മൂന്നു വ്യക്തികള്‍ മരിച്ച് ന്യായവിധിക്കായി പ്രത്യേക ജൂറിയ്ക്ക് മുന്പില് ഹാജരായി. അവരില്‍ രണ്ടുപേര്‍ ശങ്കരപുരി, പകലോമറ്റം എന്നീ കുടുംബങ്ങളില്‍ നിന്നും വന്നവരാണെന്ന് അടക്കംപറയുന്നുണ്ടായിരുന്നു. മൂന്നാമന് കോട്ടയത്ത്നിന്നുമായിരുന്നു എത്തിയത്.
ആദ്യവ്യക്തി ഒരു സ്ത്രീലമ്പടനായിരുന്നു. രണ്ടാമന് അമിത മദ്യപാനിയും, മൂന്നാമന് പുകവലിക്ക് അടിമയുമായിരുന്നു. ന്യായാധിപന്, മാര്‍ത്തോമ്മായുടെ നാട്ടില്‍നിന്നും എത്തിയ ഇവരോട് പ്രത്യേക അനുകമ്പ തോന്നി. അതിനാല്‍ വിധി തല്ക്കാലത്തേയ്ക്ക് മരവിപ്പിക്കുകയും, ഒരു പരീക്ഷണത്തിനുകൂടി അവസരം അനുവദിക്കുകയും ചെയ്തു. അതില്‍ വിജയിച്ചാല്‍ നരകശിക്ഷക്കു പകരം സ്വര്‍ഗ്ഗസമ്മാനം വാഗ്ദാനം നല്കി.
ഒന്നാമനെ സുന്ദരികളായ കുറേ സ്ത്രീകളോടൊത്ത് ഒരുമുറിയില്‍ കയറ്റി കതകടച്ചു. 12 വര്‍ഷത്തിനു ശേഷമേ മുറിതുറക്കുകയുള്ളു. രണ്ടാമനെ ഓ.സി.ആര്, ആനമയക്കി മുന്തിയ സ്കോച്ച്, ഹെന്നെസ്സി, എന്നിവയോടൊപ്പം ലോകത്തില്‍ ലഭ്യമായ എല്ലാവിധ മദ്യങ്ങളോടും കൂടി 12 വര്‍ഷത്തേക്ക് അടുത്തമുറിയിലടച്ചു. മൂന്നാമനായ കോട്ടയംകാരനേയും 12 വര്‍ഷത്തേയ്ക്ക് ആവശ്യമായ സിഗരറ്റ്, ബീഡി എന്നിവയുമായി കതതടച്ചു.
നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷം, ന്യായാധിപന് ഒന്നാമന്റെ കതകുതുറന്ന് നോക്കി. ക്ഷീണിതനും പശ്ചാത്താപവിവശനുമായ അയാളെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്വര്‍ഗത്തിലേക്ക് കയറ്റിവിട്ടു. രണ്ടാമന്റെ മുറിതുറന്നു. എല്ലും തോലുമായ അയാള്‍ മദ്യത്തോട് വിടപറഞ്ഞ് കഴിയുകയായിരുന്നു. അയാളെയും സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിട്ടു.
താന്‍ സ്വന്തമായി എടുത്ത തീരുമാനത്തിലുടെ രണ്ടാളുകള്‍ സ്വര്‍ഗ്ഗംപൂകിയ സന്തോഷത്തില്‍ ന്യായാധിപന് സിഗരറ്റുവലിക്കാരനായ മൂന്നാമന്റെ മുറിതുറക്കേണ്ടതാമസം, അയാള്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് മുന്‍പോട്ടാഞ്ഞ് ന്യയാധിപന്റെ കരണത്തിനിട്ടടിച്ചു.
“എന്തിന് എന്നെ തല്ലി?” എന്ന ചോദ്യത്തിന് മറുപടി കിട്ടിയത് ഇപ്രകാരമായിരുന്നു;
“നിങ്ങള്‍ എവിടുത്തെ ന്യായാധിപനാണ്? 12 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് സിഗരറ്റുകള്‍ കൊണ്ട് മുറിനിറച്ചപ്പോള്, അത് കത്തിക്കുന്നതിനായി ഒരു തീപ്പെട്ടി എങ്കിലും താന്‍ ഇതിനകത്തു വച്ചിട്ടാണോ കതകടച്ചത്?”
അയാള്‍ അലറി.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു എന്നറിവില്ല.
ക്നാനായ സമുദായം ലോകത്തെ എട്ടാമത്തെ അത്ഭുതമാണെന്നും, സുറിയാനിഭാഷ മലങ്കരയില്‍ എത്തിച്ചത് നിങ്ങളാണെന്നും പഴയ മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. അടുത്ത മേജര്‍ പറഞ്ഞതിങ്ങനെയായിരുന്നു; “നിങ്ങള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്, പ്രത്യേക പ്രേഷിത പ്രവര്‍ത്തനത്തിനായി വിളിക്കപ്പെട്ടവരുമാണ്.”
കുറച്ചു കഞ്ഞി വെച്ചു കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണമെന്നുണ്ട്. അരിയുണ്ട്, വിറകുമുണ്ട്. എന്തു ചെയ്യാം, തീപ്പെട്ടി നമ്മുടെ പക്കലില്ല.
പച്ചമരത്തോട് ഇപ്രകാരമായാല്‍ ഉണങ്ങിയതിനോട് എന്തുമാകാം.
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
Mob: 9446924328
Email: thomasjoseph88@yahoo.in
No comments:
Post a Comment