Thursday, July 26, 2012

കോട്ടയം മാര്ക്ക്റ്റില്‍ പറഞ്ഞുകേള്ക്കുനന്നത് ........

കോട്ടയം മാര്‍ക്കറ്റില്‍ പറഞ്ഞുകേള്‍ക്കുന്നത് അന്വേഷണറിപ്പോര്‍ട്ടാക്കാന്‍ സിബിഐ വേണോ?

രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സികളില്‍ ഒന്നായ സിബിഐ പൗരന്മാരുടെ അവസാനത്തെ ആശ്രയങ്ങളില്‍ ഒന്നായാണ് വിലയിരുത്തപെടുന്നത്. പോലീസ് മുതല്‍ ഏത് അന്വേഷണ ഏജന്‍സികളും തള്ളികളഞ്ഞ കേസ്സുകളും സിബിഐ അന്വേഷിച്ചാല്‍ തെളിയും എന്നുള്ളത് ജനങ്ങളുടെ ഒരു വിശ്വാസം കൂടിയാണ് .

സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഗല്‍ഭ്യം മാത്രമല്ല അതിന് കാരണം .കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണം ഉണ്ടെങ്കില്‍ പോലും അതൊരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ് എന്നുള്ളത് തന്നെയാണ് അതിന്‍റെ മെരിറ്റ്.

സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാരുകള്‍ സിബിഐയെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും സിബിഐ അതിന്‍റെ വിശ്വാസ്യത കാത്തു സൂക്ഷിച്ചിട്ടുമുണ്ട്.


എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ സംഭവിച്ച രണ്ടു കേസ്സുകളുടെ അന്വേഷണവുമായി ബന്ധപെട്ട് ആശാസ്യകരമല്ലാത്ത ചില കാര്യങ്ങള്‍ ഇവരുടെ പക്കല്‍നിന്നും സംഭവിച്ചു. രണ്ടും കേരളം ഇളക്കി മറിച്ച സംഭവങ്ങളാണ്. അഭയാകേസും അനഘാകേസും.

കവിയൂര്‍ പീഡനകേസ്സില്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണന്‍ നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇന്നലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് .

എന്നാല്‍ നേരെത്തെ നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ പിതാവ്‌ മകളെ പീഡിപ്പിച്ചതായി സിബിഐ പറഞ്ഞിരുന്നു. എന്നാല്‍ അത് ലതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് സിബിഐ ഇന്നലെ കോടതിയില്‍ പറഞ്ഞത്. അതായത് ആദ്യം കോടതിയില്‍ പറഞ്ഞ കാര്യം സിബിഐക്ക് തിരുത്തേണ്ടി വന്നു.

ഇതേ സംഭവം തന്നെയാണ് അഭയാകേസ്സിലും സംഭവിച്ചിരിക്കുന്നത്. ഈ കേസ്സില്‍, പ്രതികളായ വൈദികര്‍ ശുശ്രൂഷ ചെയ്തിരുന്ന സഭയിലെ ബിഷപ്പ് കോട്ടയത്തെ ഒരു കോളേജിലെ അധ്യാപികയായ കന്യാസ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നാണ് സിബിഐ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് .

അതും മറ്റൊരു മൊഴിയാണ്. കവിയൂര്‍ കേസ്സില്‍ പിതാവിന്‍റെ പീഡനത്തെക്കുറിച്ച്‌ മൊഴി നല്‍കിയത് ഒന്നാം പ്രതിയായ ലതാ നായര്‍ ആണെങ്കില്‍ അഭയാകേസ്സില്‍ സിബിഐ നല്‍കിയ റിപ്പോട്ടിലെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് ക്ഷണിക്കാതെ കയറി വന്ന് ചില ആരോപണങ്ങള്‍ ഉന്നയിച്ചു പോയ ഫെമിനിസ്റ്റ്‌ സ്വഭാവരീതികളുള്ള അവിവാഹിതയായ ഒരു മുന്‍ പ്രൊഫസ്സറുടെ മൊഴിയാണ്.

അവര്‍ ഈ കേസ്സില്‍ ഏതെങ്കിലും വിധത്തിലുള്ള ഒരു സാക്ഷിയല്ല. സംഭവത്തെ കുറിച്ച് കണ്ടോ പറഞ്ഞുകേട്ടോ അവര്‍ക്കറിവില്ല .അവര്‍ പറഞ്ഞത് ആ സഭയിലെ ഒരു ബിഷപ്പിനെതിരായ ആരോപണം മാത്രമാണ്

കേസുമായി അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ആകെയുള്ള ബന്ധം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പ് ഒരുന്നത നേതാവിന്‍റെ സഹായം തേടി എന്നത് മാത്രമാണ് .മൊഴിയില്‍ പറഞ്ഞ കാര്യങ്ങളുടെ വസ്തുത അന്വേഷിച്ചതായി പറയുന്നുമില്ല .ഇങ്ങനെ ആരെങ്കിലും ഒരാരോപണം ഉന്നയിച്ചാല്‍ അതെഴുതി കോടതിയില്‍ കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കലാണോ സിബിഐയുടെ ജോലി.

വഴിയോരത്ത് പറഞ്ഞ കാര്യങ്ങള്‍ എഴുതി കോടതിയില്‍ കൊടുക്കാനാണെങ്കില്‍ അതിന് സിബിഐ വേണോ? അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാതെ അത് പരസ്യപെടുത്തിയിട്ട് പിന്നീട് അത് പിന്‍വലിച്ചതുകൊണ്ട് അത് കേള്‍ക്കേണ്ടിവന്നവരുടെ മാനഹാനി മാറുമോ?

അഭയ കേസ്സില്‍ അഭയുടെ കൊലപാതകം അന്വേഷിക്കലാണ് സിബിഐയുടെ ദൗത്യം. അല്ലാതെ കോട്ടയം കത്തോലിക്കരില്‍ ആരൊക്കെ എവിടെയൊക്കെ വ്യഭിചരിച്ചിട്ടുണ്ടെന്നും മറ പൊളിച്ചിട്ടുണ്ടെന്നും അന്വേഷിക്കലല്ല. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുകാരോട് ചോദിച്ചാല്‍ പറയുന്ന കാര്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സിബിഐയുടെ ആവശ്യമില്ല.

എന്നുമാത്രമല്ല കോട്ടയം രൂപത ഇന്ന് ആരോപിച്ചിട്ടുള്ളതുപോലെ അഭയ കേസുമായി ബന്ധപെട്ട് ഇങ്ങനൊരു മൊഴി ഏച്ചുകെട്ടി കൊണ്ടുവന്നത് ആരാധ്യനായ ഒരു സഭാധ്യക്ഷനെ മനപൂര്‍വ്വം അവഹേളിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയും. നേരെത്തെ രണ്ടു വൈദികരെയും ഒരു സിസ്റ്ററെയും സംബന്ധിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജനം അത് വിശ്വസ്സിചിരിക്കുന്നത് അവര്‍ക്ക് ആ കേസുമായി ബന്ധമുള്ള കാര്യം സംശയിക്കുന്നതിനാലാണ്.

എന്നാല്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ അങ്ങനൊരു ബന്ധത്തെപറ്റി സിബിഐ പറയുന്നില്ല .പിന്നെന്തിന് ഈ കേസ്സിലെയ്ക്ക് ഇങ്ങനെയുള്ള ആരോപണം കൊണ്ടുവന്നു എന്ന കാര്യം അന്വേഷിക്കണം.

അതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം എന്തായിരുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പ്പര്യം ഉണ്ട്. ആരോപണങ്ങളെല്ലാം സത്യങ്ങളാകണം എന്നില്ലല്ലോ. തെളിയിക്കപ്പെടുംവരെ അവ ആരോപണങ്ങള്‍ മാത്രമാണ്.

തെളിയിക്കപെടാതെ വന്നാല്‍ അവ സിബിയ്ക്ക് തിരുത്താം. പക്ഷെ അതിന്‍റെ പേരില്‍ മാനം നഷ്ടപെട്ടവന്റെ അവസ്ഥ എന്തായിരിക്കും? ഒരു ബിഷപ്പ് എന്നാല്‍ അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു സമൂഹത്തിന്‍റെ ആകെ പ്രതിനിധിയാണ്. അതിനാല്‍ ബിഷപ്പിനെതിരെയുള്ള ആരോപണം ആ സമൂഹത്തെ കൂടി അവഹേളിക്കുന്നതിന് തുല്യമാണ് .

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുപോലെ ആരോപണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ രാജ്യത്തിന്‍റെ അവസ്ഥ എന്തായിരിക്കും? പൌരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിത്. ഇത്തരം രീതികള്‍ സിബിഐയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കും. അതാവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

No comments:

Post a Comment