Tuesday, May 15, 2012

ഒപ്പീസ് നാട്ടില്‍ ഒപ്പീരാകുന്നു


മരണാനന്തരചടങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ഒപ്പീസ് എന്ന് നമ്മളെല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ നാട്ടില്‍ ഇത് ഒരുതരം ഒപ്പീരാക്കി മാറ്റുകയാണ് ചില പള്ളികളില്‍. കാശുമേടിക്കാനും കുടുംബങ്ങളുടെ ആശ്വാസത്തിനും വേണ്ടി വൈദികനും കപ്യാരും കൂടി ഒപ്പീസ് ആധുനീകരിക്കുന്നു.

പണ്ട് ഒരോ കുഴിമാടത്തില്‍ നിന്ന് ചൊല്ലിയ ഒപ്പീസ് ഇന്ന് പൊതുവായി ചൊല്ലി എല്ലാവരോടും കാശുമേടിച്ച് ബ്ലെയിഡ് മഫിയായേക്കാള്‍ കഴുത്തറപ്പന്‍മേഖല പള്ളി പരിസരത്ത് നിലനിര്‍ത്തുന്നു. ഒപ്പീസ് കഴിഞ്ഞ് അച്ചന്‍ എല്ലാ കുഴിമാടത്തിലും ആനാം വെള്ളം തളിക്കുന്നു. ഈ സമയത്ത് കപ്യാര് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ 5 സ്വര്‍ഗ്ഗസ്ഥനായ പിതാവും, ന്മ നിറഞ്ഞ മറിയവും ചൊല്ലുന്നു. എന്നാല്‍ ചിലപ്പോള്‍ രണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവ് ചൊല്ലിക്കഴിയുമ്പോഴേയ്ക്കും അച്ചന്‍ ആനാം വെള്ളം തളിച്ച് പോയിക്കഴിയും. പിറകെ കപ്യാരും പോകും. ബാക്കി മുന്നേണ്ണമോ? അത് ആവശ്യമുള്ളവര്‍  ചൊല്ലട്ടേയെന്ന ധിക്കാരത്തില്‍. എന്നാല്‍ കാശു മേടിക്കുന്നകാര്യത്തില്‍ കപ്യാരും വൈദികനും ഒപ്പത്തിനൊപ്പം.

പണ്ട് നാട്ടിലെ ഒരു പ്രമാണി മരിച്ചു. ഒന്നാം ചരമവാര്‍ഷികം ആഘോഷിക്കുവാന്‍ മക്കളെല്ലാം ഒത്തുകൂടി പള്ളിയില്‍ അച്ചന്റെ അടുത്തുപോയിപ്പറഞ്ഞു നാളെയൊരു ഒപ്പീസ്സും, നടതുറന്നൊരു കുര്‍ബ്ബാനയും ചൊല്ലണം. വളരെ നല്ലവനായ അച്ചന്‍ പറഞ്ഞു. നിങ്ങളുടെ പിതാവാണ് മരിച്ചുപോയത്. അതിന് ഞാന്‍ ഒപ്പീസ്സും, കുര്‍ബ്ബാനായും ചൊല്ലിയിട്ട് എന്തുകാര്യം. നിങ്ങള്‍ രാവിലെ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കുക. വേണമെങ്കില്‍ ഞാനൊരു കുര്‍ബ്ബാന ചൊല്ലിയേക്കാം. അതിന് പണവും വേണ്ട, ഒപ്പീസ്സിന്റെ പൈസ ആര്‍ക്കെങ്കിലും പാവങ്ങള്‍ക്കു കൊടുത്തെരേ.

നിര്‍ഭാഗ്യവശാല്‍ ഈ നല്ല പുരോഹിതന്‍ വീട്ടിലിരിപ്പാണ് ഇപ്പോള്‍. നമ്മുടെ പിതാക്കന്മാര്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. 6 മാസം കഴിഞ്ഞപ്പോള്‍ തിരിച്ച് കയറിക്കൊള്ളാനും പറഞ്ഞു. പക്ഷേ സസ്‌പെന്‍ഡ് ചെയ്തതിന്റെ കാരണം പിതാക്കന്മാരോട് പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല തന്റെ കയ്യിലെ തെറ്റ് എന്താണെന്നു പറയാതെ പള്ളിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലയെന്നു പറഞ്ഞ ഈ പുരോഹിതന്‍ ഇപ്പോഴും വീട്ടിലിരിക്കുന്നു. പണത്തിനോടാര്‍ത്തിയില്ലാത്ത, ആഢംബര ജീവിതം നയിക്കാത്ത, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന വൈദികരെ ക്‌നാനായ പള്ളിയ്ക്ക് വേണ്ടായെന്ന സന്ദേശമാണ് ഇതിലൂടെ നമ്മുടെ പിതാക്കന്മാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ഇതിനെ ആരെങ്കിലും എതിര്‍ത്താല്‍ അവന്റെ കുടുംബവും കലക്കും ഈ രാക്ഷസന്മാര്‍. അതുകൊണ്ട് എല്ലാവരും മിണ്ടാതെയിരിക്കുന്നു.

- ഏത്തപ്പായി 

No comments:

Post a Comment