Thursday, May 31, 2012

തെക്കുംഭാഗ സമുദായം നേരിടുന്ന ഇന്നത്തെ പ്രതിസന്ധി


തെക്കുംഭാഗസമുദായം പ്രതിസന്ധികളിലൂടെയാണ് കടന്നുവന്നിട്ടുള്ളതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. ആ പ്രതിസന്ധി എന്തായിരുന്നു എന്നുപറഞ്ഞാല്‍,  സമുദായം പിന്തുടരുന്ന സ്വവംശവിവാഹനിഷ്ഠ നിലനിര്‍ത്തുന്നതിന് പുറമേനിന്നുള്ള തടസ്സങ്ങളും എതിര്‍പ്പുകളും ആയിരുന്നു. അതിനെയൊക്കെ സമുദായം അതിജീവിച്ചു. ഇന്നു നേരിടുന്ന പ്രതിസന്ധി എന്താണെന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അതും എന്‍ഡോഗമി തന്നെയാണ് പ്രശ്‌നമായി വന്നിരിക്കുന്നത്. യേശുക്രിസ്തു ഒരു നല്ല മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് എല്ലാവരുംതന്നെ. ചിലര്‍ പ്രവാചകനായി അദ്ദേഹത്തെ കാണുന്നു.  ഒരുവലിയവിഭാഗംമനുഷ്യരും യേശു മരിച്ച് ഉത്ഥാനം ചെയ്തു എന്നും അവന്‍ ദൈവമായിരുന്നു എന്നും അംഗീകരിക്കുന്നില്ല. അവര്‍ക്കത് മനസ്സിലാകുന്നില്ലാ എന്നാണ് പറയുക. ക്രിസ്ത്യാനികള്‍ മാത്രം യേശുവിനെ ദൈവമായി അംഗീകരിക്കുന്നു. ഉത്ഥാനം ചെയ്തില്ലായിരുന്നു എങ്കില്‍ യേശു ഒരു ചരിത്രപുരുഷന്‍ ആകുമായിരുന്നില്ല. ക്‌നാനായക്കാരെ എല്ലാവരും അംഗീകരിക്കുന്നു അവരെ ഇഷ്ടവുമാണ് എന്നാല്‍ സ്വവംശവിവാഹനിഷ്ഠ അവര്‍ക്കു മനസ്സിലാകുന്നില്ല. വിവിധ മതസ്ഥരുടെ യോഗത്തില്‍ യേശുവിന്റെ ദൈവത്വം മറന്ന് പ്രസംഗിക്കുന്ന ക്രൈസ്തവരുണ്ട്. ഇതുപോലെ സമുദായത്തിന്റെ എന്‍ഡോഗോമിയെ തള്ളിപറയുന്ന സമുദായനേതാക്കള്‍ തലപ്പത്ത് വന്നിരിക്കുന്നു എന്നതാണ് സമുദായം ഇന്നു നേരിടുന്ന പ്രതിസന്ധി.

1950-കളില്‍ പഠനത്തിനും ഉദ്യോഗത്തിനുമായി അമേരിക്കയില്‍  കുടിയേറിയ  ക്‌നാനായക്കാര്‍ക്ക് പെട്ടെന്ന് ഒരുമിച്ചുചേരുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും അവരുടെ വംശീയനിലപാടുകൊണ്ട് സാധിച്ചിരുന്നു. ക്‌നാനായക്കാര്‍ എന്ന ലേബലാണ് അവര്‍ക്ക് സഹായകരമായത്. സായിപ്പിന്റെ ലത്തീന്‍ പള്ളി കേന്ദ്രീകരിച്ച് വിശ്വാസവളര്‍ച്ച സാധിച്ചിരുന്ന അവര്‍ സ്വന്തം റീത്തിലും സമുദായത്തിലും പെട്ട ഒരു വൈദികനെ ആവശ്യപ്പെട്ടതു പ്രകാരം 1983-ല്‍ ഒരു സമുദായ വൈദികനെ ലഭിച്ചു. ക്‌നാനായ അസോസിയേഷനും  മിഷനുകളും ഇടവകകളും സ്ഥാപിച്ച് സമുദായം പുഷ്ടിപ്പെട്ടുകൊണ്ടേയിരുന്നു.

ക്‌നാനായ ഇടവകകള്‍ സ്ഥാപിച്ചതോടെ ചില പ്രശ്‌നങ്ങളും ആരംഭിച്ചു. പലകാരണങ്ങളാല്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കാതിതിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് ക്‌നാനായ പള്ളികളില്‍ അംഗത്വം ആവശ്യപ്പെടുകയും അത് ലഭിക്കാതായപ്പോള്‍ അവര്‍ റോമിനെ നിരന്തരം സമീപിക്കുകയും അതിന്റെ ഫലമായി റോമില്‍ പൗരസ്ത്യതിരുസംഘത്തില്‍ നിന്നൊരു നിര്‍ദ്ദേശം (റിസ്‌ക്രിപ്റ്റ്) 1986 ല്‍ ചിക്കാഗോ അതിരൂപതാ മെത്രാനു ലഭിക്കുകയും ചെയ്തു. അതില്‍ പറഞ്ഞിരിക്കുന്നത്; ക്‌നാനായക്കാര്‍ക്ക് വംശീയഇടവകകള്‍ അനുവദിക്കാനാവില്ല. ക്‌നാനായക്കാര്‍ സ്ഥാപിക്കുന്ന പള്ളികളില്‍ മിശ്രവിവാഹിതരുടെ കുടുംബത്തിനുംകൂടി അംഗത്വം കൊടുക്കണം എന്നാണ്. ഇത് നിലനില്‍ക്കവേ കുന്നശ്ശേരി പിതാവ് അമേരിക്കയിലെത്തിയപ്പോള്‍ സമുദായക്കാരുടെ ആവശ്യപ്രകാരം റോമില്‍ പരാതി കൊടുക്കുകയും റിസ്‌ക്രിപ്റ്റ് മരവിപ്പിച്ചിരിക്കുകയുമായിരുന്നു.

വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ രൂപതകള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാര്യകാരണസഹിതം തിരുസംഘത്തില്‍ ബോധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനുകൂല്യമാണ് റിസ്‌ക്രിപ്റ്റ്. സിംഹാസനകല്പ്പന എന്ന് മലയാളത്തിലും അറിയപ്പെടുന്നു. ഇത് രേഖകളായും വാക്കാലും നല്‍കാറുണ്ട്. അമേരിക്കയില്‍ ക്‌നാനായപള്ളികള്‍ വേറെയും സ്ഥാപിച്ചെങ്കിലും  റിസ്‌ക്രിപ്റ്റ് നിലനില്‍ക്കുന്നതിനാല്‍  ഇടവക രജിസ്റ്റര്‍ ഉണ്ടാക്കിയിരുന്നില്ല, ആരെയും ഇടവകയില്‍ ചേര്‍ത്തിരുന്നുമില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ; മിശ്ര വിവാഹിതര്‍ റോമില്‍ അപേക്ഷ കൊടുത്തപ്പോഴോ റിസ്‌ക്രിപ്റ്റ് ലഭിച്ചുകഴിഞ്ഞോ സമുദായത്തിന്റെ ഭാഗം പറയാനോ അതിന്റെ പുറകേ പോകാനോ ആരും മെനക്കെട്ടില്ല. ഒരുപക്ഷേ റിസ്‌ക്രിപ്റ്റിന്റെ പരിമിതി മനസ്സിലാക്കിയിട്ടായിരിക്കാം അന്നത്തെ സമുദായ നേതൃത്വം അത് കാര്യമാക്കാതിരുന്നത്. ഫാ. ഏബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തിക്കഴിഞ്ഞ് അദ്ദേഹം ഓടിനടന്ന് കൂടുതല്‍ പള്ളികള്‍ വാങ്ങിത്തുടങ്ങി. അതിന് ഒരു ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കുന്നു. 1999 ല്‍ മാര്‍ മാത്യു മൂലക്കാട്ട് സഹായമെത്രാനായി വന്നതോടെ കാര്യങ്ങള്‍ക്ക് വേഗതകൂടി. അദ്ദേഹം സമുദായത്തിന്റെ എന്‍ഡോഗമിയോടു അനുഭാവമുള്ള മെത്രാനായിരുന്നില്ല. റോമിന്റെ റിസ്‌ക്രിപ്റ്റ് ഒരു വലിയ സാദ്ധ്യതയായി കണ്ടുകൊണ്ട് അതിനെതിരെ ഒന്നും പറയാതെ കഴിഞ്ഞുകൂടി. ലക്ഷ്യം സാധിച്ചെടുക്കുന്നതിനുവേണ്ടി പലപദ്ധതികളും മൂലക്കാട്ട് മെത്രാന്‍ ആസൂത്രണം ചെയ്തു കൊണ്ടിരുന്നു. 2006-നവംബറില്‍ ചൈതന്യയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ മോണ്‍: ജേക്കബ് വെള്ളിയാനെക്കൊണ്ടും, Rev: Dr. ജേക്കബ് മുള്ളൂരിനെ കൊണ്ടും ഓരോ പ്രബന്ധം അവതരിപ്പിച്ചു. വിവാഹം വഴി സമുദായം വിട്ടു പോയവരെ കൂടി ചേര്‍ത്ത് സമുദായം വികസിപ്പിക്കണമെന്നാണ് രണ്ടു പ്രബന്ധത്തിന്റേയും ഉള്ളടക്കം. ഒരു ശതമാനം യഹൂദരക്തമുള്ളവരെ യഹൂദരായി കണക്കാക്കുന്നുണ്ടെന്ന് മുള്ളൂരച്ചന്‍ എടുത്ത് പറയുന്നുണ്ട്. 2011-ല്‍ കാരുണികന്‍ മാസികയില്‍ ക്‌നാനായത്വത്തിന്റെ നിലനില്‍പ് പരുങ്ങലിലാണെന്ന ധാരണപരത്തി മുള്ളൂരച്ചന്‍ ചര്‍ച്ച സംഘടിപ്പിച്ചത് മാര്‍ മൂലക്കാട്ടിലിനെ സന്തോഷിപ്പിക്കാനായിരുന്നു. മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായയുവാവിന്റെ വിവാഹം ഇടവകപ്പള്ളിയില്‍ വെച്ച് നടത്തികൊടുക്കുവാനുള്ള മാര്‍ മൂലക്കാട്ടിലിന്റെ ഏകപക്ഷീയ തീരുമാനത്തിനും പ്രതിഷേധം ഉണ്ടായപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നു. അതിരൂപതാശതാബ്ദിക്കു തൊട്ടുമുന്‍പ് മാറികെട്ടിയവരുടെ ഒരു യോഗവും പ്രകടനവും കോട്ടയം അരമനപ്പടിവഴി കടന്നുപോയി. അവര്‍ മാര്‍മൂലക്കാട്ടിലിനോട് തങ്ങളുടെ ആവശ്യം നേരത്തേ ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ എത്രപേരുണ്ടെന്ന് കാണിച്ച് കൊടുക്കൂ എന്നുപറഞ്ഞതിന്‍ പ്രകാരമാണ് അവര്‍ പ്രകടനവും മറ്റും നടത്തിയതെന്ന് അന്നേ സംസാരമുണ്ടായിരുന്നു.

മൂലക്കാട്ടുമെത്രാന്‍ K.C.Y.L കുട്ടികളോട് പലതവണ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കല്ല്യാണം കഴിക്കാന്‍ ഇവിടെ പെണ്ണുങ്ങള്‍ ഇല്ലല്ലോ അതിന് ഒരു പരിഹാരം വേണ്ടേ എന്ന്. മുതിര്‍ന്നവര്‍ ഇതറിഞ്ഞ് നേരില്‍കണ്ട് പ്രതിഷേധിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലന്നു പറഞ്ഞൊഴിഞ്ഞു. പിതാവ് പ്രതീക്ഷിച്ചതു പോലുള്ള പ്രതികരണം യുവജനങ്ങളില്‍ നിന്നും കിട്ടിയില്ലെന്നു മാത്രമല്ല പിതാവിന്റെ നിലപാടിനെതിരെ ഏപ്രില്‍ 1 ന് അവരാണ് ശക്തിയായി പ്രതിഷേധിച്ചതും. ഇതിനെല്ലാം പുറമെയാണ് മുത്തോലത്തച്ചന്‍ 2011 ജൂലൈ 3-ന് അമേരിക്കയില്‍ മലയാളത്തിലിറക്കിയ പാരീഷ് ബുള്ളറ്റിന്‍. ഇതിലും മൂലക്കാട്ട് മെത്രാന്റെ അറിവുണ്ടായിരുന്നു. ഫാ. മുത്തോലം സമുദായ വഞ്ചകനാണെന്നറിയുന്നത് പ്രസ്തുത രേഖയിലൂടെയാണ്.

നമുക്ക് പൂര്‍ണ്ണമായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തിന്റെ പേരില്‍ ഇടവകകള്‍ പോലുള്ള സംവിധാനങ്ങള്‍ വേണ്ടെന്നുവെയ്ക്കുന്നത് വിവേകപൂര്‍വ്വമായ തീരുമാനമായിരിക്കുകയില്ല എന്നാണ് പിതാവ് അപ്നാദേശില്‍ എഴുതിയത്. ഇതിനു തലേആഴ്ച നടന്ന വൈദികരുടെ വിവിധ സമ്മേളനങ്ങളില്‍ പറഞ്ഞത്, മാറി കെട്ടിയ ക്‌നാനായ പുരുഷന്റെ കുടുംബത്തേയും നമ്മുടെ ഇടവകയില്‍ ചേര്‍ക്കേണ്ടി വന്നാല്‍ അമേരിക്കയിലെ മിഷന്‍ പ്രവര്‍ത്തനം മതിയാക്കി തിരികെ പോരും എന്നാണ്. സ്ഥിരമായ ഒരു നിലപാടില്ലാത്ത മാര്‍ മൂലക്കാട്ടിലിന്റെ തരം പോലുള്ള വര്‍ത്തമാനത്തില്‍ ഒന്നാണിത്.

17 നൂറ്റാണ്ടിന്റെ ചരിത്രമുള്ള നമുക്ക് സഭാപരമായ സംവിധാനം ലഭിച്ചതിന്റെ 100 വര്‍ഷം തികയുന്ന ശതാബ്ദി വലിയൊരു ആഘോഷമാക്കാവുന്നതായിരുന്നു. അത് എത്രയും ചെറുതാക്കുവാനുള്ള താല്പര്യമാണ് പിതാവിനുണ്ടായിരുന്നത്. ഇന്നുള്ള മെത്രാന്മാരില്‍ നമ്മെ അറിയുന്ന മാര്‍ പവ്വത്തിലിനെ അദ്ദേഹം ക്ഷണിച്ചില്ല, ചിങ്ങവനത്തുള്ള നമ്മുടെ യാക്കോബായ സഹോദരമെത്രാനെ ക്ഷണിച്ചില്ല. വത്തിക്കാനില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആരെയും ക്ഷണിച്ചില്ല, കോട്ടയം മെത്രാസനം പോലുള്ള ഒരു വംശീയ മെത്രാനെ ഇസ്രായേലിലെ യഹൂദ കത്തോലിക്കര്‍ക്കുവേണ്ടി 2003-ല്‍ വത്തിക്കാന്‍ നിയമിച്ചിട്ടുണ്ട് അദ്ദേഹത്തെ ക്ഷണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതും പിതാവ് ചെവിക്കൊണ്ടില്ല. വിവിധ സമ്മേളനങ്ങളില്‍ നമ്മുടെ ഒരാവശ്യവും സീറോ മലബാര്‍ സിനഡിനോട് ആവശ്യപ്പെട്ടിരുന്നില്ല. ഇങ്ങനെ സമുദായത്തെ ഒറ്റപ്പെടുത്തിയില്ലാതാക്കുവാന്‍ മാര്‍ മൂലക്കാട്ട് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു എന്നു കാണാവുന്നതാണ്.

മിശ്രവിവാഹം കഴിച്ച പുരുഷന്റെ കുടുംബത്തെ ഒന്നാകെ ക്‌നാനായ ഇടവകയില്‍ ചേര്‍ക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ ഫോര്‍മുലയും, പുരുഷനെ മാത്രം ഇടവകയില്‍ നിലനിര്‍ത്തണമെന്ന മൂലക്കാട്ടു ഫോര്‍മുലയുമാണ് അമേരിക്കയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മൂലക്കാട്ടു ഫോര്‍മുലയുടെ തുടര്‍ച്ച അങ്ങാടിയത്ത് ഫോര്‍മുലയില്‍ ചെന്നുനില്‍ക്കും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങാടിയത്ത് മെത്രാന്‍ അഭിപ്രായം ഒന്നും പറയാത്തത്. അങ്ങാടിയത്ത് ഫോര്‍മുല അംഗീകരിക്കുകയില്ലെന്ന്  മാര്‍ മൂലക്കാട്ട് പരസ്യമായി പറഞ്ഞത് സമുദായക്കാരെ തല്‍ക്കാലം ആശ്വസിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ്. റിസ്‌ക്രിപ്റ്റ് ഔദ്യോഗികമാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന അങ്ങാടിയത്ത് മെത്രാനെ മാര്‍ മുലക്കാട്ട് ധിക്കരിക്കുകയുമല്ലേ ചെയ്യുന്നത്. വിശുദ്ധ പത്താം പിയൂസ്സ് മാര്‍പാപ്പ നമ്മുക്കനുവദിച്ചു തന്ന സഭാപരമായ സംവിധാനങ്ങളുടെ നിലനില്പ്പിന് ദോഷം വരുത്തുന്ന നടപടികള്‍ എവിടെ നിന്നുണ്ടായാലും അത് അധികാരസ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല അതിരൂപതാ നേതൃത്വത്തിനുണ്ടായിരുന്നു. അവരത് ചെയ്തില്ല. മാത്രമല്ല സ്വന്തമായി ഒരു പരിഹാരം ഉണ്ടാക്കുകയും അത് സ്വയം നടപ്പിലാക്കുവാന്‍ ഓടി നടക്കുകയും ചെയ്യുന്നു. സഭയുടെ ഔദ്യോഗിക സംവിധാനങ്ങളൊന്നും മൂലക്കാട്ടു ഫോര്‍മുല  അംഗീകരിച്ചതായി രേഖകളും ഇല്ല.

തെക്കുംഭാഗസമുദായത്തിന്റെ ഭാവി തകര്‍ക്കുവാന്‍ പുറത്തുള്ള ഒരു ശക്തിക്കും സാധിക്കില്ല, സമുദായത്തിലുള്ള ഒരു വ്യക്തിക്കും അതിനു കഴിയില്ല. എന്നാല്‍ ഒരാള്‍ക്കു മാത്രം അതിനുകഴിയും സമുദായമെത്രാനു മാത്രം. തെക്കുംഭാഗസമുദായത്തിനു ലഭിച്ച സഭാപരമായ സംവിധാനങ്ങള്‍  തകര്‍ക്കുവാനേ മൂലക്കാട്ടു മത്തായി മെത്രാനു കഴിയൂ. അത് മറ്റൊരു മത്തായി മെത്രാന്‍ 100 കൊല്ലം മുന്‍പ് നേടിതന്നതാണല്ലോ! അങ്ങനെ സംഭവിച്ചാല്‍ രൂപതയ്ക്കും മെത്രാനും പ്രസക്തിയില്ലാത്താകും. എന്നാല്‍ സമുദായം പൂര്‍വ്വാധികം ശക്തിയോടെ നിലനില്ക്കുക തന്നെ ചെയ്യും. 1911 നു മുന്‍പുള്ള സ്ഥിതിയിലേയ്ക്ക് മാറും, സ്വവംശവിവാഹനിഷ്ഠ പാലിക്കുന്ന യഥാര്‍ത്ഥ ക്‌നാനായക്കാര്‍ എല്ലാ ഇടവകകളിലും ഉണ്ടായിരിക്കും.

തെക്കുംഭാഗസമുദായത്തിന്റെ ഇന്നത്തെ പ്രതിസന്ധി എന്താണെന്നു ചോദിച്ചാല്‍ അമേരിക്കയിലെ പ്രശ്‌നങ്ങളല്ല, അങ്ങാടിയത്ത്പിതാവും പ്രശ്‌നമല്ല. നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സീറോ മലബാര്‍ സിനഡും പ്രശ്‌നമല്ല. പ്രശ്‌നം നമ്മുടെ അഭിവന്ദ്യആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടുതന്നെ.

സമുദായത്തിന്റെ ശക്തമായ പ്രതിഷേധം ഇരമ്പിയിട്ടും നാനാ ഭാഗത്തുനിന്നും വരുംവരായ്കകള്‍ ലേഖനങ്ങളായും പ്രസംഗങ്ങളായും അഭിപ്രായപ്രകടനങ്ങളായും പുറത്തുവന്നിട്ടും കുലുക്കമില്ലാതെ മുന്നോട്ടു പോകുന്ന പിതാവിനോട് ഇനി ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നമ്മള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയമായിരിക്കുന്നു. നമ്മള്‍ സന്തോഷത്തോടെ കൊടുക്കുന്ന പണം കൊണ്ടാണ് നമ്മെ ഇല്ലാതാക്കുവാനുള്ള കുന്തമുന കൂര്‍പ്പിക്കുന്നത്. അതിനു തടയിടേണ്ട അവസരമായി. ശതാബ്ദിയുടെ പേരും പറഞ്ഞ് എല്ലാവിധത്തിലും നമ്മെ പിഴിഞ്ഞെടുത്തു. ഇനി അതിനു നിന്നു കൊടുക്കരുത്. ചോദിച്ചാലുടന്‍ എന്തിനെന്നു പോലും ചോദിക്കാതെ  പണം കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. അമേരിക്കയിലെത്തിച്ച് മാമ്മോദീസായും ആദ്യകുര്‍ബ്ബാനയും കല്ല്യാണവും നടത്തി കനത്ത കവറും വിമാനടിക്കറ്റും കൊടുക്കുന്ന ഇടപാട് അവസാനിപ്പിക്കണം. അതിരൂപതാ നേതൃത്വത്തിനു മേല്‍ ഒരു സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചേ മതിയാവൂ. ഇത്തരം ഉപരോധം കൊണ്ടേ നമ്മുക്ക് നിലനില്ക്കാനാകൂ.

സഭയിലെ മറ്റ് മെത്രാന്മാരെല്ലാം അസൂയപ്പെടുന്ന ഒരു ബന്ധമായിരുന്നു കോട്ടയം മെത്രാന്മാരും സമുദായക്കാരുമായി ഉണ്ടായിരുന്നത്. മൂലക്കാട്ടു മെത്രാന്‍ അതിനു കളങ്കം ചാര്‍ത്തി. ഇനി നമ്മുടെ കൈയ്യ് നമ്മുടെ തലക്കുതാഴെ മടങ്ങിയിരിക്കട്ടെ, പരിശുദ്ധ സിംഹാസനം നമ്മുടെ സംരക്ഷകരായി ഉണ്ടായിരിക്കും. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലത്തോളം ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മെ ഇതുവരെ നടത്തിയ ദൈവത്തിനു എന്നുമെന്നും നന്ദി പറയാം.

പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ്‌

(സ്നേഹ സന്ദേശം 2012 ജൂണ്‍ ലക്കത്തില്‍ പ്രസധീകരിച്ചു വന്നത്)

5 comments:

  1. Moolakkat formula is a divine formula.Only people with Gods grace will understand it. If he is sincere in implementing it, I will be with him in the front.

    ReplyDelete
    Replies
    1. Moolekkatt formula is not a Humain formula. It is against God, It is against American civil law. You cannot divide a family in one church. He is saying to select less evil?? He is an evil person to say that.

      Delete
  2. Then we do not need him, let him go to seminary in Italy at the Vallambra seminary and live with them. Or better go back to Chicago and lead the Kanas with Mullappally.

    We do not need a bishop who can protect and preserve the endogamous peace loving Knanaya community.

    ReplyDelete
  3. If John sir, his father had heard about this conspiracy, he would have kicked him out of his house. Believe it or not... that is the real fact.

    ReplyDelete
  4. Then elevate him to Mar Makhil's status, "vazhthappetta Mar Moolakkadan"

    ReplyDelete