Wednesday, July 25, 2012

പത്താമത് ക്‌നാനായ കണ്വന്ഷന്റെ ഒരുക്കങ്ങള്‍ പൂര്ത്തിയായി


താമ്പാ: ജൂലൈ 26, 27, 28, 29 തീയതികളില്‍ ഓര്‍ലന്‍ഡോയിലെ റോസന്‍ ഷിങ്കിള്‍ ക്രീക്ക് ഹോട്ടലില്‍ അരങ്ങേറുവാന്‍ പോകുന്ന കെസിസിഎന്‍എയുടെ പത്താമത് ക്‌നാനായ കണ്‍വന്‍ഷനുവേണ്ടി കണ്‍വന്‍ഷന്‍ നഗര്‍ ഒരുങ്ങിക്കഴിഞ്ഞു. 26 വ്യാഴാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ റജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാ ക്‌നാനായ വ്യക്തികളും പന്ത്രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഓറിയന്റേഷന്‍ എടുത്തതിനുശേഷം മാത്രമേ റജിസ്‌ട്രേഷന്‍ പാക്കേജിന് അര്‍ഹത നേടൂ.

മൂന്നു മണിക്ക് നടക്കുന്ന ദിവ്യബലിയോടുകൂടി കണ്‍വന്‍ഷന് തിരശീല ഉയരും. തുടര്‍ന്ന് 4.45 ന് ഇരുപത് യൂണിറ്റിന്റെ പ്രതിനിധികള്‍ അണിനിരക്കുന്ന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ക്‌നാനായ യാക്കോബായ സമുദായത്തിന്റെ ആദിഭദ്രാസനം വലിയ മെത്രാപ്പൊലീത്താ അഭിവന്ദ്യ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് ഭദ്രദീപം തെളിയിച്ച് പത്താമത് ക്‌നാനായ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ യൂണിറ്റുകളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികള്‍ക്ക് കലാകാരി ശിംഗാരിയുടെ നേതൃത്വത്തിലും ടെന്‍സന്റേയും, ശ്രീനായുടെയും സംവിധാനത്തിലുള്ള ഓപ്പണിങ് സെറിമണിക്ക് തിരശീല ഉയരും. വിവിധ യൂണിറ്റുകളുടെ നിരവധി പ്രോഗ്രാമുകളും യുവജനങ്ങള്‍ക്കായി കോമേഡിയന്‍ ആകാശ് സിങിന്റെ എന്റര്‍ടൈന്‍മെന്റ് പരിപാടിയും, മറ്റു സ്‌റ്റേജ്‌ഷോകളും നടക്കും.

27-ാം തീയതി മുതല്‍ 29 വരെ ക്യൂന്‍ മേരി മിനിസ്ട്രീസ് ന്യൂയോര്‍ക്ക് ടീമിന്റെ വചനപ്രഘോഷണഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. 28-ാം തീയതി രാവിലെ 9 മണിക്ക് വിവിധ യൂണിറ്റുകളിലെ മത്സരാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ നടക്കും. അന്നേദിവസം തന്നെ രാവിലെ 8.30 മുതല്‍ പന്ത്രണ്ട് മണിവരെ കായികമത്സരങ്ങളും നടക്കും. 27-ാം തീയതി ഉച്ചയ്ക്ക് 12 മണിമുതല്‍ 4 മണിവരെ കുട്ടനാടന്‍ ജലോല്‍സവത്തെ അനുസ്മരിപ്പിക്കുന്ന വള്ളംകളി മത്സരത്തിനായി 16 യൂണിറ്റുകളില്‍ നിന്നുള്ള ടീമുകള്‍ ഫ്‌ളോറിഡയില്‍ മാറ്റുരയ്ക്കും.

വൈകുന്നേരം നടക്കുന്ന കലാമത്സരങ്ങള്‍ക്കു ശേഷം ഗായിക റീമി ടോമിയുടെ നേതൃത്വത്തിലുള്ള ഗാനമേള കണ്‍വന്‍ഷന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. 250-ല്‍ പരം യുവതീയുവാക്കള്‍ക്കായി വൈകുന്നേരം 5.30 മുതല്‍ വെളുപ്പിന് ഒരു മണി വരെ ക്രൂയിസ് പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8.30 ന് കായികമത്സരങ്ങള്‍ അങ്കംകുറിക്കും. വിവിധതരം സെമിനാറുകളും, ക്‌നാനായ മങ്ക, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ക്‌നാ, ബാറ്റില്‍ ഓഫ് ദ സിറ്റീസ് മുതലായ പരിപാടികളും അരങ്ങേറും.

അമേരിക്കയിലെ പോപ്പ് ഗായകന്‍ റ്റാലിബ് കവേലിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി സായംസന്ധ്യ അണിയിച്ചൊരുക്കിയിട്ടുണ്ട്. 29-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ആഘോഷമായ മലയാളം കുര്‍ബാനയ്‌ക്കൊപ്പം യുവജനങ്ങള്‍ക്കായി ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയും നടക്കും. അക്കരക്കാഴ്ചകളിലൂടെ പ്രശസ്തനായ ജോസ് വലിയകല്ലുങ്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിരിയരങ്ങില്‍ വനിതാവിഭാഗത്തിന്റെ കളിയല്ല കല്യാണം എന്ന ഹാസ്യകലാവിഷ്‌ക്കാരം ക്‌നാനായ മാമാങ്കത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും.

വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ സോഷ്യലൈസേഷനുള്ള സമയവും 6 മണിമുതല്‍ 7.30 വരെ സമാപന സമ്മേളനവും നടത്തുന്നതായിരിക്കും. 7.30 മുതല്‍ ബീറ്റ്‌സ് ഓഫ് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേള ബാങ്ക്വറ്റ് മനോഹരമാക്കും. യുവജനങ്ങള്‍ക്കായി പോക്കര്‍ ടൂര്‍ണമെന്റ്, സെമിനാര്‍, മാജിക്‌ഷോ, ഡിജെ ഡാന്‍സ്, തുടങ്ങിയ ഇനങ്ങള്‍ നടത്തുന്നതാണ്.

ക്‌നാനായ സഹോദരങ്ങളെ, ഓര്‍ലന്‍ഡോയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജെയിംസ് ഇല്ലിക്കല്‍ അറിയിച്ചു. ഹോട്ടലിലേക്ക് സ്വന്തം വാഹനത്തില്‍ എത്തുന്നവര്‍ സെല്‍ഫ് പാര്‍ക്കിങ് സൈന്‍ നോക്കി സെല്‍ഫ് പാര്‍ക്കിങില്‍ തന്നെ പാര്‍ക്ക് ചെയ്യണം. മറ്റ് സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഹോട്ടല്‍ അധികൃതര്‍ ഈടാക്കുന്നതാണെന്ന് കണ്‍വന്‍ഷന്‍ സ്റ്റിയറിങ് കമ്മറ്റി അറിയിച്ചു.

(മനോരമ വാര്‍ത്ത)

No comments:

Post a Comment