2012 മെയ് പന്ത്രണ്ടാം തീയതി ചേര്‍ന്ന കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കെ.സി.സിക്ക് എതിരെ നടത്തിയ വിലകുറഞ്ഞ പ്രതികരണം സംബന്ധിച്ചുള്ള വിശദീകരണം
പ്രിയ ക്‌നാനായ സഹോദരങ്ങളെ,
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ തീരുമാനം എന്ന രീതിയില്‍ 2012 മെയ് 18 അപ്നാദേശ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാപരവുമാണ്. അങ്ങനെയൊരു തീരുമാനം ഇല്ലാ എന്ന് അറിയുന്നു. ആയത് സംബന്ധമായി ചില വസ്തുതകള്‍ സമുദായസ്‌നേഹികളെ അറിയിക്കേണ്ടത് കെ.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കടമയാണെന്ന് കരുതുന്നു. കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പെടുത്തണം. അടിയന്തിര സ്വഭാവമുള്ള വിഷയങ്ങള്‍ മീറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആയത് അംഗീകരിച്ച് അംഗങ്ങളെ അറിയിക്കണം കെ.സി.സി യെ ബാധിക്കുന്ന വിഷയമുണ്ടെങ്കില്‍ അത് അജണ്ടയില്‍ വച്ച് , കെ.സി.സി ഭാരവാഹികള്‍ക്ക് പറയുവാനുള്ളത് കേട്ട ശേഷം വേണം അഭിപ്രായം പറയുവാന്‍. അന്ന് ഉച്ചവരെ ടി മീറ്റിംഗില്‍ പങ്കെടുക്കുകയും കെ.സി സി സംബന്ധമായ ഒരു വിഷയവും അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പോരുകയുമുണ്ടായി. വളരെയധികം പേര്‍ ഉച്ചയോടെ പോകുകയുണ്ടായി. എന്നാല്‍ ഉച്ചകഴിഞ്ഞ് അംഗങ്ങള്‍ കുറഞ്ഞ സമയത്ത് കെ.സി.സി വിഷയം ചര്‍ച്ച ചെയ്യുന്നതും, അഭിപ്രായം പറയുന്നതും, അതിന് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ കൂട്ടുനില്‍ക്കുന്നതും ധാര്‍മ്മികവും നിയമപരവുമല്ല. തന്നെയുമല്ല ചര്‍ച്ച ചെയ്തതല്ലാതെ അപലപിക്കുവാന്‍ തീരുമാനിച്ചില്ല എന്നുള്ളതാണ് വസ്തുത.
പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന തന്നെ വിചിത്രം. 99.9 % ഉള്ള അത്മായര്‍ക്ക് 25%, 75 % നോമിനികള്‍ അതില്‍ ഭൂരിപക്ഷവും വൈദികരും കന്യാസ്ത്രീകളും. 01 % , വൈദികരുടെയും കന്യാസ്ത്രീകളുടെയും നോമിനികളുടെയും കുത്തകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്ററല്‍ കൗണ്‍സില്‍ ഘടന മാറ്റി തെരഞ്ഞടുപ്പില്‍ കൂടി അത്മായര്‍ക്ക് 50 % അംഗത്വം നല്‍കിയാല്‍ മാത്രമേ ഈ സംഘടന കോട്ടയം അതിരൂപതയുടെ ആധികാരിക സംഘടനയാകുകയുള്ളൂ. അല്ലാത്ത പക്ഷം മെത്രാന്റെ നോമിനേഷന്‍ സംഘടന
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിനെ അപലപിക്കാന്‍ കെ.സി.സി ചെയ്ത പാതകം എന്താണ്?
1 ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരുടെ സഭാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1 ലക്ഷം പേര്‍ ഒപ്പിട്ട ഒരു നിവേദനം റോമിന് നല്‍കുന്നതാണോ? 2010-13 ലെ കെ.സി.സി കര്‍മ്മരേഖയിലെ 6-ാം നമ്പര്‍ പ്രവര്‍ത്തനമാണ് ഇത്. മാര്‍ മൂലക്കാട്ട് പിതാവാണ് കര്‍മ്മരേഖ കടുത്തുരുത്തിയില്‍ വച്ച് പ്രകാശനം ചെയ്തത്. എന്നിട്ട് കണ്ടില്ല അറിയില്ല എന്നു പറയുന്നത് വിരോധാഭാസമല്ലേ? ഇത് എങ്ങനെ സഭാ വിരുദ്ധമാകും. കെ.സി.സി യോട് ഒന്നു ചോദിച്ചെങ്കില്‍ പിതാവിനെ ബോദ്ധ്യപ്പെടുത്തി കൊടുത്തേനെ. 2010-13 കെ.സി.സി കര്‍മ്മരേഖ മറിച്ചു നോക്കിയാലും മതിയാകും.
2 ക്‌നാനായക്കാരന്റെ നിര്‍വചനം ചിക്കാഗോയില്‍ ചെന്നപ്പോള്‍ മാറ്റിപ്പറ ഞ്ഞതില്‍ കെ.സി.സി പ്രതിഷേധിച്ചതാണോ അപലപനീയം? കെ.സിസി-യുടെ ശക്തമായ പ്രതിഷേധത്തിന്റെ പേരിലല്ലേ വീണ്ടും പുനസ്ഥാപിച്ചത്?
കാര്യസാദ്ധ്യത്തിന് ഒപ്പുശേഖരണം സഭാശൈലിയല്ല എന്നു പിതാവു പറയുന്നു.
a) മുല്ലപ്പള്ളിയും കൂട്ടരും ഒപ്പിട്ടു കൊടുത്തല്ലേ 1986 ലെ Rescript ഉണ്ടായത്.
b) ജയരാജ് അച്ചനെ മെത്രാനാക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് കോട്ടയം രൂപതയിലെ 23 വൈദികര്‍ ഒപ്പുശേഖരണം നടത്തിയില്ലേ?
c) കോട്ടയം തിരുഹൃദയക്കുന്നേല്‍ വൈദികര്‍ റോമിനു നല്‍കിയ കൂട്ട പരാതിയുടെ പേരിലുള്ള റോമിന്റെ അന്വേഷണവും തീരുമാനവും സഭാവിരുദ്ധമാണോ.
d) മാക്കില്‍ പിതാവും മറ്റ് രണ്ടു മെത്രാന്‍മാരും ഒപ്പിട്ടു കൊടുത്തിട്ടല്ലേ കോട്ടയം വികാരിയത്ത് ലഭിച്ചത്?
വൈദികരുടെ കാര്യത്തിനാണെങ്കില്‍ ഒപ്പുശേഖരണം കുഴപ്പമില്ല. സമുദായത്തിന്റെ അസ്ഥിത്വം നശിച്ചാലും അത്മായര്‍ നടത്തുന്ന ഒപ്പുശേഖരണം സഭാവിരുദ്ധം!
സമുദായത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുന്ന വിഷയത്തില്‍ ലോകത്തെമ്പാടുമുള്ള അത്മായരും, വൈദികരും, സന്യസ്ഥരും എല്ലാവരും ചേര്‍ന്ന് ഒരു നിവേദനം അഭിവന്ദ്യ മൂലക്കാട്ട്, ആലഞ്ചേരി പിതാക്കന്മാരുടെ അനുഗ്രഹത്തോടെ റോമിനു നല്‍കുന്നതിനാണ് കെ.സി.സി ആഗ്രഹിക്കുന്നത്. ടി നിവേദനത്തിലെ ഏതെങ്കിലും വാക്കോ, വാചകമോ മാറ്റുന്നതിന് ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പിതാവും ചില വൈദികരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു നിവേദനം പോലും കൊടുക്കുവാന്‍ സമ്മതിക്കില്ല എന്ന നിലപാട് ഈ സമുദായത്തോടു ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും കെ.സി.സി.യും മറ്റ് രാജ്യങ്ങളിലെ ക്‌നാനയ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനകളും സമുദായത്തിനുവേണ്ടി ഒപ്പു ശേഖരണ പരിപാടികളുമായി മുമ്പോട്ടുപോകും
എന്ന്,
പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്
19/5/2012
No comments:
Post a Comment