Sunday, April 15, 2012

സമസ്ത ക്‌നാനായ മഹാജനസഭ


ലോകമാസകലമുള്ള ക്‌നാനായമക്കള്‍ ഒന്നിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ക്‌നായിതൊമ്മന്‍ നേതൃത്വം കൊടുത്ത് A.D. 345-ല്‍ സുവിശേഷപ്രഘോഷണാര്‍ത്ഥം മലങ്കരയില്‍ വന്നിറങ്ങിയ തെക്കുംഭാഗ സമുദായം 17 നൂറ്റാണ്ടു തികയുന്ന ഈ വേളയില്‍ പുതിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കുവാന്‍ സമുദായക്കാരെല്ലാവരും വിശ്വാസത്തിനതീതമായി ഉണരേണ്ടിയിരിക്കുന്നു. കുലമൂപ്പന്മാര്‍ തോമായേയും സംഘത്തേയും നിറകണ്ണുകളോടെ തഴുകി യാത്രയാക്കിയ സന്ദര്‍ഭം ഇന്നും നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നില്ലേ! ഹിന്ദുവില്‍പോയാലും മക്കളേ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും.....”  കാതുകളില്‍ മുഴങ്ങുന്ന ഈ മഹത് വചനം പ്രാവര്‍ത്തികമാക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു. കീനായി തുറമുഖത്തുനിന്ന് പുറപ്പെട്ട്, വംശീയ തനിമ നിലനിര്‍ത്തണമെന്നു വാദിച്ച എസ്രാപ്രവാചകന്റെ കുടീരത്തില്‍ പ്രാര്‍ത്ഥിച്ചു പ്രതിജ്ഞചെയ്ത് യാത്രതിരിച്ചവരാണ് നമ്മള്‍.

നമ്മുടെ നാട്ടില്‍ ബ്രാമണുടെ യോഗഷേമസഭ എന്നൊരു വംശീയക്കൂട്ടമുണ്ട്. ബ്രാമണുടെ സര്‍വ്വതോല്മുഖമായ പുരോഗതിക്കും ദൈനംദിന കാര്യങ്ങളുടെ നിര്‍വ്വഹണത്തിനും ഈ യോഗഷേമസഭയാണ് നേതൃത്വം കൊടുക്കുന്നത്.

കത്തോലിക്കരും യാക്കോബായക്കാരും മാത്രമല്ല പെന്തക്കോസ്ത് വിഭാഗത്തിലും ക്‌നാനായത്തനിമ കാത്തുസൂഷിക്കുന്നവരുണ്ട്. ഇവരെ കൂടാതെ മറ്റേത് മതത്തിലുള്ളവരാണെങ്കിലും, ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുകയും അതനുവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമസ്ത ക്‌നാനായ മഹാജനസഭയില്‍ അംഗങ്ങളാക്കാം. സമുദായം വിട്ടുപോയവര്‍ സംഘടിച്ച് ഉണ്ടാക്കിയതാണ് അമേരിക്കയില്‍ ഇപ്പോള്‍ ഉളവായിരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നാണല്ലോ മൂലക്കാട്ടു മെത്രാനും മുത്തോലത്തച്ചനും പറയുന്നത്.അതിനെ നേരിടാന്‍ സമസ്ത ക്‌നാനായ മഹാജനസഭയ്ക്ക് കഴിയും.

ഇങ്ങനെ ഒരു സംഘടന രജിസ്റ്റര്‍ ചെയ്താല്‍ അഭി: മൂലക്കാട്ടു മെത്രാന് ഇനി സുഖമായുറങ്ങാം. മെത്രാനും വൈദീകര്‍ക്കും പള്ളിക്കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയാകും. കേരള മെത്രാന്‍സംഘത്തിലും അമേരിക്കയില്‍ അങ്ങാടിത്തിന്റെ മുന്നിലും റോമില്‍ പൗരസ്ത്യ തിരുസംഘത്തിന്റെ പിന്നിലും നമ്മുടെ മെത്രാന് ഇനി മുട്ടിടിക്കാതെ നില്ക്കാനാകും. സമുദായക്കാരില്‍ നിന്നും ഇവിടെനിന്നും പുറത്തുപോയവരില്‍ നിന്നും ഇനി ആട്ടുകൊള്ളേണ്ടിവരില്ല. ക്‌നാനായക്കാര്‍ ആരാണെന്ന് സമസ്ത ക്‌നാനായ മഹാജനസഭ തീരുമാനിക്കട്ടെ!

ക്‌നാനായ വൈദീകരേയും കന്യാസ്ത്രി അമ്മമാരേയും സംഘം സംഘമായി വിളിച്ചു കൂട്ടി ബുദ്ധിമുട്ട് വിവരിക്കുന്ന മൂലക്കാട്ട് മെത്രാന് വളരെ ആശ്വാസം ലഭിക്കുന്ന ഒരു പദ്ധതിയാണിത്.

ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങളിലും താമസിക്കുന്ന ക്നാനയമക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സാദരം ക്ഷണിക്കുന്നു.

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
ഇമെയില്‍: pulimavu@gmail.com
ഫോണ്‍: + 91 944 614 0026

No comments:

Post a Comment