സി ബി ഐ ക്ക് മാസങ്ങള്‍ മുന്‍പ് ഒരു മുന്‍ പ്രൊഫസ്സര്‍ നല്‍കിയ മൊഴി അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്ത് വിട്ടാണ് ബിഷപ്പിനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടന്നിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ വന് വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു .
കേസ്സില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപെട്ട് കേസിലെ പ്രതികളായ ഫാ: തോമസ് കോട്ടൂരും ഫാ: ജോസ് പിത്രുക്കയിലും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു മൊഴി പുറത്ത് വിടുകയും ഇതിന് ചില ഒറ്റപെട്ട ചാനലുകള്‍ വന്‍ പ്രചരണം നല്‍കുകയും ചെയ്തത്.
കോട്ടയം ബി സി എം കോളെജിലെ മുന്‍ പ്രൊഫ: ത്രേസ്സ്യാമ്മയുടെതാണ് മൊഴി. ഇതേ കോളേജിലെ ഒരു മുന്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയുമായി പിതാവിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്നാണ് മൊഴി. ബി സി എം കോളെജ് മാനേജ്മെന്റുമായി അകല്‍ച്ചയിലായിരുന്ന അധ്യാപിക ഏതാനും മാസങ്ങള് മുന്‍പ് മാത്രമാണ് സി ബി ഐ ഉദ്യോഗസ്ഥരെ അങ്ങോട്ട് ചെന്ന് ബന്ധപ്പെട്ടു ചില ആരോപണങ്ങള്‍ ഉന്നയിച്ചത്.
അധ്യാപികയുടെ ശത്രുത ബിഷപ്പുമായാണ്. അതിനാലാണ് ബിഷപ്പിനെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബിഷപ്പിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് അഭയ കേസ്സിന്‍റെ ഒരു ഘട്ടത്തിലും ആരോപണം പോലും ഉയര്‍ന്നതല്ല. അദ്ധ്യാപിക നല്‍കിയ മൊഴിയിലും ഇത്തരം ആരോപണം ഇല്ല.
എന്നിട്ടും ബിഷപ്പിനെതിരായ മൊഴി പ്രതികള്‍ക്കെതിരെയുള്ള വാദത്തിനിടയില്‍ കോടതിയില്‍ ഹാജരാക്കിയതില്‍ ദുരൂഹതയുണ്ട്. അധ്യാപികയുടെ മൊഴിയില്‍ കൊലപാതകവുമായി ബിഷപ്പിനുള്ള ബന്ധം പറയുന്നത് കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ കേരളാകോണ്‍ഗ്രസ് നേതാവിനെ കൂട്ടുപിടിച്ച് ബിഷപ് ശ്രമം നടത്തി എന്നത് മാത്രമാണ് .
എന്നാല്‍ പുറത്ത് പ്രചാരം നല്‍കിയത് ബിഷപ്പിനെതിരെയുള്ള സദാചാരവിരുദ്ധ ആരോപണത്തിന് മാത്രമാണ്. ഈ ആരോപണവും കൊലപാതകകേസും തമ്മില്‍ ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നുമാത്രമല്ല അധ്യാപികയുടെ മൊഴി അവര്‍ നേരില്‍കണ്ട കാര്യങ്ങളുടെ സാക്ഷിമൊഴിയല്ല. അത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണ്.
അന്വേഷണം നടക്കുന്ന കൊലക്കേസുമായി ബന്ധമില്ലാത്ത അപ്രസക്തമായ ഇത്തരം ഒരു ആരോപണം പ്രചരിപ്പിച്ചത് എന്തിനെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ സി ബി ഐ യുടെ താല്‍പ്പര്യം എന്താണെന്നും സംശയിക്കുന്നു.
എന്തായാലും സംഭവത്തില്‍ സി ബി ഐ ക്കെതിരെ മാനനഷ്ട്ടത്തിന് കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കോട്ടയം അതിരൂപത. സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് സി ബി ഐ മേധാവികള്‍ക്കും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കാനും തീരുമാനമുണ്ട്.
Source: Sathyam Online
No comments:
Post a Comment