെയ്തു.
ഇത്രയൊക്കെ സംഭവിച്ചിട്ടും, വഞ്ചി തിരുന്നക്കരെ തന്നെ അനങ്ങാതെ കിടന്നു!
പരിഭ്രാന്തനായ ജോമോന്‍ റെയ്നോള്‍ഡ് അച്ചനെ വീണ്ടും വിളിച്ചു. അദ്ദേഹം ഇതിനോടകം ചിക്കാഗോ ബിഷപ്പുമായും, വികാരി ജനറാളുമായും ഈ വിവരം ചര്‍ച്ച ചെയ്തിരുന്നു. രണ്ടു പേരും യാതൊരു തടസ്സവും ഇല്ല എന്നും പറഞ്ഞത് ശുദ്ധഗതിക്കാരനായ സായിപ്പച്ചന്‍ വിശ്വസിച്ചു.
വാനരന്മാര്‍ എന്തറിയുന്നു വിഭോ!
തന്റെ അസിസ്റ്റന്റ് വികാരിയായ നമ്മുടെ തറയില്‍ അച്ചനോട് അദ്ദേഹം ഇത്രയും പറഞ്ഞെല്‍പ്പിച്ചു. Go ahead and proceed with the wedding preparations.
ചിക്കാഗോ അരമനയില്‍ നിന്ന് വാക്കാല്‍ ലഭിച്ച ഉറപ്പ് പോരെന്നുണ്ടെങ്കില്‍, രേഖാമൂലമുള്ള അനുവാദം അത്യന്താപേക്ഷിതമാണെങ്കില്‍, ചിക്കാഗോ അരമനയുമായി വേണ്ട കത്തിടപാടുകള്‍ നടത്തി അത് വാങ്ങിയെടുക്കണം എന്ന് പറഞ്ഞു ഒരു ഇമെയിലും തറയില്‍ അച്ചന് അദ്ദേഹം പിന്നീട് അയച്ചു.
അപ്പോഴേയ്ക്കും കല്യാണത്തിന് ബാക്കി ഉണ്ടായിരുന്നത് വെറും രണ്ടാഴ്ച മാത്രം. കുടുംബാംഗങ്ങള്‍ തറയിലച്ചനെ ചെന്ന് കണ്ടു. അദ്ദേഹത്തിന്റെ മറുപടി കേട്ട് അവര്‍ ഷോക്കേറ്റ പോലെയായി. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“രേഖാമൂലമുള്ള അനുവാദമില്ലാതെ, ഞാന്‍ കല്യാണം നടത്തുന്ന പ്രശ്നമില്ല. ഇതിനായി, ഫാ. റെയ്നോള്‍ഡ് നിര്‍ദേശിച്ചതുപോലെ ചിക്കാഗോ അധികൃതരുമായി ബന്ധപ്പെടാന്‍ എനിക്ക് താല്പര്യമില്ല. ഈ വിവാഹം നടത്തണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ചടങ്ങ് നടത്തികിട്ടുവാന്‍ മറ്റൊരു പുരോഹിതനെ നിങ്ങള്ക്ക് വേണമെങ്കില്‍ നോക്കാം.”
ഈ അവസ്ഥയില്‍, നിയമസഹായം തേടുക എന്നത് മാത്രമായിരുന്നു തുണ്ടത്തില്‍ കുടുംബത്തിന് കരണീയമായുണ്ടായിരുന്നത്.
പണ്ട് പണ്ട്, ചില നമ്പൂതിരിമാരും മറ്റു ജാതിയില്‍ പെട്ട കാരണവന്മാരും ഉണ്ടായിരുന്നു. അവര്‍ക്ക് കോടതി വ്യവഹാരം ഒരു ലഹരി ആയിരുന്നു. അതായിരുന്നില്ല തുണ്ടത്തില്‍ കുടുംബത്തിന്റെ അവസ്ഥ. നിസ്സഹായതയാണ് അവരെ നിയമസഹായം തേടാന്‍ നിര്‍ബന്ധിചത്.
തിങ്കളാഴ്ച തുടരും.....
(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment