Saturday, September 1, 2012

ഞാനില്ലാത്ത ലോകം – സ്റ്റീഫന്‍ തോട്ടനാനി


ക്‌നാനായക്കാരെ സംബന്ധിച്ചിടത്തോളം 2012 വളരെ ശ്രദ്ധേയമായ വര്‍ഷമാണ്. മൂലക്കാട്ടു പിതാവിന്റെ ചിക്കാഗോയിലെ പ്രസംഗം, അതേതുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ പ്രതികരണം, പിതാവിന്റെ പ്രസ്താവനക്കെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയത്തു ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിലെ നേതാക്കളുടെയും ജനങ്ങളുടെയും പ്രതിഷേധം, ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരുടെ അഭിമാനമായ അമേരിക്കയിലെ KCCNA കണ്‍വന്‍ഷന്‍ നമ്മുടെ സ്വന്തം പിതാക്കന്മാര്‍ ബഹിഷ്‌ക്കരിച്ചത്, ശതാബ്ധി ആഘോഷങ്ങളുടെ ചൂടാറും മുന്‍പുതന്നെ പരസ്പരം ചെളിവാരി എറിഞ്ഞ് ക്‌നാനായ ഒരുമ നഷ്ടപ്പെടുന്ന രീതിയിലുള്ള അധഃപതനം, എന്നിങ്ങനെ ക്‌നാനായക്കാരന്റെ  കണ്ണുതുറക്കുവാന്‍ ഉപകരിച്ച സംഭവബഹുലമായ 2012-ാമാണ്ട് ക്‌നാനായ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചു.

Orlando Convention
ക്‌നാനായക്കാരല്ലാത്തവര്‍ക്കിടയില്‍ പോലും ക്‌നാനായ കണ്‍വന്‍ഷനില്‍ നമ്മുടെ പിതാക്കന്മാര്‍ പങ്കെടുക്കാതിരുന്നതു വാര്‍ത്തയായിതീര്‍ന്നു. തങ്ങളുടെ സ്വന്തമെന്നു കരുതി ബഹുമാനിച്ചുവന്ന പിതാക്കന്മാരുടെ പ്രവര്‍ത്തി ജനങ്ങളെ വിഷമിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അതോടൊപ്പം പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്തു.

ഒരു വ്യക്തിയുടേയും അഭാവത്തിന് ഈ ലോകത്തിന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്താനാവില്ല. ലോകം മുന്‍പോട്ട് തന്നെ ചരിച്ചുകൊണ്ടിരിക്കും. 'ഞാന്‍' എന്നത് എനിക്ക് മാത്രമാണ് പ്രധാനപ്പെട്ടത്, ഞാന്‍’ ഇല്ല എന്നു കരുതി ലോകം നിശ്ചലമായി തീരുകയില്ല എന്നത് പിതാക്കന്മാരുള്‍പ്പെടെ പലര്‍ക്കും മനസ്സിലാക്കുവാന്‍ ഈ കണ്‍വന്‍ഷന്‍ ഉപകരിച്ചു. നമ്മളോ, സഭാധികാരികളോ, സീറോമലബാറോ ഇല്ലെങ്കിലും ജനജീവിതം സ്തംഭിക്കാതെ മുന്‍പോട്ടു തന്നെ പൊയ്‌ക്കൊണ്ടിരിക്കും.

കണ്‍വന്‍ഷന്റെ ഉല്‍ഘാടനചടങ്ങ് കഴിഞ്ഞപ്പോള്‍തന്നെ പിതാക്കന്മാരുടെ അഭാവം വിസ്മൃതിയിലാണ്ടുപോയി. മാതാപിതാക്കളുടെ എണ്ണം ശുഷ്‌ക്കിച്ചുവരുമ്പോള്‍ കുട്ടികളുടേയും യുവജനങ്ങളുടേയും എണ്ണം പല മടങ്ങ് വര്‍ദ്ധിച്ചുവരുന്നു. കണ്‍വന്‍ഷനില്‍ അടുത്ത തലമുറയുടെ താല്പര്യവും, ഉത്സാഹവും പ്രകടമായിരുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവതലമുറ പ്രാപ്തരാണെന്നും, സന്നദ്ധരാണെന്നും ഒര്‍ലാന്‍ഡോ കണ്‍വന്‍ഷന്റെ വിജയത്തിലൂടെ കാണിച്ചുതന്നിരിക്കുന്നു. നേതാക്കളുടേയും, അധികാരികളുടേയും കേട്ടുതഴമ്പിച്ച പ്രസംഗങ്ങളുടെ സ്ഥാനത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചത് മാറ്റങ്ങളുടെ തുടക്കമാണ്.

സഭാ-സാമുദായിക നേതാക്കള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞും, കണ്ടും പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടവരാണ്. ബഹുഭൂരിപക്ഷം വരുന്ന അടുത്ത തലമുറയ്ക്കുവേണ്ടി ഞായറാഴ്ച ഉള്‍പ്പെടെയുള്ള നാലു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒരു ദിവസം പോലും കേവലം അരമണിക്കൂര്‍ എടുക്കുന്ന ഒരു ഇംഗ്ലീഷ് കുര്‍ബാന വയ്ക്കുവാന്‍ ശ്രദ്ധിച്ചില്ല. എത്രപേര്‍ വരും എന്നതല്ല പ്രധാനം. ഇത്രയും യുവജനങ്ങളില്‍ ചിലര്‍ക്കെങ്കിലും കുര്‍ബാനയില്‍ താല്പര്യം ഉണ്ടായികൂടെന്നില്ലെന്നുണ്ടോ? അവിടെ സന്നിഹിതരായിരുന്നവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക് എല്ലാം ഇംഗ്ലീഷ് മനസ്സിലാകുന്നവരാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മക്കള്‍ മലയാളം കുര്‍ബാന പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സാധിക്കാത്തവരായിരുന്നു.

മാതാപിതാക്കളുടെ സ്‌നേഹത്തിലും, സംരക്ഷണയിലും വളര്‍ന്ന മക്കള്‍ പഠനം പൂര്‍ത്തിയാക്കി, ജോലി ചെയ്ത് സ്വന്തം കാലില്‍ നില്ക്കുന്നു. നേതൃത്വപാടവവും സേവനമനോഭാവവും കൈമുതലായുള്ള ഇവര്‍ പലരും സമുദായത്തിലെ പ്രശ്‌നങ്ങളില്‍ നിന്നകന്നു നില്ക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തുവന്ന് തങ്ങളുടെ അവകാശങ്ങളെ ചവുട്ടിമെതിക്കുന്ന അധികാരികളെ ഇവര്‍ എത്രനാളാണ് സഹിക്കുക. തങ്ങള്‍ വളര്‍ന്നുവന്ന കമ്മ്യൂണിറ്റി തിരികെ പിടിക്കുവാന്‍ തയ്യാറായി യുവജനങ്ങള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. നമുക്കു ചുറ്റും ഉയര്‍ന്നുവരുന്ന യുവജനതാല്പര്യത്തെ പോഷിപ്പിച്ച് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുവാന്‍ നാം ഏവര്‍ക്കും കടമയുണ്ട്.

അടുത്ത തലമുറ അവര്‍ ജനിച്ചുവളര്‍ന്ന ലാറ്റിന്‍ സഭയേയും ക്‌നാനായ സമുദായത്തേയും ഒരുപോലെ മതിക്കുന്നു. അതല്ലെങ്കില്‍ സീറോമലബാര്‍ സഭയ്ക്ക് അവരെ ആകര്‍ഷിക്കുവാന്‍ സാധിക്കണം. നമ്മുടെ തലമുറയെ തമ്മിലടിപ്പിക്കുന്ന സീറോമലബാറിനെ യുവജനങ്ങള്‍ എങ്ങിനെയാണ് ബഹുമാനിക്കുക?

ഇരുവള്ളങ്ങളിലും ചവുട്ടി തെറ്റുചെയ്യുന്നവരേയും, അല്ലാത്തവരേയും ഒരുമിച്ച് കൊണ്ടുപോകാമെന്നു പറഞ്ഞുവരുന്ന നേതാക്കളെ ചുമലില്‍ ഏറ്റിയാല്‍ അതിന്റെ നഷ്ടം നമ്മുടെ മക്കള്‍ക്കു തന്നെയാകും. നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ ചുമക്കുന്നതുപോലെ ആയിരിക്കും ഫലം. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അതു തിരുത്തിയാണ് അഭിവൃദ്ധി പ്രാപിക്കുക. അല്ലാതെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി തെറ്റു ചെയ്യുന്ന വരുമായി രമ്യപ്പെടുന്നത് ഉയര്‍ച്ചയ്ക്ക് ഉപകരിക്കില്ല. തെറ്റുചെയ്യുന്നവരെ തെറ്റുകള്‍ തിരുത്തി വരുമ്പോള്‍ സ്വീകരിക്കുക എന്ന നയമായിരിക്കണം നാം സ്വീകരിക്കേണ്ടത്.

കണ്‍വന്‍ഷനിലെ സിമ്പോസിയത്തില്‍ ക്‌നാനായക്കാര്‍ ഇന്ന് എത്തിനില്ക്കുന്ന അവസ്ഥ സംജാതമായതെങ്ങിനെയെന്ന് അപഗ്രഥിക്കുകയുണ്ടായി. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മിഷന്‍ ഡയറക്ടര്‍മാരായ ക്‌നാനായ വൈദികര്‍ എപ്രകാരമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, സത്യം വെളിപ്പെടുത്താതെ പള്ളികള്‍ വാങ്ങിപ്പിച്ച് ക്‌നാനായക്കാരെ തമ്മില്‍ പിണക്കിയതെന്ന് അതാതു നഗരങ്ങളിലെ ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കുകയുണ്ടായി. നിഷ്പക്ഷമായി കേട്ടുനില്ക്കുന്നവര്‍ക്ക് ഒരു വൈദികന്‍ അപ്രകാരം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഒരു വൈദികനെകൊണ്ട് ചെയ്യിച്ചുകൂട്ടിയ തെറ്റുകള്‍ മുഴുവന്‍ അദ്ദേഹത്തെ സ്ഥലംമാറ്റി പുഞ്ചരിതൂകുന്ന മറ്റൊരച്ചനെ പ്രതിഷ്ഠിക്കുന്നതുവഴി തീര്‍ന്നുകൊള്ളുമെന്ന സഭയുടെ രീതി എത്രമാത്രം വിലപ്പോകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
കുര്‍ബാനസമയത്ത് വൈദികര്‍ ധാരളമുണ്ടായിരുന്നു. എന്നാല്‍ സിമ്പോസിയത്തിലേക്ക് ഈ വൈദികരെ പ്രത്യേകമായി ക്ഷണിക്കാതിരുന്നത് ഒരുകണക്കിന് നന്നായി. വൈദികാന്തസ്സിന്റെ തൊലി ഉരിയുന്ന ആക്ഷേപങ്ങള്‍ കേള്‍ക്കുവാന്‍ രണ്ടോ മൂന്നോ വൈദികരേ ഹാളില്‍ ഉണ്ടായിരുന്നുള്ളൂ. എല്ലാം മറന്ന് ഒരുമയോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യാനല്ലാതെ മറ്റൊന്നും പറയുവാന്‍ അവര്‍ക്ക് സാധിക്കില്ലല്ലൊ.

പശ്ചാത്താപമില്ലാത്ത കുമ്പസാരത്തില്‍ കഥയെന്തിരിക്കുന്നു. മനസ്താപമില്ലാതെ എന്തു പാപമോചനം? തെറ്റുകളെപ്പറ്റി ബോധവാന്മാരായി പശ്ചാത്തപിച്ച് മേലില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലായെന്ന് ദൈവത്തോട് ഏറ്റുപറയുമ്പോഴാണ് പാപമോചനം ലഭിക്കുക എന്നാണ് നമ്മളെ പഠിപ്പിച്ചുവച്ചിട്ടുള്ളത്. ചെയ്തുകൂട്ടിയ തെറ്റുകളെപറ്റി ബോധവാന്മാരാണെങ്കിലും പശ്ചാത്താപമില്ലാതെ വീണ്ടും അവ ആവര്‍ത്തിക്കുന്ന അധികാരികളെപ്പറ്റി എന്താണ് പറയുക? തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് വൈദികരോ, അവരോട് കല്പിച്ചവരോ കരുതുന്നില്ല. കാലം എല്ലാം നേരെയാക്കികൊള്ളുമെന്ന് പറയുന്ന ഇവര്‍ക്ക് അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കിടയിലെ നഷ്ടപ്പെട്ട ഒരുമ തിരിച്ചുനല്‍കാന്‍ സാധിക്കുമോ?
പ്രതികരിക്കാതിരിക്കുന്ന അനങ്ങാപ്പാറ നയം സഭയുടെ മുഖമുദ്രയാണല്ലോ. തിരുനക്കര മൈതാനത്ത് അടുത്ത ദിവസം നമ്മുടെ രൂപതയുടെ വക്താവ് പ്രസ്താവിക്കുകയുണ്ടായി ''പ്രതികരിക്കാതിരിക്കുന്നത് ബലഹീനതയായി കണക്കാക്കരുത്, അന്തസ്സാര്‍ന്ന നിശബ്ദതയാണ് ഞങ്ങളുടേത്.'' ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിശബ്ദതയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലായെന്നത് സഭയ്ക്കു ജനങ്ങള്‍ക്കും അറിയാം. മറുപടിയ്ക്കായി വായ്തുറന്നാല്‍ പിന്നെ എന്തൊക്കെയാണ് പറയേണ്ടിവരിക, എന്തൊക്കെകേള്‍ക്കേണ്ടിവരും എന്ന ഒരു ചിന്ത ഉള്ളതു നല്ലതു തന്നെ. അന്തസ്സാര്‍ന്ന നിശബ്ദത ഭാവിയില്‍ ഗുണമാണോ ദോഷമാണോ വരുത്തിവയ്ക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അസോസിയേഷനും, KCCNA-യും എന്തു പറഞ്ഞാലും, ചെയ്താലും കോട്ടയം ബിഷപ്പ് പറയാത്തിടത്തോളം അമേരിക്കയിലെ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ല. കോട്ടയം മെത്രാന്റെ സപ്പോര്‍ട്ടില്ലാതെ റോമിലേയ്ക്ക് പോകുന്നതില്‍ കഥയുണ്ടെന്നും തോന്നുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളില്‍ കഴമ്പുണ്ടെന്ന് കോട്ടയം മെത്രാന്‍ സമ്മതിച്ച്, ക്‌നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളാത്ത കാലത്തോളം അസോസിയേഷനുകളും മിഷനുകളും രണ്ടു ധ്രുവങ്ങളില്‍ തന്നെ നിലകൊള്ളും. അതില്‍ 'Survival of the fittest' ആരെന്ന് കാലം തീരുമാനിക്കും.

(2012 സെപ്റ്റംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ സ്റ്റീഫന്‍ തോട്ടനാനി എഴുതിയ ലേഖനം)

No comments:

Post a Comment