Monday, April 16, 2012

ഇവര്ക്കും വേണം ഒരു Refresher Course!


നമ്മുടെ സഭാധികാരികളില്‍ മുതിര്‍ന്നവര്‍ എല്ലാം തന്നെ സെമിനാരി ട്രെയിനിംഗ് കഴിഞ്ഞിട്ട് കുറഞ്ഞത് മുപ്പതു വര്‍ഷമെങ്കിലും ആയിട്ടുണ്ട്‌. അന്ന് വളരെ സീനിയര്‍ ആയിരുന്ന വൈദികരാണ്‌ അവര്‍ക്ക് വൈദികവൃത്തിയിലേര്‍പ്പെടാനുള്ള പരിശീലനം നല്‍കിയത്. 

ഇന്ന് തല നരച്ചു കഴിഞ്ഞവര്‍ക്കറിയാം കഴിഞ്ഞ മുപ്പതു നാല്പതു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിനും, മലയാളിയ്ക്കും ഉണ്ടായ നാടകീയമായ മാറ്റങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ജനിച്ചവരുടെ കാര്യമെടുത്താല്‍, അവരുടെ ജീവിതം പഴയ തലമുറയുടെ ജീവിതത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു. മാറ്റം ഉണ്ടായെങ്കിലും, അത്ര നാടകീയമായിരുന്നില്ല. എന്നാല്‍ എണ്‍പതുകളില്‍ ജനിച്ചവരുടെ ജീവിതവും, അവരുടെ മുന്‍ തലമുറയുടെ ജീവിതവുമായി എത്രമാത്രം അന്തരമാണ്! ഇത്തരക്കാരാണ് ലോഗരിതം ടേബിള്‍ ഒടിഞ്ഞുപോയി, അത് നന്നാക്കാന്‍ കോളേജില്‍ കാശ് കൊടുക്കണം എന്നും മറ്റും പറഞ്ഞു മാതാപിതാക്കളെ കബളിപ്പിച്ചത്.

കാറിനകം കണ്ടിട്ടില്ലാത്ത പഴയ തലമുറയുടെ മക്കള്‍ ഏഴു കടല്‍ കടന്നു ആകാശത്തിലൂടെയായി യാത്ര.

ജീവിത സൌകര്യങ്ങളില്‍ മാത്രമല്ല, ചിന്തഗതികളിലും നാടകീയമായ മാറ്റം സംഭവിച്ചു. കുറേപേരുടെ മനസ്സ് എന്നന്നേയ്ക്കുമായി, അതിവിദഗ്ദമായി വേദപാഠ  ക്ലാസ്സുകളില്‍ തളച്ചിട്ടിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല. എന്നാല്‍, പലരും ആധുനിക ചിന്തയുടെയും വിചാരധാരയുടെയും വെള്ളിവെളിച്ചം ഏറ്റവരാണ്.  റസ്സല്‍, സാര്‍ത്രെ, നീട്ഷേ, തുടങ്ങിയ പേരുകള്‍ മാത്രമല്ല, അവരുടെ ചിന്തകളുമായും പലരും പരിചയപ്പെട്ടിട്ടുണ്ട്.

അവരെ ഇന്നും വിക്ടോറിയന്‍ സദാചാരത്തിന്റെയും മനോഭാവത്തിന്റെയും മതചിന്തയുടെയും അടിമകളായി കാണാനാണ്, പുരോഹിത വര്‍ഗത്തിന് താല്പര്യം. അതിനിയും സാധ്യമല്ല എന്നതിന്റെ സാക്ഷ്യമാണ് ഇത്തരം ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളും കമന്റുകളും.

ഇതിനോടുള്ള യുദ്ധത്തെ, പണ്ടോരാള്‍ കാറ്റാടി യന്ത്രത്തോട് നടത്തിയ യുദ്ധവുമായി മാത്രമേ ഉപമിക്കാനാവൂ. അത്തരം യുദ്ധം ഒഴിവാക്കി, ഇക്കാലയളവില്‍ തങ്ങള്‍ക്ക് എത്രമാത്രം മാറ്റം വന്നു എന്ന് സഭാധികാരികള്‍ ഒരു കണക്കെടുക്കുന്നത് നന്നായിരിക്കും. അത്തരം കണക്കെടുത്താല്‍, പഴയ വൈദികര്‍ക്ക് പുതിയ തലമുറയെ കൈകാര്യം ചെയ്യാന്‍ ഒരു Refresher Training കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകും.

No comments:

Post a Comment