Saturday, July 28, 2012

സഭ ആത്മീയസേവനാവകാശനിയമം നടപ്പിലാക്കണം


ഉദ്യോഗസ്ഥരുടെ സേവനം ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്ന മുദ്രാവാക്യത്തോടെ കേരളനിയമസഭ പാസാക്കിയ പൗരന്‍മാരുടെ സേവനാവകാശനിയമം കത്തോലിക്കാസഭയ്‌ക്കൊരു വലിയ മാതൃകയാണ്. യേശുക്രിസ്തുവിന്റെ മഹനീയ മാതൃകയില്‍ വിനയാന്വിതമായ സേവന-ശുശ്രൂഷാ സ്ഥാനങ്ങളില്‍ വിശ്വാസികളില്‍ നിന്ന് വേതനം സ്വീകരിച്ച് അവരുടെ ആത്മീയശുശ്രൂഷകള്‍ക്കായി നിയമക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരും പുരോഹിതരും അനര്‍ഹമായ അധികാരപ്രമത്തതയോടെ വിശ്വാസികള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ അവര്‍ക്കാവശ്യമായ രീതിയില്‍ യാഥാസമയം നല്‍കാതിരിക്കുന്നത് വലിയ അനീതിയും ദുര്‍മാതൃകയുമാണ്.

വിശ്വാസികളുടെ സേവനത്തിനുവേണ്ടി അവര്‍ പുരോഹിതരുടെ മുമ്പാകെ ഓച്ചാനിച്ച് കൈകൂപ്പി തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ മതി, ഇത് ഞങ്ങളുടെ ഔദാര്യമാണ്, എന്റെ സമയവും സൗകര്യവും പോലെ മാത്രമേ കാര്യങ്ങള് നടക്കുകയുള്ളു, എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരെപ്പറ്റി ഒട്ടനവധി വിശ്വാസികള്‍ വേദനയോടെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. What can I do for you?, How can I help you? എന്നിങ്ങനെയുള്ള വാക്കുകള്‍ പുരോഹിതരില്‍ നിന്നും മെത്രാന്‍മാരില്‍ നിന്നും വിശ്വാസികള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടോ? അപ്രകാരമുള്ള പുരോഹിതരെ കാണാനാണ് വിശ്വാസികള്‍ ഇക്കാലത്ത് കാത്തിരിക്കുന്നത്, എന്ന കാലത്തിന്റെ സൂചന പുരോഹിതര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് ദൈവവചനം പറഞ്ഞുകൊടുക്കുന്നതിലേറെ അവഹേളനങ്ങളും പണപ്പിരിവിന്റെ കാര്യങ്ങളും വിശ്വാസികള്‍ കേള്‍ക്കാന്‍ ഇടയാകുന്നത് കഷ്ടമാണ്. വിശ്വാസികള്‍ക്ക് അവകാശമായ അവശ്യശുശ്രൂഷകള്‍ പോലും മുടക്കുന്നതും ആത്മീയശുശ്രൂഷികള്‍ക്ക് അന്യായമായ പണം വാങ്ങുന്നതും ചോദിച്ച പണം നല്‍കാത്തവര്‍ക്ക് വിവിധ തരത്തിലുള്ള ആത്മീയപീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും ശുശ്രൂഷകള്‍ യഥാസമയം നല്‍കാതിരിക്കുന്നതും ഇക്കാലത്ത് സഭയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിന്മകളാണ്.

ഇവയ്‌ക്കെല്ലാം അറുതിവരുത്തി പുരോഹിതശുശ്രൂഷ യേശുവക്രിസ്തുവിന്റെ മാതൃകയിലും അവിടുത്തെ വചനങ്ങളിലും പ്രാവര്‍ത്തികമാക്കണമെങ്കില്‍ സഭയിലെ വിശ്വാസികള്‍ക്ക് ആത്മീയ സേവനാവകാശനിയമം നിര്‍ബന്ധമായി നടപ്പിലാക്കേണ്ടതാണ്. അധികാരികള്‍ എന്ന അനര്‍ഹമായ തലക്കനത്തിലൂടെ പുരോഹിതരില്‍ കടന്നുകൂടിയതാണ് മേല്‍പറഞ്ഞ അനീതികളും അഴിമതികളും. ഇവയെ നിര്‍മാര്‍ജ്ജനം ചെയ്ത് സഭയേയും പുരോഹിതരേയും സംശുദ്ധമാക്കണമെങ്കില്‍ മെത്രാന്മാരും പുരോഹിതരും വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ദാസരാണെന്ന പദവിയിലേക്ക് പുനഃപ്രതിഷ്ഠിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിന് വളരെയേറെ സഹായിക്കുന്നതാണ് സഭയിലെ ആത്മീയ സേവനാവകാശനിയമം.

ഇക്കാര്യം പ്രാവര്‍ത്തികമാക്കുന്നതിന് സഭയിലെ അധികാരികളെന്ന് വിളിക്കപ്പെടുന്ന മെത്രാന്മാരും വൈദികരും മുന്‍പോട്ട് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം അത് നടപ്പിലായാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന അനര്‍ഹമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നഷ്ടമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഇടവകകളിലെ പ്രതിനിധി യോഗങ്ങളില്‍ വിശ്വാസികള്‍ വൈദീകര്‍ക്കൊരു ആത്മീയപെരുമാറ്റചട്ടവും സേവനവ്യവസ്ഥകളും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കയാണ്. തന്മൂലം മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ തലയില്‍ കയറി ചെവികടിക്കാതെ, അവരെ അടിമകളാക്കാതെ ശിഷ്യന്‍മാരുടെ പാദം കഴുകിയ യേശുദേവന്റെ മാതൃകയില്‍ പെസഹാവ്യാഴാഴ്ച മാത്രമല്ല അനുദിനം എളിയ സേവനം ചെയ്യാനും സഭയെ യേശുവിന്റെ മാതൃകയിലും വചനത്തിലും സാക്ഷ്യപ്പെടുത്താനും വളര്‍ത്താനും ഇടയാക്കുകയും ചെയ്യും.

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഇക്കാര്യത്തിന് പ്രചുരപ്രചാരം നല്‍കുമല്ലോ.

നന്മ നേര്‍ന്നുകൊണ്ട്, സഭയെ നവീകരിക്കാനുള്ള പ്രാര്‍ത്ഥനയോടെ.

Fr. Davis Kachappilly CMI,
Carmelgiri Ashram, Kormala
Kuttichira P.O., 680 724
Phone 949 717 9433
Email frdaviskachappilly@yahoo.in

No comments:

Post a Comment