Thursday, July 26, 2012

അഭയ കേസ് ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണം


കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തില്‍ നടത്തിയ പ്രൊഫസര്‍ ത്രേസ്യാമ്മയ്ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശേരിയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ ത്രേസ്യാമ്മയ്‌ക്കെതിരെ സഭ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കുമെന്നും സഭ വക്താക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസാണ് സ്വമേധയാ സംരക്ഷണം ഏര്‍പ്പെടുത്തിയത്.

ത്രേസ്യാമ്മയ്ക്ക് സംരക്ഷണം നല്‍കണമെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ബിസിഎം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്ന് ത്യേസ്യാമ്മ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നതെന്നും ത്രേസ്യാമ്മയുടെ മൊഴിയിലുണ്ട്.

ബി.സി.എം കോളേജിലെ മുന്‍ അദ്ധ്യാപികയായ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ സഭാനേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അദ്ധ്യാപികയായിരിക്കെ സഭാ നേതൃത്വവുമായി ചില പ്രശ്‌നങ്ങളില്‍ ത്രേസ്യാമ്മയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് സഭാ വക്താക്കള്‍ പറയുന്നത്.

കടപ്പാട്: One India Malayalam

No comments:

Post a Comment