ഏകദേശം പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നു എല്ലാ വര്‍ഷവും വീമ്പിളക്കുന്ന നിങ്ങളുടെ കണ്‍വന്‍ഷന്‍ ഇത്തവണയും നടത്താന്‍ തയ്യാറെടുക്കുകയാണല്ലോ. ഓരോ പ്രാവശ്യവും അധികാരത്തില്‍ വരുന്നവര്‍ എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കുന്നത്! അത് ചെയ്യും, ഇത് ചെയ്യും..... നയന്‍താരയുടെ അമ്മയെ കൊണ്ടുവരും... പോപ്പിനെ കൊണ്ടുവരും..... ജനം വരുന്നു പോകുന്നു. ഈ ക്നാനയമക്കളുടെ കൂട്ടായ്മ ഇന്നെവിടെ? എല്ലാവര്ക്കും ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ഇതുവരെ നിങ്ങള്‍ക്കാര്ക്കെങ്കിലും കഴിഞ്ഞോ?
ആരെങ്കിലും എതുതരത്തിലെങ്കിലുമുള്ള അത്യാഹിതത്തില്‍ പെട്ട് മരണാസന്നനാകുമ്പോള്‍ ഇടയശ്രേഷ്ടന്റെ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെടും – രോഗിയുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക! ആ അവസ്ഥയില്‍ രക്ഷിക്കാന്‍ സാക്ഷാല്‍ യേശുക്രിസ്തു നേരിട്ടുവന്ന് ലാസ്സറിനോട്ടു ചെയ്ത അത്ഭുതം തന്നെ പ്രവര്‍ത്തിക്കണം!
മരിച്ചുകഴിഞ്ഞാല്‍ അടുത്ത സന്ദേശം എത്തുകയായി.... ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട നമ്മുടെ സഹോദരന്റെ (അല്ലെങ്കില്‍ സഹോദരിയുടെ) കുടുംബത്തിനായും, സംസ്ക്കാരചടങ്ങുകള്‍ക്കായും കഴിയുംവിധം സഹായിക്കുക....
പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ ഈ രാജ്യത്ത് ജോലിയ്ക്ക് വന്നിട്ട് മാസാമാസം വാങ്ങിക്കൊണ്ടിരുന്നത് പുളിങ്കുരു ആയിരുന്നില്ലല്ലോ.... നല്ല ജൂബിലിചിരിയുമായി നില്‍ക്കുന്ന എലിസബത്ത് രാജ്ഞിയുടെ പടമുള്ള പൌണ്ടല്ലായിരുന്നോ? അത് കിട്ടാവുന്നിടത്തോളം വാങ്ങി നാട്ടില്‍ സ്ഥലം വാങ്ങുകയും മണിമന്ദിരങ്ങള്‍ പണിയുകയും ചെയ്യുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു..... നമുക്കെന്തെങ്കിലും സംഭവിച്ചാല്‍???
ഈ രാജ്യത്ത് എത്രയോ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം ഒരു കുപ്പി ബക്കാര്‍ഡിയുടെ വിലയുടെ പകുതി അടച്ചാല്‍, ഒരു അത്യാഹിതത്തില്‍ പെടുമ്പോള്‍ കുടുംബത്തിന് കൈതാങ്ങാകാന്‍ ഒരു നല്ല തുക ലഭിക്കുമെന്ന സത്യം എന്തേ നമ്മള്‍ ഓര്‍ക്കാത്തത്? തെണ്ടല്‍ ഒരു ശീലമാക്കിയ സമുദായശ്രേഷ്ട്ട്ന്മാര്‍ക്കും വൈദികര്‍ക്കും ഇതിലൊന്നും യാതൊരു ജാള്യതയും ഇല്ലെന്ന സത്യം അത്യാവശ്യം കുറച്ചുപേര്‍ക്കെങ്കിലും അറിയാമെന്നത് നല്ലത് തന്നെ.
ഇത്രയും അംഗബലമുള്ള ഒരു സമുദായത്തിന്റെ നേതൃത്വം വേണമെന്ന് വിചാരിച്ച് ശ്രമിച്ചാല്‍ എന്താണ് അവരുടെ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഇവിടെ ചെയ്യാന്‍ കഴിയാത്തത്? അതിനു മുലപ്പാലോ പശുവിന്പാലോ കുടിച്ച കുഞ്ഞുങ്ങളാവണം..... അല്ലാതെ വെറുതെ അമേരിക്കയില്‍ നിന്ന് വന്ന പാല്‍പ്പൊടി ചൂടുവെള്ളത്തിലിട്ടു കലക്കികുടിച്ചവനെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല.
മൂന്നു നാല് ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടു നമ്മുടെ മുഴുവന്‍ കുടുംബങ്ങളെയും ചേര്‍ക്കാമെന്ന് പറഞ്ഞാല്‍, അമ്മയാണെ സത്യം, കമ്പനികളുടെ ചെയര്‍മാന്‍ തന്നെ നേരിട്ട് നമ്മുടെയടുത്തു വന്നു പറ്റിയ പോളിസി ഉണ്ടാക്കിത്തരും. ഇതിനൊന്നും ശ്രമിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് നേരമില്ല. അങ്ങനെ ചെയ്‌താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരാപത്തു വന്നാല്‍ ചുരുങ്ങിയത് ഒരു അമ്പതിനായിരം പൌണ്ടെങ്കിലും കുടുമ്പത്തിനു ലഭിക്കാന്‍ പറ്റുന്ന ഒരു സ്‌കീം അവര്‍ നല്കും എന്ന കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അതിനായി ഒരു കുടുംബത്തിനു മാസംതോറും അടക്കേണ്ടി വരുന്ന തുക കേവലം അഞ്ചോ എട്ടോ പൌണ്ടോടടുത്തു മാത്രമായിരിക്കും.
എന്നാല്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോയി എന്ന കാര്യത്തില്‍ സംശയമില്ല.... അവര്‍ തല പുകഞാലോചിചിട്ടാണ് എങ്ങനെ വിഗാന്‍ യുണിറ്റ് അനുവദിക്കാതിരിക്കാം, എങ്ങനെ വെല്‍ക്കംഡാന്‍സ് ചിട്ടപ്പെടുത്താം.... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മരമണ്ടാന്മാരെ എങ്ങനെ നാട്ടില്‍നിന്ന് ഇവിടെ കൊണ്ടു വരാം... ഇതെനെല്ലാം ആവശ്യമായ തുക എങ്ങനെ സംഘടിപ്പിക്കാം.... മുനിരയിലും വേദിയിലും ടൈയും കെട്ടി കോട്ടുമിട്ട് അവരോടൊപ്പം എങ്ങനെ ഞെളിഞ്ഞു നില്‍ക്കാം, വിഡ്ഢിവേഷം കെട്ടിയ മായാമോഹിനിമാരെ എങ്ങനെ അണിനിരത്താം.... അതിനെല്ലാമുപരി എങ്ങനെയെല്ലാം വിമതശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെയും മാധ്യമങ്ങളെയും ഒതുക്കാം.... കഴിഞ്ഞ തവണ ഒരുത്തന്‍ ആനപ്പുറത്തെഴുന്നുള്ളിയെങ്കില്‍ ഇത്തവണ ശബരിമല ശാസ്താവ് വരുന്നമാതിരി പുലിപ്പുറത്തിരുന്നു വരാന്‍ പറ്റുമോ........
വിഡ്ഢികുഷ്മാണ്ടങ്ങളേ.... സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിക്കുക. തനിമയില്‍, ഒരുമയില്‍ വിശ്വാസനിറവില്‍ തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാക്കുകള്‍ അലറിക്കൂവാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കുക.
ജയ് മാര്‍ത്തോമ്മന്‍!
ജോയിപ്പാന്‍
ജോയിപ്പാന്‍
No comments:
Post a Comment