സമര്‍പ്പണം
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി അന്ത്യോക്യന്‍ റീത്തിന് കാരണഭൂതരായ പുനഃരൈക്യപ്പെട്ട ക്‌നാനായ സമുദായത്തിലെ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി....
ആമുഖം
1653ലെ കൂനന്‍ കുരിശ് സത്യത്തോടെ രണ്ടായി ഭിന്നിച്ച് ക്‌നാനായ സമുദായത്തില്‍ അന്നു മുതല്‍ തന്നെ ഒന്നിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അത് ഭാഗികമായെങ്കിലും ഫലമണിഞ്ഞത് 1921ല്‍ അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെ കാലത്താണ് എന്ന് നമ്മുക്കേവര്‍ക്കും അറിയാവുന്ന സത്യമാണ്. 1921 ജൂലൈ 5ാം തീയതി പരി. സിംഹാസനത്തില്‍ നിന്ന് അന്ത്യോക്കന്‍ റീത്ത് അനുവദിച്ചുകൊണ്ടുള്ള കല്പന വന്നു. എന്നാല്‍ ചില സ്ഥാപിത താത്പര്യങ്ങള്‍ കൊണ്ട് ആഗ്രഹിച്ചിരുന്ന മുഴുവന്‍ ക്‌നാനായ സമൂഹത്തിന്റെയും പുനഃരൈക്യം നടന്നില്ല. വ്യക്തികളായും, കുടുംബങ്ങളായും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യം നടന്നു. അപ്രകാരം പുനരൈക്യപ്പെട്ടവര്‍ക്കായി പരി. സിംഹാസനത്തിന്റെ കല്പന പ്രകാരം ഒരു വികാരി ജനറാളിന്റെ കീഴില്‍ കോട്ടയം വികാരിയാത്തിന്റെ ഭാഗമായി നിലനിര്‍ത്തി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ''പുനഃരൈക്യപ്പെട്ടവര്‍ക്ക് ഒരു മെത്രാന്‍ ഉണ്ടാകുന്നത് വരെ അവര്‍ക്കായി ഒരു വികാരി ജനറാളിനെ നിയമിക്കാന്‍ പരി. സിംഹാസനം എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു.'' എന്ന് അഭി. ചൂളപ്പറമ്പില്‍ തിരുമേനി ക്‌നാനായ സമുദായത്തിലെ മുഴുവന്‍ പേര്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ പറയുന്ന ഈ യാഥാര്‍ത്ഥ്യമാണ് അതിന് ആധാരമായത്.
ഇതിന്‍പ്രകാരം പ്രത്യേക രൂപതയും, മെത്രാനും എന്ന ആശയം പല കാലങ്ങളിലും വിശ്വാസികളും വൈദികരും ആവശ്യപ്പെട്ടിരുന്നു, എങ്കിലും വിവിധ കാരണങ്ങളാല്‍ അവ നിരാകരിക്കപ്പെട്ടു. എന്നാല്‍ 2007 മാര്‍ച്ച് മാസാദ്യം കല്ലിശ്ശേരിയില്‍ കൂടിയ അല്മായ പ്രതിനിധികളുടെയും, വൈദികരുടെയും സാന്നിദ്ധ്യത്തില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കുവാന്‍ തീരുമാനിക്കുകയും, മാര്‍ച്ച് 26ാം തീയതി അതിനുള്ള അപേക്ഷ അഭി. മൂലക്കാട്ട് തിരുമേനി മുമ്പാകെ എല്ലാവരും ഒപ്പിട്ട് നല്കുകയും ചെയ്തു. ആയത് അഭി. പിതാവ് ശുപാര്‍ശ ചെയ്ത് 3052007ല്‍ പരി.സിംഹാസനത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 2010 ല്‍ ഇത് നിരാകരിക്കപ്പെട്ടു. വീണ്ടും പ്രസ്ബിറ്ററില്‍ കൗണ്‍സില്‍ നിയമിച്ച കമ്മറ്റിയുടെ നിര്‍ദേശപ്രകാരവും 23032011 ല്‍ കല്ലിശ്ശേരിയില്‍ അഭി. മൂലക്കാട്ട് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധികളുടെയും വൈദികരുടെയും യോഗത്തിന്റെ ആവശ്യപ്രകാരവും നമ്മുടെ അഭി. മൂലക്കാട്ട് പിതാവും, മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കൂടി 27072011ല്‍ ഇതിനായി പരി. സിംഹാസനത്തില്‍ മുമ്പാകെ വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. അതിനു മറുപടി ആയി വന്ന പരി. സിംഹാസനത്തിന്റെ തീരുമാനം ഈ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഉതകുന്നതാണെന്ന് അത് വായിക്കുന്നവര്‍ക്ക് എല്ലാം മനസ്സിലാകുന്നതാണ്.
നവംബര്‍ 8ാം തീയതി പരി. സിംഹാസനത്തില്‍ നിന്ന് വന്ന തീരുമാനം
''മലങ്കര റീത്തിലുള്ള ക്‌നാനായ കത്തോലിക്കര്‍ക്കായി ഒരു പ്രത്യേക രൂപതാ സ്ഥാപനത്തിനുള്ള സംയുക്ത അപേക്ഷ'' എന്ന പേരില്‍ കഴിഞ്ഞ (2011) ജൂലൈ 27ാം തീയതിയിലുള്ള കത്തിന് മറുപടിയായാണ് ഞാന്‍ ഇത് എഴുതുന്നത്. പ്രസ്തുത കത്തില്‍ ക്രിസ്തുവിലുള്ള ഈ വിശ്വാസസമൂഹത്തിന് തനതായ ഒരു സഭാസംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുമ്പുള്ള നിങ്ങളുടെ സന്ദര്‍ശനത്തില്‍ തങ്ങളുടെ വ്യക്തിഗതസഭയില്‍ പാരമ്പര്യത്തിലും, ആത്മീയസംരക്ഷണത്തിലും അതേസമയം തങ്ങളുടെ ക്‌നാനായ തനിമയും ആഗ്രഹിക്കുന്ന ക്‌നാനായ മലങ്കര കത്തോലിക്കരുടെ പൊതുവായ ആവശ്യങ്ങളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യുവാന്‍ കഴിഞ്ഞു.
ഈ ലക്ഷ്യത്തിനായി ആദ്യം ക്രിസ്തുവിലുള്ള ഈ വിശ്വാസസഭാംഗങ്ങളുടെ അധികാരം മാറ്റപ്പെടുന്നതിനായി കോട്ടയം അതിരൂപതാദ്ധ്യക്ഷനും, മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നാണ് സൂക്ഷ്മമായി ഈ കാര്യം പഠിച്ചശേഷം പരി. സിംഹാസനം തീരുമാനിച്ചിരിക്കുന്നത്. പരി. സിംഹാസനത്തിന്റെ അംഗീകാരത്തോടുകൂടിയുള്ള ഈ ഉടമ്പടി മാത്രമാണ് നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിനുള്ള ഏകമാര്‍ഗ്ഗം.
ഈ സമൂഹത്തിന്റെ സംരക്ഷണത്തിനു ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാക്കുവാന്‍ പരി. സിംഹാസനത്തിന്റെ ഇടപെടല്‍ പിന്നീട് ആവശ്യമില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പിന് ക്‌നാനായ പാരമ്പര്യത്തിലുള്ള മലങ്കര കത്തോലിക്കരുടെ ആവശ്യം മുന്‍നിര്‍ത്തി സഭാസംവിധാനങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുന്നതായിരിക്കും. ഇപ്രകാരംവരുന്ന സംവിധാനത്തിന്റെ തലവന്‍ മലങ്കരസഭയ്ക്ക് അധികാരമുള്ള എല്ലായിടത്തിലെയും ക്‌നാനായ മലങ്കര കത്തോലിക്കരുടെമേല്‍ അധികാരം ഉണ്ടായിരിക്കും. ആത്മീയമായ എല്ലാ ആവശ്യങ്ങളും ഇവര്‍ക്ക് നിറവേറ്റി കൊടുക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ട്.''
തുടര്‍നടപടികള്‍
പരി. സിംഹാസനത്തില്‍നിന്ന് വന്ന ഈ കത്തില്‍ അഭി. മൂലക്കാട്ട് പിതാവിനെ അഭിസംബോധന ചെയ്തിരിക്കുന്നത് ''കോട്ടയം അതിരൂപതയിലുള്ള മലബാര്‍ വിശ്വാസികളുടെ ആര്‍ച്ച് ബിഷപ്പ്'' എന്നാണ്. അതിലുള്ള അഭിപ്രായവ്യത്യാസം അഭി. മൂലക്കാട്ട് പിതാവ് പരി. സിംഹാസനത്തെ അറിയിച്ചു. എന്നാല്‍ സഭാരേഖകളില്‍ (അിിൌമൃശീ ജീിശേളശരരശീ) അങ്ങയുടെ സ്ഥാനം ഇതു തന്നെയെന്ന് പരി സിംഹാസനം കല്പിച്ചു.
പിന്നീട് 2012 മാര്‍ച്ച് 10ാം തീയതി ആരംഭിച്ച മലങ്കരസഭാ സുനഹദോസില്‍ ഈ കാര്യം പരിഗണിക്കുകയും അതിനായി ഒരു കമ്മീഷനെ (മൂന്ന് പിതാക്കന്മാര്‍ അടങ്ങിയ) നിയമിക്കുകയും, ആ കാര്യം അഭി. മൂലക്കാട്ട് തിരുമേനിയെ അറിയിക്കുകയും ചെയ്തു. അതിന്‍പ്രകാരം ചര്‍ച്ചകള്‍ക്ക്‌ശേഷം അഭി. പിതാവ് ഇവിടെയും ഒരു കമ്മറ്റിയെ ഈ കാര്യം പഠിക്കുന്നതിനായി 2152012ല്‍ നിയമിച്ചു. ഈ നിയമന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് ''ഈ കാര്യത്തിലുള്ള ഒരു വ്യക്തമായ നിര്‍ദ്ദേശത്തില്‍ എത്തിച്ചേരുക'' എന്നാണ്.
ജൂലൈ 9ാം തീയതി കുറ്റൂരില്‍ വച്ച് ഈ കമ്മറ്റി മലങ്കര ഫൊറോനയിലുള്ള മുഴുവന്‍ വൈദീകരെയും കണ്ട് പറഞ്ഞത് ''ഇത് അനുകൂലമായ സാഹചര്യം എന്നാണ്. ആയത് ജനങ്ങളെ ബഹു. വികാരിമാര്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം'' എന്നുമാണ്. ഇന്നുവരെ മുഴുവന്‍ സഭാംഗങ്ങളെയും പറഞ്ഞ് ബോധ്യപ്പെടുത്തി ഏത് കാര്യമാണ് സഭയില്‍ പിതാക്കന്മാര്‍ ചെയിതിട്ടുള്ളത്?
എന്തുകൊണ്ട് ഇപ്രകാരമുള്ള ഒരു തീരുമാനം റോമില്‍ നിന്നു വന്നു?
സഭയുടെ ഘടന പ്രകാരം ഒരിക്കലും മലങ്കര റീത്തുകാര്‍ക്ക് മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം അതിരൂപതയില്‍ നിലനില്‍ക്കുവാന്‍ സാധിക്കില്ല. ചൂളപ്പറമ്പില്‍ പിതാവിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ് ('എന്നെ പരി. സിംഹാസനം അധികാരപ്പെടുത്തിയിരിക്കുന്നു മെത്രാന്‍ സ്വന്തമായി ഉണ്ടാകുന്നതുവരെ') ഇതിനാധാരമായി ആദ്യം കാണുവാന്‍ സാധിക്കുന്നത്.
പിന്നീട് 1932ല്‍ മലങ്കര ഹയരാര്‍ക്കി സ്ഥാപിച്ചപ്പോള്‍ ക്‌നാനായ യാക്കോബായ മെത്രാന്റെ പുനഃരൈക്യത്തെ മുന്‍നിര്‍ത്തി ചൂളപ്പറമ്പില്‍ പിതാവും, മാര്‍ ഇവാനിയോസ് പിതാവും ഉണ്ടാക്കിയ കരാര്‍ (യാക്കോബായ മെത്രാന്റെ പുനഃരൈക്യത്തിനുശേഷം ഇവരെ മലങ്കര ഹയരാര്‍ക്കിയുടെ കീഴിലാക്കാം) ഇതിന് കാരണമായി.
ഈ കാര്യം വ്യക്തമായി അറിയാമായിരുന്ന കുന്നശ്ശേരി പിതാവ് തന്റെ 70ാം വയസ്സില്‍ ആദ്യമായി മലങ്കര കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ പരി. സിംഹാസനത്തിന്റെ അനുവാദം വാങ്ങിയാണ് അത് ചെയ്തത്. സ്വന്തമായി നല്‍കപ്പെട്ട സമൂഹമാണെങ്കില്‍ എന്തിനാണ് പരി. സിംഹാസനത്തിന്റെ അനുവാദം.
അഭി. മൂലക്കാട്ട് തിരുമേനി കൊച്ചുപിതാവായിരുന്നപ്പോള്‍ റാന്നിയില്‍ ആദ്യമായി മലങ്കര റീത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ അഭി. കുന്നശ്ശേരി പിതാവ് അനുവാദമില്ലാതെ കുര്‍ബാന ചൊല്ലിയതിന് വഴക്കുപറഞ്ഞതായും കേട്ടിട്ടുണ്ട്.
2010ലെ റോമില്‍ നിന്നുള്ള മറുപടിയിലും, 2011 നവംബര്‍ 8ലെ തീരുമാനത്തിലും അദ്ദേഹത്തെ അഭിസംബോധന ചെയ്തിരിക്കുന്നത് ''കോട്ടയം അതിരൂപതയിലുള്ള മലബാര്‍ വിശ്വാസികളുടെ ആര്‍ച്ച് ബിഷപ്പ്'' എന്നാണ്. അപ്പോള്‍ കോട്ടയം അതിരൂപതയിലുള്ള മലങ്കര വിശ്വാസികളുടെ പിതാവ് യഥാര്‍ത്ഥത്തില്‍ അഭി. മൂലക്കാട്ട് പിതാവല്ല അവര്‍ക്ക് സ്വന്തമായി ഒരു മെത്രാന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
പൗരസ്ത്യ കാനോനിക നിയമത്തില്‍ ഇഇഋഛ (193 1,2,3) ഖണ്ഡികകള്‍ എഴുതിചേര്‍ത്തിരിക്കുന്നതുതന്നെ ഇങ്ങനെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെടുന്ന പാരമ്പര്യമുള്ളതുകൊണ്ടല്ലേ?
കോട്ടയത്തെ അഭി. പിതാക്കന്മാരുടെ സ്വന്തമായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് മലങ്കരസഭയിലെ പിതാക്കന്മാരെപോലെ ഇവരും മലങ്കരപള്ളികളില്‍ പരി. കൂദാശകള്‍ അനുഷ്ഠിച്ചിരുന്നില്ല?
പിതാക്കന്മാരുടെ സ്വന്തമായിരുന്നു ഈ സമൂഹമെങ്കില്‍ ബഹു. വൈദീകരുടെയും സ്വന്തമാകുമായിരുന്നല്ലോ? പിന്നെ എന്തുകൊണ്ടാണ് റാന്നിയില്‍ 60 വര്‍ഷക്കാലവും, കുറ്റൂര്‍ ഓതറ പള്ളികളില്‍ 2004 വരെയും, ചെങ്ങളത്തും, പുനലൂരിലും, തിരുവനന്തപുരത്തും ഇപ്പോഴും മലബാര്‍ റീത്തില്‍ ബഹു. വൈദീകര്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നത്.
നിലനില്‍ക്കുന്ന വ്യവസ്ഥിതി അനുസരിച്ച് ഒരു വ്യക്തിയുടെ റീത്ത് മാറ്റുവാന്‍ വൈദീകര്‍ക്കെന്നല്ല, മെത്രാനോ, മേജര്‍ ആര്‍ച്ച് ബിഷപ്പിനോ, മാര്‍പ്പാപ്പയ്ക്ക് പോലുമോ അധികാരമില്ല. അതുമല്ലെങ്കില്‍ ചിങ്ങവനം പള്ളിയിലെ മുപ്പതോളം വരുന്ന മലബാര്‍ റീത്തുകാരുടെ സ്ഥാനമല്ലേ നമുക്കുള്ളത്? കത്തീഡ്രല്‍ പള്ളിയിലെ നാല്‍പതോളം വരുന്ന മലങ്കരക്കാരുടെ അവസ്ഥയല്ലേ ഇത്?
മുമ്പ് സൂചിപ്പിച്ച പള്ളികളിലെ മലബാറുകാരോടും മലങ്കരക്കാരോടും ആരാണ് നിങ്ങളുടെ വികാരി എന്ന് ചോദിച്ചാല്‍ ആ പള്ളി വികാരിയുടെ പേരു പറയുന്നതുപോലെയല്ലേ നാമെല്ലാം കോട്ടയം അതിരൂപതാദ്ധ്യക്ഷനെ നമ്മുടെ പിതാവായി കണക്കാക്കുന്നത്.
അഭി. പിതാക്കന്മാര്‍ക്ക് ഇതിനെപ്പറ്റി നല്ല ബോധ്യമുള്ളവരായതുകൊണ്ടല്ലേ ജൂലൈ 8ാം തീയതി അഭി മൂലക്കാട്ട് പിതാവ് റാന്നിയില്‍ പറഞ്ഞത്, ''മലബാര്‍ സഭയില്‍ കോട്ടയം അതിരൂപത എങ്ങനെ ആയിരിക്കുന്നുവോ അതുപോലെ മലങ്കരസഭയില്‍ ഒരു രൂപതയായി പുനഃരൈക്യപ്പെട്ട സമൂഹം മാറണം'' എന്ന്.
കോട്ടയം, കോട്ടയം എന്ന് പല പ്രാവശ്യം പറഞ്ഞുകൊണ്ടിരുന്ന ഇവിടുത്തെ ജനം ഒന്ന് ചിന്തിക്കണം. അവരുടെ സ്വന്തമായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് 91 വര്‍ഷമായിട്ടും ഈ സമൂഹത്തിന് ഒരു വളര്‍ച്ചയും ഉണ്ടാകാത്തത്. അഭി. പിതാവിനെ കണ്ട് പരാതി കൊടുത്തവരോട് അഭി. പിതാവ് പറഞ്ഞതെന്താണ്? ''അവിടുള്ളവര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് വളര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്തത്'' എന്നാണ്. മലബാര്‍ മേഖലയില്‍ ആര് ആവശ്യപ്പെട്ടിട്ടാണ് പിതാവിന് താമസിക്കാന്‍ കെട്ടിടങ്ങളും ഇതര സംവിധാനങ്ങളുമുണ്ടായത്?
ആവശ്യപ്പെടാത്തതുകൊണ്ടാണോ മേനാംതോട്ടം ആശുപത്രി നമുക്ക് നഷ്ടമായത്?
എന്തുകൊണ്ടാണ് കുറ്റൂര്‍ ''പള്ളിമല'' ഇന്ന് നമുക്കര്‍ഹമല്ലാതായത്? കല്ലിശ്ശേരിയിലെ 90 സെന്റ് സ്ഥലം നമുക്ക് നഷ്ടമായത് ചോദിക്കാത്തത് കൊണ്ടാണോ? 1960 ല്‍ സീതത്തോട്ടില്‍ പുനഃരൈക്യപ്പെട്ട സമൂഹം യാക്കോബായിലേയ്ക്ക് തിരിച്ച് പോയത് ആരുടെ കുഴപ്പം കൊണ്ടാണ്? മലബാറില്‍ തിരുമേനി എന്ന സ്ഥലത്ത് 15 വീട്ടുകാര്‍ മലങ്കരസഭയില്‍ ചേര്‍ന്നത് എന്തുകൊണ്ട്? രാമമംഗലത്തിനടുത്ത് പൂത്തൃകയില്‍ 80 വീട്ടുകാര്‍ മലങ്കരസഭയില്‍ ചേരുവാന്‍ ഇടയായതിന് പിന്നില്‍ ആരാണ് കുറ്റക്കാര്‍?
അതുകൊണ്ട് ആദിയന്തികമായി റോമില്‍ നിന്ന് വന്ന ഈ തീരുമാനം ക്‌നാനായ മലങ്കര സമൂഹത്തിന്റെ സര്‍വ്വോന്‍മുഖമായ വളര്‍ച്ചയ്ക്ക് ഉതകുന്നതാണ് എന്ന് പരി. കത്തോലിക്ക സഭാവിശ്വാസികളായ നമേവരും വിശ്വസിച്ചേ മതിയാകൂ. കാരണം എല്ലാ സമൂഹത്തിന്റെയും ആത്മീയ വളര്‍ച്ചയും, പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ ആ സമൂഹങ്ങളുടെ ഉപരിനന്മ സാര്‍ത്ഥകമാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇവിടെ തനിമ നിലനിര്‍ത്തപ്പെടും. പാരമ്പര്യങ്ങള്‍ കാത്ത് സൂക്ഷിക്കപ്പെടും. ഭിന്നിച്ച് നില്‍ക്കുന്നവര്‍ക്ക് ഐക്യപ്പെടുവാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. മലങ്കര സഭയിലെ ക്‌നാനായമക്കളും വൈദീകരും കൂട്ടിച്ചേര്‍ക്കപ്പെടും.
സംശയങ്ങളും നിവാരണങ്ങളും
1. കോട്ടയം അതിരൂപതയുമായുള്ള ഐക്യം എങ്ങനെ നിലനിര്‍ത്തും
ക്‌നാനായ ഐക്യം വ്യക്തിപരമായും കുടുംബപരമായും നിലനിര്‍ത്തപ്പെട്ട് പോകുന്ന ഒന്നാണ്. 1910, 1911 വര്‍ഷങ്ങളിലാണ് സ്വന്തമായി സഭാസംവിധാനങ്ങള്‍ ഉണ്ടാകുന്നത് എന്നത് നാം വിസ്മരിച്ച് പോകരുത്. അതിനു മുമ്പ് ഏതാണ്ട് 1600 വര്‍ഷക്കാലം ക്‌നാനായ ഐക്യം നിലനിര്‍ത്തിയിരുന്ന നമ്മുടെ മഹാപാരമ്പര്യം ഈ സമുദായത്തില്‍ ഇന്ന് ഉള്ളവരുടെ കടമയാണ്.
മലബാര്‍ മേഖലയില്‍ ഒരു രൂപത വന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന ഐക്യം നഷ്ടപ്പെടുമെന്ന് നാം വിശ്വസിക്കുന്നുണ്ടോ? അപ്പോള്‍ ഈ ആശങ്ക അസ്ഥാനത്തുള്ളതല്ലേ? ഈ സമൂഹത്തിന്റെ നാശം ആഗ്രഹിക്കുന്നവരുടെ ഗൂഢനീക്കങ്ങളുടെ ഫലമല്ലേ?
അമേരിക്കയിലെ ക്‌നാനായക്കാര്‍ ഇന്ന് ആരുടെ കീഴിലാണ്? എന്നിട്ട് ആ സമൂഹവുമായുള്ള നമ്മുടെ ഐക്യം എവിടെയാണ് നഷ്ടപ്പെട്ടത്. ഇപ്പോഴും അവരുമായി നല്ല ബന്ധമല്ലേ നാം നിലനിര്‍ത്തുന്നത്?
ക്‌നാനായ യാക്കോബായക്കാര്‍ നമ്മുടെ സഭയുടെ ഭാഗമല്ലാതായിട്ട് വര്‍ഷങ്ങളോളമായി എന്നിട്ടും നമ്മോടൊത്ത് വസിക്കുന്ന അവരുമായി നമ്മുക്കുള്ള ബന്ധം അഴിഞ്ഞു പോയിട്ടില്ല. കല്യാണങ്ങള്‍ അനവധി നടക്കുകയും ചെയ്യുന്നു. ഐക്യം നഷ്ടപ്പെടണമെങ്കില്‍ നാം തന്നെ വിചാരിക്കണം. അപ്പോള്‍ ഈ ഭീതി കുത്തിവച്ചതാണ്, സൃഷ്ടിക്കപ്പെട്ടതാണ്. ആരാണ് ഇതിന് പിന്നില്‍ എന്നു മാത്രം അറിഞ്ഞാല്‍ മതി.
വീണ്ടും നാം ഒരു പ്രത്യേക രൂപതയായി മാറ്റപ്പെടുമ്പോള്‍ ഈ ഐക്യത്തെ മുന്‍നിര്‍ത്തി
KCYL, KCC, KCWA, VINCENT DE PAUL, SOCIAL SERVICE എന്നീ സംഘടനകളെല്ലാം ഒന്നായി തന്നെ നിലനിര്‍ത്തി നമ്മുടെ ഈ ഐക്യത്തെ വളര്‍ത്തുവാന്‍ രണ്ട് പിതാക്കന്മാരും കൂടി തീരുമാനിച്ചാല്‍ മാത്രം മതിയല്ലോ?
ക്‌നാനായ മലങ്കര രൂപത നിലവില്‍ വന്നാല്‍ ചിങ്ങവനത്തും, ചെങ്ങളത്തും, തിരുവനന്തപുരത്തും, പുനലൂരിലും മലബാര്‍ പള്ളിയുണ്ടാകും, കോട്ടയത്ത് മലങ്കര പള്ളിയുണ്ടാകും, തിരുമേനിയില്‍ മലങ്കര ക്‌നാനായ പള്ളിയുണ്ടാകും, അടുത്ത് കഴിയുന്നവരില്‍ ഐക്യം ഉണ്ടാകില്ലേ? രാമമംഗരലത്ത് ഇപ്പോള്‍ തന്നെ രണ്ട് റീത്തിലുള്ള പള്ളികളുണ്ടല്ലോ, അവിടെ ഐക്യത്തിന് എന്താണ് കുറവ്?
ഉമ്മാക്കി കാട്ടി പേടിപ്പിച്ചാല്‍ ഭയപ്പെടുന്നവരല്ല നമ്മള്‍ എന്ന് നാം കാണിച്ചു കൊടുത്താലല്ലേ നമ്മുടെ സാമൂഹിക വളര്‍ച്ച സാധ്യമാകുകയുള്ളൂ.
2. വൈദികരെ ലഭിക്കുമോ?
നിലവിലുള്ള വൈദികരുടെ ലഭ്യത നമുക്ക് കുറവു തന്നെയാണ്. എന്നാല്‍ രൂപത വന്നാല്‍ ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത് മെത്രാന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടെ അവസ്ഥ രൂപത വന്നില്ലെങ്കില്‍ ഇതിലും ദയനീയമാകുമെന്ന് നാം ആദ്യമേ മനസ്സിലാക്കണം. കാരണം അഭി. പിതാക്കന്മാര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇവിടെ നമ്മുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിന് വൈദീകര്‍ ഉണ്ടാകുമായിരുന്നു.
മലങ്കര സഭയിലും ഇതര സമൂഹങ്ങളിലുമായി ക്‌നാനായ മലങ്കര വൈദീകരുടെ എണ്ണം ഇപ്പോള്‍ 10 ആണ്. അവരെ ആ സമൂഹത്തിലേക്ക് ക്ഷണിക്കുന്നതിനും അവരുടെ സേവനം ലഭ്യമാക്കുന്നതിനും നമുക്ക് സ്വന്തമായി മെത്രാന്‍ ഉണ്ടായാല്‍ മാത്രമേ സാധിക്കൂ. മാത്രമല്ല ഇന്ന് അമേരിക്കയിലുള്ള ക്‌നാനായ മക്കളുടെ ഇടയില്‍ സേവനം ചെയ്യുന്നത് കോട്ടയം അതിരൂപതയില്‍ നിന്നാണ്, അവര്‍ ഈ രൂപതാ മെത്രാനും കോട്ടയം അതിരൂപതാദ്ധ്യക്ഷനും കൂടി അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാതിരിക്കുമോ? മാത്രമല്ല ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി കോട്ടയം അതിരൂപതയില്‍ നിന്നു തന്നെ ദൈവവിളികള്‍ ലഭ്യമാക്കുവാന്‍ പുതിയ മെത്രാന് കഴിയും. യാക്കോബായ പുരോഹിതരുടെ പുനഃരൈക്യവും നമുക്ക് മുതല്‍കൂട്ടാവും
3. ആളുകള്‍ കുറവല്ലേ
''ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍തീരത്തെ മണല്‍ തരിപോലെ നിന്റെ തലമുറയെ ഞാന്‍ വര്‍ദ്ധിപ്പിക്കും'' എന്ന വാഗ്ദാനം ലഭിച്ച അബ്രഹാമിന്റെ പിന്‍തലമുറക്കാരാണ് നമ്മള്‍ ക്‌നാനായ മക്കള്‍. 72 കുടുംബങ്ങളിലായി 400 പേര്‍ മാത്രം വന്ന് ദൈവവിശ്വാസത്തിലും പിതാക്കന്മാരെ അനുസരിച്ചും ജീവിച്ചതുകൊണ്ടാണ് ഈ സമുദായം ഇത്രയും വളര്‍ന്നത് എന്ന് നാം ഓര്‍ക്കണം.
1911ല്‍ ഒരു ചെറിയ സമൂഹമായി തുടങ്ങിയ കോട്ടയം വികാരിയാത്ത് ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത്? ക്‌നാനായമക്കളെ ഒന്നിച്ച് കൂട്ടുന്നതിനും, ഭൗതികവളര്‍ച്ച സൃഷ്ടിക്കുന്നതിലും ഈ കാലമത്രയും പരിശ്രമിച്ചതിന്റെ ഫലമല്ലേ അത്?
മലങ്കര സഭയില്‍ ചിതറിക്കിടക്കുന്ന അനേകം ക്‌നാനായ കുടുംബങ്ങളെ ഒന്നിച്ചു കൂട്ടുവാന്‍ നമ്മുക്ക് ഉത്തരവാദിത്വമില്ലേ? അങ്ങനെ വരുമ്പോള്‍ ഇന്നത്തെ ആള്‍ബലമല്ല നമ്മുക്കുണ്ടാകുന്നത്.
മാത്രമല്ല യാക്കോബായ സഭയില്‍ നില്‍ക്കുന്ന സഹോദരങ്ങള്‍ എന്തുകൊണ്ടാണ് പുനഃരൈക്യത്തില്‍ നിന്ന് അകലുന്നത്? അത് പുനഃരൈക്യപ്പെട്ടവരുടെ ശോച്യാവസ്ഥ ഒന്നുകൊണ്ടുമാത്രമല്ലേ? എങ്കില്‍ അതിനായി ഒരു പരിശ്രമം തുടങ്ങിവെച്ചാല്‍, ഇന്നും നാളെയുമല്ല അതിന് ഇടവരും എന്നു തന്നെ നാം വിശ്വസിക്കണം. അത് നമ്മുടെ കടമയാണ്, ഉത്തരവാദിത്വമാണ്.
4. തിരുവല്ല രൂപതയിലേയ്‌ക്കോ?
തിരുവല്ല രൂപതയിലേക്ക് പോകുന്നു എന്ന ആശങ്ക പലര്‍ക്കും ഉണ്ട്. തികച്ചും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ആശങ്കയാണത്. കാരണം മലങ്കരക്കാര്‍ മലബാര്‍ സഭയുടെ ഭാഗമാകുവാന്‍ കഴിയില്ല എന്ന് നേരത്തെ സൂചിപ്പിച്ചത് ഓര്‍മ്മിക്കുക. മലങ്കരസഭയില്‍ ഒരു ''ക്‌നാനായ രൂപതയായി'' മാറുന്നതിന് കാരണമാകുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കത്തോലിക്ക സഭയില്‍ അത് അങ്ങനെയേ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ മലബാര്‍ സഭയില്‍ കോട്ടയം അതിരൂപത എങ്ങനെ ക്‌നാനായ രൂപത ആയിരിക്കുന്നുവോ അതുപോലെ തന്നെ മലങ്കര സഭയില്‍ ഒരു ''ക്‌നാനായ മലങ്കര രൂപതയായി ഇത് മാറും.''
5. ക്‌നാനായ മെത്രാന്‍ ആയിരിക്കുമോ?
ഒരു രൂപതയുടെ ബിഷ്പ്പിനെ ആ രൂപതയുടെ മെത്രാന്റെ ശുപാര്‍ശയുള്ള ആളുകളില്‍ നിന്നാണ് സിനഡ് ഒരാളെ തിരഞ്ഞെടുക്കുന്നത്. മാര്‍പ്പാപ്പപോലും അത് ചെയ്യുന്നത് രൂപതാ മെത്രാന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. പിന്നെ എങ്ങനെയാണ് സിനഡിന് അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത്? അതുകൊണ്ട് ആദ്യ ക്‌നാനായ മെത്രാന് ശേഷം ക്‌നാനായക്കാരനല്ലാത്ത ഒരാള്‍ ഈ ക്‌നാനായ മലങ്കര രൂപതയ്ക്ക് മെത്രാനായി വരാം എന്ന് പറയുന്നത് അര്‍ത്ഥരഹിതമായ ഒരു അവകാശവാദമാണ്.
ഉപസംഹാരം
ഇന്ന് നിലനില്‍ക്കുന്ന ആശങ്കകളെല്ലാം ശരിയായ അവബോധത്തിന്റെ കുറവാണ്. കോട്ടയം അതിരൂപതയെന്നാല്‍ ക്‌നാനായ സമുദായം എന്ന് നാം ചിന്തിക്കുന്നതുകൊണ്ടാണ്. ക്‌നാനായ സമുദായാംഗങ്ങളായി യാക്കോബായക്കാരുണ്ട്, മലങ്കര സഭയിലുണ്ട്, ഇന്ന് അമേരിക്കയില്‍ അങ്ങോടിയത്ത് പിതാവിന്റെ കീഴിലുണ്ട്, കോട്ടയം അതിരൂപതയിലുമുണ്ട്. യാക്കോബായക്കാരെയും മലങ്കരസഭയിലുള്ള ക്‌നാനായമക്കളെയും ഒന്നിച്ച് കൂട്ടുന്നതിന് ''ക്‌നാനായ മലങ്കര രൂപത'' വന്നാല്‍ മാത്രമേ സാധിക്കുകയുള്ളു.
അങ്ങാടിയത്ത് പിതാവിന്റെ കീഴിലുള്ളവരെ കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ കീഴിലാക്കുന്നതിനും മലബാറില്‍ ഒരു പുതിയ ക്‌നാനായ മലങ്കരരൂപതാസ്ഥാപനം വഴി സാധ്യമാകുമെങ്കില്‍ അത് വളര്‍ച്ചയല്ലേ? അത് എങ്ങനെയാണ് തളര്‍ച്ചയാകുന്നത്? ചിന്തിക്കുക വിവേകപൂര്‍വ്വം നന്മകള്‍ക്കായി ആഗ്രഹിക്കുക, ദൈവവിശ്വാസം നിലനിര്‍ത്തുക നാം വളരുക തന്നെ ചെയ്യും.
(ക്‌നാനായ മലങ്കര പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി നിലകൊള്ളുന്ന ക്‌നാനായ മലങ്കര രൂപതാ സമിതി)
No comments:
Post a Comment