Friday, May 18, 2012

എന്തൊരു നല്ല പാസ്റ്ററല്‍ കൗണ്‍സില്


ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനയോഗത്തില്‍ മൂലക്കാട്ട് തിരുമേനി ചെയ്ത അദ്ധ്യക്ഷ പ്രസംഗതെക്കുരിച്ചുള്ള റിപ്പോര്‍ട്ട്‌ അപ്നദേശ് വെബ്സൈറ്റില്‍ ഉണ്ട്. റിപ്പോര്‍ട്ടിലെ ചില highlights:

അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച പാസ്റ്ററല്‍ കൗണ്‍സില്‍ പ്രത്യേക നന്ദിയും അനുമോദനവും അര്‍ഹിക്കുന്നു.

(പിന്നല്ലാണ്ട്!)

തൂവാനീസ പ്രാര്‍ത്ഥനാലയത്തില്‍ അത്യാവശ്യം നിര്‍മാണ-പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൂടുതല്‍ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഏറെപേര്‍ക്ക്‌ ആത്മീയ നവീകരണത്തിനും വളര്‍ച്ചയ്‌ക്കുമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന്‌ യോഗം വിലയിരുത്തി. ഇതിനായി ഇടവകകളില്‍ നിന്നും, മറ്റ്‌ അഭ്യുദയകാംക്ഷികളില്‍ നിന്നും ഫണ്ട്‌ ശേഖരിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.

(അതും പാവം വിശ്വാസിയുടെ നെഞ്ചത്ത്‌!)

അതിരൂപതയില്‍ സേവനം ചെയ്‌തു വിരമിക്കുന്ന വൈദികരുടെ താമസസ്ഥലമായ വിയാനിഹോമിനോടു ചേര്‍ന്ന്‌ കൂടുതല്‍ മുറികള്‍ നിര്‍മിക്കുന്നതാണ്‌. ഇതിനായി തയ്യാറാക്കപ്പെട്ട മാസ്റ്റര്‍ പ്ലാനനുസരിച്ച്‌ പള്ളികളില്‍ നിന്നും, വൈദികരില്‍ നിന്നും, മറ്റ്‌ വിശ്വാസികളില്‍ നിന്നും സാമ്പത്തിക സംഭാവനകള്‍ സ്വീകരിച്ച്‌ മൂന്നു വര്‍ഷംകൊണ്ട്‌ നിര്‍മാണം നടത്താന്‍ യോഗം തീരുമാനിച്ചു.

(ഇല്ല, അടി തുടങ്ങിയില്ല, വടി വെട്ടാന്‍ പോകുന്നതേയുള്ളൂ)

പള്ളിതിരുനാള്‍, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗവും, മറ്റ്‌ ആഘോഷങ്ങളും തികഞ്ഞ പൗരബോധത്തോടെയും മറ്റുള്ളവര്‍ക്ക്‌ ശല്യമാകാതെയും നടത്തണമെന്നും ഇക്കാര്യത്തില്‍ സിവില്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും യോഗം അനുസ്‌മരിപ്പിച്ചു.

(അങ്ങനെ ലാഭിക്കുന്ന തുകയും, കിറുകൃത്യമായി വികാരിയെ ഏല്‍പ്പിക്കുക; രസീത് ചോദിച്ചാല്‍ ശപിക്കും!)

എളുപ്പത്തില്‍ ശമ്പളം സമ്പാദിക്കുക എന്നതിലുപരി ഉന്നതവിദ്യാഭ്യാസവും അതിലൂടെ സാംസ്‌കാരിക വളര്‍ച്ചയും സമൂഹത്തിന്റെ നന്മയും ലക്ഷ്യം വയ്‌ക്കുന്ന പുതിയൊരു ചിന്താരീതിയിലേയ്‌ക്ക്‌ യുവജനങ്ങളെ ഒരുക്കേണ്ടതുണ്ട്‌. നമ്മുടെ യുവജനങ്ങള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ പ്രോത്സാഹനവും പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ക്‌നാനായ അക്കാഡമി ഫോര്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗുമായി (കാര്‍ട്ട്‌) സഹകരിച്ച്‌ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കുവാനും കുട്ടികളുടെ മാതൃകകളാകാനും സാധിക്കുന്ന സന്മനസുള്ള സമുദായാംഗങ്ങള് മുന്നോട്ടുവരണമെന്ന്‌ യോഗം ആഹ്വാനം ചെയ്‌തു.

(പേടിക്കാതെ കുഞ്ഞാടെ, സംഭാവനയ്ക്കുള്ള വകുപ്പ് ഉണ്ടാക്കാം. അറക്കുന്നതിനു മുമ്പ് പെടയ്ക്കാതെ.)

വൈദികരുടെയും മറ്റ്‌ ദേവാലയ ശുശ്രൂഷികളുടെയും പ്രതിമാസ പ്രതിഫലം നിലവിലുള്ള തുകയില്‍ 30 ശതമാനം വര്‍ധന വരുത്തുവാന്‍ യോഗം നിര്‍ദ്ദേശിച്ചു. 2012 ജൂണ്‍ മുതല്‍ ശമ്പള വര്‍ധന നിലവില്‍ വരുന്നതാണ്‌.

(മുപ്പതു ശതമാനമോ? വൈദികരുടെ പട്ടി മേടിക്കും!)

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈയിടെ നടന്ന ചില അനിഷ്‌ട സംഭവങ്ങളെ യോഗം അപലപിച്ചു. കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള ഒപ്പുശേഖരണം അതിരൂപതയുടെ അറിവോടെയോ, അംഗീകാരത്തോടെയോ ഉള്ളതല്ലെന്ന്‌ ചോദ്യങ്ങള്‍ക്കു മറുപടിയായി മാര്‍ മൂലക്കാട്ട്‌ യോഗത്തെ അറിയിച്ചു. കാര്യസാധ്യത്തിന്‌ ഒപ്പുശേഖരണം സഭയുടെ ശൈലിയല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

(ഇതിനെക്കുറിച്ച്‌ വിശദമായി പിന്നാലെ!)

1 comment:

  1. "ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈയിടെ നടന്ന ചില അനിഷ്‌ട സംഭവങ്ങളെ യോഗം അപലപിച്ചു. കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള ഒപ്പുശേഖരണം അതിരൂപതയുടെ അറിവോടെയോ, അംഗീകാരത്തോടെയോ ഉള്ളതല്ലെന്ന്‌ ചോദ്യങ്ങള്‍ക്കു മറുപടിയായി മാര്‍ മൂലക്കാട്ട്‌ യോഗത്തെ അറിയിച്ചു. കാര്യസാധ്യത്തിന്‌ ഒപ്പുശേഖരണം സഭയുടെ ശൈലിയല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു."

    സഭതന്നെ അതിന്റെ അടിവേര് ഇളക്കുന്നു, അവസരവാതികള്‍ ഭരണം നടത്തിയാല്‍ വിശ്വാസ സഭകളും രാഷ്ട്രീയത്തെ പോലെ തന്നെ വിക്രുതമാകും.

    ReplyDelete