Tuesday, November 6, 2012

സാന്ഡിയും കുഞാഞ്ഞയും

ന്യൂയോര്‍ക്ക്‌ ആകമാനം നാശം വിതച്ച സാന്‍ഡിയെക്കുറിച്ചു കേട്ട നാള്‍മുതല്‍ എനിക്ക് ഉറക്കം വരുന്നില്ല. ഈറ്റുനോവ് അനുഭവിച്ച അമ്മയ്ക്കല്ലെ മക്കളുടെ വേദന മനസ്സിലാകൂ. അമ്മയെപ്പോലെ ക്നാനായമക്കളെക്കുറിച്ച് ആകുലത ഉള്ള ഞാന്‍ അവസാനം ഒരു കാര്യം തീരുമാനിച്ചു - മക്കളെ ഒന്ന് കാണുകതന്നെ. ദുരിതബാധിതപ്രദേശം മുഴുവനും ചുറ്റുവാന്‍ പറ്റിയ വണ്ടി കിട്ടാത്തതിനാല്‍ ഹെലികോപ്ടര്‍ ഒന്ന് സംഘടിപ്പിച്ച് മക്കളെ മുകളില്‍ നിന്നായാലും കുഴപ്പമില്ല കുഞാഞ്ഞക്ക് ഒന്ന് കണ്ടാല്‍ മതി എന്ന കലശലായ ആഗ്രഹം. പണ്ട് ഞാന്‍ കൊച്ചിയില്‍ നിന്നും മുകളിലൂടെ വന്നാണ് കോട്ടയം പോലീസ് ഗ്രൌണ്ടില്‍ ഇറങ്ങിയത്‌.

അത് ഒരാള്‍ പണം മുടക്കിയതാണ്‌. അദേഹത്തിന് എന്തെങ്കിലും കൊടുക്കണമല്ലോ എന്ന് കരുതി ഒരു ഷെവലിയാര്‍ പദവി കൊടുത്തു എന്ന് അസൂയക്കാര്‍ പറയും. അതൊന്നും കാര്യമാക്കുന്നില്ല.

അതുകൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധി തോന്നി എന്റെ ന്യൂയോര്‍ക്ക്‌ യാത്രയും ഒരു വിജയമാക്കണം. ബുദ്ധിയുള്ളവര്‍ ഈ പണിക്ക് പോകില്ല എന്നറിയാം. ഏതെങ്കിലും പ്രാഞ്ചി നിരൂപിച്ചാല്‍ കാര്യം നടക്കും. ഓര്‍ക്കുക, ഷെവലിയാര്‍ പദവിയാണ് വരുവാന്‍ പോകുന്നത്. വാളും പിടിച്ചു നില്‍ക്കുമ്പോള്‍ ഒരു സുഖം ഉണ്ട്. എന്റെ മക്കളോട് ഒരു ഉപദേശം മാത്രം. ഞാന്‍ മുകളിലൂടെ പറക്കുമ്പോള്‍ ഗോതമ്പ്, റൊട്ടി എന്നിവയ്ക്ക് പകരം നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഉണക്കിറച്ചിയും പറ്റിയാല്‍ ഉണക്കകപ്പയും ഇട്ടുതരുന്നതായിരിക്കും. ഇജിപ്ടില്‍ വച്ച് ഇസ്രയേല്‍ ജനത്തെ കുഞ്ഞാടിന്റെ രക്തം തിരിച്ചറിയുവാന്‍ ഉപയോഗിച്ചതുപോലെ എന്റെയോ എന്റെ മുന്‍ഗാമികളുടെയോ അതുമല്ലങ്കില്‍ ക്നായി തൊമ്മന്റെയോ ഫോട്ടോ ഉയര്‍ത്തി പിടിക്കണം. ഞാന്‍ നവംബര്‍ ഇരുപത്തിനാലിന് ആ വഴി കടന്ന് പോകും. പ്രായപൂര്‍ത്തി ആയവര്‍ എല്ലാം അന്നേ ദിവസം കുളിച്ചു നില്‍ക്കേണ്ടതും മുകളില്‍ നിന്ന് ഇടയനടുത്ത ആശീര്‍വാദം നല്‍കുന്നതുമായിരിക്കും. 

സാന്‍ഡികാറ്റില്‍പെടാതെ ഡോളര്‍ കൈവശം ഉള്ളവര്‍ അവ ഉയര്‍ത്തി പിടിക്കേണ്ടതും പാരചൂട്ടില്‍ ഇറങ്ങുവാന്‍ കഴിവുള്ള പാരവീരന്‍  മുത്തുവിനെ ഇറക്കുന്നതും ഡോളറെല്ലാം അങ്ങേര് എന്നെ ഏല്‍പ്പിക്കുന്നതും ആയിരിക്കും. അതോടുകൂടി അന്ന് വരെയുള്ള നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതും പൂര്‍ണദണ്‍ഠവിമോചനം ലഭിക്കുന്നതും ആയിരിക്കും. എന്റെ കൂടെ ആ നാട്ടിലെ മുഖ്യന്‍ എന്ന് പറയുന്ന അങ്ങാടിയും കാണും. പണ്ടേ അങ്ങേര് എന്നോട് അങ്ങാടിത്തരം കാട്ടാറുണ്ട്‌. ശല്യം ഉണ്ടാക്കാതിരിക്കാന്‍ അങ്ങേരെയും ഞാന്‍ കൊണ്ടുവരും. ഒരു കാര്യം പറയട്ടെ കലാഭവന്‍ മണിയുടെ പ്രസിദ്ധമായ ചിരിപോലെ എന്റെ ചിരി താഴെ നില്‍ക്കുന്ന നിങ്ങള്ക്ക് കാണുന്നതിനുവേണ്ടി അത് ലൈവ് ആയി കാണിക്കുവാന്‍ ചിക്കാഗോയിലെ കേസില്ലാവക്കീലിനോട് പറഞ്ഞിട്ടുമുണ്ട്.
ഇങ്ങനെ ചിരിക്കുന്നതിന്റെ ഇടയില്‍ ഏതെങ്കിലും കാനാക്കാരന്റെ വീട്ടില്‍ ഉണക്കിറച്ചി വീണാല്‍ അതിന് എന്നെ തെറി പറയുകയോ ബ്ലോഗ് വഴി എഴുതി എന്നെ നാറ്റിക്കുകയോ ചെയ്യരുത്. യജമാനന്‍റെ മേശയില്‍ നിന്നും വീഴുന്നത് നായ്ക്കള്‍ കഴിക്കുന്നുണ്ട് എന്ന തിരുവചനം മക്കള്‍ ഓര്‍ത്താല്‍ മതി.

ഏതായാലും വരുന്നതല്ലേ എന്ന് കരുതി ഒരു പള്ളികൂദാശയില്‍ അങ്ങാടിയുടെ ഒരു വശത്ത് ഞാന്‍ കപ്യാരാ‌യി കാണും. ജീവിച്ച് പോകണ്ടേ? വേഷങ്ങള്‍ എത്ര കെട്ടിയാലാ ഈ കസേരയില്‍ ഇരിക്കുവാന്‍ പറ്റുന്നത് എന്ന് അറിയാമോ കുഞ്ഞുങ്ങളെ? എസ്തപ്പനോസിന്റെ പേരില്‍ ഉള്ള പള്ളി ആണ്. എസ്തപ്പാന്‍ സ്വര്‍ഗത്തിലേക്ക് നോക്കിയപ്പോള്‍ പിതാവിന്റെ വലതു ഭാഗത്ത്‌ പുത്രന്‍ ഇരിക്കുന്നത് കണ്ടു. എസ്തപ്പാനോസിന്റെ മുഖം ഒരു.മാലാഖയുടെ മുഖം പോലെ കാണപ്പെട്ടു. 

നിങ്ങള്‍ മുകളിലേക്ക് നോക്കുമ്പോള്‍ ഹെലികോപ്റെരില്‍ എന്റെ വലതുഭാഗത്ത്‌ മുത്തു ഇരിക്കുന്നത് നിങ്ങള്‍ കാണും. പക്ഷെ നിങ്ങളുടെ മുഖം അപ്പോള്‍ ഏതു രൂപത്തിലായിരിക്കും എന്ന് എനിക്ക് അറിയാം. പക്ഷെ എന്ത് ചെയ്യാന്‍, ഇപ്പോള്‍ പിതാവിനേക്കാള്‍  അമേരിക്കയില്‍ ശക്തി ലൂസിഫറിനു തന്നെ എന്ന് നാം തിരിച്ചറിയുന്നു. നാല് പച്ച നോട്ട് കിട്ടുവാന്‍ വേണ്ടി അവന്റെ മുന്‍പില്‍ സാഷ്ടാംഗം വീഴാതെ പറ്റില്ല മക്കളെ. നമ്മുക്ക് മെഡിക്കല്‍ കോളേജു മുതല്‍ പള്ളികൂടം വരെ പണിയേണ്ടേ? മറക്കരുത് ഓര്‍മിക്കുക ഞാന്‍ നവംബര്‍ ഇരുപത്തിനാലിന് ആ വഴി വരും നിങ്ങളെ ഞാന്‍ രക്ഷിക്കും. ഡോളര്‍ തരാത്തവനെ ഞാന്‍ ശിക്ഷിക്കും. അവര്‍ക്ക് എല്ലാ വ്യാധികളും വന്നുഭവിക്കും.

ഇടയനടുത്ത ആശീര്‍വാദത്തോടെ

കോട്ടയം കുഞ്ഞാഞ്ഞ

No comments:

Post a Comment