Monday, May 14, 2012

ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ പിറവി


“ചില അപ്പന്മാര്‍ അങ്ങിനെയാണ്” എന്ന പോസ്റ്റിന്റെ പ്രതികരണമായി ഒരു അനോണിമസ് സഹോദരന്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരംഭകാലത്തെ കൈപ്പുഴക്കാരായ നേതാക്കന്മാരെക്കുറിച്ചു ഒന്നും എഴുതാത്തതിനെ കുറ്റപ്പെടുത്തിക്കണ്ടു. പ്രസ്തുത പോസ്റ്റില്‍ കൊടുത്തിരുന്ന വിവരങ്ങള്‍ (ക്നാനായ കത്തോലിക്കാ കോണ്‍ഗ്രെസ്സിനെക്കുറിച്ചുള്ളത്) കോട്ടയം രൂപതാസ്ഥാപനത്തിന്റെ പ്ലാറ്റിനം ജുബിലീ ആഘോഷത്തോടനുബന്ധിച്ചു ഇറക്കിയ ഔദ്യോഗിക സ്മരണികയില്‍ നിന്നെടുത്തതായിരുന്നു.

17 നൂറ്റാണ്ടുകള്‍ മുമ്പുള്ള ചരിത്രം (വളരെ അടുത്ത കാലത്തായിട്ടു അത് 2500 വര്‍ഷങ്ങളുടെ ചരിത്രമായി മാറി – കര്‍ത്താവേ, എന്തെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം!) നമ്മില്‍ പലര്‍ക്കും വളരെ കൃത്യമായി അറിയാമെങ്കിലും, സമീപകാലത്തെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് നമ്മുടെ ചരിത്രബോധമില്ലായ്മ നമ്മെ തുറിച്ചു നോക്കുന്നത്. 1925-ല്‍ മഹാത്മഗാന്ധി കോട്ടയം അരമന സന്ദര്‍ശിച്ചിരുന്നു എന്ന് ഒരു സൂചന ലഭിച്ചതിനെതുടര്‍ന്ന് വളരെയേറെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. അത്ര നിസ്സാരക്കാരനായിരുന്നോ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി?

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാം.

പിതാക്കന്മാര്‍ ഉപേക്ഷിച്ചെങ്കിലും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ നമ്മുടെ സമുദായത്തിന്റെ ഏറ്റവും പ്രധാനവും, പഴക്കമുള്ളതുമായ സംഘടനയാണല്ലോ എന്ന് കരുതി അതിന്റെ ചരിത്രം എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചിട്ടു യാതൊരു തുമ്പും കിട്ടിയില്ല. അതിനെക്കുറിച്ച് എഴുതാന്‍ സാധിക്കുന്നവര്‍ മുന്നോട്ടു വന്നു അവരുടെ അറിവ്‌ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്നു താല്പര്യപ്പെടുന്നു.

ഏതായാലും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലീ ആഘോഷിക്കുന്ന ഈയവസരത്തില്‍, ഞങ്ങള്‍ക്ക് കിട്ടിയ അഭിമുഖത്തിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും, കൈപ്പുഴ സ്കൂളിന്റെ ആദ്യ പ്രാധാനധ്യാപകനുമായ പരേതനായ ശ്രീ ചാക്കോ മാന്തുരുത്തിലുമായുള്ള അഭിമുഖത്തില്‍ നിന്ന്.


ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാകന്മാരില്‍ ഒരാളാണല്ലോ സാറ്. ഇന്നത്തെ തലമുറയ്ക്കുവേണ്ടി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആദ്യകാല ചരിത്രത്തെപ്പറ്റി അല്പം ഒന്ന് പറയാമോ?

M C Chacko Manthuruthil 
ഞാന്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കന്മാരില്‍ ഒരാളല്ല. പിന്നെയോ ആദ്യകാല പ്രവര്‍ത്തകന്‍ മാത്രമാണ്.  ഇന്നത്തെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സുതന്നെ ജന്മം എടുത്തത്‌ 1934-ല്‍ കൈപ്പുഴയില്‍ വച്ച് നടന്ന പ്രസിദ്ധമായ സമ്മേളനത്തില്‍ വച്ചാണ് – കൃത്യമായി പറഞ്ഞാല്‍ 1934  മെയ്‌ മാസം 24 – 25 എന്നീ തിയതികളില്‍. പ്രസ്തുത സമ്മേളനം വിളിച്ചു കൂട്ടിയ സമുദായ നേതാക്കന്മാരില്‍ പ്രമുഖര്‍ ഷെവലിയാര്‍ വി.ജെ. ജോസഫ്‌, അഡ്വക്കേറ്റ്  ജോസഫ്‌ മാളേക്കല്‍, ജോസഫ്‌ ചാഴിക്കാടന്‍, അമ്പലത്തുങ്കല്‍ എബ്രഹാം, പതിയില്‍ അബ്രഹാം സാര്‍, വെള്ളാപ്പള്ളി വക്കീല്‍ എന്നറിയപ്പെടുന്ന ശ്രീ വി.ജെ. ജോസഫ്‌ എന്നീ സമുദായസ്നേഹികള്‍ ആയിരുന്നു.

ഞാന്‍ അന്നത്തെ യോഗത്തിന്റെ സ്വാഗതസംഘത്തിന്റെ കാര്യദര്‍ശി മാത്രമായിരുന്നു.

അന്നത്തെ അല്മായ നേതാക്കന്മാരുടെ കാര്യം മാത്രമേ പറഞൊള്ളല്ലോ. വൈദികരായ ആരെങ്കിലും ഈ സമ്മേളനത്തോട് സഹകരിച്ചായിരുന്നോ?

രൂപതയിലെ തലയെടുപ്പുള്ള എല്ലാ വൈദികരും ഈ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. എന്ന് മാത്രമല്ല, ഈ യോഗം വിളിച്ചു കൂട്ടുന്നതിലേക്കായി അല്മായ നേതാക്കന്മാരോടൊപ്പം യത്നിച്ച ചില വൈദികശ്രേഷ്ടന്മാരും ഉണ്ടായിരുന്നു.

അവരുടെ പേരുകള്‍ കൂടി പറയാമോ?

ബഹുമാനപ്പെട്ട മറ്റത്തിലച്ചന്‍, ചെറുശ്ശേരിലച്ചന്‍, കാമച്ചേരിലച്ചന്‍ എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍.

കൈപ്പുഴ സമ്മേളനത്തില്‍ രൂപം കൊടുത്ത സംഘടനയുടെ പേര് “ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌” എന്നായിരുന്നോ?

അല്ല. “ക്നാനായ കത്തോലിക്കാ മഹാജനസഭ” എന്നായിരുന്നു. പിന്നീടാണ് ഈ സംഘടനയുടെ പേര്‍ “ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌” എന്നാക്കി മാറ്റിയത്.

കൈപ്പുഴ സമ്മേളനത്തെപ്പറ്റി അല്പംകൂടി വിശദമായി പറയാമോ?

പറയാമല്ലോ. അന്ന് സമ്മേളനം നടന്നത് സ്കൂള്‍ ഗ്രൗണ്ടില്‍ ഇട്ട വിശാലമായ പന്തലില്‍ വച്ചായിരുന്നു. രണ്ടു ദിവസം നീണ്ടുനിന്ന ഒരു ക്നാനായ മേള തന്നെയായിരുന്നു അത്. അന്ന് കൈപ്പുഴയിലുള്ള എല്ലാ ക്നാനായ ഭവനങ്ങളിലും അതിഥികളുടെ തിരക്കായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന ബന്ധുക്കള്‍. ഓരോ വീട്ടിലും അന്ന് കുറഞ്ഞത് അഞ്ചുപറയരി വച്ചു എന്ന് പറയുമ്പോള്‍ വന്നുകൂടിയ ആളുകളുടെ എണ്ണം ഊഹിക്കാമല്ലോ.

കൈപ്പുഴ സമ്മേളനത്തില്‍ വച്ച് ഷെവലിയര്‍ വി.ജ. ജോസഫ്‌ പ്രസിഡന്റായും, ജോസഫ്‌ ചാഴികാടന്‍ ജനറല്‍ സെക്രെട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 21 പേരടങ്ങുന്ന ഒരു Executive Committee-യും തെരഞ്ഞെടുത്തു.  അതില്‍ പിന്നെ മഹാജനസഭയുടെ വാര്‍ഷികങ്ങള്‍ വന്‍തോതിലാണ് നടന്നുവന്നിരുന്നത്. മൂന്നുനില പന്തലിട്ടു രണ്ടു മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഓരു ഉത്സവമായിട്ടാണ് മാഹജനസഭയുടെ വാര്‍ഷികങ്ങള്‍ ആഘോഷിച്ച്രുന്നത്. അന്നത്തെ മാഹജനസഭ ക്നാനയക്കാര്‍ക്ക് ഒരു ആവേശമായിരുന്നു.

(എം.സി. ചാക്കോ മാന്തുരിതില്‍ നവതി സ്മരണികയില്‍ നിന്ന്)

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment