Monday, July 30, 2012

പാര്ട്ടിയും സഭയും


ആധുനികപൂര്‍വമായ സംഘപ്രത്യയശാസ്ത്രത്തെ, ആധാരമാക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം ഏതാണ്ട് കത്തോലിക്കാസഭയുടേതിന് സമാനമാണ്. മനുഷ്യന്‍ ജന്മനാ പാപിയായതിനാല്‍, വിശ്വാസികളുടെ പാപമോചനം സഭയിലൂടെ മാത്രമാണെന്നു സഭ പ്രചരിപ്പിച്ചു. പാപമോചനത്തിന്റെ വഴിയില്‍ വ്യക്തിപരമായ ചിന്തയേ്ക്കാ സ്വാതന്ത്ര്യത്തിനോ സ്ഥാനമില്ല. ദൈവകൃപ മാത്രമാണ് പാപമോചനത്തിനുള്ള ഏകമാര്‍ഗം. സഭയിലൂടെ മാത്രമേ വിശ്വാസികള്‍ക്ക് ദൈവകൃപ ലഭിക്കുകയുള്ളൂ. സഭാമേധാവിയായ പോപ്പ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയായി സ്വയം അവരോധിക്കുകയായിരുന്നു. ദൈവം സഭയായും സഭ പോപ്പായും മാറി. ചക്രവര്‍ത്തിമാരെ വാഴിക്കാനും സ്ഥാനഭ്രംശം ചെയ്യാനും കഴിയുന്ന പോപ്പ്, ഫലത്തില്‍,ആത്മീയ-ഭൗതികാധികാരകേന്ദ്രമായി മാറുകയാണുണ്ടായത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുസഭയെയും സെക്രട്ടറി പോപ്പിനെയുമാണ് മാതൃകയാക്കുന്നത്. വിശ്വാസികള്‍ തിരുസഭയിലും പോപ്പിലും സ്വയം സമര്‍പ്പിക്കുന്നതുപോലെ, ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ട്ടിയിലും സെക്രട്ടറിയിലും സ്വയം അര്‍പ്പിക്കുന്നു. ഒരു ക്രൈസ്തവന്റെ ക്രൈസ്തവതയെ നിര്‍ണയിക്കുന്നത്, അയാളുടെ വ്യക്തിഗതമായ വിശ്വാസമല്ല, സഭാനിയമങ്ങളോടുള്ള അനുസരണയും പോപ്പിനോടുള്ള ഭക്തിയുമാണ്. ബൈബിളില്‍ വിശ്വസിച്ചാലും സഭാനിയമങ്ങള്‍ ലംഘിച്ചാല്‍ ഒരാള്‍ക്ക് ഔദ്യോഗികമായി കത്തോലിക്കാ ക്രിസ്ത്യാനിയായി തുടരാനാവില്ല. കത്തോലിക്കാസഭയുടെ കുറ്റവിചാരണയ്ക്ക രയാക്കപ്പെട്ടവരില്‍ അധികംപേരുടെയും കുറ്റം ബൈബിള്‍ വിമര്‍ശനമായിരുന്നില്ല. സഭാനിയമലംഘനവും പോപ്പിന്റെ അധികാരത്തോടുള്ള സമ്പൂര്‍ണവിധേയത്വമില്ലായ്മയുമായിരുന്നു, 'ഇന്‍ക്വസിഷന്‍ എന്ന മതവിചാരണ സമ്പ്രദായം ആരംഭിക്കാന്‍'സഭാചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദ വ്യക്തിയായിരുന്ന ഇന്നസെന്റ് മൂന്നാമന്‍ പോപ്പിനെ പ്രേരിപ്പിച്ചത്. ഇന്നസെന്റ് മൂന്നാമന്റെ ശരീരഭാഷയാണ് ലക്ഷണമൊത്ത പാര്‍ട്ടി സെക്രട്ടറിയിലൂടെ പുനരുത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സഭാനിഷേധികളെ ഉന്മൂലനം ചെയ്യുകയെന്നത് തന്റെ ആത്മീയദൗത്യമാണെന്ന് പ്രചരിപ്പിച്ച ഇന്നസെന്റ് മൂന്നാമന്റെ മുഖഭാവം എപ്പോഴും അക്ഷോഭ്യവും വികാരശൂന്യവുമായ നിശ്ചയദാര്‍ഢ്യത്തിന്റെതായിരുന്നു.

പാര്‍ട്ടിയോട് അന്ധമായ കൂറും ആത്മാര്‍ഥതയും പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാരുടെ മനോഘടന സഭാവിശ്വാസിയുടേതുതന്നെയാണ്. പാര്‍ട്ടിയിലും സെക്രട്ടറിയിലും വിശ്വാസമര്‍പ്പിക്കുന്ന ശരാശരി കമ്യൂണിസ്റ്റുകാര്‍ സ്വതന്ത്രചിന്ത, വിമര്‍ശനം, വായന, പഠനം തുടങ്ങിയ 'ഭാരങ്ങ'ളില്‍നിന്നു മുക്തിനേടുകയാണ് ചെയ്യുന്നത്. സി.പി.എമ്മിലെ ലക്ഷക്കണക്കിന് അണികള്‍ക്കുവേണ്ടി വായിക്കാനും പഠിക്കാനും ചിന്തിക്കാനും അണികള്‍തന്നെ തിരഞ്ഞെടുത്ത ഒരു സെക്രട്ടറിയായിരുന്നു ഇ.എം.എസ്. എന്നാല്‍, പാര്‍ട്ടി വലിയ സാമ്പത്തികസാമ്രാജ്യം കെട്ടിപ്പൊക്കിയതോടെ വായനയും ചിന്തയുമൊന്നും അതിനാവശ്യമില്ലാതെയായി.

51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില'നീ പാര്‍ട്ടിയാകുന്നു, പാര്‍ട്ടി, സെക്രട്ടറിയാകുന്നു'എന്ന അധ്യായത്തില്‍ നിന്ന്.

No comments:

Post a Comment