Thursday, July 26, 2012

അരമനവാസികള്‍ അപ്പനോ അമ്പട്ടനോ


അമേരിക്കയിലെ ക്നാനയക്കാരുടെ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കുന്നു.

ക്നാനായ കത്തോലിക്കാസമൂഹത്തിലെ എല്ലാ സംഘടനകളും (ക്നാനായ കാത്തോലിക്ക കോണ്‍ഗ്രസ്‌, കെ.സി.വൈ.എല്‍., കെ.സി.സി.എന്‍.എ., യു.കെ.സി.സി.എ. – അങ്ങിനെ പലതും) പിതാക്കന്മാരുടെ അറിവോ സമ്മതമോ ഇല്ലാതെ തുടങ്ങിയവയാണ്. എന്നാല്‍ കാലാന്തരത്തില്‍ ഇവയെല്ലാം അരമന ഹൈജാക്ക് ചെയ്യുകയായിരുന്നു.

ഇന്ന് വ്യക്തിത്വം ഉള്ള ഒരാള്‍ സംഘടനകളുടെ തലപ്പത്ത്‌ വരുന്നത് നമ്മുടെ അഭിവന്ദ്യന്മാര്‍ക്ക് സഹിക്കുന്നില്ല. അവരുടെ ശ്രമങ്ങള്‍ ഫലിക്കാതെ തലപ്പത്ത്‌ വന്നാല്‍ പിന്നെ അവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായി.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലീയ്ക്ക് ഒരു പിതാവും എത്തിനോക്കുക പോലും ചെയ്തില്ല. അമേരിക്കയില്‍ നെറ്റിപ്പട്ടംകെട്ടി കല്യാണം ആശീര്‍വദിക്കാന്‍ പോകുന്നവര്‍ കണ്‍വെന്‍ഷന്‍ ബഹിഷ്ക്കരിച്ചു.

നല്ലത്; എല്ലാം നല്ലതിന് തന്നെ.

വരനെത്തിയില്ലെങ്കില്‍ വിവാഹം നടക്കുകയില്ല; സര്‍ജന്‍ എത്തിയില്ലെങ്കില്‍ ഓപ്പറേഷന്‍ മുടങ്ങും. പക്ഷെ മെത്രാന്മാര്‍ വരാത്തത് കൊണ്ട് കണ്‍വെന്‍ഷന്‍ നടക്കുന്നതിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പിന്നെ അവരുടെ സാന്നിദ്ധ്യത്തിന് സിമ്പോളിക്ക് മൂല്യമുണ്ടെങ്കില്‍ അത് നികത്താന്‍ ചിങ്ങവനം മെത്രാന്മാരുണ്ട്. “കോട്ടയം കുഞ്ഞച്ചന്മാരെ”ക്കാള്‍ വര്‍ണ്ണാഭമായ വേഷവിധാനമുള്ളവര്‍!

വടക്കേ അമേരിക്ക പോലൊരു വലിയ രാജ്യത്തിന്റെ പല കോണുകളിലായി ജീവിക്കുന്ന ക്നാനയമക്കള്‍ക്ക് ഒത്തുകൂടാന്‍ വേണ്ടിയാണല്ലോ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. അത്തരം ഒരു കൂട്ടായ്മയില്‍ കൂന്തന്‍ തൊപ്പികാര്‍ക്ക് സത്യത്തില്‍ യാതൊരു റോളും ഇല്ല. പൂച്ച പൊന്നുരുക്കുന്നിടത്ത് ചെല്ലുന്നതുപോലെ മാത്രം.

“ഞങ്ങളല്ല നിങ്ങളുടെ പിതാക്കന്മാര്‍” എന്ന് ആവര്‍ത്തിച്ചു പറഞ്ഞത് അമേരിക്കയിലെ ക്നാനയക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം, ഉള്‍ക്കൊള്ളണം.

“നിങ്ങളല്ല ഞങ്ങളുടെ പിതാക്കന്മാര്‍” എന്ന് തിരിച്ചു പറയാനുള്ള തന്റേടവും കാണിക്കണം.

അത് പിരിവിനും ബാധകമായിരിക്കും എന്ന് ഒരു പ്രമേയത്തിലൂടെ അവരെ ബോധ്യപ്പെടുത്തുകയും വേണം.

മക്കളുടെ സുഖദുഃഖങ്ങളില്‍ പങ്കെടുക്കാന്‍ സന്മനസ്സ് കാട്ടാത്തവര്‍ അപ്പനല്ല അമ്പട്ടനാണ്;

അപ്പനും അമ്പട്ടനും തമ്മിലുള വ്യത്യാസം മനസ്സിലാക്കുക.


അലക്സ്‌ കണിയാംപറമ്പില്‍ 

No comments:

Post a Comment