Monday, April 2, 2012

മൂലക്കാട്ട് തിരുമേനിയ്ക്കൊരു തുറന്ന കത്ത്

അഭിവന്ദ്യ തിരുമേനി:

തിരുമേനിയുടെ ഈയടുത്തകാലത്തെ അമേരിക്കന്‍ സന്ദര്ശനത്തിനിടയില്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോ കാണാനിടയായി. പ്രസ്തുത വീഡിയോ സംഭാഷണത്തില്‍, തിരുമേനി ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചെയ്യുന്ന സമുദായദ്രോഹത്തെക്കുറിച്ച് സംസാരിക്കുകയും, അത്തരക്കാരോട്, അവര്‍ ചെയ്യുന്നത് സമുദായദ്രോഹമാണെന്നു പറഞ്ഞു മനസ്സിലാക്കണമെന്ന് സമുദായംഗങ്ങളോട് കല്പ്പിക്കുകയും ചെയ്യുന്നത് കേട്ടു.

എളിയവനായ ഒരു ഇലക്ട്രോണിക് മാധ്യമപ്രവര്ത്തകന്‍ എന്ന നിലയില്‍ ഇതിനോട് പ്രതികരിക്കേണ്ടത് എന്റെ കടമയാണെന്ന വിശ്വാസം കൊണ്ടാണിതെഴുതുന്നത്.

ഇന്നലെ ഓശാന ഞായര്‍ ആയിരുന്നല്ലോ. സമാധാനത്തിന്റെ ദിനമായ ആ ദിവസം, പക്ഷെ ക്നാനായ സമുദായം കലുഷിതമായിരുന്നു. ആ വിശുദ്ധ ദിനം അങ്ങേയ്ക്കും സന്തോഷം ഒട്ടുംതന്നെ പകര്ന്നുതന്നില്ല എന്നാണു ചടങ്ങിന്റെ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായത്‌. ഒരു അതിരൂപതാധ്യഷന്റെ വിശദീകരണം കുഞ്ഞാടുകള്‍ കൂവി തടസ്സപ്പെടുത്തുക; രൂപതാധ്യക്ഷന് പ്രസംഗം നിര്ത്തി ദ്വേഷ്യത്തോടെ ഇരിപ്പടത്തിലേയ്ക്ക് മടങ്ങേണ്ടി വരിക; സംഘാടകരുടെ നിര്ബന്ധം മൂല വീണ്ടും പ്രസംഗിക്കുക, മറ്റു പ്രസംഗകരെല്ലാം സംപൂജ്യനായി കാണേണ്ട താങ്കള്ക്കെതിരെ സംസാരിക്കുക – കേരള കത്തോലിക്കാസഭയുടെ ചരിത്രം പരിശോധിച്ചാല്‍, അത്യപൂര്വമായ സംഭവം ആയിരുന്നു അത്.

അപ്നാ ദേശിന് എന്നോളം പ്രായമുണ്ട്. അക്ഷരങ്ങള്‍ പഠിച്ചപ്പോള്‍ മുതല്‍ പരിചിതമായ, ചൂളപറമ്പില്പിതാവ് ആരംഭിച്ച, ആ പ്രസധീകരണത്തോട് വല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ട്.

ഓശാന ദിനത്തില്‍ ചൈതന്യയില്‍ സംഭവിച്ചതിന്റെ കൂടുതല്‍ വിവരം അറിയാനായി ഞാന്‍ അപ്നാ ദേശിന്റെ വെബ്സൈറ്റ് തുറന്നു നോക്കി. മുഖ്യ വാര്ത്ത് കണ്ടു ഞാന്‍ അക്ഷരാര്ത്ഥത്തില്‍ ഞെട്ടി.

കോട്ടയം ജില്ലാതല വനംമിത്ര അവാര്ഡ് ‌ കല്ലറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിന്

ചൈതന്യയില്‍ നടന്നതിനെക്കുറിച്ച് ഒരു അക്ഷരം പോലും അതില്‍ ഇല്ലായിരുന്നു, തിരുമേനി.

മാധ്യമങ്ങള്‍ വാര്ത്തകളെ മുക്കികളയുന്ന പാതാളമാകരുത്. പക്ഷെ കത്തോലിക്കാസഭയുടെ മാധ്യമങ്ങള്‍ ചെയ്യുന്നത് അതാണ്‌ എന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഒരു യാഥാര്ത്യമാണ് – തിരുമേനിമാര്ക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും. എല്ലാ ലോകരാഷ്ട്രങ്ങളുടെ തലവന്മാരും, നേതാക്കന്മാരും വത്തിക്കാനിലെ അധികൃതര്‍ പോലും അതിനെ അംഗീകരിച്ചു കഴിഞ്ഞു. കോട്ടയം അതിരൂപതയും അതിനെ അംഗീകരിച്ചതിന്റെ സാക്ഷ്യമാണല്ലോ അപ്നദേശ് വെബ്സൈറ്റ്. കൂടാതെ, നമ്മുടെ അമേരിക്കയിലെ വികാരി ജനറാള്‍ അദ്ദേഹത്തിന്റെ ഹൈ-ടെക് സാമ്രാജ്യം ഭരിക്കുന്നതും, പ്രജകളെ അവഹേളിച്ചു നിലയ്ക്ക് നിര്ത്തുന്നതും, തന്റെ ഇഷ്ട “പ്രാഞ്ചിയെട്ടന്മാരുടെ” മുഖങ്ങള്‍ കാണിച്ചു കാശ് വാരുന്നതും, ഇലക്ട്രോണിക് രൂപേണ ആണ്. അത് തിരുമേനിയ്ക്ക് അറിയില്ല എന്ന് വേണമെങ്കില്‍ പറയാം; വിശ്വസിക്കാന്‍ വേറെ ആളെ നോക്കണമെന്ന് മാത്രം.

അസൂയാലുക്കളായ വൃദ്ധപുരോഹിതരാല്‍ ചുറ്റപെട്ട്, ജനവികാരം മനസ്സിലാകാതെ കഷ്ടപെടുന്ന തിരുമേനിയ്ക്ക് വേണമെങ്കില്‍ ഇത്തരം സ്വതന്ത്ര മാധ്യമങ്ങളെ ഒരു അനുഗ്രഹമായി കാണാവുന്നതാണ്. അവയിലൂടെ താങ്കള്ക്ക് പലതും മനസ്സിലാക്കാന്‍ സാധിക്കും. അരമനയിലെ അവസരവാദികളായ സ്തുതിപാഠകരെപോലെയല്ല ഇത്തരക്കാര്‍. സ്വന്തം ബോധ്യങ്ങള്ക്ക് വേണ്ടി, വളരെ കഷ്ടപ്പാടുകള്‍ സഹിച്ച്, ജീവന്‍ തന്നെ അപകടത്തിലാകാം എന്ന തിരിച്ചറിവോടെ തങ്ങളുടെ വിശ്വാസങ്ങള്ക്ക് വേണ്ടി പയറ്റുന്നവരാണിവര്‍. അവരെ ആദരിക്കേണ്ട; ദയവു ചെയ്തു നിന്ദിക്കാതിരിക്കുക.

പക്ഷെ പുരോഹിതവര്ഗത്തിനും അരമനയില്‍ വാഴുന്നവര്ക്കും അസൌകര്യങ്ങള്‍ ഉണ്ടാക്കുന്ന വാര്ത്തകള്‍ സൃഷ്ടിക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ താങ്കള്ക്കും, അനുചരന്മാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, തീര്ച്ച്യായും. പക്ഷെ അതിനെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണ് നല്ലത്. മറ്റൊന്നും കൊണ്ടല്ല; മുത്തോലത്തച്ചനോട് ചോദിച്ചാല്‍, അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നും പഠിച്ചത് പറഞ്ഞു തരും. ഒരു ഇലക്ട്രോണിക് പ്രസധീകരണം അടപ്പിച്ചാല്‍ പിറ്റേ ദിവസം അത്തരത്തില്‍ അമ്പതെണ്ണം പുതിയത് ഉണ്ടാകും.

ഒരു ബ്ലോഗില്‍ ഒരു കമന്റ്‌ കണ്ടു; തിരുമേനി സ്ഥാനം ഒഴിഞ്ഞു വത്തിക്കാനിലേയ്ക്ക് മടങ്ങുകയാണെന്ന്. ഞാന്‍ അത് വിശ്വസിക്കുന്നില്ല. കാരണം, നിസ്സാരക്കാരനല്ലാത്ത ജോണ്‍ മില്‍ട്ടണ്‍ എന്നൊരാള്‍ പണ്ട് പറഞ്ഞു: സ്വര്ഗത്തില്‍ സേവിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണെന്നു.

എത്ര എതിര്പ്പുണ്ടായാലും, തിരുമേനി കോട്ടയത്ത്‌ തന്നെ കാണും എന്ന് എനിക്ക് തീര്ച്ചയുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. കൂടെ ഇത്രയും പറയാന്‍ അനുവദിക്കുക – സ്വതന്ത്ര മാധ്യമങ്ങളെ വെറുതെ വിടുക.

ആദരവോടെ,

അലക്സ്‌ കണിയാംപറമ്പില്‍

(മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment