ഇംഗ്ലീഷ് ഭാഷയിലെ പ്രഥമ നിഘണ്ടു എഴുതിയ സാമുവേല്‍ ജോണ്‍സണ്‍ അക്കാലത്തെ മഹാപണ്ഡിതനായി ഗണിക്കപെട്ടിരുന്നയാളാണ് അബദ്ധം ആര്‍ക്കും പറ്റാമല്ലോ; ജോണ്സനും പറ്റി ഒരബദ്ധം. പുതിയ നിഘണ്ടുവില്‍ അത് ശ്രദ്ധിച്ച ഒരു സ്ത്രീ, അദ്ദേഹത്തെ കണ്ടു കാര്യം വിവരിച്ചു; അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്നായിരുന്നു ആ സ്ത്രീയ്ക്ക് അറിയേണ്ടിയിരുന്നത്. വലിയ വിശദീകരണം പ്രതീക്ഷിച്ച സ്ത്രീയ്ക്ക് ലഭിച്ച മറുപടി ഇതായിരുന്നു: “Ignorance, madam, ignorance!”
മഹാനായ ജോണ്സണ്‍ തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കുകയും, വീണിടം വിഷ്ണുലോകം ആക്കാതെ, കിടന്നുരുളാതെ, തന്റെ തെറ്റ് സമ്മതിക്കുകയും ചെയ്തു. അതാണ് മഹത്വത്തിന്റെ ലക്ഷണം.
മഹാന്‍ എന്ന് വിശ്വസിക്കാന്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മൂലക്കാട്ട് പിതാവിന് ഒരു അബദ്ധം പറ്റി. മുത്തോലത്തച്ചന്‍ കുഴിച്ച കുഴിയില്‍ ചെന്ന് വീണു. ചിക്കാഗോയിലെ കുറെ പ്രാഞ്ചിയേട്ടന്മാര്‍ സംഭവിക്കുന്നതെന്താണെന്നു മനസ്സിലാകാതെ കയ്യടിച്ചു. പക്ഷെ പിതാവിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ കാണിച്ചത് അബദ്ധമാണെന്ന് മനസ്സിലായി.
ഛായ്, ഒരു ആര്‍ച്ച് ബിഷപ്പിന് അബദ്ധം പറ്റുകയോ! വീണിടത്ത് കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു.
പ്രതിഷേധം ആര്‍ത്തിരമ്പി. ഒന്ന് തണുക്കട്ടെ എന്ന് കരുതി കുറെ ദിവസം കാരിത്താസില്‍ അഡ്മിറ്റ് ആയികിടന്നു. പക്ഷെ ജനരോഷം പ്രതീക്ഷിച്ചപോലെ ശമിച്ചില്ല. ചെന്നിടത്തെല്ലാം പ്രതിഷേധം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ജനം ആഞ്ഞടിച്ചു. (കൂലി എഴുത്തുകാര്‍ അവരുടെ ജോലി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്; ഏല്ക്കുന്നില്ലെന്നു മാത്രം). നാട്ടുകാര്‍ ലഘുലേഖകള്‍ അടിച്ചു വിതരണം തുടങ്ങി.
സാറ്റലൈറ്റ് ടെക്നോളജിയുടെ സഹായത്താല്‍ നമ്മുടെ പറമ്പില്‍ കിടക്കുന്ന ഒരു പന്തിന്റെ പടം അമേരിക്കയിലിരുന്നെടുക്കാം. എന്നാലം, നമ്മുടെ നാട്ടില്‍ ചില സ്ഥലങ്ങളില്‍ “Photography Prohibited” എന്ന മുട്ടന്‍ ബോര്‍ഡ് കാണാം. അതുപോലെ, പല ഇടവകകളിലും (ഇടയ്ക്കാട്ടു പള്ളി ഒരുദാഹരണം) വൈദികര്‍ നോട്ടീസ് വിതരണം ചെയ്യുന്നതില്‍ നിന്നും ആളുകളെ വിലക്കിപോലും!
ബില്‍ ഗേറ്റ്സിനെ വിശുദ്ധനായി കണ്ട്, അങ്ങേരുടെ മുന്നില്‍ മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ഥിക്കാന്‍ തോന്നി പോകുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇതെഴുതി ആരെയെങ്കിലും ഒന്ന് കാണിക്കാമെന്ന് വിചാരിച്ചിരുന്നെങ്കില്‍, ഇടയ്ക്കാട്ടു പള്ളിയിലെ വികാരിയച്ചന്‍ വന്നു കുത്തിനു പിടിച്ചേനെ!
മൂലക്കാട്ട് തിരുമേനി ഒരു വീഡിയോ സംഭാഷണത്തില്‍ പറയുന്നു: “നമുക്ക് ചര്ച്ച ചെയ്യാന്‍ എത്രയേറെ വേദികളുണ്ട്.”
തിരുമേനിയുടെ ഓരോ തമാശകളേ!
ബില്‍ ഗേറ്റ്സ് പുണ്യവാളാ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ!.
No comments:
Post a Comment