Wednesday, July 25, 2012

മാലാഖമാരേ, മറയൊല്ലേ!


.............................. ആദ്യകാലത്തൊന്നും നേഴ്‌സിങ്ങ് ഒരു പാഠ്യവിഷയമായിരുന്നില്ല. ആശുപത്രികള്‍ കാശുവാരിക്കമ്പനികളാവുന്നതിനു മുമ്പ് ചെറിയ ചെറിയ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു കൈസഹായം പോലെയാണ് നേഴ്‌സുമാരുടെ വരവ്. അവര്‍ ഡോക്ടര്‍മാരുടെ കണ്ണില്‍ ഒരു പരിചാരികയ്ക്കപ്പുറമൊന്നുമായിരുന്നില്ല. സന്തോഷത്തിന് എന്തെങ്കിലും കൊടുക്കുക എന്നതിനപ്പുറം നിയതമായ ശമ്പളമുണ്ടായിരുന്നില്ല. ക്രിസ്തീയസഭകള്‍ പരത്തിവിട്ട ആതുരസേവനം എന്ന ആശയം അവരെ മയക്കിക്കിടത്തുകയും ചെയ്തു. എന്തെങ്കിലും ഒരു ജോലി എന്ന ആകര്‍ഷണത്തില്‍ കേരളത്തിലെ പെണ്‍കുട്ടികളാണ് ഏറെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിയ്ക്കപ്പെട്ടതും. ആശുപത്രികള്‍ ആകാശചുംബികളായതിനു ശേഷവും അധികൃതരുടെ ഈ പരിചാരികാസമീപനത്തില്‍ മാറ്റമൊന്നും വരാത്തതാണ് ഇന്നത്തെ ഈ അസ്വസ്ഥതയ്ക്കുള്ള പ്രധാനകാരണം.

അതേസമയം നേഴ്‌സിങ്ങിന് പുതിയ മാനങ്ങള്‍ കൈവന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയതുകൊണ്ട് വൃദ്ധജനങ്ങള്‍ പെരുകി. അണുകുടുംബത്തിലേയ്ക്കു ചുരുങ്ങിയ നമുക്കാവട്ടെ അവരെ പരിചരിയ്ക്കാന്‍ സമയവും സൗകര്യവുമില്ലാതായി. ഹോം നേഴ്‌സ് എന്ന പുതിയ ഒരു വിഭാഗം ഉണ്ടായി. എണ്ണമറ്റ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു വന്നു. ആശുപത്രികള്‍ക്കു പുറമേ വീടുകളിലും വൃദ്ധസദനങ്ങളിലുമായി ലക്ഷക്കണക്കിനു വെള്ളയുടുപ്പുകാരെയാണ് ഇന്ന് ആവശ്യമായിരിയ്ക്കുന്നത്. അപ്പോഴാണ് നേഴ്‌സുമാര്‍ തങ്ങളുടെ വിലയറിയാന്‍ തുടങ്ങിയതെന്നും തോന്നുന്നു. ഇത്രയും കാലം തങ്ങള്‍ വഞ്ചിയ്ക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് അവരെ സമരത്തിന്റെ പാതയിലേയ്ക്ക് തള്ളിവിട്ടു. ഇനി അത് സമരത്തിനപ്പുറത്തേയ്ക്കുള്ള വഴിയിലേയ്ക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അത്രയ്ക്ക് ഇച്ഛാഭംഗമാണ് ഇപ്പോള്‍ അവര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിയ്ക്കുന്നത്...................

........................ബെസ്സി നമ്മുടെ മാലാഖമാരില്‍ ഒരാളാണ്. അനേകമനേകം ആതുരര്‍ക്ക് അഭയം കൊടുക്കേണ്ടവള്‍. അവരുടെ വേദന ഒപ്പിയെടുക്കേണ്ടവള്‍. അവര്‍ക്ക് കൈത്താങ്ങായിത്തീരേണ്ടവള്‍. ഇവള്‍ പറയുന്നു ഈ ജോലി ഇവള്‍ക്കു മടുത്തുവെന്ന്. ഇവള്‍ മാത്രമല്ല, ഇവളേപ്പോലെ കുറെയേറെപ്പേരും അതു തന്നെ പറയുന്നു. നോക്കൂ, ഈ മാലാഖമാര്‍ എല്ലാവരും സ്വന്തം ജോലി ഉപേക്ഷിച്ചു പോയാല്‍ പിന്നെ നമുക്ക് ആരാണഭയം?

ഉത്തരമില്ല എന്നെനിയ്ക്കറിയാം. പക്ഷേ ഒന്നു നമ്മള്‍ അറിഞ്ഞേ തീരൂ. ആതുരസേവനം വെറും സേവനം മാത്രമല്ല. ദുരിതം പേറുന്ന ഈ ജീവിതയാത്രയില്‍ നമ്മള്‍ക്കൊപ്പം അവരും വേണം. ബെസ്സിയേപ്പോലുള്ളവരെ വേദനിപ്പിയ്ക്കാതിരിയ്‌ക്കേണ്ടത് നമ്മളാണ്. ഭൂമിയ്ക്ക് ഈ മാലാഖമാരുടെ കണ്ണുനീര്‍ താങ്ങാനാവില്ല....................

അഷ്ടമൂര്‍ത്തി എഴുതിയ “മാലാഖമാരേ, മറയൊല്ലേ!” എന്ന പുസ്തകത്തില്‍ നിന്ന്.

No comments:

Post a Comment