Tuesday, May 22, 2012

UKKCA ക്ക് ഒരു തുറന്ന കത്ത്


സ്നേഹമുള്ള നേതാക്കന്മാരെ സുഹൃത്തുക്കളെ,

വിഗന്‍ ക്നാനായ യുണിറ്റിന്റെ അംഗീകാരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍  ക്നാനായ സമൂഹം കുറെ നാളുകളായി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒക്കെ ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രചാരം നേടി.

ജൂണ്‍ മാസം മുപ്പതാം തിയതി നടക്കുന്ന കണ്‍വന്‍ഷന്‍ മുമ്പായി ക്നാനായ സഹോദരങ്ങള്‍ ചില സത്യങ്ങള്‍ അറിയണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജനനം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനായക്കാരായ ഞങ്ങള്‍ മറ്റു പ്രദേശത്തെ ക്നാനായ കുടുംബങ്ങളെ പോലെ UKKCA-യുടെ അംഗീകാരത്തിനായി അപേക്ഷിച്ചു. ഞങ്ങള്‍ പോലും അറിയാതെ  മാഞ്ചെസ്റ്റര്‍ യുണിറ്റ് എന്തോ തടസ്സം പറഞ്ഞു എന്ന കാരണത്താല്‍ ഞങ്ങളുടെ അപേക്ഷ തള്ളി എന്ന് കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി. കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ മാസം വീണ്ടും ഞങ്ങള്‍ അപേക്ഷ കൊടുക്കുകയും ടി യുണിറ്റ് വീണ്ടും അനാവശ്യമായ തടസം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി വച്ച് അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തു.

പ്രസ്തുത കമ്മറ്റിയിലെ ഒരേ ഒരംഗം മാത്രം (സിറില്‍ കൈതവേലി) ഞങ്ങളുമായി സംസാരിക്കുകയും യുണിറ്റ് അനുവദിക്കുന്നതിന് അനുകൂലമായി തന്‍റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ഞങ്ങളോട് ഒരക്ഷരം പോലും മിണ്ടുകയോ ചോദിക്കുകയോ ചെയ്യാതെ  ഏകപക്ഷീയമായി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു എന്ന് അറിയുന്നു. എന്നാല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചവരുടെ പേരോ ഒപ്പോ അതിന്റെ അടിയില്‍ ഇല്ലായിരുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെ ആണ് (ഇന്നുവരെ മേല്പറഞ്ഞ റിപ്പോര്‍ട്ടിന്റെ കോപ്പി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല) നാഷണല്‍  കൌണ്‍സില്‍ വിഗന്‍ യുണിറ്റ് അന്ഗീകരിക്കും എന്ന് മുന്‍കൂട്ടി കണ്ടു മൂലക്കാട്ട് പിതാവ് പ്രശ്നം തീര്‍ക്കും എന്ന ന്യായവും ആയി അധ്യാത്മിക ഉപദേഷ്ടാവ് വരുകയും അദ്ദേഹത്തിന്റെ പ്രസ്തുത നിര്‍ദ്ദേശം അംഗീകരിക്കുകയുംചെയ്തു.

മാര്‍ച്ച് മാസത്തില്‍ പിതാവ് വന്നപ്പോള്‍ തിരുമേനിയുടെ മുന്‍പില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നിരത്തുകയും കുടുംബങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തുകയും ചെയ്തു. അതിനെ തുടര്‍ന്ന് പ്രസിഡന്റ്‌ ലേവിയെ വിളിച്ച് ഫോണ്‍ വഴി സംസാരിച്ചു വിഗന്‍ യുണിറ്റ് അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ വീഡിയോ നിങ്ങള്‍ ഒരു പക്ഷെ കണ്ടു കാണും. എന്നാല്‍ കഴിഞ്ഞ നാഷണല്‍  കൌണ്‍സില്‍ മീറ്റിംഗിലും അത് അന്ഗീകരിച്ചില്ല എന്ന് മാത്രമല്ല ജൂണ്‍ മുപ്പതിന് നടക്കുന്ന കണ്‍വന്‍ഷന്‍ റാലിയില്‍ പങ്കെടുപ്പിക്കരുത് എന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.

ഞങ്ങള്‍ അപേക്ഷ കൊടുത്തു കഴിഞ്ഞു അപേക്ഷിച്ചവര്‍ക്കും കൂടെ അപേക്ഷിച്ചവര്‍ക്കും അംഗീകാരം നല്‍കിയിട്ടും ചിലരുടെ പിടിവാശിയും വ്യക്തിവൈരാഗ്യവും വിഗന്‍ യുണിറ്റ് അംഗീകരിക്കാതിരിക്കുവാന്‍ കാരണമായി.

തനിമയും ഒരുമയും പറഞ്ഞു കണ്‍വന്‍ഷന്‍ നടത്തുന്ന നേതാക്കന്മാരോട് ഒന്നേ ഞങ്ങള്‍ക്ക് ചോദിക്കുവാന്‍ ഉള്ളു. ഞങ്ങള്‍ ഫാമിലി സ്പോന്സര്‍ ആയി ഇരുനൂറു പൌണ്ട് വച്ച് തന്നാല്‍ ഞങ്ങളെ വി.ഐ.പി.കളുടെ തൊട്ടു പിറകില്‍ ഇരുത്തുന്നതിന് പ്രസിഡന്റ്‌നു വിരോധം ഇല്ല; പാസ്സ് ഖജാന്‍ജിയില്‍ നിന്നും വാങ്ങാം എന്ന് പറഞ്ഞു സെക്രട്ടറി കത്ത് തന്നു. ചുരുക്കത്തില്‍ ഞങ്ങളുടെ പണത്തിനു ഒരു മ്ലേച്ഛതയുമില്ല; പക്ഷെ ഞങ്ങളെ ഒരു ബാനറിന്റെ കീഴില്‍ നിറുത്തുകയില്ല എന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇത് ഇരട്ടത്താപ്പല്ലേ?

സമ്മാനത്തിനോ അംഗീകാരത്തിനോ പരിഗണിക്കേണ്ട; പുറകില്‍ നില്‍ക്കാന്‍  പോലും ഞങ്ങളെ അനുവദിക്കാത്ത നിങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ ശക്തമായ പ്രതിക്ഷേധം അറിയിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ജൂണ്‍ മുപ്പതാം തിയതി നടക്കുന്ന കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഞങ്ങള്‍ പ്രതിക്ഷേധസൂചകമായി കറുത്ത കൊടിയും പിടിച്ചു റാലി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഈ ധര്‍മസമരത്തില്‍ എല്ലാ ക്നാനായ സഹോദരങ്ങളും ഞങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ സമുദായത്തിനോ നമ്മുടെ കണ്‍വെന്‍ഷനോ എതിരല്ല മറിച്ച് ഞങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി മാത്രമുള്ള സമരമാണിത്. ചെണ്ട കൊട്ടുന്ന മാരാനോ, പുലയനോ ഏതു ജാതിയില്‍പെട്ടവരായാലും ക്നാനായ റാലിയില്‍ പങ്കെടുക്കാം. പക്ഷെ ക്നാനായക്കാരായ ഞങ്ങളെ കൂട്ടത്തില്‍ നിര്‍ത്തില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് സ്നേഹിതരേ.....?

സ്നേഹാദരങ്ങളോടെ,

വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍.
23 മെയ്‌ 2012

No comments:

Post a Comment